2024 മാർച്ച് 30 ശനി
1199 മീനം 17 അനിഴം
◾അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ തുരത്തി ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന് ജീവനക്കാരേയും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്.
◾ആദായനികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. എല്ലാ പിസിസി അധ്യക്ഷന്മാര്ക്കും സംസ്ഥാന ചുമതലയുള്ള നേതാക്കള്‍ക്കും ജില്ലാ ഭാരവാഹികള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എഐസിസി ജനറല്‍ സെക്രട്ടറി .കെ.സി.വേണുഗോപാല്‍ അയച്ചു. എല്ലാ സംസ്ഥാന- ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം. എല്ലാം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ നേതൃത്വത്തിലും പ്രതിഷേധം അരങ്ങേറണമെന്നു കെ.സി.വേണുഗോപാല്‍ സര്‍ക്കുലറില്‍ പറയുന്നു.
◾കോണ്‍ഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാല്‍ ബിജെപി 4,600 കോടി രൂപ പിഴ നല്‍കണമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്. കഴിഞ്ഞ ഏഴ് വര്‍ഷമായി ബിജെപിക്ക് കിട്ടിയ സംഭാവനകളുടെ കണക്കില്‍ പ്രശ്നങ്ങളുണ്ടെന്നും 2017ല്‍ കിട്ടിയ 42 കോടി രൂപയുടെ സംഭാവനയുടെ വിവരങ്ങള്‍ ബിജെപി ലഭ്യമാക്കിയിട്ടില്ലെന്നും അജയ് മാക്കന് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ബിജെപിക്ക് കിട്ടിയ സംഭാവനയുടെ പൂര്‍ണവിവരങ്ങള്‍ ഇല്ല, സംഭാവന നല്കിയ 92 പേരുടെ വിവരങ്ങള്‍ ഇല്ല, എത്ര സംഭാവന കിട്ടിയെന്ന് വ്യക്തമാക്കുന്നില്ല, ബിജെപിയുടെ നിയമ ലംഘനം പകല്‍ പോലെ വ്യക്തമാണെന്നും അജയ് മാക്കന് പറഞ്ഞു. കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ക്കാനാണ് ആദായനികുതി വകുപ്പിന്റെ ശ്രമമെന്നും എന്നാല്‍ പ്രചാരണ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന് പ്ലാന്‍ ബിയുണ്ടെന്നും അജയ് മാക്കന് വ്യക്തമാക്കി.
◾15 കോടി രൂപ അടയ്ക്കാനാവശ്യപ്പെട്ട് സിപിഎമ്മിനും 11 കോടി രൂപ പിഴയിട്ട് സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിനെതിരായ നടപടി. 22 കോടി രൂപ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചതിനാണ് സിപിഐക്കെതിരായ നടപടി.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാന്‍ ഒരു ഏജന്‍സിയും മുതിരാത്ത തരത്തിലുള്ള കര്‍ശന നടപടിയുണ്ടാകുമെന്നും ഇത് തന്റെ ഗ്യാരന്റിയാണെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
◾ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്കി ഡല്‍ഹി പൊലീസ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യാസഖ്യം സംഘടിപ്പിക്കുന്ന റാലി നാളെ രാംലീല മൈതാനിയില്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും പൊലീസില്‍ നിന്നും റാലിക്ക് അനുമതി കിട്ടിയിട്ടുണ്ട്.
⬛ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അത് നാടിനോടുള്ള നമ്മുടെ കടമയാണെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ക്രൈസ്തവ സമൂഹം അധോഗതിയിലേക്ക് പോകുന്നത് പുറത്തുനിന്നാരും വന്ന് ആക്രമിച്ചിട്ടല്ലെന്നും അകത്തുള്ള സഹോദരങ്ങള്‍ പരസ്പരം പോരടിച്ചിട്ടാണെന്നും, മറക്കാനും പൊറുക്കാനും നമ്മള് തയ്യാറാകണമെന്നും ദുഃഖവെള്ളി സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
◾സി.എ.എ. പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 835 കേസുകളില്‍ ഗുരുതരമല്ലാത്ത 629 സി.എ.എ. വിരുദ്ധ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
⬛ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലപര്യടനത്തിന്. ആദ്യദിനമായ ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം.
◾രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതുണ്ടെന്നും കേരളം വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ പാര്‍ലമെന്റില്‍ നിശബ്ദരായ യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിതെന്നും പിണറായി കൂട്ടിച്ചര്‍ത്തു.
◾കണ്ണൂരില്‍ സ്മൃതികുടീരങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബീച്ചില്‍ കുപ്പി പെറുക്കി നടക്കുന്ന ആളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളാണോ ഇത് ചെയ്തത് എന്നുള്ള കാര്യത്തില്‍ പോലീസിന് കൃത്യതയില്ല. അക്രമം അന്വേഷിക്കുന്നതിനു വേണ്ടി ഇന്നലെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
◾കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾അടൂര്‍ പട്ടാഴിമുക്കിലെ അപകടത്തില്‍ മരിച്ച ഹാഷിം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛന് ഹക്കിം. മകന് ഇന്നലെ വൈകിട്ട് ഒരു ഫോണ്‍ വന്ന ശേഷo ഉടന്‍ മടങ്ങിവരാമെന്നും പറഞ്ഞാണ് ഇറങ്ങിയത്. പിന്നീട് അപകടം നടന്നു എന്ന വാര്‍ത്തയാണ് അറിയുന്നത്. അനുജയേ തങ്ങള്‍ക്ക് അറിയില്ലെന്നും ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.
⬛പി സി ജോര്‍ജ്ജിന് എതിരെ പൊലീസ് കേസ്. മാഹിയിലെ സ്ത്രീകള്‍ക്കെതിരായ പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തെതുടര്‍ന്ന് മാഹി സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി നല്കിയ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്. എം ടി രമേശിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമര്‍ശം നടത്തിയത്.
◾ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ ധര്‍ണ നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് ഹസന് അഭ്യര്‍ത്ഥിച്ചു.
⬛പാലക്കാട് കുഴല്‍മന്ദത്ത് തത്ത എന്ന സ്ത്രീയുടെ കാല് കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ അവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
◾തമിഴ് സിനിമാ നടന് ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
⬛കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ സ്കൂളിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക ഹൈക്കോടതിയില്‍. സ്കൂളിനെ അപമാനിക്കാനുള്ള ശ്രമമാണ് കേസെടുക്കലിനു പിന്നില്‍ എന്ന് പ്രധാന അധ്യാപിക ആരോപിച്ചു. റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ലെന്നും സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
◾രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എന്‍ഐഎ. ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ട അബ്ദുള്‍ മതീഹ് അഹമ്മദ് താഹ, മുസ്സവിര്‍ ഹുസൈന് ഷാസിബ് എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചു.
◾ രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുക്താര്‍ അന്‍സാരിയെ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത് എന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചംഗ ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
◾ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ കാര്‍ട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അര്‍ധനഗ്നരായി നിലവിളിച്ച് നില്ക്കുന്ന രീതിയിലാണ് ഇന്ത്യക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തികുറച്ചതെന്ന റിപ്പോര്‍ട്ട് വന്നിട്ടും ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഇത്തരത്തില്‍ മോശമായി ചിത്രീകരിച്ചതാണു വിമര്‍ശനത്തിനു കാരണം.
◾ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 59 പന്തില്‍ പുറത്താവാതെ 83 റണ്‍സ് നേടിയ വിരാട് കോലിയുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 22 പന്തില്‍ 47 റണ്‍സെടുത്ത സുനില്‍ നരെയ്നും 30 പന്തില്‍ 50 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കി.
◾ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ വരുന്ന മുകേഷ് അംബാനിയും ഗൗതം അദാനിയും കൈകോര്‍ക്കുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ വൈദ്യുതി പ്ലാന്റില്‍ 26 ശതമാനം ഓഹരി വാങ്ങാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ ദിവസം ധാരണയിലെത്തിയത്. ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പ്ലാന്റിലെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ധാരണാപത്രം ഒപ്പുവെച്ചു. അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ മഹാന് എനര്ജന് ലിമിറ്റഡിലെ അഞ്ച് കോടി ഓഹരികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങും. 50 കോടി മുടക്കിയാണ് ഓഹരികള്‍ വാങ്ങുക. 20 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടാനാണ് ഇരുകമ്പനികളും തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗുജറാത്തില്‍ നിന്നാണെങ്കിലും ബിസിനസ് രംഗത്ത് ശക്തമായ മത്സരമാണ് ഇരുവരും കാഴ്ച വെയ്ക്കുന്നത്.
◾തെന്നിന്ത്യന്‍ സെന്സേഷന് കാര്‍ത്തിക് സുബ്ബരാജും സൂപ്പര്‍ താരം സൂര്യയും ഒന്നിക്കുന്നു. വിജയ്- കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായാണ് സൂര്യയുമായുള്ള പുതിയ ചിത്രം കാര്‍ത്തിക് സുബ്ബരാജ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 44 -ാം ചിത്രമാണ് സൂര്യ- കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ടിലൂടെ പുറത്തിറങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ലവ്, ലോഫര്‍, വാര് എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2ഡി എന്റര്ടെയ്ന്മെന്റ്സും, കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.
◾ ‘മഞ്ഞുമ്മല്‍ ബോയ്സ്’ സൂപ്പര്‍ ഹിറ്റ് ആയതോടെ ട്രെന്‍ഡിനൊപ്പം നീങ്ങി സഞ്ചാരികളും. ‘മസിനഗുഡി വഴി ഊട്ടിക്ക്’ തിരിയാതെ വണ്ടി നേരെ വിടുന്നത് കൊടൈക്കനാലിലേക്കാണ്. മഞ്ഞുമ്മല്‍ ഓളം തീര്‍ത്തതോടെ സഞ്ചാരികളുടെ പ്രധാന സ്പോട്ട് ആയി മാറി ഗുണ കേവ്സ്. മലയാള സിനിമയുടെ സീന്‍ മാറ്റിയ മഞ്ഞുമ്മല്‍ ബോയ്സ് ഗുണ കേവ്സിന്റെയും സീന്‍ മാറ്റി. കഴിഞ്ഞ ഒരു മാസത്തിനിടെ അരലക്ഷത്തോളം സഞ്ചാരികളാണ് ഗുണ കേവ്സ് സന്ദര്‍ശിക്കാന്‍ എത്തിയത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ കാണിക്കുന്ന ഗുണ ഗുഹയിലേക്കുള്ള പാതയും മീറ്ററുകളോളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വേരുകളിലും ഇരുന്നു ചിത്രങ്ങള്‍ എടുക്കാന്‍ വന്‍ തിരക്കാണിപ്പോള്‍. സിനിമ റിലീസായതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായി കൊടൈക്കനാലിലേക്കും ഗുണ കേവ്സിലേക്കും എത്തിയിരുന്നത്. പിന്നാലെ തമിഴ്നാട്ടിലും സിനിമ ഹിറ്റ് അടിച്ചതോടെ അവിടെ നിന്നും ഒട്ടേറെ സഞ്ചാരികളാണ് ഗുണ കേവ്സ് കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. 1991ല്‍ കമല്‍ ഹാസന് ചിത്രമായ ‘ഗുണ’ പുറത്തിറങ്ങിയതോടെയാണ് ഈ ഗുഹകള്‍ക്ക് ഗുണ കേവ്സ് എന്ന പേര് വരുന്നത്.
◾ഇറ്റാലിയന്‍ ഇരുചക്ര വാഹന കമ്പനിയായ അപ്രീലിയ തങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിളായ ആര്‍എസ് 660 ന്റെ പ്രത്യേക ട്രോഫിയോ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റേസിംഗ് ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടിയാണ് കമ്പനി ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വേഗമേറിയ ലാപ് ടൈം നേടുന്നതിന് ഒരുപാട് ഭാഗങ്ങള്‍ ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഫാക്ടറി റേസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അപ്രീലിയ റേസിംഗ് ആണ് ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ലിമിറ്റഡ് മോട്ടോര്‍സൈക്കിളിന്റെ എക്സ് ഷോറൂം വില 18 ലക്ഷം രൂപയാണ്. ഇതിന്റെ 28 യൂണിറ്റുകള്‍ മാത്രമേ കമ്പനി വില്‍ക്കൂ. ബൈക്കിന്റെ എന്‍ജിനില്‍ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെപ്പോലെ, ഇതിന് 659 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് ഉണ്ട്. പഴയ മോഡലിനെക്കാള്‍ കൂടുതല്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ ബൈക്കിന്റെ ഭാരവും കുറഞ്ഞു.
⬛ കലയിലും സാഹിത്യത്തിലും നാടകവേദിയിലുമെല്ലാം പ്രസ്ഥാനവിശേഷങ്ങള്‍ ഉദിച്ചസ്തമിച്ചിട്ടും ഒരു നൂറ്റാണ്ടിനുശേഷം ഇന്നും ഒരേകാന്തനക്ഷത്രമായി പ്രകാശിക്കുന്ന മഹാപ്രതിഭയാണ് ഇബ്സന്. ആദ്യമായാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ സമാഹാരങ്ങള്‍ മലയാളത്തിലുണ്ടാവുന്നത്. നാലു വോള്യങ്ങളിലായി പതിനാറു നാടകങ്ങളുടെ വിവര്‍ത്തനങ്ങളിലൂടെ ഇബ്സന്റെ രചനകളെ മലയാളവായനക്കാര്‍ക്ക് പ്രാപ്യമാക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത പി.ജെ. തോമസിനോടും പ്രസാധനഗൃഹത്തോടും മലയാളം കടപ്പെട്ടിരിക്കുന്നു.നാടകാസ്വാദകര്‍ക്ക് എന്നതുപോലെ സാഹിത്യ-കലാവിദ്യാര്‍ഥികള്‍ക്കും അത്യന്തം ഉപകാരപ്രദമായ ഈ സര്‍ഗാത്മക വിവര്‍ത്തനം വിവര്‍ത്തനകലയിലെയും പുസ്തക പ്രസാധനചരിത്രത്തിലെയും സാര്‍ഥകമായ ഒരു സാംസ്കാരികദൗത്യമാണ്. ‘ഇബ്സന്റെ നാടകങ്ങള്‍’. വിവര്‍ത്തനം: പി.ജെ. തോമസ്. എച്ച് &സി ബുക്സ്. വില 500 രൂപ.
◾നെല്ലിക്കയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്താനും നെല്ലിക്ക സഹായിക്കുന്നു. ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തോടൊപ്പം ആരോഗ്യകരമായ രക്തചംക്രമണത്തിനും നെല്ലിക്ക സഹായകമാണ്. സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, സന്ധി വേദന എന്നിവയ്ക്ക് നെല്ലിക്ക ജ്യൂസ് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിറ്റാമിന്‍ സി, ടാന്നിന്‍സ്, ഫോസ്ഫറസ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമായ നെല്ലിക്ക ജ്യൂസ് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും നെല്ലിക്ക സഹായിക്കും. ഇത് ആരോഗ്യകരമായ ദഹനത്തെയും മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്നു. പ്രമേഹരോഗികള്‍ സ്ഥിരമായ ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. നെല്ലിക്ക കഴിക്കുന്നത് കരളിനെയും ദഹനവ്യവസ്ഥയെയും നല്ല നിലയില്‍ നിലനിര്‍ത്തുന്നു. ഫാറ്റി ലിവറും ദുര്‍ബലമായ ദഹനവ്യവസ്ഥയും ഉള്ള ആളുകള്‍ക്ക് നെല്ലിക്ക കഴിക്കുന്നത് ഗുണം ചെയ്യും. കരളിന് ഗുണം ചെയ്യുന്ന ധാരാളം ആന്റി ഓക്സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക കണ്ണിനുണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു. കാഴ്ച ശക്തി മെച്ചപ്പെടുത്താനും നെല്ലിക്ക സഹായകമാണ്. 2 ടീസ്പൂണ്‍ നെല്ലിക്ക പൊടിയും രണ്ട് ടീസ്പൂണ്‍ തേനും യോജിപ്പ് കഴിക്കുന്നത് തൊണ്ട വേദനയും ചുമയും അകറ്റുന്നതിന് സഹായിക്കുന്നു.
ശുഭദിനം
🌹
ക്ലാസ്സില്‍ കുട്ടികള്‍ ബഹളം വെച്ച് കളിക്കുകയാണ്. ഒരദ്ധ്യാപകന് ക്ലാസ്സിലെത്തി. എന്നിട്ടും കുട്ടികള്‍ ബഹളം നിര്ത്തുന്നതേയില്ല. ബഹളം വെക്കാതിരിക്കാന്‍ പല തവണ പറഞ്ഞിട്ടും അവര്‍ അതനുസരിക്കുന്നതേയില്ല. അവസാനം അയാള്‍ ഒരു വടിയെടുത്തു കുട്ടികളെ തല്ലാന്‍ ശ്രമിച്ചപ്പോഴാണ് ക്ലാസ്സിലെ ബഹളം നിലച്ചത്. അടുത്ത പിരിയഡ് ആ ക്ലാസ്സിലേക്ക് വേറെയൊരു അദ്ധ്യാപകന് വന്നു. അയാള്‍ ക്ലാസ്സില്‍ വന്നപ്പോഴേ കുട്ടികള്‍ ആകെ നിശബ്ദമായി. പിന്നീടൊരദ്ധ്യാപകന്റെ കാലൊച്ച വരാന്തയില്‍ കേട്ടപ്പോഴേ ആ ക്ലാസ്സിലെ കുട്ടികള്‍ നിശ്ശബ്ദമായി. ഓരോരുത്തരുടേയും വ്യക്തിത്വം അവരവരുടെ പരിസരങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ എത്ര വലുതാണെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. അതെ, അവരവരുടെ വ്യക്തിത്വത്തെ ആശ്രയിച്ചാണ് അവരവരുടെ പരിസരങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. നമ്മുടെ പരിസരം എങ്ങിനെവേണമെന്ന് നമുക്ക് തീരുമാനമെടുക്കാം
🌹
ശുഭദിനം.