നെൽപ്പാടങ്ങളിൽ ചാണകമെത്തിച്ച് ഒന്നാം വിള ഒരുക്കം തുടങ്ങി കർഷകർ

വേനൽ മഴ ലഭിച്ചില്ലെങ്കിലും ഒന്നാം വിളക്കുള്ള ഒരുക്കങ്ങൾ കർഷകർ ആരംഭിച്ചു. കൊയ്ത്തു തീർന്നയുടൻ നെൽപ്പാടങ്ങളിൽ ലഭ്യമായ ഈർപ്പത്തിൽ ചില കർഷകർ നെൽപ്പാടങ്ങൾ ഉഴുതുമറിച്ചു. നെൽപ്പാടങ്ങളിൽ ചാണകം എത്തിച്ചു തുടങ്ങി. ഒരു ട്രാക്ടറിന്റെ പെട്ടി ചാണകം നെൽപ്പാടങ്ങളിലും തോട്ടങ്ങളിലും വ്യാപാരികൾ 2800 മുതൽ 3500 വരെ രൂപയ്ക്കാണ് എത്തിക്കുന്നത്. കൃഷിയിടത്തിലെത്തിയ ഒരു പെട്ടി ചാണകം വിതറുന്നതിനും 1500 രൂപയോളം കൂലി ചെലവും കർഷകർക്ക് വരും. ക്ഷീരകർഷകരിൽ നിന്ന് ഒരു പെട്ടി ചാണകത്തിന് 1500 മുതൽ 2000 വരെ രൂപ നൽകിയാണ് ഇടനിലക്കാർ കർഷകർക്ക് ചാണകം എത്തിക്കുന്നത്. ഇടനിലക്കാർക്ക് ട്രാക്ടർ കൂലിയും കയറ്റുകൂലിയും ചെലവ് വരുന്നുണ്ട്. ദൂരത്തിനനുസരിച്ചാണ് കടത്തു കൂലിയും കൂട്ടിയാണ് ചാണകത്തിന് വില പറയുന്നത്. ഒന്നോ രണ്ടോ പശു വളർത്തുന്ന ക്ഷീരകർഷകർക്ക് മഴ ആരംഭിക്കുന്നതിനു മുമ്പ് ചാണകക്കുഴികളിലെ വളം ഒഴിവാക്കേണ്ടതിനാൽ സ്ഥിരമായി ചാണകം എടുക്കുന്ന ഏജന്റ് മാർ ചാണകം കുഴിയിൽ നിന്ന് എടുത്ത് പകരം വൈക്കോൽ എത്തിച്ചു നൽകുന്ന രീതിയും നിലനിൽക്കുന്നുണ്ട്. ഉണങ്ങി പൊടിച്ച ചാണകത്തിനാണ് ആവശ്യക്കാർ ഏറെയുള്ളത്. ഗോബർ ഗ്യാസ് ഉൽപാദനം കഴിഞ്ഞ് ചാണകക്കുഴികളിലെ ചാണകം വെള്ളം വാർന്ന് പോകാത്തതിനാൽ ക്ഷീര കർഷകർ തന്നെ കുഴിയിൽ നിന്ന് കരയ്ക്ക് കയറ്റിയിട്ടാണ് ചാണകം ഉണക്കുന്നത്. വർഷംതോറും പ്രാദേശികമായി ക്ഷീര കർഷകരുടെയും കന്നുകാലികളുടെ എണ്ണവും കുറഞ്ഞുവരുന്നതും ചാണക ലഭ്യത കുറവ് വരുത്തുന്നുണ്ട്. നെൽപ്പാടങ്ങളിൽ ചാണകം വിതറുന്നതിനോടൊപ്പം തന്നെ വാഴ, റബ്ബർ തോട്ടങ്ങളിലേക്കും കർഷകർ ചാണകം വാങ്ങിത്തുടങ്ങി. ചാണകം പോലുള്ള ജൈവവളങ്ങളുടെ ലഭ്യതക്കുറവ് മണ്ണിന്റെ ഫലഭൂഷ്ഠിയെയും ബാധിക്കുമെന്ന് കർഷകർ പറഞ്ഞു.