[26.03.2024]
പ്രതിപക്ഷ പാർട്ടികളുടെ പരാതിയിൽ നടപടിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ
🖱️കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതി പരിഗണിക്കാനൊരുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ. ഇതിനായുള്ള കരട് മാർഗ നിർദേശങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കും. കേന്ദ്ര ഏജൻസികൾക്കും സർക്കാരിനും നിർദേശം നൽകാനാണ് നീക്കം. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്നു കാട്ടി കോൺഗ്രസും ആംആദ്മി പാർട്ടിയും അടക്കമുള്ള പാർട്ടികളാണ് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയത്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
🖱️ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേന്ദ്രനാണ് പരാതി നൽകിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് മുഖ്യമന്ത്രിയുടേത് എന്നാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രസംഗം.
സിദ്ധാർഥന്റെ മരണം; സംസ്ഥാനം ഇതുവരെ കേസ് സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
🖱️പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ റഫർ ചെയ്യേണ്ടതായിരുന്നു. മാത്രമല്ല അന്വേഷണം കൈമാറുന്നതിനു മുൻപു തന്നെ എന്തിനാണ് വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചതെന്നും അദ്ദേഹം ചോദിച്ചു. കേസിനെ തട്ടിക്കളിക്കാൻ അനുവദിക്കില്ല. ഉടൻ തന്നെ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു.
ഇഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം
🖱️ഇഡി കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിഷിക്ക് ആരാണ് കത്തു നൽകിയതെന്നും എപ്പോഴാണ് നൽകിയെന്നുമുള്ള വിവരങ്ങളറിയാനാണ് ചോദ്യം ചെയ്യൽ. ജലവിഭവ വകുപ്പിന്റെ നടപടികൾക്കായി ഞായറാഴ്ചയാണ് കെജ്രിവാൾ നിർദേശം നൽകിയത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിക ജല ടാങ്കറുകൾ വിന്യസിക്കാനും അഴുക്കുചാലുകളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനുമായിരുന്നു കത്തിലെ നിർദേശം. പേപ്പറിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലായിരുന്നു കത്ത്.
2 വയസുകാരി നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്
🖱️മലപ്പുറം ഉദിരെപൊയിലിൽ 2 വയസുകാരി കൊല്ലപ്പെട്ടത് ക്രൂര മർദനത്തെ തുടർന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടിയേറ്റ് തലയിൽ രക്തം കട്ട പിടിച്ചിരുന്നുവെന്നും തലച്ചോര്‍ ഇളകിയ നിലയിലായിരുന്നു. വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമായി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
സിപിഎമ്മിന്റെ ഭരണഘടനാ സംരക്ഷണ റാലി മലപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
🖱️സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലി മലപ്പുറത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമസ്ത ഉൾപ്പടെയുള്ള മത, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മലപ്പുറം മച്ചിങ്ങൽ ബൈപ്പാസ് ജംഗ്ഷനിലാണ് റാലി സംഘടിപ്പിക്കുന്നത്.
ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി
🖱️സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്ഐവി- കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി- സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ- ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
പെസഹ, ഈസ്റ്റർ: ബംഗളൂരു അധിക സർവീസുമായി കെഎസ്ആർടിസി
🖱️പെസഹ, ഈസ്റ്റർ പ്രമാണിച്ച് ബംഗളൂരുവിൽ നിന്നുള്ള മലയാളികൾക്ക് നാട്ടിൽ എത്താനും മടക്കയാത്രയ്ക്കും കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി. ഈയാഴ്ച ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും ഞായറാഴ്ച തിരിച്ചുമാണ് അധികമായി 20 സർവീസ് ഒരുക്കിയത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ഡിപ്പൊകളിൽ നിന്നാണ് സർവീസ്. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ കണ്ണൂർ ഡിപ്പോയിൽ നിന്നും സർവീസ് നടത്തും.
ജെഎൻയുവിൽ 30 വർഷത്തിനു ശേഷം ദളിത് പ്രസിഡന്റ്
🖱️ജെഎൻയു വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളില്‍ എസ്എഫ്ഐ, ഡെമൊക്രറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്, അഖിലേന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഓള് ഇന്ത്യന്‍ സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നീ ഇടതു പാര്‍ട്ടികളുടെ സഖ്യം വിജയിച്ചു. പിഎച്ച്ഡി വിദ്യാര്‍ഥിയും ബിഹാര്‍ ഗയ സ്വദേശിയുമായ ധനഞ്ജയ് യൂണിയന് പ്രസിഡന്റാകും. മൂന്നു പതിറ്റാണ്ടിനു ശേഷം ജെഎൻയുവിൽ പ്രസിഡന്റാകുന്ന ആദ്യ ദളിത് വിദ്യാർഥിയാണ് ധനഞ്ജയ്.
കെജ്രിവാളിന്റെ അറസ്റ്റ് ബിജെപിയുടെ അഴിമതി മറയ്ക്കാന്‍: കെ.സി. വേണുഗോപാല്‍
🖱️രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്റ്ററല്‍ ബോണ്ട് അഴിമതിയെന്നും അത് മറയ്ക്കാന്‍ വേണ്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാല്‍. ഇലക്ഷന് കമ്മീഷന് നിയമം പോലും ഭേദഗതി ചെയ്ത്, അത് ഒരു സര്‍ക്കാര്‍ സ്ഥാപനം ആക്കി മാറ്റാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഇഡിയെ കാണിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോതമംഗലത്തെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം; 9 പേർക്ക് കടിയേറ്റു
🖱️കോതമംഗലം ടൗണിൽ ഒൻപത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കോതമംഗലത്തെ വിവിധപ്രദേശങ്ങളായ കോഴിപ്പിള്ളി, ചെറിയ പള്ളിത്താഴം, കെ എസ് ആർ ടി സി ജംഗ്ഷൻ അടക്കമുള്ള പ്രദേശങ്ങളിൽ വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കോതമംഗലം താലൂക്ക് ആശുപത്രിയിലും, ബസേലിയോസ് ആശുപത്രിയിലും, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും ചികിത്സ തേടി.
അജീഷിന്റെ കുടുംബത്തെ സന്ദർശിച്ച് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
🖱️കാടിനും വന്യമൃഗങ്ങൾക്കും കൊടുക്കുന്നതിനെക്കാൾ കൂടുതൽ സംരക്ഷണം മനുഷ്യർക്ക് നൽകാൻ സർക്കാർ തയാറാകണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പടമലയിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷിക്കപ്പെടണം. കാട്ടുമൃഗങ്ങൾക്കു ജീവിക്കാൻ അവകാശമുണ്ട്. ഇതിനൊന്നും സഭ എതിരല്ല. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്നത്ര പോലും മനുഷ്യൻ സംരക്ഷിക്കപ്പെടാതെ വരുന്നത് സങ്കടകരമാണ്. ഞാൻ ഇവിടെ അനുശോചനം പറഞ്ഞതുകൊണ്ട് ഈ കുടുംബത്തിന്റെ ദുഖം തീരുന്നില്ല. ഒരു തുക നൽകിയിട്ട് കുടുംബത്തിന്റെ ദുഃഖം പരിഹരിച്ചു എന്നു പറയുന്നത് ശരിയല്ല. കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനെക്കുറിച്ചും പ്രായമായവർക്ക് പെൻഷൻ നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കണം.
വെറ്റിനറി സർവകലാശാല വി.സി ഡോ. പി സി ശശീന്ദ്രന് രാജിവച്ചു
🖱️പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രൻ രാജിവെച്ചു. ഇദ്ദേഹം ഗവർണർക്ക് രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് വിശദീകരണം. വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ ദുരൂഹ മരണത്തെ തുടർന്ന് മാർച്ച് രണ്ടിന് മുൻ വി.സിയായിരുന്ന ഡോ. എം ആർ ശശീന്ദ്രനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റിയിലെ മുൻ അധ്യാപകനായ ഡോ. പി സി ശശീന്ദ്രന് വിസിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്.
സിദ്ധാർഥന്റെ മരണം: വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ
🖱️പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളെജ് അധികൃതർ വിദ്യാർഥികൾക്കെതിരെ എടുത്ത നടപടി റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച വിസിയുടെ നടപടിക്കെതിരെയാണ് ഗവർണർ വിശദീകരണം തേടിയത്.
രാഹുൽ വന്നതിലുമധികം ആന വയനാട്ടിൽ വന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ
🖱️വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപിയുടെ വയനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പൊതുയോഗത്തിലാണ് രാഹുലിനെതിരേ ആഞ്ഞടിച്ചുള്ള സുരേന്ദ്രന്റെ പ്രതികരണം. രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതിന്റെ ഇരട്ടി ആനകൾ മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പു ചട്ടലംഘനം; ട്വന്റി 20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു
🖱️80 ശതമാനം വിലക്കുറവിൽ ട്വന്റി 20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടപ്പിച്ചു. തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനു ശേഷം മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ഈ മാസം 21 നായിരുന്നു സാബു എം. ജേക്കബ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. കിഴക്കമ്പലം സ്വദേശികളായ 2 പേരുടെ പരാതിയിലാണ് നടപടി.
പുതുതലമുറ സിപിഎമ്മിന്റെ ചിഹ്നമായി കാണുന്നത് മാരകായുധങ്ങൾ: ചെറിയാന് ഫിലിപ്പ്
🖱️സിപിഎം ചിഹ്നമായ അരിവാള്‍, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറുത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. അരിവാള്‍ കര്‍ഷക തൊഴിലാളിയുടെയും ചുറ്റിക വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്റെയോ പാലത്തിന്റേയോ സമീപം തലയോട്ടി ചിത്രമുള്ള ബോര്‍ഡിനോടൊപ്പം മാത്രമാണ്. ദേശീയ കക്ഷി പദവി നഷ്ടപ്പെടുമ്പോള്‍ കാലഹരണപ്പെട്ട ചിഹ്നവും കൊടിയും നഷ്ടപ്പെടുന്നതില്‍ സിപിഎം നേതാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എ.കെ. ബാലന് പറഞ്ഞതു പോലെ ഈനാംപേച്ചിയെയോ മരപ്പട്ടിയെയോ ചിഹ്നമായി സിപിഎമ്മിന് തെരഞ്ഞെടുക്കാവുന്നതാണെന്നും ചെറിയാന് ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥിതിയെ തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെന്റ് തെരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മൻ
🖱️ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രാഹുൽ ഗാന്ധിയിലൂടെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെന്റ് തെരഞ്ഞെടുപ്പെന്ന് അഡ്വ : ചാണ്ടി ഉമ്മൻ എംഎൽഎ. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈക്കിളിൽ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു
🖱️യുകെയിൽ സൈക്കിളിൽ യാത്രചെയ്യുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി വിദ്യാർഥിനിയായ ചേസ്ത കൊച്ചാറാണ് (33) ഭർത്താവിന്റെ കൺമുന്നിൽ അപകടത്തിൽ മരിച്ചത്. വിരമിച്ച ലെഫ്റ്റനന്റ് ജനറൽ ഡോ. എസ്.പി. കൊച്ചാർസിന്റെ മകളാണ് ചേസ്ത കൊച്ചാർ. കഴിഞ്ഞ 19നായിരുന്നു അപകടം. മാലിന്യം കൊണ്ടുപോകുന്ന ട്രക്കാണ് സൈക്കിളിൽ ഇടിച്ചത്. ഭർത്താവ് പ്രശാന്തും സൈക്കിളിൽ മുന്നിലുണ്ടായിരുന്നു. നീതി ആയോഗിലെ ലൈഫ് പ്രോഗ്രാമിൽ പ്രവർത്തിച്ചിരുന്ന ചേസ്ത ഉന്നത പഠനത്തിനാണു ലണ്ടനിലേക്കു പോയത്. നിതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്താണ് മരണവിവരം അറിയിച്ചത്.
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
🖱️ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. നിരവധി സിനിമകളിലും അയ്യപ്പന് ഭാഗമായിട്ടുണ്ട്. രജനീകാന്തിനൊപ്പം മുത്തുവിലും ശരത് കുമാറിനൊപ്പം നാട്ടാമൈയിലും അയ്യപ്പനുണ്ടായിരുന്നു. നിരവധി മലയാള സിനിമകളിലും അയ്യപ്പനുണ്ടായിരുന്നു. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് വേണ്ടി തിടമ്പേറ്റിയതോടെയാണ് അയ്യപ്പൻ ആനപ്രേമികൾക്കും പൂരപ്രേമികൾക്കും പ്രിയങ്കരനായത്.
കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണം; ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ
🖱️തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) പിടിച്ചെടുത്ത രേഖകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ക്രൈം ബ്രാഞ്ച് ഹർജി നേരത്തെ പിഎംഎല്‍എ കോടതി തള്ളിയിരുന്നു.
”നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്ത് നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക്”; പരിഹസിച്ച് ആനി രാജ
🖱️നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്ത് നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്കെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. വോട്ട് ചോദിക്കുമ്പോൾ മുന്നോട്ടുവയ്ക്കാൻ ബിജെപിക്ക് അജണ്ടയില്ലെന്നും ഇടതുപക്ഷത്തിനെതിരേ ഉന്നയിക്കാൻ സുരേന്ദ്രന് ആരോപണങ്ങളില്ലാത്ത അവസ്ഥയാണെന്നും ആനി രാജ പരിഹസിച്ചു. സുരേന്ദ്രന്റെ പാർട്ടിയുടെ രാഷ്ട്രീയമെന്താണെന്ന് വ്യക്തമാക്കണം. ഇത്രയും അഴിമതി നടത്തിയ ഒരു സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടേ ഇല്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. അവർ തെരഞ്ഞെടുപ്പിൽ ഇതിനെല്ലാം മറുപടി നൽകുമെന്നും ആനി രാജ പറഞ്ഞു.
അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിനു മൗനം
🖱️ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാലാംഘട്ടം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടും അമേഠി, റായ്ബറേലി മണ്ഡലങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാനാവാതെ കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും മത്സരിക്കാൻ വിസമ്മതിക്കുന്നതാണ് കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്. നെഹ്റു- ഗാന്ധി കുടുംബത്തിന്റെ തട്ടകമായി കരുതുന്ന അമേഠിയിൽ കഴിഞ്ഞ തവണ രാഹുൽ, ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടു പരാജയപ്പെട്ടിരുന്നു. റായ്ബറേലി നിലനിർത്തിയ സോണിയ ഗാന്ധി ഇത്തവണ രാജ്യസഭയിലേക്കു മാറി. പത്തു വർഷമായി അമേഠിയിൽ സ്ഥിരം സാന്നിധ്യമാണ് സ്മൃതി ഇറാനി. അവരെ നേരിടണമെങ്കിൽ കൂടുതൽ സമയം അമേഠിയിൽ ചെലവഴിക്കേണ്ടിവരുമെന്നതാണ് മണ്ഡലത്തോട് മുഖംതിരിക്കാൻ രാഹുലിനെ പ്രേരിപ്പിക്കുന്നത്.
ഭരണഘടന തിരുത്തുമെന്നു പ്രഖ്യാപിച്ച സിറ്റിങ് എംപിക്ക് ബിജെപി സീറ്റ് നിഷേധിച്ചു
🖱️ബിജെപിക്ക് പാർലമെന്റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തിയെഴുതുമെന്നു പ്രഖ്യാപിച്ച കർണാടക എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചു. ഉത്തര കന്നഡയിൽ നിന്ന് ആറു വട്ടം ജയിച്ച അനന്ത്കുമാർ ഹെഗ്ഡെയ്ക്കു പകരം ഇത്തവണ വിശ്വേശ്വർ ഹെഗ്ഡെയെയാണ് ബിജെപി അവിടെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 28 വർഷമായി ഉത്തര കന്നഡയെ പ്രതിനിധീകരിക്കുന്ന അനന്ത്കുമാറിന്റെ മാറ്റം അപ്രതീക്ഷിതമാണ്. എന്നാൽ, പകരം വരുന്ന വിശ്വേശ്വറും നിസാരക്കാരനല്ല. നിയമസഭാ സ്പീക്കറും മന്ത്രിയുമൊക്കെ ആയിരുന്ന മുതിർന്ന നേതാവ് തന്നെയാണ് അദ്ദേഹവും.
സീറ്റ് കിട്ടിയില്ല; വിമതനായി മത്സരിക്കാൻ ഒഡീഷയിലെ ബിജെപി നേതാവ്
🖱️ഒഡീഷയിലെ ബാലസോറിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു മുതിർന്ന ബിജെപി നേതാവ് ഖരാബേല സ്വെയിൻ. സിറ്റിങ് എംപി പ്രതാപ് സിങ് സാരംഗിയെ വീണ്ടും മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതോടെയാണ് സ്വെയിന്റെ വിമതനീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണു താനും മത്സരിക്കുന്നതെന്നു സ്വെയിൻ. ആരാണ് യഥാർഥ ബിജെപിയെന്നു വോട്ടർമാർ വിലയിരുത്തട്ടെ. ജയിച്ചശേഷം താൻ ബിജെപിയിലേക്കു മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 1998 മുതൽ 2009 വരെ ബാലസോർ എംപിയായിരുന്നു സ്വെയിൻ. 2019ൽ കന്ധമലിൽ മത്സരിച്ച അദ്ദേഹം ബിജെഡിയുടെ അച്യുതാനന്ദ സാമന്തയോടു പരാജയപ്പെട്ടു. അതേസമയം, ഇത്തവണ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട കാലഹണ്ഡിയിലെ സിറ്റിങ് എംപി ബസന്ത്കുമാർ പാണ്ഡ താൻ ബിജെപിയുടെ സാധാരണ പ്രവർത്തകനായി തുടരുമെന്നു വ്യക്തമാക്കി.
കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം
🖱️മാവൂരിൽ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു .തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുള്ളിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീപടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. വീടിനു തൊട്ടടുത്തുള്ള തെങ്ങിലേക്കും തീപടർന്നിരുന്നു.
മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടുത്തം; 13 പുരോഹിതർക്ക് പരുക്ക്
🖱️മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടുത്തം. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്ന് ജില്ലാ കലക്ടർ നീരജ് സിങ് പറഞ്ഞു. അപ്രീതിക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചത്. മുഖ്യ പുരേഹിതൻ സഞ്ജയ് ഗുരുവിന് അടക്കം പൊള്ളലേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
പടയപ്പ വീണ്ടും ജനവാസമേഖലയിൽ
🖱️വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാർ സംസ്ഥാന പാതയിൽ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച ആന ഗതാഗത തടസമുണ്ടാക്കി. ബസിനുള്ളിലേക്ക് തുമ്പിക്കൈയിട്ട് പരതി നോക്കിയശേഷമാണ് പടയപ്പ പിൻവാങ്ങിയത്. ആർആർടി സ്ഥലത്തെത്തി ആനയെ ജനവാസമേഖലയിൽ നിന്ന് തുരത്തി.
കേരള സന്ദർശനത്തിന് വീണ്ടും മോദി
🖱️പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞടുപ്പു പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ഈ മാസം അവസാനമോ, ഏപ്രിൽ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദർശനം. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മോദിക്കെതിരെ അസഭ്യപരാമർശം: തമിഴ്നാട് മന്ത്രിക്കെതിരെ കേസ്
🖱️പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയെത്തുടർന്ന് തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. ബിജെപി ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയിലാണ് നടപടി. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് മന്ത്രി മോദിക്കെതിരെ അസഭ്യപരാമർശം നടത്തിയത്. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കമെന്നാണ് ബിജെപിയുടെ ആവശ്യം. വേദിയിലുണ്ടായിട്ടും പരാമർശം തിരുത്താൻ ശ്രമിക്കാതിരുന്ന കനിമൊഴിക്കും മന്ത്രിക്കുമെതിരെ ബിജെപി തമിഴ്നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
ജയിലിൽ നിന്ന് പ്രിന്റിങ് പഠിച്ചു; പുറത്തിറങ്ങി കള്ളനോട്ടടി, യുവാവ് പിടിയിൽ
🖱️ജയിലിൽ നിന്ന് പ്രിന്റിങ് പരിശീലനം നേടി പുറത്തിറങ്ങി കള്ളനോട്ടടി തുടങ്ങിയ യുവാവ് പിടിയിൽ. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ ഭൂപേന്ദ്രസിങ് (35)നെയാണ് കള്ളനോട്ടുമായി പൊലീസ് പിടികൂടിയത്. ഭൂപേന്ദ്രസിങിൽ നിന്നും 200 രൂപയുടെ 95 കള്ളനോട്ടുകൾ പിടിച്ചെടുത്തു. കളർ പ്രിന്റർ, ആറ് മഷിക്കുപ്പികൾ, നോട്ടടിക്കാനുള്ള വിവിധതരം കടലാസുകൾ എന്നിവയും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. അടുത്തിടെയാണ് ഭൂപേന്ദ്രസിങ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജയിലിൽ ഇയാൾക്ക് ഓഫ്സെറ്റ് പ്രിന്റിങ്, സ്ക്രീൻ പ്രിന്റിങ് എന്നിവയിൽ പരിശീലനം ലഭിച്ചിരുന്നു. ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്ന് ഭൂപേന്ദ്രസിങ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി
🖱️പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്. ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.
ഗോൾഡ് റേറ്റ്
ഗ്രാമിന് 6125 രൂപ
പവന് 49000 രൂപ