സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് നെല്ല് സംഭരണ പദ്ധതി പ്രകാരമുള്ള താങ്ങുവില ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന കുടിശികയായ 852.29 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 2019-20, 2020-21 വർഷങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 116 കോടി രൂപ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് ലഭിക്കാനുള്ള കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനില്‍ കേന്ദ്രസര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെടുകയും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
🔺 സിഎഎയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം പെരുമാറ്റ ചട്ടലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം നിരോധിത സംഘടനയായ പിഎഫ്ഐ നടത്തിയ അക്രമാസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ച സർക്കാർ, ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാത്തതു പക്ഷപാതിത്വമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.ഇതിനെതിരെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
🔺 സിബിഐ അന്വേഷണത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകി. നിയമവിരുദ്ധമായ നീക്കത്തിലൂടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നതെന്നും പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും മഹുവ പരാതിയിൽ പറയുന്നു.
🔺ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരില്‍ ഡോ.ടി.എൻ. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി. കൃഷ്ണകുമാർ എന്നിവർ മത്സരിക്കും.
വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി എത്തുന്ന സാഹചര്യത്തിലാണ് ബിജെപി സുരേന്ദ്രനെ കളത്തിലിറക്കിയിരിക്കുന്നത്.
🔺ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥാനത്തിന് ഇന്ത്യ നൽകിയ ശിവശക്തി പോയിന്റ് എന്ന പേരിന് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര ജ്യോതിശാസ്ത സംഘടന (ഐഎയു) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പേര് അംഗീകരിച്ചു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 26ന് മോദി പേര് പ്രഖ്യാപിച്ചു.
ഗ്രഹവ്യവസ്ഥയുടെ നാമകരണത്തിനുള്ള ഐഎയുവിന്റെ വർക്കിങ് ഗ്രൂപ്പ് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ചതായി സംഘടന ഔദ്യോഗികമായി അറിയിച്ചു. ഇനി ശാസ്ത്ര സംബന്ധമായ ഏതു വേദിയിലും പ്രസിദ്ധീകരണങ്ങളിലും ഈ പേര് ഉപയോഗിക്കാം.
🔺 തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ ഇടതു മുന്നണി സ്ഥാനാർഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടർ. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് തോമസ് ഐസക്കിനോട് നിർദേശിച്ചിട്ടുള്ളത്.യുഡിഎഫ് ആണ് തോമസ് ഐസക്കിനെതിരേ പരാതി നൽകിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്.
🔺 ന്യൂഡൽഹിയിൽ പട്ടാപ്പകൽ പെൺകുട്ടിയെ തെരുവിലിട്ട് കുത്തിപ്പരുക്കേൽപ്പിച്ചു. ഡൽഹി മുഖർജി നഗറിലാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ അമാനെ (22) പൊലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ചയാണ് മുഖർജിനഗറിൽവെച്ച് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ യുവാവ് പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവർ യുവാവിനെ തടയാൻ ശ്രമിക്കുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശങ്ങളും പുറത്തുവന്നിട്ടുണ്ട്.
🔺 അപ്രതീക്ഷിതമായി പിടി മുറുക്കിയ ക്യാൻസറിനെ അതിജീവിക്കുന്നതിനുള്ള പോരാട്ടത്തിലാണിപ്പോൾ ബ്രിട്ടീഷ് രാജകുടുംബം. ചാൾസ് രാജാവിന് പിന്നാലെ ചാൾസിന്റെ മകൻ വില്യമിന്റെ ഭാര്യയും വെയിൽസ് പ്രഭ്വിയുമായ കാതറിൻ (കേറ്റ്) മിഡിൽറ്റണും താൻ അസുഖ ബാധിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ കേറ്റിന്റെ വയറിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ സമയത്ത് കേറ്റിൽ ക്യാൻസറിന്റെ സാനിധ്യം സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് ശസ്ത്രക്രിയയ്ക്കു ശേഷം നടത്തിയ പരിശോധനകളിലാണ് ക്യാൻസർ സ്ഥിരീകരിച്ചതെന്നും താനിപ്പോൾ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നുമാണ് കേറ്റ് നേരിട്ട് വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. കീമോതെറാപ്പിയ്ക്കും തുടക്കമായിട്ടുണ്ട്.
🔺 തിരൂരിൽ നഗരസഭയുടെ പൊറ്റിലാത്തറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തരംതിരിക്കാൻ സൂക്ഷിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. എങ്ങനെയാണ് തീപ്പടർന്നതെന്ന് വ്യക്തമല്ല.തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
🔺ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകൾ തുടരുന്നു. ഐസ്ക്രീം നിര്‍മാണ, വിപണന കേന്ദ്രങ്ങള്‍, കുപ്പിവെള്ള നിർമാണ വിതരണ വിപണന കേന്ദ്രങ്ങള്‍, ശീതളപാനീയ നിർമാണ വിതരണ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.
ടൂറിസ്റ്റ് മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 815 പരിശോധനകളില്‍ ഗുരുതര നിയമലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 54 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി.
തുടര്‍പരിശോധനകള്‍ക്കായി 328 സര്‍വൈലന്‍സ് സാമ്പിളുകളും 26 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനകള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളിലേക്ക് കൈമാറി. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
🔺 പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് കൃഷി നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വനം വകുപ്പ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ പരിശോധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
🔺 മുൻ വ്യോമസേന മേധാവി രാകേഷ് കുമാർ സിങ് ഭദൗരിയ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവർ ചേർന്നാണ് പാർട്ടി അംഗത്വം നൽകിയത്.
നാൽപ്പത് വർഷത്തോളം വ്യോമസേനയിൽ സേവനം അനുഷ്ഠിച്ച ഭദൗരിയ, 2021 ലാണ് സേനയിൽ നിന്ന് വിരമിക്കുന്നത്. രാജ്യത്തെ ഒരിക്കൽക്കൂടി സേവിക്കാൻ അവസരം നൽകിയ ബിജെപിയോട് നന്ദി പറയുന്നതായി അംഗത്വം സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.
🔺 ഏക സിവിൽ കോഡിനെതിരേ അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം. ഏക സിവൽ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടപ്പെടുത്തുമെന്നാണ് വിമർശനം.തനത് സംസ്കാര സംരക്ഷണത്തിന്റെ ആറാം പട്ടികയില്‍ ഉള്‍പ്പെട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാ അനുഛേദങ്ങളുടെ പിന്‍ബലമുണ്ടെന്നിരിക്കെ ഏക വ്യക്തിനിയമം രാജ്യത്ത് നടപ്പിലാക്കുന്നത് എങ്ങനെയാണെന്നും പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പല സംസ്ഥാനങ്ങളിലും യുസിസി നടപ്പിലാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സത്യദീപത്തിലെ മുഖപത്രത്തിൽ പറയുന്നു.
🔺 മണ്ണുത്തി കുറ്റമുക്കിനു സമീപത്തെ പാടത്തു കുത്തേറ്റു മരിച്ച നിലയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്.
വയറ്റിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുവന്ന് ഉപേക്ഷിച്ചെന്നാണു സംശയം. മണ്ണുത്തി പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
🔺 കട്ടപ്പന ഇരട്ടക്കൊലക്കേസിലെ പ്രതി ഗന്ധർവനെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിന്റെ അമ്മയെ പല തവണ ബലാത്സഗം ചെയ്തതായി പൊലീസ് കണ്ടെത്തി. കേസിലെ പ്രതികളായ നിതീഷ് , വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ബലാത്സംഗവിവരം പുറത്തു വന്നത്. 2016നു ശേഷം പലതവണ ഇത്തരത്തിൽ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് നിതീഷ് പൊലീസിനോട് സമ്മതിച്ചു. കട്ടപ്പനയിൽ വർഷങ്ങളായി തുടരുന്ന മോഷണങ്ങളിലും ഇരുവരും പ്രതികളാണ്. ഓൺലൈൻ സൈറ്റിൽ കഥയെഴുതുന്ന നിതീഷ് മഹാമാന്ത്രികം എന്ന പേരിൽ എഴുതിയ നോവൽ ഇതു വരെ അരലക്ഷം പേരാണ് വായിച്ചിട്ടുള്ളത്.നിതീഷ് പി.ആർ. എന്ന തൂലികാ നാമത്തിലാണ് കഥയെഴുതിയിരിക്കുന്നത്.
🔺 മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ ബിജെപി നേതാവ് പി.സി. ജോർജിനെതിരേ കേസെടുത്ത് വനിതാ കമ്മിഷൻ. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.എം.ടി. രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്റെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുളള പ്രസ്താവന. അധിഷേപ പരാമര്‍ശത്തില്‍ പുതുച്ചേരി പൊലീസും പി.സി. ജോര്‍ജിനെതിരേ കേസെടുത്തു.
🔺 ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമി ആണ് മരിച്ചത്.അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
🔺 കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടിമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വളാൽ മുക്ക് സ്വദേശി സന്ധ്യ (43) യ്ക്കാണ് പരുക്കേറ്റത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. രണ്ടു കേബിളുകളാണ് പൊട്ടിയത്. ഇതില്‍ കുരുങ്ങിയ സന്ധ്യയെ 20 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു.
അതിനിടെ ഉയര്‍ന്നുപൊങ്ങിയ സ്കൂട്ടര്‍ സന്ധ്യയുടെ ദേഹത്ത് വീണു. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ ഗുരുതര പരുക്കുകൾ ഉണ്ടാവാതെ രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തുടക്കത്തില്‍ കേബിള്‍ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ധ്യ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
🔺 നിയമവിരുദ്ധമാ4യി കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചതിന് ബിഗ്ബോസ് താരം സോനു ശ്രീനിവാസ് ഗൗഡയെ (29) അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇ വരെ കസ്റ്റഡിയിൽ വിട്ടു.വനിതാ ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് നടപടി. റായ്ച്ചൂർ സ്വദേശിയായ 7 വയസുകാരിക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സോനു സമാമൂഹ്യമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ദത്തെടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മിൽ 25 വയസിന്റെ വ്യത്യാസം വേണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
🔺 ദേശീയ പാതയോരത്ത് തലശേരി പഴയ ബസ് സ്റ്റാന്റിനു മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.
🔺 തമിഴ്നാട്ടില്‍ സീറ്റ് നിഷേധിക്കപ്പെട്ട എംഡിഎംകെ എംപി എ. ഗണേശമൂർത്തി ആശുപത്രിയില്‍. ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന. വെന്റിലേറ്ററിലുള്ള എംപിയുടെ നില ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ എ.ഗണേശമൂർത്തിയെ രാവിലെ 9.30ഓടെയാണ് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത അളവില്‍ ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന.
🔺 ഡല്‍ഹി മെട്രോ ട്രെയിനുള്ളിലെ യുവതികളുടെ റീല്‍സ് ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. സാരിയും ചുരിദാറും ധരിച്ചെത്തിയ രണ്ട് യുവതികള്‍ ട്രെയിനിന്റെ തറയില്‍ ഇരുന്ന് പരസ്പരം നിറങ്ങള്‍ വാരിപൂശുന്നതും കവിളുകള്‍ പരസ്പരം ഉരുമ്മുന്നതും ആലിംഗനം ചെയ്യുന്നതുമടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് ഇവര്‍ ഇവിടെ ചിത്രീകരിച്ചത്.
അംഗ് ലഗാ ദേരെ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ വൈറലായതോടെ പൊതുസ്ഥലത്തുള്ള ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കരുതെന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തി.
🔺 ശനിയാഴ്ച രാത്രി പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കാട്ടുച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്.
മെറീന ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പിൽ ശനിയാഴ്ച രാത്രി എട്ടുണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും പമ്പ് ജീവനക്കാർ നൽകാൻ തയാറായില്ല. കാൻ കൊണ്ടുവന്നാൽ നൽകാമെന്ന് പറഞ്ഞ് തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം ഷാനവാസ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് അണച്ചിരുന്നെങ്കിലും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽവെച്ചായിരുന്നു മരണം
🔺 തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കകാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (35) ആണ് മരിച്ചത്.കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്. രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിച്ചു മടങ്ങവെയാണ് അപകടം.
🔺 സംഘട്ടന രംഗങ്ങള്‍ എങ്ങനെ പോകുന്നുവെന്നറിയാൻ എത്തിയ സംവിധായകനെ മലർത്തിയടിച്ച് ടൊവീനോ തോമസ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ അഖില്‍ പോളിനെയാണ് ടൊവീനോ കറക്കിയെടുത്ത് മലർത്തിയടിക്കുന്നത്.
ടൊവീനോ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫൈറ്റ് പ്രാക്ടീസ് അപ്ഡേറ്റ്സ് അറിയാന്‍ വന്ന ലെ ഡയറക്ടർ, ഡയറക്ടർ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്ബോ റീടേക്ക് എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു എന്നാണ് വീഡിയോയ്ക്ക് ടൊവീനോ നല്കിയ അടിക്കുറിപ്പ്.
🔺 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജിനെ നായകനാക്കിയുള്ള ബ്ലെസി ചിത്രമായ ആടുജീവിതം റിലീസിനൊരുങ്ങുന്നത്. മലയാളത്തില്‍ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായ ആടുജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മാര്‍ച്ച് 28നാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്,അമലാ പോള്‍ എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍. 2018ലാണ് സിനിമയുടെ ഷൂട്ട് തുടങ്ങിയതെങ്കിലും കൊവിഡ് വില്ലനായതോടെ 2024ല്‍ മാത്രമാണ് സിനിമ പൂര്‍ത്തിയാക്കാനായത്.
ഇപ്പോഴിതാ ആടുജീവിതത്തിനൊപ്പമുള്ള തന്റെ യാത്രയെ ഓര്‍മിപ്പിച്ചുകൊണ്ട് സിനിമ ഷൂട്ടിങ് നടന്നിരുന്ന സമയത്തെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും പുതിയ ചിത്രവും പങ്കുവെച്ചിരിക്കുകയാണ് സിനിമയിലെ നായികയായ അമല പോള്‍. 2018ല്‍ ആരംഭിച്ചതും 2024 വരെ തുടര്‍ന്നതുമായ അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം.വാക്കുകള്‍ക്കതീതമായ നന്ദി എന്നാണ് പൃഥ്വിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അമലാപോള്‍ കുറിച്ചത്. 2018ല്‍ ആടുജീവിതത്തിന്റെ ആദ്യ ദിവസങ്ങളിലെ ചിത്രമാണ് അമലാപോള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഒന്ന്. രണ്ടാമത്തെ ചിത്രം സിനിമയുടെ പ്രമോഷനിടെ പകര്‍ത്തിയതാണ്.
🔺 ഐപിഎല്ലിന്റെ പതിനേഴാം സീസണിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ കെ.എൽ. രാഹുൽ നയിച്ച ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ 20 റൺസിന്റെ ആധികാരിക വിജയമാണ് രാജസ്ഥാൻ കുറിച്ചത്. 82 റൺസെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, തുടരെ അഞ്ചാം സീസണിലും ആദ്യ മത്സരത്തിൽ 50+ സ്കോർ എന്ന അപൂർവ നേട്ടത്തിനും ഉടമയായി.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടുകയും ചെയ്തു. ലഖ്നൗവിന്റെ മറുപടി 20 ഓവറിൽ 173/6 എന്ന നിലയിൽ ഒതുങ്ങി.
നേരത്തെ, യശസ്വി ജയ്സ്വാളിനെയും (24) ജോസ് ബട്ലറെയും (11) വേഗത്തിൽ നഷ്ടമായ ശേഷം സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്കു നയിച്ചത്. പരാഗ് 29 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 43 റൺസെടുത്തു. 52 പന്ത് മാത്രം നേരിട്ട സഞ്ജു മൂന്നു ഫോറും ആറു കൂറ്റൻ സിക്സറുകളും സഹിതമാണ് 82 റൺസെടുത്തത്. ഇവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 97 റൺസും കൂട്ടിച്ചേർത്തു. ധ്രുവ് ജുറൽ 12 പന്തിൽ 20 റൺസെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ലഖ്നൗവിനു വേണ്ടി ക്യാപ്റ്റൻ രാഹുലും (44 പന്തിൽ 58) വിൻഡീസ് താരം നിക്കോളാസ് പുരാനും (41 പന്തിൽ പുറത്താകാതെ 64) പൊരുതിയെങ്കിലും ടീമിനെ ജയത്തിലേക്കു നയിക്കാനായില്ല. രാജസ്ഥാനു വേണ്ടി ട്രെന്റ് ബൗൾട്ട് രണ്ട് വിക്കറ്റ് നേടിയപ്പോൾ, നാന്‍ഡ്രെ ബർഗർ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹൽ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് നേടി.