🔘🔘🔘🔘🔘🔘🔘🔘🔘🔘
വാർത്തകൾ വിരൽത്തുമ്പിൽ
2024 | ഏപ്രിൽ 15 | തിങ്കൾ | 1199 | മേടം 2 | പുണർതം l 1445 l ശവ്വാൽ 06
➖➖➖➖➖➖➖➖
◾ ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്സി വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷന്‍ ഞങ്ങളുടെ കാഴ്പ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നുമാണ് ഇറാന്‍ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്.
◾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വനിതാ സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രകടനപത്രികയില്‍ റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ച് വര്‍ഷവും സൗജന്യമായി നല്‍കുമെന്നും പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമെന്നുമുള്ള വാഗ്ദാനങ്ങളുണ്ട്. ഇന്ത്യയെ രാജ്യാന്തര നിര്‍മാണ ഹബ്ബാക്കും, 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, ഏക സിവില്‍ കോഡ് നടപ്പാക്കും, എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈന്‍ വഴി നല്‍കും, ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും, ദരിദ്ര വിഭാഗങ്ങള്‍ക്ക് 3 കോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കും, മുദ്ര ലോണ്‍ തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തും, 6ജി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ട് വയ്ക്കുന്നുണ്ട്.
◾ രാഹുല്‍ ഗാന്ധിയുടെ ദാരിദ്ര്യ നിര്‍മാര്‍ജന വാഗ്ദാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചുവെന്നും ഈ കൊട്ടാരം മാന്ത്രികന്‍ ഇത്രയും വര്‍ഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് രാജ്യം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ ബിജെപിയുടെ പ്രകടന പത്രികയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാതെയുള്ളതാണ് ബിജെപിയുടെ പ്രകടന പത്രികയെന്നും അതിന്റെ പേര് ക്ഷമാപണ പത്രം എന്നാക്കി മാറ്റണമെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ബിജെപി പ്രകടനപത്രികയില്‍ കാണാനില്ലെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ഗാന്ധി മോദി ദളിതരോടും ആദിവാസികളോടും കര്‍ഷകരോടും യുവാക്കളോടും മാപ്പ് പറയണമെന്നും ഇത്തവണ മോദിയുടെ തന്ത്രത്തില്‍ യുവാക്കള്‍ വീഴില്ലെന്നും പ്രതികരിച്ചു. താങ്ങുവില നിയമമാക്കുന്നതിനെ കുറിച്ചോ കര്‍ഷകരെ കടത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനോ കുറിച്ച് വാഗ്ദാനമില്ലെന്ന് കര്‍ഷക നേതാവ് സര്‍വണ്‍ സിങ് പന്ദേറും കുറ്റപ്പെടുത്തി.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കൊച്ചിയിലെത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് മോദി കൊച്ചിയില്‍ വിമാനമിറങ്ങിയത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി ഇന്ന് രാവിലെ ഹെലിക്കോപ്ടറില്‍ തൃശ്ശൂരിലേക്ക് തിരിക്കും. തൃശ്ശൂര്‍ കുന്ദംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് മോദിയെത്തുക. രാവിലെ 11-നാണ് കുന്ദംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തും.
◾ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയില്‍ പങ്കെടുക്കുന്ന അദ്ദേഹം അടുത്ത ദിവസങ്ങളില്‍ വയനാട്ടിലുണ്ടാകും. 18 ന് രാവിലെ കണ്ണൂരും അന്ന് വൈകീട്ട് മൂന്നിന് പാലക്കാടും അഞ്ചുമണിക്ക് കോട്ടയത്തും സമ്മേളനങ്ങളില്‍ പങ്കെടുക്കും. 22ന് തൃശ്ശൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണപരിപാടികളില്‍ പങ്കെടുക്കും.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ 9 മുതല്‍ 11 മണിവരെ ആയിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
◾ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രണ്ടോ മൂന്നോ സീറ്റില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ ദേശീയ പാത വികസനം ദുഷ്‌കരമാണെന്നും ദേശീയ പാത വികസനത്തില്‍ കേരളം കേന്ദ്രവുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും പറഞ്ഞ ഗഡ്കരി വികസനവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും പറഞ്ഞു.
◾ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പണംവാങ്ങി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. അത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്നും സ്വകാര്യ ചാനലിന് നിര്‍ദ്ദേശം നല്‍കി. അതേ സമയം കമ്മീഷന്റ തെളിവെടുപ്പില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് തരൂരിന്റെ പ്രതിനിധി വിശദീകരണം നല്‍കിയിരുന്നു.
◾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശില്ലെന്നു പറഞ്ഞ് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കൈയിലുള്ളത് ചെലവഴിക്കുകയായിരുന്നു ഇതുവരെ. അതു തീര്‍ന്നു. കൂടെ പ്രചാരണത്തിന് വരുന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പോലും ഇപ്പോള്‍ കാശില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. പ്രധാന മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഇതുവരെ പ്രചാരണത്തില്‍ ഏറ്റവും കുറവ് തുക ചെലവാക്കിയത് രാജ്മോഹന്‍ ഉണ്ണിത്താനാണ്.
◾ താന്‍ ബിജെപിയില്‍ ചേരാനുള്ള ഒരു പ്രധാന കാരണം മോദിയാണെന്നും അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാന്‍ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പത്മജ വേണുഗോപാല്‍. ഇക്കുറി കേരളത്തില്‍ 4 താമരയെങ്കിലും വിരിയുമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാകുമെന്നും പത്മജ നേരത്തെ കൊച്ചിയില്‍ പറഞ്ഞിരുന്നു.
◾ കാലഹരണപ്പെട്ട നേതാവ് എന്ന് താന്‍ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും ഹസന്റേത് സംസ്‌കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വേറെ മറുപടിയില്ലെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി. അനില്‍ ആന്റണി പിതൃനിന്ദ നടത്തിയെന്ന എംഎം ഹസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അനില്‍ ആന്റണി.
◾ സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോള്‍ ബാക്കി ഉള്ളവര്‍ക്കെതിരെ പറയുകയാണ് അനില്‍ ആന്റണിയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്‍. കാലഹരണപ്പെട്ട നേതാവ് എന്ന് താന്‍ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്ന് അനില്‍ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു എം.എം.ഹസന്‍. കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന് അനില്‍ പറഞ്ഞത് എ.കെ. ആന്റണിയെ ഉദ്ദേശിച്ചു തന്നെയാണെന്നും പിതൃനിന്ദ കാട്ടിയ ആള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഹസന്‍ പറഞ്ഞു.
◾ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം ശോഭന. നെയ്യാറ്റിന്‍കര ടിബി ജംങ്ഷനില്‍ നിന്നു തുടങ്ങിയ രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയിലും ശോഭന പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.
◾ സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുമുല്ലവാരം കടപ്പുറത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ സെയ്ദലി മനഃപൂര്‍വ്വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. പരിക്കേറ്റ ചിന്ത ജെറോം ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.
◾ വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ട് പേരെയും മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
◾ പാലക്കാട് കാങ്ങാട്ടുപടി സ്വദേശി പ്രിവിയയെ (30) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപത്ത് കണ്ടെത്തിയ ജഡത്തിന് സമീപത്തായി ഇരുചക്രവാഹനവും കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പട്ടാമ്പി പൊലീസ്. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. യുവതിയെ ആക്രമിച്ചത് തൃത്താല ആലൂര്‍ സ്വദേശിയായ സന്തോഷാണെന്ന് വ്യക്തമായി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയില്‍ എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതില്‍ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമെന്നും പൊലീസ് സംശയിക്കുന്നു.
◾ അടിമാലി കുരിയന്‍സ് പടിയില്‍ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിം വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെജെ അലക്സ്, കവിത എന്നിവരെയാണ് പാലക്കാട് നിന്ന് പൊലീസ് പിടികൂടിയത്. കവര്‍ച്ചാ ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത്.
◾ പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം മോഷ്ടിച്ചു. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്.
◾ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും വിഷയം പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. അതേസമയം ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.
◾ സി പി ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ യുവ നേതാവ് കനയ്യകുമാര്‍ ഇത്തവണ ദില്ലി നോര്‍ത്ത് ഈസ്റ്റില്‍ മത്സരിക്കും. ഇന്നലെ പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥി പട്ടികയിലാണ് കനയ്യക്കും സീറ്റ് നല്‍കിയത്. ജെ എന്‍ യുവില്‍ പഠിച്ചു വളര്‍ന്ന യുവ നേതാവിനെ ദില്ലിയില്‍ ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് എ ഐ സി സി നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.
◾ ബിജെപി മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വാഗ്ദാനങ്ങളായി അവശേഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ട്രല്‍ ബോണ്ട് എന്നിവയക്കുറിച്ച് ബിജെപിക്ക് ഒന്നും പറായിനില്ലെന്നും കര്‍ഷകര്‍ക്കും ഗുസ്തി താരങ്ങള്‍ക്കുമെല്ലാം സമരം ചെയ്യേണ്ടി വന്നുവെന്നും ബിജെപിക്ക് വിശ്വാസ്യതയില്ലാതായെന്നും അശോക് ഗെലോട്ട് പറഞ്ഞു.
◾ ബി ജെ പി രാജ്യത്തെ രണ്ട് നൂറ്റാണ്ട് പിന്നോട്ടടിക്കാന്‍ ശ്രമിക്കുകയാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഭരണഘടനയെ തകര്‍ക്കാനുള്ള ബി ജെ പിയുടെ ശ്രമം അപകടകരമാണെന്നും അംബേദ്കര്‍ കൊളുത്തിയ ജനാധിപത്യ ദീപം കെടാതെ കാക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
◾ അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബീഹാര്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുരാരി കുമാര്‍ (24), ഉപ്‌നേഷ് കുമാര്‍ (22) എന്നിവരെയാണ് ഗോവയിലെ വാസ്‌കോ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ നേരത്തെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ഭര്‍ത്താവ് അവരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരം ചെയ്യുന്നതിനായി പ്രതികള്‍ അഞ്ചര വയസ്സുകാരിയായ മകളെ ലക്ഷ്യമിടുകയായിരുന്നു.
◾ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ അജ്ഞാതരായ അക്രമികള്‍ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് പറഞ്ഞു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സല്‍മാന്‍ ഖാന്‍ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.
◾ ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവച്ചു. ഡല്‍ഹിക്കും ടെല്‍ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുമെന്ന് എയര്‍ ഇന്ത്യ.
◾ ഒമാനിലെ ശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണ നിരക്ക് 12 ആയി ഉയര്‍ന്നത്.
◾ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 47 പന്തില്‍ 89 റണ്‍സ് നേടിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ മികവില്‍ 4.2 ഓവര്‍ ബാക്കി നില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുംബൈ ഇന്ത്യന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 69 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്ക വാദിന്റേയും 66 റണ്‍സെടുത്ത ശിവം ദുബെയുടേയും അവസാന നാല് ബോളില്‍ 20 റണ്‍സെടുത്ത ധോണിയുടേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ 65 പന്തില്‍ 105 റണ്‍സെടുത്തെങ്കിലും ചെന്നൈയുടെ പേസര്‍ മതീഷ പതിരാന നാല് വിക്കറ്റുമായി കൊടുങ്കാറ്റായതോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ രാജ്യത്തെ പ്രമുഖ സ്വര്‍ണ വായ്പാ സ്ഥാപനവും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുമായ ഇന്‍ഡെല്‍ മണി ന്യൂഡെല്‍ഹിയില്‍ പുതിയ ശാഖ തുറന്നു. കഴിഞ്ഞ പാദത്തില്‍ കമ്പനി 11 പുതിയ ശാഖകള്‍ തുടങ്ങിയിരുന്നു. ന്യൂഡെല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ ആചാര്യ നികേതന്‍ ഇ4/19ല്‍ ആണ് പുതിയ ശാഖ.ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ സ്വര്‍ണ വായ്പകളാണ് ഈ ശാഖയില്‍ നല്‍കുന്നത്. അതിവേഗ നടപടി ക്രമങ്ങള്‍, കുറഞ്ഞ പലിശ നിരക്ക്, ഉപഭോക്താവിന്റെ സൗകര്യത്തിന് പരിഗണന നല്‍കുന്ന തിരിച്ചടവുകള്‍, സ്വകാര്യതയുടെ പരിരക്ഷണം തുടങ്ങിയ കമ്പനിയുടെ പ്രത്യേകതകള്‍ ഇനി ന്യൂഡെല്‍ഹിയിലെ ബിസിനസ് ചെയ്യുന്നവര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനകരമാകുമെന്ന് കമ്പനി പറയുന്നു. ഇന്‍ഡെല്‍ മണി ഉത്തര മധ്യ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ന്യൂഡെല്‍ഹിയിലെ പുതിയ ശാഖ. നടപ്പു സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ 20 പുതിയ ശാഖകള്‍ കൂടി തുടങ്ങും. ഇന്‍ഡെല്‍ മണിക്ക് ഒഡീഷ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്നാട്, തെലുങ്കാന, പുതുച്ചേരി, കേരളം എന്നിങ്ങനെ 9 സംസ്ഥാനങ്ങളിലായി 285ല്‍ പരം ശാഖകളുണ്ട്.
◾ നടന്‍ നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയാവാന്‍ നയന്‍താര. ‘ഡിയര്‍ സ്റ്റുഡന്‍സ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. എന്നാല്‍ നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രമാണ് നിവിന്‍ പോളിയുടെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. വിഷു റിലീസായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിന്റെ തിരിച്ചു വരവായാണ് ഏവരും ചിത്രത്തെ കണക്കാകുന്നത്.
◾ സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല തെറിച്ച കൈ’. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. കാര്‍മിക് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തീര്‍ത്തും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചിത്രത്തിന്റെ കഥ സംവിധായകന്റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയുമാണ്. കെന്‍ സാം ഫിലിപ്പ് ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ ‘കൈ’ കൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രമോദ് ഗോപകുമാറാണ്. ആഗസ്റ്റ് അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.
◾ ഹ്യൂണ്ടായ് ഐ20 ഹാച്ച്ബാക്ക് സിഎസ്ഡി സ്റ്റോറുകള്‍ വഴി രാജ്യത്തെ സൈനികര്‍ക്ക് കമ്പനി ലഭ്യമാക്കിയതായി റിപ്പോര്‍ട്ട്. സിഎസ്ഡി വഴി ഈ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ വന്‍ കിഴിവ് ലഭിക്കും. ഇതുവഴി ഏകദേശം 1.37 ലക്ഷം രൂപ നേരിട്ട് ലാഭിക്കുകയും ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് എക്‌സ്-ഷോറൂം വിലയേക്കാള്‍ ഏകദേശം 1.21 ലക്ഷം മുതല്‍ 1.37 ലക്ഷം രൂപ വരെ കുറവാണ് സിഎസ്ഡിയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായ് ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ഐ20 ഫെയ്സ്ലിഫ്റ്റ് 2023 സെപ്റ്റംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എറ, മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ (ഒ) എന്നീ ട്രിമ്മുകളില്‍ ഇത് വാങ്ങാം. 6.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. സുരക്ഷയ്ക്കായി 26 ഫീച്ചറുകളാണ് ഈ കാറില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 6 എയര്‍ബാഗുകളും ഉള്‍പ്പെടുന്നു. ഈ ട്രിമ്മുകള്‍ക്കെല്ലാം 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും.
◾ രണ്ടില്‍ നിന്നും ഒന്നിലേയ്ക്ക് ദ്വിതീയത്തില്‍ നിന്നും അദ്വീതിയതയിലേയ്ക്ക് എന്ന പോലെ ഖലീല്‍ ജിബ്രാനും മേയ് സിയോദയും, ഒരു പ്ലാടോണിക് പ്രണയത്തിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചിരുന്ന ഖലീല്‍ ജിബ്രാന്റേയും മേയ് സിയോദയുടേയും പ്രണയം ഒരു പക്ഷേ അതിന് മുകളില്‍. അത് ഇന്നും ഉണ്ടെന്നും ഭൂമി ഉള്ളിടത്തോളം ഉണ്ടാകുമെന്നും പറഞ്ഞുപോകുന്ന സൃഷ്ടി. ‘മേയ് സിയാദേ’. ടാന്‍സി. സൈന്ധവ ബുക്സ്. വില 142 രൂപ.
◾ ശരീരം ചൂണ്ടികാണിക്കുന്ന ലക്ഷണങ്ങള്‍ ഒരിക്കലും നിസാരമായി കാണരുത്. നേരത്തെയുള്ള രോഗനിര്‍ണയം പല രോഗങ്ങളെയും ചികിത്സിച്ച് മാറ്റാന്‍ സഹായിക്കും. അര്‍ബുദങ്ങളും കാര്യത്തിലും ശരീരം ചില ലക്ഷണങ്ങള്‍ പ്രകടമാക്കാറുണ്ട്. പ്രത്യേകിച്ച് സ്താനാര്‍ബുദം പോലുള്ളവയ്ക്ക്. എന്നാല്‍ പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരികളായ യുവതികള്‍ ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കുന്നുവെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. സ്തനത്തില്‍ വീക്കമോ, അസ്വഭാവികതകളോ കണ്ടാലും ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ് മിക്ക യുവതികളും വിദ?ഗ്ധ ചികിത്സ തേടുന്നത്. ഇതു അപകടകരമായ ഒരു സാഹചര്യമാണെന്നും പഠനം നടത്തിയ കാനഡയിലെ കാല്‍ഗറി സര്‍വകലാശാല ഗവേഷകര്‍ പറയുന്നു. പ്രായമായവരെ അപേക്ഷിച്ച് യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദത്തിന്റെ തോത് കുറവാണെന്നതാണ് ഈ നിസാരവല്‍ക്കരണത്തിന്റെ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ യുവതികളില്‍ സ്തനാര്‍ബുദം ഏറ്റവും വൈകിയ സ്റ്റേജിലാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. സ്തനാര്‍ബുദ സ്‌ക്രീനിങ്ങുകളോ, മാമോ?ഗ്രാഫികളോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യുവതികളാണ് കൂടുതലും. യുവതികളിലെ സ്തനാര്‍ബുദം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്. 41 വയസിന് താഴെ സ്തനാര്‍ബുദം സ്ഥിരീകരിച്ചവരെയാണ് പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചത്. ഇതില്‍ 80 ശതമാനം യുവതികള്‍ക്കും സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
ശുഭദിനം
കവിത കണ്ണന്‍
അയാള്‍ ഒരു സിംഹാസനം ഉണ്ടാക്കുകയായിരുന്നു. അപ്പോഴാണ് അതുവഴി ഒരു ബുദ്ധസന്യാസി കടന്നുവന്നത്. സിംഹാസനം വളരെ ഭംഗിയുണ്ടെന്നും അതിനായി പരിശ്രമിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു എന്നും സന്യാസി പറഞ്ഞു. അയാള്‍ അമ്പരന്നു. താന്‍ ഒറ്റയ്ക്കാണ് ഇതുണ്ടാക്കിയത്, അതിനെന്തിനാണ് എല്ലാവര്‍ക്കും അഭിനന്ദനം? അയാള്‍ ചോദിച്ചു. അതുകേട്ട് സന്യാസി പറഞ്ഞു: എങ്കില്‍ നിങ്ങള്‍ ഈ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചുറ്റികയുടെ പിടി ഊരിമാറ്റി ചുറ്റിക ഉപയോഗിക്കൂ.. അതെങ്ങനെ ഉപയോഗിക്കും? അയാള്‍ ചോദിച്ചു. സന്യാസി പറഞ്ഞു: അതെ ചുറ്റികയ്ക്ക് അടിക്കുന്ന ഭാഗം മാത്രം പോര, അതിന് പിന്നില്‍ ബലമുളള പിടിയും ആവശ്യമുണ്ട്. അയാള്‍ക്ക് കാര്യം വ്യക്തമായി. നമ്മള്‍ ചെയ്യുന്ന ഏതൊരു നല്ലകാര്യത്തിന് പിന്നിലും അതിനായി നമ്മളെ പ്രാപ്തരാക്കിയ കുറേ പേര്‍ കാണും. പേരുള്ളവര്‍, പേരറിയാത്തവര്‍, ജീവനുള്ളവ, ജീവനില്ലാത്തവ .. അങ്ങനെ ഒരു ഒരുപാട് സംഗതികള്‍… കൂടുതല്‍ ഉയരത്തിലെത്തുമ്പോള്‍ ചവിട്ടുപടിയായ എല്ലാവരേയും എല്ലാത്തിനേയും ഓര്‍ക്കാന്‍ നമുക്ക് ശ്രമിക്കാം – ശുഭദിനം.