വടക്കഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മര്‍ത്തമറിയം വനിതാ സമാജം തൃശ്ശൂര്‍ ഭദ്രാസനത്തിന്റെ സോണല്‍ നേതൃത്വത്തില്‍ പരിശീലന ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. പഴയന്നൂര്‍ ഓര്‍ത്തഡോക്‌സ് സ്റ്റഡി സെന്ററില്‍ വെച്ചാണ് രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് നടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന പരിപാടി മുന്‍ വനിതാ കമ്മീഷന്‍ അംഗം പ്രൊഫ. കെ.എ.തുളസി ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ഭദ്രാസനം മെത്രോപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തോസ് അധ്യക്ഷനാകും. ഭദ്രാസന സെക്രട്ടറി സണ്ണി പുളിക്കകുടിയില്‍, വൈദീക സെക്രട്ടറി കുരിയാച്ചന്‍ മാത്യൂ, സമാജ കേന്ദ്ര പ്രതിനിധി ആലീസ് കോശി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നേതൃത്വ കഴിവുകള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ ഭദ്രാസനം മെത്രോപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തോസ് ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന വനിത ശാക്തീകരണമെന്ന വിഷയത്തില്‍ കണ്ടനാട് ഭദ്രാസനം മെത്രോപ്പോലീത്ത ഡോ.തോമസ് മാര്‍ അത്താനാസിയോസ് ക്ലാസ്സെടുക്കും. ശനിയാഴ്ച കാലത്ത് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നേതാക്കളും വീക്ഷണവും എന്ന വിഷയത്തില്‍ ജിജി ജോണ്‍സണ്‍ ക്ലാസ്സെടുക്കും. തുടര്‍ന്ന് അവലോകനയോഗവും സമാപനവും നടക്കും. ചടങ്ങില്‍ ഐക്കണ്‍ സ്‌കോളര്‍ഷിപ്പ് വിതണരവും ഉണ്ടാകും. തൃശ്ശൂര്‍, കൊച്ചി, അങ്കമാണി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ് എന്നിവിടങ്ങളിലെ ഭാരവാഹികള്‍ പങ്കെടുക്കും.