പ്രഭാത വാർത്തകൾ

2024 ഏപ്രിൽ 10 ബുധൻ
1199 മീനം 28 ഭരണി

◾ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍. ഏവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ പെരുന്നാള്‍ ആശംസകള്‍.

◾ മദ്യ നയക്കേസില്‍ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാകുന്ന തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റെ വാദം കോടതി തള്ളിയത്. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. അതേസമയം ദില്ലിയില്‍ ഭരണ പ്രതിസന്ധിയെന്ന വാദം ശക്തമാക്കാന്‍ കെജ്രിവാള്‍ ജയിലില്‍ തുടരട്ടെയെന്ന കോടതിയുടെ നിലപാട് ബിജെപി ആയുധമാക്കും.

⬛ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെ സ്വയം പ്രഖ്യാപിത സത്യസന്ധനെന്ന് പരോക്ഷമായി പരാമര്‍ശിച്ച് ബിജെപി. ആം ആദ്മി പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം തകര്‍ന്നുവെന്നും എ.എ.പിയുടെ നിലപാട് തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞുവെന്നും ബി.ജെ.പി. എം.പി. സുധാംശു ത്രിവേദി കുറ്റപ്പെടുത്തി.
◾തിരഞ്ഞെടുപ്പു സമയമായതിനാല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക്കിനെ വിവാദമായ മസാല ബോണ്ട് കേസില്‍ ഇപ്പോള്‍ ഇ.ഡി ശല്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ചില വിശദീകരണം ആവശ്യമാണെന്നും അത് പക്ഷെ ഇപ്പോള്‍ തന്നെ വേണമെന്നില്ലെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ വിശദമായ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.

◾https://dailynewslive.in/ ഇഡി സമന്‍സിനെതിരായ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉര്‍ത്തിപ്പിടിച്ചെന്ന് ഡോ. ടിഎം തോമസ് ഐസക്. കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ളതായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് കിഫ്ബിയാണെന്ന് തോമസ് ഐസക് വ്യക്തമാക്കി. വിധിപകര്‍പ്പ് ലഭിച്ചശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

◾https://dailynewslive.in/ കേരള സ്റ്റോറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ അവസാനിപ്പിക്കൂവെന്നും ആ ചൂണ്ടയില്‍ വീഴരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാപട്യത്തിന്റെ പേരാണ് പിണറായി എന്ന് പറഞ്ഞ സതീശന്‍ പൗരത്വ ഭേദഗതിയില്‍ ചര്‍ച്ച ഒതുക്കാം എന്ന് കരുതേണ്ടെന്നും സിഎഎക്ക് എതിരായി നടന്ന സമരങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ ആദ്യം പിന്‍വലിക്കട്ടെയെന്നും പറഞ്ഞു. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണം. ബിജെപിക്കാര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും വിഡി സതീശന്‍ പറഞ്ഞു.

◾https://dailynewslive.in/ കരുവന്നൂര്‍ കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് കണ്ണന് ഇഡി നോട്ടീസ് നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും സുഖം ഇല്ലാത്തതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
◾https://dailynewslive.in/ 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ പ്രതിയാക്കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. എ.സി. മൊയ്തീനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സി.പി.എം, ബി.ജെ.പിയ്ക്ക് വോട്ടുമറിക്കാന്‍ ധാരണയെന്നും അനില്‍ ആരോപിച്ചു.

◾https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി. കേസില്‍ അന്വേഷണം തുടങ്ങിയതായും ദില്ലി യൂണിറ്റ് കേസ് അന്വഷിക്കുന്നതിനാല്‍ പൊലീസ് സഹായം വേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐയുടെ ദില്ലി സ്പെഷ്യല്‍ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.

◾https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ടി.ജയപ്രകാശ് സിബിഐക്ക് വിശദമായ മൊഴി നല്‍കി .ബാഹ്യസമ്മര്‍ദ്ദം കൊണ്ടാണ് പൊലീസ് കൂടുതല്‍ പേരെ പ്രതിചേര്‍ക്കാഞ്ഞതെന്നും വിദ്യാര്‍ത്ഥികളുടെ മൊഴിയെടുപ്പ് സിബിഐ തുടരുകയാണെന്നും ജയപ്രകാശ് വ്യക്തമാക്കി. മകന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മുഴുവന്‍ പങ്കുവച്ചതായി മൊഴി എടുത്തതിനുശേഷം ജയപ്രകാശ് പറഞ്ഞു.

◾https://dailynewslive.in/ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് തല നേതാക്കള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നു. പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ പത്മജ വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ മെമ്പര്‍ഷിപ്പ് നല്‍കിയാണ് പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.
◾https://dailynewslive.in/ പത്മജ വേണുഗോപാലിന്റെ നടപടിക്കെതിരെ കെ.മുരളീധരന്‍ എംപി. തൃശ്ശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയ പ്രവൃത്തി തരം താഴ്ന്നതാണെന്നും ഏപ്രില്‍ 26 ന് ശേഷം എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും മുരളീധരന്‍ പറഞ്ഞു. ഈ വര്‍ഗീയ ശക്തികളെ തൃശൂരില്‍ നിന്ന് തുടച്ചുനീക്കും എന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

◾https://dailynewslive.in/ ഇടുക്കി രൂപത ആസ്ഥാനത്തേയ്ക്ക് തന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എന്ന പ്രചരണത്തിന് പിന്നില്‍ ദുഷ്ട ശക്തികളുണ്ടെന്ന് എംഎം ഹസന്‍. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ചില രാഷ്ട്രീയ കക്ഷികളുണ്ട്. ഇടുക്കി ബിഷപ്പിനെ താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയില്ലെന്നും എംഎം ഹസ്സന്‍ പ്രതികരിച്ചു.

◾https://dailynewslive.in/ കേരള സ്റ്റോറി വിഷയത്തില്‍ ചില സഭകള്‍ എടുത്തിട്ടുള്ളത് പ്രതിഷേധാര്‍ഹമായ നടപടിയെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് കൂറിലോസ്. ലൗ ജിഹാദ് എന്ന പ്രതിഭാസം നമ്മുടെ നാട്ടില്‍ ഇല്ല. കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നത് ധാര്‍മികമല്ലെന്നും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

◾https://dailynewslive.in/ തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുളള പള്ളികളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് അതിരൂപത വ്യക്തമാക്കി. കെസിവൈഎമ്മിന്റേതായി വന്ന നിര്‍ദേശം രൂപതയുടേതല്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അതിരൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

◾https://dailynewslive.in/ റിയാസ് മൗലവി വധക്കേസ് ഹൈക്കോടതിയിലെത്തുമ്പോള്‍ പുതിയ അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ടി ഷാജിത്ത് തനിക്കെതിരെ കേസ് കൊടുക്കുന്നതില്‍ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും ഷാജി പറഞ്ഞു.

◾https://dailynewslive.in/ പാനൂര്‍ സ്ഫോടനത്തിന് പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് ഇപി ജയരാജന്‍. പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ബോംബ് സ്ഫോടനമുണ്ടായതിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നത് പരിഹാസ്യമാണ് . ഈ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് മറ്റ് രാഷ്ട്രീയ ബന്ധമില്ലെന്നും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

◾https://dailynewslive.in/ സംസ്ഥാനത്തെ കൊടും ചൂടിന് ശമനമാകാന്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ വേനല്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

◾https://dailynewslive.in/ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.എം.രമ എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന പരാതിയില്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കി. ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാര്‍ഗിക പ്രവര്‍ത്തനം നടക്കുന്നു എന്നും ഓണ്‍ലൈന്‍ മാധ്യമത്തോട് ഡോ. എം രമ പറഞ്ഞിരുന്നു. ഇതിന് പുറമെ സര്‍വീസിന്റെ അവസാന പ്രവൃത്തി ദിവസം രമക്കെതിരെ ഇറക്കിയ കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി.

◾https://dailynewslive.in/ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിന് വീണ്ടും അനുമതി. ക്ലാസില്‍ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

◾https://dailynewslive.in/ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും ദല്ലാള്‍ ടി.പി നന്ദകുമാര്‍. സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി അനില്‍ ആന്റണി 25 ലക്ഷം തന്റെ കൈയ്യില്‍ നിന്നും വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രിയുടെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വില്‍ക്കലായിരുന്നു പ്രധാന ജോലിയെന്നും അന്ന് പല ബ്രോക്കര്‍മാരും അനില്‍ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു.

◾https://dailynewslive.in/ ദല്ലാള്‍ ടിപി നന്ദകുമാര്‍ സാമൂഹ്യവിരുദ്ധനാണെന്ന് അനില്‍ ആന്റണി. ദല്ലാള്‍ നന്ദകുമാറിനെ ഒന്ന് രണ്ട് തവ കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയക്കുകയായിരുന്നുവെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും അനില്‍ ആന്റണി വെല്ലുവിളിച്ചു.

◾https://dailynewslive.in/ തൃശ്ശൂര്‍ വെള്ളാറ്റഞ്ഞൂരില്‍ യുവതി മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

◾https://dailynewslive.in/ കാസര്‍കോട് ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമ മാലിനിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഏപ്രില്‍ 11 ന് ഉള്ളില്‍ സുര്‍ജേവാല നോട്ടീസിന് മറുപടി അറിയിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

◾https://dailynewslive.in/ സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥിയുടെയോ, ബന്ധുക്കളുടെയോ, ജംഗമ വസ്തുക്കള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പിന് ബാധിക്കാത്ത രീതിയിലുള്ള സ്വകാര്യ ജംഗമ വസ്തുക്കള്‍ വെളിപ്പെടുത്തേണ്ടതില്ല. സ്ഥാനാര്‍ഥിയുടെ സ്വകാര്യ ജീവതത്തിലെ എല്ലാകാര്യങ്ങളും അറിയുന്നത് വോട്ടര്‍മാരുടെ അവകാശമല്ല. ഓരോ കേസിലും ഓരോ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി.

◾https://dailynewslive.in/ ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയും ചൈനയും മുന്‍പ് നടന്ന യുദ്ധത്തില്‍ അസമിനോട് ബൈ പറഞ്ഞ നെഹ്റുവിനെ ജനങ്ങള്‍ മറക്കില്ല. അസമില്‍ അഫ്സ്പ നിയമം എടുത്തുമാറ്റി മുസ്ലീം വ്യക്തിഗത നിയമം കൊണ്ടുവരുമെന്ന്് കോണ്‍ഗ്രസ് പറയുന്നുണ്ട്. എന്നാല്‍, ബിജെപി ഏകീകൃത വ്യക്തി നിയമംകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അസമിലെ ബിജെപി റാലിയില്‍ ആണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

◾https://dailynewslive.in/ ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ തങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരുണാചല്‍ പ്രദേശിലെ നാംസായിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾https://dailynewslive.in/ ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങള്‍ സന്ധി ചെയ്തുവെന്നും സ്ത്രീകളെ വിവാഹം ചെയ്തു നല്‍കിയെന്നുമുള്ള ഗുജറാത്ത് കേന്ദ്ര മന്ത്രി പര്‍ഷോത്തം രുപാലയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ക്ഷത്രീയ സമുദായം. പര്‍ഷോത്തം രൂപാല സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറണമെന്നാണ് ക്ഷത്രീയ സമുദായത്തിന്റെ ആവശ്യം.

◾https://dailynewslive.in/ പതഞ്ജലി പരസ്യക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ബാബ രാംദേവ് മാപ്പപേക്ഷ സമര്‍പ്പിച്ചു. കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കുമെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ മാപ്പ് അപേക്ഷ സുപ്രീം കോടതിയില്‍ നല്‍കിയത്.

◾https://dailynewslive.in/ ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ ഇന്നലെ രാത്രി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

◾https://dailynewslive.in/ റഫയിലേക്കുള്ള പ്രവേശനവും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കലും ആവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനിലെ റഫയില്‍ ആക്രമണം നടത്താനുള്ള തിയ്യതി കുറിച്ചിട്ടുണ്ടെന്ന് പറഞ്ഞ നെതന്യാഹു എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. തങ്ങള്‍ എപ്പോഴും ലക്ഷ്യം നേടാനായി പ്രവര്‍ത്തിക്കുന്നുവെന്നും, എല്ലാ ബന്ദികളെയും മോചിപ്പിച്ച് സമ്പൂര്‍ണ്ണ വിജയം കൈവരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാസയുടെ തെക്ക് ഭാഗത്തുള്ള റഫയില്‍ 10 ലക്ഷത്തിലധികം ജനങ്ങളുണ്ട്. അവര്‍ ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങിയവ ഇല്ലാതെ വലയുകയാണ്. അതിനിടെയാണ് ഇസ്രയേലിന്റെ ആക്രമണ ഭീഷണി.

◾ഐപിഎല്ലിലെ ആവേശം അണപൊട്ടിയ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 2 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 37 പന്തില്‍ 64 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡിയുടെ കരുത്തില്‍ 9 വിക്കറ്റിന് 182 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് വേണ്ടി 46 റണ്‍സെടുത്ത ശശാങ്ക് സിംഗും 33 റണ്‍സെടുത്ത അശുതോഷ് ശര്‍മയും 29 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ പൊരുതി നോക്കിയെങ്കിലും രണ്ട് റണ്‍സകലെ മാത്രം പൊരുതി വീഴുകയായിരുന്നു.

◾ഇന്ത്യയിലെ ഫാക്ടറി ജീവനക്കാര്‍ക്കായി താമസസൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയുമായി യു.എസ് ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ആപ്പിള്‍. ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതിന്റെ ഭാഗമായി കമ്പനി 1.5 ലക്ഷം തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കായി വീടൊരുക്കുന്നത്. ചൈനയിലും വിയറ്റ്‌നാമിലുമുള്ള ജീവനക്കാര്‍ക്ക് കമ്പനി ഇത്തരത്തില്‍ വീടുകള്‍ പണിത് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കായി 78,000 വീടുകള്‍ ഇന്ത്യയില്‍ ഫോക്സ്‌കോണ്‍, ടാറ്റ, സാല്‍കോംപ് എന്നിവയുള്‍പ്പെടെയുള്ള ആപ്പിളിന്റെ കരാര്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ജീവനക്കാര്‍ക്കായി വീടുകള്‍ പണിതു നല്‍കും. പദ്ധതി പ്രകാരം 78,000 വീടുകള്‍ നിര്‍മ്മിക്കും. ഇതില്‍ ഏകദേശം 58,000 വീടുകള്‍ തമിഴ്നാടിന് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ വിതരണക്കാര്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ ആസ്ഥാനമായുള്ള ഫോക്സ്‌കോണ്‍ ആണ്. തമിഴ്നാട്ടിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷനായിരിക്കും ഭൂരിഭാഗം വീടുകളുടെയും നിര്‍മാണം. ഒപ്പം ടാറ്റ ഗ്രൂപ്പും എസ്.പി.ആര്‍ ഇന്ത്യയും വീടുകള്‍ നിര്‍മിക്കുന്നുണ്ട്. ടാറ്റ ഇലക്ട്രോണിക്സ് 11,500 വീടുകളാണ് ഹൊസൂര്‍ പ്ലാന്റില്‍ ജീവനക്കാര്‍ക്കായി നിര്‍മ്മിക്കുക. ആപ്പിളിനായി പവര്‍ അഡാപ്റ്ററുകള്‍, എന്‍ക്ലോഷറുകള്‍, മാഗ്‌നറ്റിക്സ് എന്നിവ നിര്‍മ്മിക്കുന്ന സാല്‍കോംപിലെ ജീവനക്കാര്‍ക്കായി 3,969 വീടുകള്‍ ഒരുങ്ങും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും വീടുകള്‍ നിര്‍മ്മിക്കുക. കേന്ദ്രത്തില്‍ നിന്ന് 10-15 ശതമാനം വരെ ധനസഹായം ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരുകളും സംരംഭകരും നല്‍കും. 2025 മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയേക്കുമെന്നാണ് സൂചന. ജീവനക്കാര്‍ക്കായി ഇത്രയും വലിയ എംപ്ലോയീസ് ഹൌസിംഗ് പ്രോജക്റ്റ് ഇന്ത്യയില്‍ ആദ്യമാണെന്ന് അധികൃതര്‍ പറയുന്നു. 2017ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം തുടങ്ങിയത്.

◾നിത്യ മേനോന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഡിയര്‍ എക്സസ്’സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. താരത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് ടൈറ്റില്‍ പുറത്തു വിട്ടത്. സംവിധായിക കാമിനിയുടെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ഒരു കൈയില്‍ ഒരു ഗ്ലാസ് പാനീയവും മറ്റൊരു കൈയില്‍ മൊബൈല്‍ ഫോണും പിടിച്ചിരിക്കുന്ന പരമ്പരാഗത ലുക്കിലുള്ള നിത്യയെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ‘മാജിക് ആരംഭിക്കട്ടെ’ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നേരത്തെ സംവിധായകന്‍ വിഷ്ണു വര്‍ദ്ധനൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ച കാമിനിയാണ് ഡിയര്‍ എക്സെസ് സംവിധാനം ചെയ്യുന്നത്. ഒരു ഫാന്റസി റൊമാന്റിക് കോമഡിയായിരിക്കും ചിത്രം എന്നാണ് സൂചന. പ്രതീക് ബബ്ബര്‍, വിനയ് റായ്, നവ്ദീപ്, ദീപക് പറമ്പോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദീപക് പറമ്പോലിന്റെ ആദ്യ തമിഴ് സിനിമയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ദീപക് പറമ്പോള്‍ എത്തുക. പ്രണയത്തില്‍ ഭാഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ നിത്യ മേനന്‍ എത്തുന്നത് എന്നാണ് സൂചന.

◾കേരളത്തില്‍ നിന്ന് മാത്രമായി ‘ആടുജീവിതം’ കളക്ഷനില്‍ ഒരു പുതിയ റെക്കോഡ് നേടിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി രൂപയിലധികം വേഗത്തില്‍ നേടിയ മലയാള ചിത്രമായിരിക്കുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. കേരളത്തില്‍ നിന്ന് വെറും 12 ദിവസങ്ങള്‍ കൊണ്ടാണ് പൃഥ്വിരാജിന്റെ ആടുജീവിതം റെക്കോഡിട്ടതെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ടൊവിനോ തോമസ് നായകനായ ഹിറ്റ് ചിത്രം 2018നെയാണ് പൃഥ്വിരാജിന്റെ ആടുജിവിതം മറികടന്നത്. ടൊവിനോ നായകനായ 2018, 13 ദിവസങ്ങള്‍ കൊണ്ടായിരുന്നു കേരളത്തില്‍ നിന്ന് 50 കോടി ക്ലബില്‍ എത്തിയത്. മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ 18 ദിവസങ്ങള്‍ കൊണ്ട് ആ നേട്ടത്തിലെത്തിയതിനാല്‍ മൂന്നാമതാണെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ആടുജീവിതം ആഗോളതലത്തില്‍ ആകെ 116 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. മലയാളത്തില്‍ വേഗത്തില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ സൂചിപ്പിക്കുന്നതാണ്.

◾ ഇന്ത്യയില്‍ ടൂവീലര്‍ വ്യവസായത്തില്‍ വന്‍ വളര്‍ച്ച. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഇരുചക്രവാഹന വില്‍പ്പന 9.30 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 സാമ്പത്തിക വര്‍ഷത്തില്‍, 1,75,17,173 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലുടനീളം വിറ്റഴിച്ചു. ഇത് മുന്‍ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 1,60,27,411 യൂണിറ്റില്‍ അധികമായിരുന്നു. ഐസിഇയുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ലഭ്യത വര്‍ധിച്ചതാണ് ഇരുചക്രവാഹനങ്ങളുടെ ചില്ലറ വില്‍പ്പന എണ്ണത്തിലെ ഈ വര്‍ധനവിന് കാരണം. അടുത്തിടെ പല ഇരുചക്രവാഹന കമ്പനികളും പുതിയ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും പുറത്തിറക്കിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിപണി വിഹിതം ആദ്യമായി 9.12 ശതമാനമായി ഉയര്‍ന്നു. ഫെയിം 2 സബ്‌സിഡി മാര്‍ച്ച് 31-ന് അവസാനിപ്പിച്ചതിനാലും ഉപഭോക്തൃ ഓഫറുകളും സബ്‌സിഡിയും അവസാനിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തിരക്കുകൂട്ടിയതിനാലും ഇവി വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായും എഫ്എഡിഎ അവകാശപ്പെട്ടു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങള്‍ ഒമ്പത് ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി, എഫ്എഡിഎ പറഞ്ഞു.

◾അക്ഷരലക്ഷം, മര്‍ക്കടമുഷ്ടി, ത്രിശങ്കുസ്വര്‍ഗം, തീവെട്ടിക്കൊള്ള, തൂണിലും തുരുമ്പിലും, ഏഴരശ്ശനി തുടങ്ങി പ്രചാരം നേടിയ ശൈലികള്‍ ഒട്ടേറെയുണ്ട് മലയാളത്തില്‍. ഓരോ ശൈലിക്കുപിന്നിലും ഒരു കഥയുണ്ട്. അവയുടെ പൊരുള്‍ തേടുന്ന പുസ്തകം. ‘ജാംബവാന്റെ കാലം’. മനോജ് മനയില്‍. മനോരമ ബുക്സ്. വില 275 രൂപ.

◾https://dailynewslive.in/ ഇന്ത്യയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ നാലാമത്തെ എഡിഷന്റെ ഹെല്‍ത്ത് ഓഫ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സാംക്രമികേതര രോഗങ്ങളും കുത്തനെ ഉയര്‍ന്നു. രാജ്യം കാന്‍സറിന്റെ തലസ്ഥാനമായി മാറിയിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മൂന്നിലൊരാള്‍ പ്രീഡയബറ്റിക്കും മൂന്നില്‍ രണ്ടുപേര്‍ പ്രീ ഹൈപ്പര്‍ടെന്‍സീവും പത്തിലൊരാള്‍ വിഷാദരോഗികളും ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദം, സെര്‍വിക്‌സ് കാന്‍സര്‍, ഒവേറിയന്‍ കാന്‍സറും പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദം, വായിലെ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുമാണ് രാജ്യത്ത് ഉയര്‍ന്നു വരുന്നത്. കൂടാതെ മറ്റുരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവരുടെ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ കാന്‍സര്‍ സ്‌ക്രീനിങ് നിരക്കും വളരെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, അമിതവണ്ണക്കാരുടെ നിരക്ക് 2016-ല്‍ ഒമ്പതുശതമാനത്തില്‍ നിന്നും 2023 ആയപ്പോഴേക്കും 20 ശതമാനമായി ഉയര്‍ന്നു. ഹൈപ്പര്‍ടെന്‍ഷന്‍ കേസുകള്‍ ഇതേ കാലയളവില്‍ തന്നെ ഒമ്പതില്‍ നിന്ന് പതിമൂന്നായി ഉയര്‍ന്നു. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകളും നേരത്തെയുള്ള രോഗനിര്‍ണയവുമാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗം. അതിനായി രാജ്യമെമ്പാടും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ 2050 ആകുമ്പോഴേക്കും 77 ശതമാനം കാന്‍സര്‍ കേസുകളില്‍ എത്തിച്ചേരുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യ പദ്ധതികളില്‍ കാന്‍സറിന് പ്രാമുഖ്യം നല്‍കുന്നത് രോഗപ്രതിരോധത്തിന് ഗുണം ചെയ്യുമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. കൂടാതെ ആരോഗ്യകരമായ ഒരു ജീവിതശൈലിയും പിന്തുടരേണ്ടത് നിര്‍ബന്ധമാണ്.

ശുഭദിനം

അടുത്തുളള ഗ്രാമത്തിലാണ് അവന്‍ ചിത്രകല അഭ്യസിച്ചുവന്നിരുന്നത്. അപ്പോഴാണ് നാട്ടിലെ ചിത്രകലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവന് ആഗ്രഹം തോന്നിയത്. ഗുരുവിനോട് തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ഗുരു അവനോട് ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിത്രത്തില്‍ ചില സ്ഥലത്ത് ഗുരു ചില തിരുത്തലുകള്‍ വരുത്താന്‍ പറഞ്ഞു. ഒപ്പം ചില സ്ഥലങ്ങളില്‍ നിറവ്യത്യാസങ്ങള്‍ വരുത്താനും. അവന്‍ അതെല്ലാം ക്ഷമയോടെ ചെയ്തു. അല്‍പം കഴിഞ്ഞ് ഗുരു പറഞ്ഞു: ഞാന്‍ പുറത്ത് പോയി വരുമ്പോഴേക്കും പറഞ്ഞതിന്റെ മുക്കാല്‍ ഭാഗമെങ്കിലും പൂര്‍ത്തിയാക്കണം. പറഞ്ഞതിലും നേരത്തേ ഗുരു തിരിച്ചെത്തി. പക്ഷേ, അപ്പോഴേക്കും അവന്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കിയിരുന്നു. ഗുരു പറഞ്ഞു: തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നിന്ന ഞാന്‍ കുറെ ബുദ്ധിമുട്ടിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: അങ്ങ് പോകുന്നതുവരെ ഞാന്‍ അങ്ങയെ തൃപ്തിപ്പെടുത്താനാണ് ശ്രമിച്ചത്. അങ്ങ് പോയിക്കഴിഞ്ഞ് എന്നെ തൃപ്തിപ്പെടുത്താനും. എല്ലാ പാഠങ്ങളും ഗുരുവില്‍ നിന്ന് പഠിക്കാന്‍ സാധ്യമല്ല. ചിലത് തനിയെ പരുവപ്പെടേണ്ടതാണ്. ചെയ്തറിവുകളാണ്. ആരുടെയങ്കിലുമൊക്കെ പാഠങ്ങള്‍ക്ക് അടിമകളാകുന്നവര്‍ക്ക് ഒരിക്കലും തന്റേതായ പാഠങ്ങള്‍ ഉണ്ടാക്കാനാകില്ല. നേടിയ അറിവ് പൂര്‍ണ്ണമാകണമെങ്കില്‍ ലഭിച്ച അറിവിന്റെ പരിമിതികളില്‍ നിന്നും പുറത്തുകടക്കണം. തന്റെ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ചുള്ള അറിവുകളിലേക്ക് സ്വയം സഞ്ചരിക്കണം. പറക്കാന്‍ പഠിക്കാന്‍ ചിറകുകളുടെ ചലനം പഠിച്ചാല്‍ മതിയാകും. എന്നാല്‍ പറക്കണമെങ്കില്‍ സ്വന്തമായ ഒരാകാശം കൂടിയവിടെയുണ്ടാകണം. അവിടേക്ക് സ്വയം സഞ്ചരിക്കുകയും വേണം.