സായാഹ്ന വാർത്തകൾ

2024 | ഏപ്രിൽ 19 | വെള്ളി

◾ ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ഏപ്രില്‍ 13 ന് മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു.

◾ ഇസ്രയേലിന്റെ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്‍. ഡ്രോണ്‍ ആക്രമണം തങ്ങളെ ബാധിച്ചിട്ടില്ലെന്നും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിന്റെ മൂന്ന് ഡ്രോണുകള്‍ നശിപ്പിച്ചെന്നും ഇറാന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

◾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്. ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളില്‍ പൊതുവില്‍ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഉത്തര്‍പ്രദേശിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും പോളിംഗ് ശതമാനം അന്‍പതിനടുത്തായി. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 1625 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ വോട്ടിംഗിനായി 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. . രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. തമിഴ്‌നാട്ടില്‍ എല്ലാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് ഇന്നാണ്.

◾ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തു.ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂര്‍ദ്വാറിലും ബിജെപി ടിഎംസി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വമ്പിച്ച വിജയം നേടുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ നിന്ന് വലിയ മാറ്റമാണ് ഇപ്പോഴെന്നും മുന്നണി ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

◾ ദ്വാരകയില്‍ സമുദ്രത്തിനടിയില്‍ താന്‍ പ്രാര്‍ത്ഥിച്ചതിനെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചെന്നും, വോട്ടിന് വേണ്ടി സനാതന ധര്‍മ്മത്തെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രധാന പ്രശ്നങ്ങള്‍ അവഗണിക്കുന്ന മോദി കടലിനടിയില്‍ പ്രാര്‍ത്ഥിക്കുന്നത് ചര്‍ച്ചയാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ വെറുക്കുന്നുവെന്നും വോട്ട് ബാങ്കിന് വേണ്ടി പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസത്തെയാണ് രാഹുലുള്‍പ്പടെയുള്ള നേതാക്കള്‍ തള്ളിപ്പറയുന്നതെന്നും മോദി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പോലും പ്രതിപക്ഷം നിരസിച്ചെന്നും മോദി കുറ്റപ്പെടുത്തി.

◾ പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും താന്‍ അയോധ്യയില്‍ പോയിരുന്നെങ്കില്‍ അവരത് സഹിക്കുമായിരുന്നോയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാര്‍ ഇപ്പോഴും വിവേചനം നേരിടുകയാണെന്നും താഴ്ന്ന ജാതിക്കാരായതിനാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ബിജെപി സര്‍ക്കാര്‍ അപമാനിച്ചുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും മുര്‍മുവിനെ ക്ഷണിച്ചില്ലെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടാന്‍ കോവിന്ദിനെ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

◾ ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ നിങ്ങള്‍ക്കൊരു പേരുണ്ടെന്നും ആ രീതിയില്‍ നിന്നും നിങ്ങള്‍ മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. നിങ്ങളുടെ മുത്തശ്ശി ഒന്നര വര്‍ഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്. സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുല്‍ ഗാന്ധിക്ക് സംഘപരിവാര്‍ മനസെന്നും പിണറായി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

◾ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നു. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക് പോള്‍ നടത്തി ഉറപ്പുവരുത്തിയെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

◾ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡും സിഎംആര്‍എലും തമ്മിലുള്ള ബന്ധമെന്താണെന്നും ഇവര്‍ തമ്മിലുള്ള കരാര്‍ എന്തായിരുന്നുവെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.

◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും ആറ്റിങ്ങലില്‍ ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,വയനാട്, മലപ്പുറം പാലക്കാട്,ത്യശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സ്വതന്ത്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുളള ക്രമീകരണങ്ങള്‍ സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

◾ കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി സജിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പുതിയ പാര്‍ട്ടിയുടെ പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പിന്തുണയെന്നും സജി പറഞ്ഞു.

◾ കെ കെ ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ബാലുശ്ശേരി പഞ്ചായത്ത് അംഗം ഹരീഷ് നന്ദനത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പരാതിക്കാരിയുടെ മാനം ഇകഴ്ത്തി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

◾ കെകെ ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബല്‍റാം. ഈ വിഷയത്തില്‍ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല, കെ കെ ശൈലജ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ഗ്യാരണ്ടിയാണെന്നും ബല്‍റാം പറഞ്ഞു.

◾ ഇഡി നടപടികള്‍ക്കെതിരെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും, ശശിധരന്‍ കര്‍ത്തയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന്റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി . ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇ.ഡി ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.

◾ കോന്നി മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ കാട്ടുപന്നി. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞു കയറുകയായിരുന്നു. ഈ സമയം അവിടെ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല. കാഷ്വാലിറ്റിയില്‍ അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി മെഡിക്കല്‍ കോളേജിന്റെ ഒപി വഴി പുറത്തേക്ക് പോവുകയായിരുന്നു.

◾ ചരിത്ര പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമായത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയില്‍ സംഗമിച്ചു. വര്‍ണ്ണവാദ്യമേളങ്ങളുടെ ആഘോഷമായ മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും ആസ്വദിക്കാന്‍ ജനലക്ഷങ്ങളാണ് പൂര നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

◾ ഇറാന്‍ പിടിച്ചെടുത്ത കപ്പല്‍ വിട്ടയക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചരക്കു കപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസ്സം ഇല്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ട്രെയിനി ആയതുകൊണ്ടാണ് വനിതാ ജീവനക്കാരിയെ ആദ്യം അയച്ചത്. കപ്പല്‍ നിയന്ത്രിക്കാന്‍ തല്‍ക്കാലം ജീവനക്കാരെ ആവശ്യമാണ്, ഉടന്‍തന്നെ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാം എന്നാണ് ഇറാന്‍ അറിയിച്ചിട്ടുള്ളത്.

◾ ഇറാനെതിരെ ഇസ്രായേല്‍ തിരിച്ചടി തുടങ്ങിയതോടെ രാജ്യാന്തര സ്വര്‍ണവില ഇന്ന് കുതിച്ചുയര്‍ന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വില പുതിയ റെക്കോഡിലേക്ക് കത്തിക്കയറി. രാജ്യാന്തരവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതും ഓഹരി വിപണികളുടെ വീഴ്ചയുമാണ് സ്വര്‍ണവിലക്കുതിപ്പിന് വളമായത്. കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് ഇന്ന് 50 രൂപ വര്‍ധിച്ച് 6,815 രൂപയായി. ചരിത്രത്തിലാദ്യമായാണ് ഗ്രാം വില 6,800 രൂപ ഭേദിക്കുന്നത്. പവന്‍വില 400 രൂപ കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോഡായ 54,520 രൂപയിലുമെത്തി. ഈ മാസം 16ന് കുറിച്ച ഗ്രാമിന് 6,795 രൂപയും പവന് 54,360 രൂപയും ഇന്ന് പഴങ്കഥയായി. ഈ മാസം ഇതുവരെ മാത്രം കേരളത്തില്‍ പവന് കൂടിയത് 3,840 രൂപയാണ്. ഗ്രാമിന് 480 രൂപയും ഉയര്‍ന്നു. 18 കാരറ്റും വെള്ളിയും18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് പുതിയ ഉയരമായ 5,710 രൂപയിലെത്തി. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളിവിലയില്‍ മാറ്റമില്ല. ഇന്നും ഗ്രാമിന് 90 രൂപയിലാണ് വ്യാപാരം. ഇന്ന് മിനിമം 59,000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

◾ പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നിലധികം പേര്‍ സിനിമ അടക്കം കാണുന്നത് തടയാന്‍ കൊണ്ടുവന്ന നിയന്ത്രണം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഗുണം ചെയ്തതായി കണക്ക്. 2024 വര്‍ഷത്തെ ആദ്യ പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് 93 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 17 ലക്ഷം വരിക്കാരെ അധികം ചേര്‍ക്കാനായതായി നെറ്റ്ഫ്‌ളിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തിലെ കണക്കാണിത്. 2023ലാണ് പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നിലധികം പേര്‍ ഷോ കാണുന്നത് തടയാന്‍ നെറ്റ്ഫ്‌ളിക്‌സ് നടപടി ആരംഭിച്ചത്. അമേരിക്കയിലും കാനഡയിലും കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ കഴിഞ്ഞതാണ് വളര്‍ച്ചയ്ക്ക് സഹായകമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ 20 ലക്ഷം പുതിയ വരിക്കാരെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്. നിലവില്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന്റെ മൊത്തം വരിക്കാരുടെ എണ്ണം 26.9 കോടിയായാണ് ഉയര്‍ന്നത്. ജനുവരി- മാര്‍ച്ച് പാദ കണക്കനുസരിച്ചാണിത്. മുന്‍പത്തെ പാദത്തില്‍ ഇത് 26 കോടി മാത്രമായിരുന്നു. വരുമാനത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 14.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തില്‍ 78.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും നെറ്റ്ഫ്‌ളിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

◾ നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘എല്‍360’ (താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്. നടി ശോഭനയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നതെന്നും പുതിയ ചിത്രത്തിനായി സൂപ്പര്‍ എക്‌സൈറ്റഡ് ആണെന്നും ശോഭന പറഞ്ഞു. താനും മോഹന്‍ലാലും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിതെന്നും താരം വ്യക്തമാക്കി. 2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന ഏറ്റവും അവസാനമായി ചെയ്ത മലയാള സിനിമ. 2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം താരം അവസാനമായി സ്‌ക്രീനില്‍ എത്തിയത്. കെആര്‍ സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പത്തനംതിട്ട റാന്നി തൊടുപുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഏപ്രില്‍ മൂന്നാം വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

◾ പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയില്‍’ ചിത്രത്തിന്റെ ടീസര്‍ എത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു മുഴുനീള കോമഡി-ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ചിത്രം. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വിവാഹത്തിനോട് അനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. തമിഴില്‍ നിന്നും യോഗി ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പലനടയില്‍’. ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം.

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ അതിന്റെ എയ്‌റോക്‌സ് 155 ഇലക്ട്രിക് സ്‌കൂട്ടറിന്റെ എയ്‌റോക്‌സ് എസ് പതിപ്പിന്റെ പുതിയ ടോപ്പ് എന്‍ഡ് വേരിയന്റ് അവതരിപ്പിച്ചു. 1,50,600 രൂപ എക്‌സ് ഷോറൂം വിലയിലാണ് യമഹ എയ്‌റോക്‌സ് എസ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളില്‍ സില്‍വര്‍, റേസിംഗ് ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഈ വേരിയന്റ് പ്രത്യേകമായി ലഭ്യമാകും. 2024 യമഹ എയ്‌റോക്‌സ് എസിന്റെ മികച്ച സവിശേഷത അതിന്റെ സ്മാര്‍ട്ട് കീ സിസ്റ്റമാണ്. ഇത് ഇഗ്നിഷന്‍ പ്രക്രിയയെ കീലെസ് ആക്കുന്നു. കൂടുതല്‍ സൗകര്യത്തിനായി ബസര്‍ സൗണ്ട്, ഉത്തരം-ബാക്ക് ശേഷി, മിന്നുന്ന സൂചകങ്ങള്‍ തുടങ്ങിയ അധിക ഫീച്ചറുകളും യമഹ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഴുവഴുപ്പുള്ള പ്രതലങ്ങളില്‍ പിന്‍ ചക്രം തെന്നി വീഴുന്നത് തടയാന്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനവും എയ്‌റോക്‌സ് എസിന് ഉണ്ട്. ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ഒരു ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം, സൈലന്റ് സ്റ്റാര്‍ട്ട് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, യമഹ അതിന്റെ വൈ-കണക്ട് ആപ്ലിക്കേഷനിലൂടെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി എയ്‌റോക്‌സ് എസ്-ലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇതിന് കരുത്തേകുന്നത്. 155 സിസി, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 14.8 ബിഎച്പി കരുത്തും 13.9 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇ20 പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് എഞ്ചിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

◾ വിഷാദരോഗവും ആത്മഹത്യ ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നതായും ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഇതിന്റെ തോത് കൂടുതലാണെന്നും അടുത്തിടെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളജുകളിലെ 200 വിദ്യാര്‍ഥികളിലാണ് ഗവേഷണം നടത്തിയത്. ഇതില്‍ 100 പേര്‍(50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളും) ശാസ്ത്ര വിദ്യാര്‍ഥികളും 100 പേര്‍(50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളും) സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികളുമായിരുന്നു. ബെക് ഡിപ്രഷന്‍ ഇന്‍വെന്ററി ടൂള്‍ ഉപയോഗിച്ചാണ് ഈ വിദ്യാര്‍ഥികളിലെ വിഷാദരോഗത്തിന്റെ ആഴമളന്നത്. ഇവരിലെ ആത്മഹത്യ ചിന്തകളുടെ നിരക്കും പരിശോധിക്കപ്പെട്ടു. പിയേഴ്‌സണ്‍ കോറിലേഷന്‍ എന്ന രീതി ഉപയോഗിച്ചാണ് വിഷാദത്തിന്റെ നിരക്കും ആത്മഹത്യ ചിന്തകളുമായുള്ള ബന്ധം പരിശോധിച്ചത്. ഇതില്‍ നിന്ന് ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത് ഉയര്‍ന്നിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. നല്ല റാങ്ക് മേടിക്കാന്‍ വാശിയേറിയ മത്സരം നടക്കുന്നതും മറ്റ് പലതരം മത്സരപരീക്ഷകളില്‍ പങ്കെടുക്കേണ്ട സാഹചര്യങ്ങളുമൊക്കെയാണ് ശാസ്ത്ര വിദ്യാര്‍ഥികളിലെ വിഷാദരോഗം ഉയര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് അനുമാനിക്കുന്നു. വിഷാദത്തിന്റെ തോത് വര്‍ദ്ധിക്കുന്നത് ആത്മഹത്യ ചിന്തകളും വര്‍ദ്ധിപ്പിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സയന്റിഫിക്ക് റിസര്‍ച്ച് ആന്‍ഡ് എന്‍ജിനീയറിങ് ഡവലപ്‌മെന്റിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.52, പൗണ്ട് – 103.90, യൂറോ – 88.93, സ്വിസ് ഫ്രാങ്ക് – 91.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.58, ബഹറിന്‍ ദിനാര്‍ – 221.03, കുവൈത്ത് ദിനാര്‍ -270.83, ഒമാനി റിയാല്‍ – 216.48, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 60.70.