1199 മേടം 1 തിരുവാതിര
നന്‍മകള്‍ നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ഥനയും പ്രതീക്ഷയുമായി ഇന്ന് വിഷു. ഏവര്‍ക്കും സ്വാതി ന്യൂസിന്റെ വിഷു ആശംസകള്‍
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഈ അപകടത്തെ തിരിച്ചറിഞ്ഞു നാം പ്രതിരോധിക്കണം .സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങള്‍ മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസ കുറിപ്പില്‍ പറഞ്ഞു.
◾ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍. ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീന്‍ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇന്ന് പുലര്‍ച്ചയോടെ ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
◾തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും സ്വന്തം ഭരണനേട്ടങ്ങള്‍ പറയാനാകാതെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണപരാജയവും മറച്ചുവച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017-ല്‍ കൊണ്ടുവന്ന കെ ഫോണ്‍ പദ്ധതി 2024-ലും നടപ്പാക്കാനായില്ലെന്നും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കിയതെന്നും സതീശന്‍ ആരോപിച്ചു. ഈ പദ്ധതിയെക്കുറിച്ച് ഇനിയെങ്കിലും അന്വേഷണം നടത്താന്‍ തയാറാകണമെന്നും മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തില്‍ ഈ അഴിമതി സി.ബി.ഐയാണ് അന്വേഷിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.
◾പൂക്കോട് വെറ്ററിനറി കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തി പരിശോധന നടത്തി സിബിഐ. ഡിഐജി, രണ്ട് എസ്പിമാര്‍ ഉള്‍പ്പെടുന്ന പത്ത് പേരാണ് സിബിഐ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദനം നേരിട്ട മുറി, ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാര്‍ത്ഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്തുള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു.
◾പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍. ആനകളുടെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറാണ് വിവാദത്തിന് കാരണമായത്. കനത്ത ചൂടും ആനകള്‍ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ എന്നാണ് വിശദീകരണം. സര്‍ക്കുലറില്‍ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
◾സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചു. തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടി. മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
◾മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്സിന്റെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായി. ഓണ്‍ലൈന്‍ യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തര്‍ക്കം മൂലമാണ് സിനിമപ്രദര്‍ശനം നിര്‍ത്തിവച്ചത്.
⬛പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. അനില്‍ പത്തനംതിട്ടയില്‍ ജയിച്ചാല്‍ കാക്ക മലര്‍ന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസന്‍ പരിഹസിച്ചു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്‌കാരം പേറുന്ന ബിജെപി പ്രവര്‍ത്തകര്‍ അനില്‍ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആശങ്ക കേരളത്തിന്റെ ആശങ്കയാണെന്ന് ഉമ തോമസ് എം.എല്‍.എ. കോടതി കസ്റ്റഡിയില്‍ നിന്ന് അനധികൃതമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചത് മ്ലേച്ഛമാണ്. കുറ്റക്കാരായവരെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.
◾പതിനൊന്ന് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ കൂടുതല്‍ താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
◾അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ മൂവരും മരണം തിരഞ്ഞെടുത്തത് വിചിത്ര മാനസികാവസ്ഥയിലെന്ന് പോലീസ്. ആര്യയ്ക്ക് ഇരട്ട വ്യക്തിത്വമുണ്ടായിരുന്നതായാണ് പോലീസ് നിഗമനം. മൂവരുടെയും ഇ-മെയില്‍ ഐഡികളിലെയും മൊബൈല്‍ ഫോണിലെയും ആശയവിനിമയങ്ങള്‍ കണ്ടെത്തിയ ശേഷമാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
◾പാലാ പൈകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരി ആത്മജ പാമ്പുകടിയേറ്റ് മരിച്ചു. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കല്ലേറില്‍ പരിക്ക്. വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്. റെഡ്ഡിയുടെ നെറ്റിയിലാണ് പരിക്കേറ്റത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ടിഡിപി ആണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.
◾കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലിരുന്നിട്ട് ബി.ജെ.പി. രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്ന് പ്രിയങ്ക ഗാന്ധി . വികസന നേട്ടങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ടാണ് ബിജെപി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞു വോട്ടു നേടാന്‍ ശ്രമിക്കുന്നത്. ഉത്തരാഖണ്ഡിലെ രാംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.
◾ ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍ സൈന്യം. ദുബായിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. കപ്പലില്‍ പാലക്കാട്, കോഴിക്കോട് സ്വദേശികളുണ്ടെന്നാണ് വിവരം. കപ്പലില്‍ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. ജീവനക്കാരെയും കപ്പലിനെയും തിരികെ എത്തിക്കാന്‍ ഇടപെടല്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.
◾ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തെ അപലപിച്ച് അമേരിക്കയും ബ്രിട്ടനും രംഗത്തെത്തി. ഇറാന്‍ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇരുരാജ്യങ്ങളും വിമര്‍ശിച്ചു. കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു.
◾ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാന്‍ 10 പന്തില്‍ 27 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറുടെ അവസാന ഓവറിലെ പ്രകടനത്തിലൂടെ കഷ്ടിച്ച് ജയിച്ചു കയറുകയായിരുന്നു.ആറ് കളികളില്‍ അഞ്ചെണ്ണത്തിലും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.
⬛ ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. വൈകീട്ട് 3.30 ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് നടക്കുന്ന വാഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ഏറ്റുമുട്ടും.
◾സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ലോക രാജ്യങ്ങള്‍. ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യമായ ചൈന തന്നെ തുടര്‍ച്ചയായി കഴിഞ്ഞ 17 മാസങ്ങളില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി കരുതല്‍ ശേഖരം ഉയര്‍ത്തി. ഏകദേശം 161.07 ബില്യണ്‍ ഡോളര്‍ (13.43 ലക്ഷം കോടി രൂപ) മതിക്കുന്ന സ്വര്‍ണശേഖരമാണ് ചൈനയ്ക്കുള്ളത്. പോളണ്ട് 103 ടണ്ണും സിംഗപ്പൂര്‍ 76 ടണ്ണും ടര്‍ക്കി 61 ടണ്ണും സ്വര്‍ണം കഴിഞ്ഞവര്‍ഷം വാങ്ങിയപ്പോള്‍ ചൈന വാങ്ങിക്കൂട്ടിയത് 225 ടണ്ണാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്തിടെ സിംബാബ്വേ പോലും ഡോളറിനെ കൈവിട്ട് സ്വര്‍ണം അധിഷ്ഠിതമായ പുതിയ കറന്‍സിയിലേക്ക് കടന്നിരുന്നു. ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ വിദേശ നാണയശേഖരം ഏപ്രില്‍ 5ന് അവസാനിച്ച ആഴ്ചയില്‍ 298 കോടി ഡോളര്‍ ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 64,856 കോടി ഡോളറിലെത്തിയിരുന്നു. കരുതല്‍ സ്വര്‍ണശേഖരത്തില്‍ 239 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) വര്‍ധനയുണ്ടായതാണ് ഈ കുതിപ്പിന് വഴിയൊരുക്കിയതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 5,456 കോടി ഡോളറിന്റെ കരുതല്‍ സ്വര്‍ണശേഖരമാണ് നിലവില്‍ റിസര്‍വ് ബാങ്കിനുള്ളത്. അതായത്, ഏകദേശം 4.55 ലക്ഷം കോടി രൂപ മൂല്യം. ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ് (370 ടണ്‍). റഷ്യ (310 ടണ്‍), ഓസ്‌ട്രേലിയ (210 ടണ്‍) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. അതേസമയം, ഏറ്റവുമധികം കരുതല്‍ സ്വര്‍ണശേഖരമുള്ളത് പക്ഷേ, അമേരിക്കയിലാണ് (8,133 ടണ്‍). 3,353 ടണ്ണുമായി ജര്‍മ്മനിയാണ് രണ്ടാംസ്ഥാനത്ത്. 9-ാം സ്ഥാനത്താണ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണശേഖരം 801 ടണ്ണാണ്.
◾ ഇതിഹാസകാവ്യമായ രാമായണം നിര്‍മിക്കാന്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ യഷ്. രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുക. നിതീഷ് തിവാരിയാണ് രാമായണത്തിന്റെ സംവിധായകന്‍. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്. രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഏപ്രില്‍ 17 ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. യഷ് സിനിമയില്‍ ഏത് വേഷത്തിലാണെത്തുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. രണ്‍ബീര്‍ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും സണ്ണി ഡിയോള്‍ ഹനുമാനെയും അവതരിപ്പിക്കും. ലാറ ദത്തയും രാകുല്‍ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂര്‍പണഖയായും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍ കുംഭകര്‍ണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തും.
◾നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’. പേര് സൂചിപ്പിക്കും പോലെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത് ഉണ്ടായ ഒരു കേസ് ആണ് ചിത്രത്തിന്റെ ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. ദീര്‍ഘകാലം ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. വീശിഷ്ട സേവനത്തിന് രണ്ട് തവണ പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്, സമുദ്രക്കനി, അശോകന്‍, ശിവദ, സ്വാസിക, ദുര്‍ഗ കൃഷ്ണ, സുധീഷ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, രമേശ് പിഷാരടി, ജൂഡ് ആന്റണി, ഷഹീന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, ജോണി ആന്റണി, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്, പി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, മഞ്ജു പിള്ള, ഉമ നായര്‍, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, അനു നായര്‍, പൊന്നമ്മ ബാബു, സ്മിനു സിജോ, സിമി എബ്രഹാം, കനകമ്മ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ എം എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് വേണ്ടി മുന്‍ ഡീ ജി പി ലോകനാഥ് ബെഹ്‌റയുടെ സാന്നിധ്യത്തില്‍ ഒരു പരീശീലന ക്ലാസ് കൊച്ചിയില്‍ നടന്നു.
◾രണ്ടാം വരവില്‍ എന്‍ഡവറിനെ എവറസ്റ്റായി അവതരിപ്പിക്കാന്‍ ഫോഡ് ഇന്ത്യ. രാജ്യാന്തര വിപണിയിലുള്ള എവറസ്റ്റിനെയാണ് അതേ പേരില്‍ ഇന്ത്യയില്‍ എത്തിക്കുക. നേരത്തെ ട്രേഡ് മാര്‍ക്ക് ലഭിക്കാത്തതുകൊണ്ട് എവറസ്റ്റിനെ എന്‍ഡവറായാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. മറ്റൊരു കമ്പനിയുടെ ട്രേഡ് മാര്‍ക്കായിരുന്ന എവറസ്റ്റ് എന്ന പേരിന്റെ നിയമപരമായ നൂലാമാലകള്‍ മാറ്റിക്കൊണ്ടാണ് ഫോര്‍ഡിന്റെ ഇപ്പോഴത്തെ വരവ്. എവറസ്റ്റിന്റെ വരവോടെ രാജ്യാന്തര തലത്തില്‍ ഒരേ പേരില്‍ ഉത്പന്നം പുറത്തിറക്കാന്‍ ഫോഡിന് സാധിക്കും. എവറസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള ഉത്പാദനം എപ്പോള്‍ തുടങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഫോഡിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായിട്ടാവും എവറസ്റ്റും എത്തുക. 2026ന് മുന്‍പ് എവറസ്റ്റ് എത്തുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്തും പിന്നീട് ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ചുമായിരിക്കും എവറസ്റ്റിനെ ഫോഡ് പുറത്തിറക്കുക. ഇന്ത്യയിലെത്തുന്ന എവറസ്റ്റിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച് ഇപ്പോഴും ഫോര്‍ഡ് ഉറപ്പു നല്‍കിയിട്ടില്ല. സിംഗിള്‍ ടര്‍ബോ അല്ലെങ്കില്‍ ട്വിന്‍ ടര്‍ബോ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനോ 3.0 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനോ ആണ് എവറസ്റ്റിന് വിദേശവിപണികളിലുള്ളത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കുക. ടുവീല്‍ അല്ലെങ്കില്‍ ഫോര്‍വീല്‍ ഡൈവിങ് ഓപ്ഷനുകള്‍.
◾ കഥയെഴുത്തിന്റെ പുതുവഴികളിലൂടെ വായനക്കാരെ കൂടെക്കൊണ്ടുപോവുകയും പുതിയൊരു ഭാവികത്വം സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് ഡോ പ്രേം രാജ് കെ കെ. ഭാഷാപരവും വൈകാരികവുമായ ഒതുക്കവും കൈയടക്കവും പാലിച്ചുകൊണ്ടു രചിക്കപ്പെട്ട പതിനഞ്ചു കഥകളുടെ സമാഹാരമാണ് ‘കിളികള്‍ പറന്നു പോകുന്നയിടം’. കേരള ബുക് സ്റ്റോര്‍ പബ്ളിക്കേഷന്‍സ്. വില 190 രൂപ.
◾ മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നത് യൂറിക് ആസിഡ് വര്‍ധിക്കാന്‍ കാരണമാകും. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാല്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. ഇതാണ് ഗൗട്ട്. കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, പെരുവിരലിലെ സന്ധികളില്‍ വേദനയും നീരും, ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, വിരല്‍ അനക്കാന്‍ പറ്റാത്ത വേദന തുടങ്ങിയവാണ് യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍. പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇതിനായി റെഡ് മീറ്റ്, കടല്‍ ഭക്ഷണങ്ങള്‍, മധുരം അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. ഇത് യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാന്‍ സഹായിക്കും. ഫാറ്റ് അഥവാ കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡ് കൂടാതിരിക്കാന്‍ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സ്ട്രെസ് കുറയ്ക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും. ചെറി, നേന്ത്രപ്പഴം, ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട്, ഓറഞ്ച്, നാരങ്ങ, ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശുഭദിനം
അന്ന് അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു: നമ്മള്‍ ഈ ലോകത്ത് നിന്ന് മടങ്ങിപ്പോകുമ്പോള്‍ ഒരു ഓര്‍മ്മയെ കൂടെക്കൊണ്ടുപോകാന്‍ അവസരം ലഭിച്ചാല്‍ ഏത് ഓര്‍മ്മയെയായിരിക്കും കൂടെകൂട്ടുക? എല്ലാവരും ഒരു നിമിഷം നിശബ്ദരായി. ചിലരുടെ കണ്ണുകള്‍ തിളങ്ങി, ചിലര്‍ ഏതോര്‍മ്മയെ കൂടെക്കൂട്ടുമെന്ന ആശയക്കുഴപ്പത്തില്‍ തലകുനിച്ചു… ക്ലാസ്സിന്റെ നിശബ്ദതയെ ഭേദിച്ച് അധ്യാപകന്‍ തുടര്‍ന്നു. അതെന്തായാലും എന്റെ പത്താംക്ലാസ്സിലെ പരീക്ഷയുടെ മാര്‍ക്കാകില്ല, അതെന്തായാലും എനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റകളെക്കുറിച്ചാകില്ല, എന്തിന് എനിക്ക് പ്രിയപ്പെട്ട കവിതകളെയോ കഥകളെയോ കുറിച്ചാകില്ല.. അതുറപ്പായും ചില മനുഷ്യരെക്കുറിച്ചായിരിക്കും.. നമ്മള്‍ സ്‌നേഹിച്ച നമ്മളെ സ്‌നേഹിച്ച ചില മനുഷ്യരെക്കുറിച്ച്, അവരോടൊപ്പം പങ്കിട്ട നല്ല നിമിഷങ്ങളെക്കുറിച്ച്… അതെ പരിഗണനകള്‍ക്ക് വലിയ അര്‍ത്ഥതലങ്ങളുണ്ട് നമ്മുടെ ജീവിതത്തില്‍… മനുഷ്യന്‍ മനുഷ്യനെ പരിഗണിക്കുമ്പോള്‍ അതൊരു വലിയ കര്‍മ്മമായി മാറുന്നു..അവര്‍ പരസ്പരം പ്രണയത്തിലാകുന്നു.. അപ്പോള്‍ തെറ്റുപറ്റിയാല്‍ മാപ്പുകൊടുക്കാനും… വേദനകള്‍ക്ക് കൂട്ടിരിക്കാനും നമുക്ക് കഴിയുന്നു. ഈ വിഷുക്കാലം നമുക്കും അങ്ങിനെയൊരു പരിഗണനകളുടെ വാതായനം തുറന്നുതരട്ടെ.. തെറ്റുകള്‍ക്ക് മാപ്പ് കൊടുത്ത് ചേര്‍ത്തുപിടിക്കാനാകട്ടെ.. ഒറ്റപ്പെട്ടുപോയ നമ്മളിലെ ചിലര്‍ക്ക് അപ്രതീക്ഷിതമായ ഒരു സ്‌നേഹസന്ദര്‍ശനം നല്‍കാനാകട്ടെ.. അവര്‍ക്കായി കുറച്ച് സമയം മാറ്റിവെക്കാനാകട്ടെ.. അതെ, ഈ വിഷുക്കാലം പരിഗണനയുടെ… ചേര്‍ത്തുപിടിക്കലിന്റെ … പങ്കുവെക്കലുകളുടെ ഒരു ദിനമായി മാറട്ടെ.. വിഷു ആശംസകള്‍.