നെന്മാറ കോതകുളത്തിന് സമീപമുള്ള എ എം ബി പച്ചക്കറി വ്യാപാരി സൈദ് മുഹമ്മദ് ആണ് കളഞ്ഞു കിട്ടിയ അഞ്ചര പവൻ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി മാതൃകയായത്. വെള്ളിയാഴ്ച വൈകിട്ട് 5. 30 ഓടെ യാണ് പച്ചക്കറി കടയ്ക്ക് മുൻപിൽ റോഡിൽ നിന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടിയത്. നഷ്ടപ്പെട്ട മാല അന്വേഷിച്ച് ആരും എത്താത്തതിനെ തുടർന്ന് നെന്മാറ പോലീസ് സ്റ്റേഷനിൽ മാല ഏൽപ്പിക്കുകയായിരുന്നു സൈദ് മുഹമ്മദ്. ഇതിനിടെ മാല നഷ്ടപ്പെട്ട കൈപ്പഞ്ചേരി ഇടിയം പൊറ്റ സ്വദേശി പ്രദീഷിന്റെ ഭാര്യ അശ്വതി പോലീസിൽ പരാതിയും നൽകിയിരുന്നു. മാല നഷ്ടപ്പെട്ട സ്ഥലം വ്യക്തമായി അറിയാത്തതിനെ തുടർന്ന് വഴിയിൽ അന്വേഷിക്കാനും കഴിഞ്ഞിരുന്നില്ല. പച്ചക്കറി വ്യാപാരി മാല പോലീസിൽ ഏൽപ്പിച്ചതോടെ പരാതിക്കാരിയെ വിളിച്ചുവരുത്തി പോലീസ് സാന്നിധ്യത്തിൽ സ്വർണ്ണമാല മാലാ തിരിച്ചു നൽകി. സത്യസന്ധതയ്ക്ക് മാതൃകയായ പച്ചക്കറി വ്യാപാരിയെ പോലീസ് പ്രശംസിച്ചു.