പ്രഭാത വാർത്തകൾ

2024 മാർച്ച് 24 ഞായർ

1199 മീനം 11 പൂരം

◾ ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിബിഐ, ഇഡി അടക്കം അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ്. ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

◾ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും അടിയന്തിരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കെജ്രിവാളിന്റെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കാനുള്ള ആവശ്യം നിരസിച്ച ദില്ലി ഹൈക്കോടതി ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കുമെന്ന് വ്യക്തമാക്കി

◾ രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്നും ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് രാജീവിന്റെ പ്രതികരണം.

◾ നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകുമെന്നും അപ്പോള്‍ ചിഹ്നവും പോകുമെന്നും സിപിഎം കേന്ദ്രകമ്മറ്റിയംഗം എ. കെ ബാലന്‍. പാര്‍ട്ടി ചിഹ്നം പോയാല്‍ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്നും ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും എകെ ബാലന്‍ പറഞ്ഞു.

◾ തുമ്മിയാല്‍ മൂക്ക് തെറിക്കണമെന്ന് ഞങ്ങളാരോടും പറഞ്ഞിട്ടില്ലെന്നും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നേ പറഞ്ഞിട്ടുള്ളൂവെന്നും അതിപ്പോള്‍ ഭര്‍ത്താവായാലും മരുകനായാലും അമ്മായിയപ്പനായാലും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാരിന് ഭയമില്ലെന്നും തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു സുരേന്ദന്‍. മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആരായാലും നിയമത്തിന് മുന്നില്‍ വരേണ്ടി വരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

◾ കേരളത്തില്‍ യുവജനോത്സവങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമെന്നും സാംസ്‌കാരിക രംഗത്ത് നടക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണെന്നും സി.പി.ഐ. നേതാവ് സി. ദിവാകരന്‍. ക്യാമ്പസുകളില്‍ നടക്കുന്നത് എല്ലാം ശരിയാണോ എന്ന് ചിന്തിക്കണമെന്നും സാംസ്‌കാരിക നായകര്‍ ഇക്കാര്യത്തില്‍ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ യുവജനോത്സവം നടത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതിന്റെ പശ്ചാത്തലം എന്താണെന്നും വല്ലാത്ത മൗനമാണ് സാംസ്‌കാരിക ലോകത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ മാത്യു കുഴല്‍നാടന്റെ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമി ഹെഡ് സര്‍വ്വേയറുടെ നേതൃത്വത്തില്‍ ഉടമകളുടെ സാന്നിധ്യത്തില്‍ വീണ്ടും അളക്കും. മുമ്പ് ഭൂമി അളന്നപ്പോള്‍ മാത്യു കുഴല്‍നാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ പിശകുണ്ടെന്ന് മാത്യു കുഴല്‍നാടന്റെ പാര്‍ട്ണര്‍മാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഭൂമി വീണ്ടും അളക്കാന്‍ തീരുമാനിച്ചത്.

◾ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തിന് ഇനി തടസമില്ലെന്ന് മന്ത്രി പി രാജീവ്. നിര്‍മ്മാണത്തിനായി ആവശ്യമുള്ള എച്ച്.എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആര്‍.ബി.ഡി.സി.കെക്ക് വിട്ടുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ അവസാന കടമ്പയും നീങ്ങിയെന്ന് മന്ത്രി വ്യക്തമാക്കി.

◾ നടന്‍ ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതിന്റ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തില്‍ കമ്മീഷന്‍ സി പി ഐക്ക് നോട്ടീസ് നല്‍കി.

◾ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്റെ നിര്‍ദേശം. അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

◾ ടിപ്പറില്‍ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടര്‍ന്ന് മരിച്ച ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ട പരിഹാര തുകയായി നല്‍കുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

◾ കൊവിഡ് ക്വാറന്റീന്‍ ലംഘിച്ച് ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്ന മലയാള മനോരമ വാര്‍ത്തക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പി.കെ.ഇന്ദിര നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സബ് കോടതിയുടേതാണ് ഉത്തരവ്.

◾ തൃശ്ശൂര്‍ വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു.

◾ ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. എംഎല്‍എയുടെ സ്റ്റാഫംഗത്തിന് പരിക്ക്. എച്ച് സലാം എംഎല്‍എയുടെ ഓഫീസ് സ്റ്റാഫ് അംഗം കൂടിയായ സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അജ്മല്‍ ഹസനാണ് പരിക്കേറ്റത്. പരസ്പരം ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്. അംഗന്‍വാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവര്‍ത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലിയാണ് തര്‍ക്കവും ഏറ്റുമുട്ടലുമുണ്ടായത്.

◾ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അമേഠിയിലും റായ്ബറേലിയിലും ഇന്നലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. വിവിധ സംസ്ഥാനങ്ങളിലെ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് മത്സരിക്കും. ഡാനിഷ് അലി യുപിയിലെ അംറോഹയിലായിരിക്കും മത്സരിക്കുക. നിലവിലെ രാജ്യസഭാ എംപിയായ ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡില്‍ മത്സരിക്കും. തമിഴ്നാട്ടിലെ ഏഴു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും ഇന്നലെ പ്രഖ്യാപിച്ചു.

◾ ഇഡിയുടെ അപേക്ഷയില്‍ ബിആര്‍എസ് നേതാവ് കെ. കവിതയെ മാര്‍ച്ച് 26 വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെ കവിതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നും നൂറ് കോടി രൂപ കെ കവിത നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

◾ മുന്‍ ബിഎസ്പി നേതാവും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ഡാനിഷ് അലി എം.പിക്ക സീറ്റ് നല്‍കരുതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. അംരോഹയിലെ സിറ്റിംഗ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയില്‍ പരാജയമാണെന്നും അതിനാല്‍ സീറ്റ് നല്‍കരുതെന്നുമാണ് അംരോഹയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. അതേസമയം ഇന്നലെ പ്രഖ്യാപിച്ച നാലാം സ്ഥ്ാനാര്‍ത്ഥി പട്ടികയില്‍ പ്രാദേശിക എതിര്‍പ്പ് മറികടന്ന് ഡാനിഷ് അലിക്ക് അംരോഹയില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട.

◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച ജര്‍മനിയുടെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് കേന്ദ്രം. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യ ജര്‍മ്മനിയോട് നിര്‍ദ്ദേശിച്ചു. കെജ്രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു അറസ്റ്റിന് പിന്നാലെ ജര്‍മന്‍ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ പ്രതികരിച്ചത്.

◾ വീരപ്പന്റെ മകള്‍ വിദ്യാ റാണി ലോക്സഭയിലേക്ക് മത്സരിക്കും. വീരപ്പന്‍-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. അടുത്തിടെയാണ് വിദ്യാ റാണി ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

◾ കോണ്‍ഗ്രസിനോട് ഇടഞ്ഞ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിഹാറിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. മധ്യപ്രദേശിലെ രണ്ട് സീറ്റുകളിലും ഛത്തീസ്ഗഡിലും ബിഹാറിലും ഓരോ സീറ്റിലുമാണ് സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

◾ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത ആക്രമണത്തില്‍ 11 ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിയിലായവരില്‍ നാല് പേര്‍ ഭീകരവാദികളെന്നാണ് വിവരം.

◾ ഐപിഎലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് നാല് വിക്കറ്റിന്റെ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. 63 റണ്‍സെടുത്ത സാം കറന്റെ ഇന്നിംഗ്സാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

◾ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 4 റണ്‍സിന്റെ വിജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 25 പന്തില്‍ 64 റണ്‍സെടുത്ത ആന്ദ്രേ റസ്സലിന്റേയും 54 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിന്റേയും ഇന്നിംഗ്‌സുകളാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 29 പന്തില്‍ 69 റണ്‍സുമായി ഹെന്റിച്ച് കാസന്‍ പൊരുതിയെങ്കിലും 2 പന്തില്‍ 5 റണ്‍സ് മാത്രം മതിയെന്ന സമയത്ത് ക്ലാസന്‍ പുറത്തായത് സണ്‍റൈസേഴ്സിന് തിരിച്ചടിയായി.

◾ ജര്‍മന്‍ ആഗോള ബ്രാന്‍ഡായ അഡിഡാസും (ജര്‍മന്‍ അത്‌ലറ്റിക് അപ്പാരല്‍ ആന്‍ഡ് ഫുട്വെയര്‍ കോര്‍പറേഷന്‍) ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമുമായി വേര്‍പിരിയുന്നു. 77 വര്‍ഷമായി ജര്‍മന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരാണ് അഡിഡാസ്. മറ്റൊരു ആഗോള ബ്രാന്‍ഡായ നൈക്കിക്കാണ് പുതിയ ടീം കിറ്റ് കരാര്‍. 2027 മുതല്‍ നൈക്കിയായിരിക്കും ജര്‍മനിയുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍. 2018ലാണ് അഡിഡാസുമായി അവസാനമായി ജര്‍മന്‍ ടീം എട്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി 2026ല്‍ അവസാനിക്കും. 2026ലെ ലോകകപ്പില്‍ ജര്‍മന്‍ ടീം അഡിഡാസ് സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജേഴ്‌സിയടക്കമുള്ളവ അവസാനമായി ധരിക്കും. ലോകകപ്പിനു ശേഷം നൈക്കിയായിരിക്കും ജേഴ്‌സി ഇറക്കുക. 2027 മുതല്‍ 2034 വരെയാണ് നൈക്കിയുമായി ടീം കരാറിലെത്തിയത്. ജര്‍മന്‍ ഫുട്ബോളിലെ പല ചരിത്ര നേട്ടങ്ങളിലും പങ്കാളിയായാണ് അഡിഡാസിന്റെ പടിയിറക്കം. പുരുഷ ടീം നാല് ലോകകപ്പുകളും മൂന്ന് യൂറോ കപ്പുകളും അഡിഡാസ് ജേഴ്‌സിയിലാണ് കളിച്ചു നേടിയത്. വനിതാ ടീം രണ്ട് ലോകകപ്പുകളും എട്ട് യൂറോ കിരീടങ്ങളും ഇതേ സ്‌പോണ്‍സര്‍ഷിപ്പില്‍ സ്വന്തമാക്കി. അതേസമയം വിഷയം ജര്‍മനിയില്‍ വലിയ രാഷ്ട്രീയ വിവാദത്തിനു കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മന്‍ കമ്പനിയെ മാറ്റി അമേരിക്ക ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

◾ ‘ആടുജീവിതം’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശാനാനുമതിയില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമേ സിനിമയ്ക്ക് പ്രദര്‍ശാനാനുമതി നല്‍കിയിട്ടുള്ളു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ മലയാളം പതിപ്പ് മാത്രമേ യുഎഇയില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നൂണ്‍ഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക. ജനപ്രിയമായ ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമ ആകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആടുമേയ്ക്കുന്ന ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് നോവല്‍. ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിന്‍ നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത നോവല്‍ ഗള്‍ഫില്‍ നിരോധിക്കപ്പെട്ടിരുന്നു. നജീബിനെ അറബി കൊണ്ടുപോയി മരുഭൂമിയില്‍ തള്ളുന്നതും ഭക്ഷണം പോലും നല്‍കാതെ പണി എടുപ്പിക്കുന്നതാണ് നോവല്‍ ഗള്‍ഫില്‍ നിരോധിക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ ആടുജീവിതം യുഎഇയില്‍ കൂടി നിരോധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാസ്വാദകര്‍.

◾ വരുണ്‍ തേജ്, മനുഷി ഛില്ലര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശക്തി പ്രതാപ് സിംഗ് ഹദ സംവിധാനം ചെയ്ത ചിത്രം ‘ഓപറേഷന്‍ വാലന്റൈന്‍’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. മാര്‍ച്ച് 1 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 22-ാം ദിവസമാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാനാവും. തെലുങ്ക്, തമിഴ് ഭാഷാ പതിപ്പുകളാണ് പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. വരുണ്‍ തേജിന്റെ ബോളിവുഡ് അരങ്ങേറ്റമെന്ന നിലയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്ന ചിത്രത്തില്‍ ഒരു വ്യോമസേനാ ഉദ്യോഗസ്ഥനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2019 ലെ പുല്‍വാമ ഭീകരാക്രമണം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ നവ്ദീപ്, പരേഷ് പഹൂജ, രുഹാനി ശര്‍മ്മ, മീര്‍ സര്‍വാര്‍, ഷതഫ് ഫിഗര്‍, സംപത്ത് രാജ്, വൈഭവ് തത്വവാദി, അശ്വത് ഭട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ ശക്തി പ്രതാപ് സിംഗ് ഹദയ്ക്കൊപ്പം ആമിര്‍ നഹിദ് ഖാനും സിദ്ധാര്‍ഥ് രാജ്കുമാറും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

◾ ജാപ്പനീസ് ജനപ്രിയ കാര്‍ ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ എലിവേറ്റ് മിഡ്-സൈസ് എസ്യുവി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ‘ഡബ്ല്യുആര്‍-വി’ എന്ന ബ്രാന്‍ഡ് നാമത്തില്‍ ജാപ്പനീസ് വിപണിയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ എലിവേറ്റിനെ ഹോണ്ട പുറത്തിറക്കി. ബ്രാന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്ക് ഒരു മോഡല്‍ കയറ്റുമതി ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ വളരുന്ന ഉല്‍പ്പാദന വൈദഗ്ധ്യവും ആഗോള മത്സരക്ഷമതയും ഉയര്‍ത്തിക്കാട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ട എലിവേറ്റ് ഇന്ത്യയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 30,000 യൂണിറ്റുകള്‍ കമ്പനി രാജ്യത്ത് വിറ്റു. 2023 ഡിസംബറില്‍ ജപ്പാനില്‍ ഹോണ്ട ഡബ്ല്യുആര്‍-വി എന്ന പേരില്‍ അവതരിപ്പിച്ച ഈ മോഡല്‍ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം നേടി. ജാപ്പനീസ്-സ്പെക്ക് മോഡല്‍ 3 വേരിയന്റുകളില്‍ ലഭിക്കും. കൂടാതെ ഇല്ലുമിന റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍, ഗോള്‍ഡ് ബ്രൗണ്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ആകെ അഞ്ച് നിറങ്ങളിലും വാഹനം ലഭിക്കും.

◾ ഈ പുസ്തകം ഗാന്ധിയെക്കുറിച്ചു ബഹുമുഖമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറെ വൈവിധ്യങ്ങള്‍ സൂക്ഷിക്കുന്ന ഒന്നാണ്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ കെ. സച്ചിദാനന്ദന്റെ ‘ഗാന്ധിയും കവിതയും’, എം.എന്‍. കാരശ്ശേരിയുടെ ‘ഗാന്ധി എന്ന മനുഷ്യന്‍’, പ്രമുഖ ഗാന്ധിയന്‍ ചിന്തകന്‍ കൂടിയായ കെ. അരവിന്ദാക്ഷന്റെ ‘സമകാലിക ലോകവും ഗാന്ധിയും സത്യവും’, കല്പറ്റ നാരായണന്റെ ‘ഗാന്ധിയും ബഷീറും’, പി. ഹരീന്ദ്രനാഥിന്റെ ‘ഗാന്ധിയുടെ ഹിന്ദ്‌സ്വരാജ്’, പി. പവിത്രന്റെ ‘സ്വരാജിനായുള്ള ഭാഷാനയം’, പി.പി. പ്രകാശന്റെ ‘ഗാന്ധി എന്ന അധ്യാപകന്‍’ തുടങ്ങി പുസ്തകത്തിലെ പതിനഞ്ച് പ്രഭാഷണങ്ങള്‍ വിവിധ മേഖലകളിലായി ഗാന്ധിസാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന പ്രധാന സംഭാവനകളാണ്. ആനന്ദന്‍ പൊക്കുടന്റെ ‘അയ്യങ്കാളി – ഗാന്ധി കൂടിക്കാഴ്ചയും കേരളീയ നവോത്ഥാനവും’, സി.പി. അബൂബക്കറുടെ ‘ഗാന്ധി ഇന്ത്യയിലെ ആദ്യത്തെ ആധുനിക രാഷ്ട്രീയ നേതാവ്’, ഡോ. പി. സുരേഷിന്റെ ‘മലയാള കവിതയിലെ ഗാന്ധി’, പി. പ്രേമചന്ദ്രന്റെ ‘ഗാന്ധിയും സിനിമയും’, എസ്. ഗോപുവിന്റെ ‘ഗാന്ധിയന്‍ മൂല്യബോധവും വിദ്യാര്‍ത്ഥികളും’, വി.കെ. ബാബുവിന്റെ ‘ഘാതകനിലെ ഗാന്ധിയും ഗോഡ്‌സെയും’ തുടങ്ങിയ പ്രഭാഷണങ്ങളിലും വ്യത്യസ്ത ഗാന്ധിച്ചിത്രങ്ങള്‍ തെളിയുന്നുണ്ട്. ‘ഗാന്ധി എന്ന പാഠശാല’. ഡിസി ബുക്സ്. വില 225 രൂപ.

◾ പന്ത്രണ്ട് സിഗരറ്റ് ഒറ്റ തവണയായി വലിക്കുന്നതിനെക്കാള്‍ അപകടമാണ് ഏകാന്തത മനുഷ്യന്റെ ആരോഗ്യത്തിന് ഉണ്ടാക്കുന്നതെന്ന് പുതിയ പഠനം. വളരെ നിസ്സാരമാണെന്ന് തോന്നാമെങ്കിലും കണ്ടെത്താന്‍ വൈകും തോറും സങ്കീര്‍ണമാകുന്ന അവസ്ഥയാണിത്. അമേരിക്കയില്‍ റിജെവന്‍സ്ട്രീഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഇന്ത്യാനാ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പുകവലി, മദ്യപാനം തുടങ്ങിയ ലഹരിപിടിപ്പിക്കുന്ന ദുശ്ശീലങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിന് വരുത്തിവെക്കുന്ന അപകടത്തെക്കാന്‍ വലുതാണ് ഏകാന്തത നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ദോഷങ്ങളെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നാലു മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് എന്ന നിലയിലും അഞ്ചു മുതല്‍ 15 ശതമാനത്തോളം കൗമാരക്കാരിലും സാമൂഹിക ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഭക്ഷണത്തില്‍ ശ്രദ്ധിക്കണമെന്നും പുകവലി, മദ്യപാനം തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണമെന്നുമാണ്. എന്നാല്‍ അവയേക്കാളൊക്കെ ശ്രദ്ധകൊടുക്കേണ്ട വിഷയമാണ് ഏകാന്തത കൊണ്ടുള്ള പ്രശ്നങ്ങളെന്നും ഗവേഷകര്‍ പറയുന്നു. ഏകാന്തത മാനസിക സമ്മര്‍ദ്ദം കൂട്ടുന്നു. ഇത് മാനസിക- ശാരീരികാരോഗ്യത്തെ അടിമുടി ബാധിക്കുന്നുവെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാനും പ്രതിരോധശേഷി കുറയാനും വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിക്കാനും ഡിമെന്‍ഷ്യ സാധ്യത വര്‍ധിക്കാനുമൊക്കെ ഏകാന്തത കാരണമാകും. എല്ലാ പ്രായക്കാരേയും ബാധിക്കുന്ന വിഷയമാണെങ്കിലും പ്രായമായവരിലാണ് ഏകാന്തത കൂടുതല്‍ വഷളായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ അല്‍ഷിമേഴ്സ് സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചോദ്യാവലികളിലെ ഡേറ്റകള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. അമേരിക്കന്‍ ജെറിയാട്രിക്സ് സൊസൈറ്റിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.