നെന്മാറ വല്ലങ്ങി വേല ; അവലോകനയോഗം ചേർന്നു

ഏപ്രിൽ രണ്ടിനു നടക്കുന്ന നെന്മാറ വല്ലങ്ങി വേല അവലോകന യോഗം ചേർന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. നെന്മാറ വല്ലങ്ങി വേല കമ്മിറ്റി ഭാരവാഹികൾ, പോലീസ്, അഗ്നിരക്ഷസേന, ആരോഗ്യം, വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, എക്സൈസ്, സാമൂഹിക വലവൽക്കരണ വിഭാഗം, റവന്യൂ, ശുചിത്വമിഷൻ, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, ദേവസ്വം തുടങ്ങി 60 വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു നെന്മാറ പി. ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ചിറ്റൂർ തഹസിൽദാർ പി. എം. മായ അധ്യക്ഷയായി. ആലത്തൂർ ഡി.വൈ.എസ്.പി, എ. കെ. വിശ്വനാഥൻ, ചിറ്റൂർ താലൂക്ക് എച്ച്. ക്യു. ഡി ടി, കെ. രാധാകൃഷ്ണൻ, . വേല കമ്മിറ്റി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. അഞ്ച് ഡി. വൈ. എസ്. പി. മാരുൾപ്പെടെ 1800 പോലീസ് സംഘത്തെയും സുരക്ഷാ – ഗതാഗത ക്രമീകരണത്തിനായി കൺട്രോൾ റൂമുകളും പ്രവർത്തിക്കും. അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റുകളും, നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ അത്യാഹിത വിഭാഗത്തിൽ പകൽ അഞ്ചും രാത്രി നാലും ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും ഏഴ് ആംബുലന്‍സിന്റെ സേവനവും ഉണ്ടാകുമെന്ന് ആരോഗ്യ വിഭാഗം യോഗത്തിൽ അറിയിച്ചു, വേലയുടെ ഭാഗമായി തുടര്‍ച്ചയായി ശുദ്ധജല വിതരണവും കൂടുതൽ പൊതു കുടിവെള്ള ടാപ്പുകളും സ്ഥാപിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടുതൽ ശുചീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. തടസ്സമില്ലാതെ വൈദ്യുതി വിതരണം കാര്യക്ഷമാക്കാൻ കെ. എസ്. ഇ. ബി.യുടെ നേതൃത്വത്തില്‍ പ്രത്യേക യൂണിറ്റുകള്‍ വാഹനങ്ങളും ജീവനക്കാരുമായി പ്രവര്‍ത്തിക്കും.എക്‌സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏപ്രിൽ 1, 2, 3, ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്, മേഖലയിൽ എക്സൈസ് പട്രോളിങ് സംവിധാനവും ഏർപ്പെടുത്തുമെന്ന് യോഗത്തിൽ അറിയിച്ചു. സാമൂഹ്യ വനവൽക്കരണ വിഭാഗം ആനകളുടെ ആരോഗ്യ പരിപാലന ചുമതലകൾ നിരീക്ഷിക്കും. ഗതാഗത സംവിധാനങ്ങളും മറ്റും മോട്ടോർ വാഹന വകുപ്പ് നിരീക്ഷിക്കും. ആവശ്യമായ കൂടുതൽ ക്രമീകരണങ്ങൾ അതാത് വകുപ്പുകളുടെ നേതൃത്വത്തിൽ നടത്താനും യോഗത്തിൽ തീരുമാനമായി.