വീരപ്പന്റെ വനഗ്രാമം ടൂറിസം കേന്ദ്രമാവുന്നു; ഗോപിനാഥം ഇക്കോടൂറിസം പദ്ധതി ഉടന്
രണ്ട് സംസ്ഥാന സർക്കാരുകളെയും അവിടുത്തെ പോലീസിനെയും 25 വർഷത്തോളം മുൾമുനയിൽ നിർത്തിയ വീരപ്പൻ കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ വിഹാര കേന്ദ്രങ്ങൾ. വനംകൊള്ളക്കാർ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തും പുറത്തും വീരപ്പനോളം കുപ്രസിദ്ധി നേടിയിട്ടുള്ളവർ മറ്റാരുമുണ്ടാകില്ല. ഒടുവിൽ രാജ്യംകണ്ട ഏറ്റവും ചിലവേറിയ വേട്ടയിലൂടെയാണ് വീരപ്പനെ സർക്കാർ വകവരുത്തിയത്.
വീരപ്പൻ കൊല്ലപ്പെട്ട് വർഷങ്ങൾക്കിപ്പുറം വീരപ്പൻ വിഹരിച്ച കാട്ടുപാതകളിലെ ടൂറിസം സാധ്യതകൾ തേടുകയാണ് സർക്കാർ. വീരപ്പൻ ജനിച്ചുവളർന്ന ഗോപിനാഥം എന്ന വനഗ്രാമമാണ് ഇത്തരത്തിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. വീരപ്പന്റെ വിഹാരനാളുകളിലും മരണശേഷവും തമിഴ്നാട്-കർണാടക അതിർത്തിയിലുള്ള കാടിന് സമീപത്തെ ഈ ഗ്രാമത്തിലേക്ക് ആരും പോകാറുണ്ടായിരുന്നില്ല. പോലീസിന്റെയും എസ്.ടി.എഫിന്റെയും പീഡനം കാരണം ഗ്രാമവാസികളും ഇവിടം വിട്ട് പോയിരുന്നു. പൊതുജനങ്ങൾക്ക് വലിയ ഭീതിയും കൗതുകവുമുണ്ടായിരുന്ന പ്രദേശമായിരുന്നു ഗോപിനാഥം. കർണാടക സർക്കാറിന്റെ ജംഗിൾ ലോഡ്ജ് ആൻഡ് റിസോർട്സിന്റെ വകയായി ഗോപിനാഥത്തിന് സമീപം ഒരു മിസ്റ്ററി ട്രെയിൽ ക്യാമ്പുണ്ട്. നിലവിൽ ക്യാമ്പിൽ പങ്കുകൊള്ളുന്നവർക്ക് മാത്രമെ ഗോപിനാഥത്ത് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഭാവിയിൽ ഈ പ്രദേശത്ത് പൊതുജനങ്ങളെയും പ്രവേശിപ്പിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
ഗോപിനാഥം ഒരു സഫാരി കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി പൂർത്തിയായി വരികയാണെന്ന് മൈസൂരു മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോക്ടർ മാലതിപ്രിയ ഐ.എഫ്.എസ് പറഞ്ഞു. നിർമ്മാണ പ്രവർത്തികൾ ഏതാണ്ട് പൂർത്തിയായതായും ഉടൻ തന്നെ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എക്കോ ടൂറിസം ഡെസ്റ്റിനേഷനായി ഗോപീനാഥത്തെ മാറ്റാനാണ് പദ്ധതി. നിലവിൽ ഗോപിനാഥത്തുള്ള ജംഗിൾ ലോഡ്ജ് ആൻഡ് റിസോർട്സിന്റെ മിസ്റ്ററി ട്രെയിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. എം.എം ഹിൽസിനും ഹൊഗനക്കൽ വെള്ളച്ചാട്ടത്തിനും ഇടയിലാണ് ഈ ക്യാമ്പുള്ളത്. ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്ന വീരപ്പന്റെ മുൻ അനുയായികൾ ഉൾപ്പടെയുള്ളവർ ഈ പദ്ധതിക്ക് സർക്കാരുമായി സഹകരിച്ചിരുന്നു.
സഞ്ചാരികൾക്കായി ഇഗ്ലു മാതൃകയിലുള്ള ഹട്ടുകളും ഇവിടെ നിർമ്മിച്ചിരുന്നു. കയാക്കിങ്, മൗണ്ടൻ ബൈക്കിങ്, പക്ഷി നിരീക്ഷണം തുടങ്ങിയ ആക്ടിവിറ്റികൾക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. സഞ്ചാരികൾക്കായി പ്രാദേശിക ഭക്ഷണ വിഭവങ്ങളും ഒരുക്കും. ഹൊഗനക്കൽ വെള്ളച്ചാട്ടം അതിന്റെ പൂർണരൂപത്തിലെത്തുന്ന മൺസൂൺ കാലമാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം. അതേസമയം ഗോപിനാഥം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധമറിയിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലയായി ഇവിടം വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നത് വനനശീകരണത്തിന് കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നആശങ്ക.