2024 മാർച്ച് 22 വെള്ളി
1199 മീനം 9 മകം
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മദ്യ നയ കേസില്‍ ഇഡി ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നേരം ഇഡി സംഘം കെജ്രിവാളിനെ ഇദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ചോദ്യം ചെയ്തു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
◾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളി. കേസ് ഇന്ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ഇഡി സംഘം അരവിന്ദ് കെജ്രിവാളുമായി ഇഡി ഓഫീസിലേക്ക് പോയി.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെ പിന്നാലെ ഡല്‍ഹിയിലെ തെരുവുകള്‍ യുദ്ധസമാനം. ഡല്‍ഹി ക്ക് പുറത്തേക്കും, രാജ്യവ്യാപകമായി തന്നെയും പ്രതിഷേധം വ്യാപിക്കാന്‍ ആണ് പാര്‍ട്ടിയുടെ നീക്കം. വമ്പന്‍ പ്രതിഷേധം രാജ്യവ്യാപകമായി നടത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.
◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാക്കള്‍. ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിര്‍ജ്ജീവമായ ജനാധിപത്യമെന്ന് രാഹുല്‍ ഗാന്ധി. സര്‍വ്വവും പിടിച്ചടക്കാന്‍ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നുവെന്നും ഇന്ത്യ അര്‍ഹമായ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ബി ജെപിയുടെ പരാജയഭീതി വ്യക്തമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. മോദിയും ബി ജെ പിയും പരാജയഭീതിയില്‍ പ്രതിപക്ഷവേട്ട നടത്തുകയാണെന്നും ജനരോഷം നേരിടാന്‍ ഒരുങ്ങിക്കോളൂവെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമുള്ള ഈ നടപടി രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഈ ഗൂഢാലോചനയെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും സി പി എം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
◾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി വ്യക്തമാക്കി. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കെജ്രിവാള് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും അതിനാലാണ് സമയം ആവശ്യപ്പെടാന്‍ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു.
◾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ദില്ലി മുഖ്യമന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലില്‍ അടച്ചാലും കെജ്രിവാള് മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമാണ് ആംആദ്മിയുടെ നിലപാട്. എന്നാല്‍ ജയിലില്‍ കിടന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.
◾ ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു. നേരത്തെ ഈ ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ദില്ലിയില്‍ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
◾ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നല്കിയ കണക്കുകള്‍ എല്ലാം തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ സിഎജി റിപ്പോര്‍ട്ടിനെ കേരളം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
◾ തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രല്‍ ബോണ്ടുമായുള്ള എല്ലാ വിവരങ്ങളും കൈമാറി എസ് ബി ഐ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കടപ്പത്രം വഴി സംഭാവന ലഭിച്ചതുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതോടെ ഓരോ കമ്പനിയും ആര്‍ക്കൊക്കെയാണ് സംഭവാന നല്‍കിയതെന്നും എത്ര വീതമായിരുന്നു സംഭവാനയെന്നും എപ്പോഴാണ് ഇത് നല്കിയതെന്നുമടക്കം മുഴുവന്‍ വിവരങ്ങളും വൈകാതെ തന്നെ പുറത്തുവരും.
◾ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി, വാട്സാപ്പുകളിലേക്ക് വികസിത് ഭാരത് സന്ദേശം അയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്. സ്ഥാനാര്‍ത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമാണെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
◾ ഡോ. എംകെ ജയരാജിനെ കാലിക്കറ്റ് വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. യുജിസി യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുറത്താക്കിയത്.
◾ കലാമണ്ഡലം സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണെന്നും, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് തന്നെ കളങ്കമാണെന്നും കേരള കലാമണ്ഡലം. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം വിസിയും രജിസ്ട്രാറും വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
◾ കല ആരുടേയും കുത്തകയല്ലെന്നും ആര്‍എല്‍.വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രി സജി ചെറിയാന്. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്.എല്‍.വി രാമകൃഷ്ണനോടും സാംസ്കാരിക കേരളത്തോടും മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
◾ നിറമല്ല, കലയാണ് പ്രധാനമെന്നും രാമകൃഷ്ണന് പരസ്യപിന്തുണ അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കലയെന്നും നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്കാരവും മരിക്കുന്നുവെന്നും വിഡി സതീശന് ഫേസ്ബുക്കില്‍ കുറിച്ചു.
◾ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്. കലയില്‍ ജാതിയോ, നിറമോ, വര്‍ണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്നില്ല. വേര്‍തിരിച്ചു കാണുന്നവര്‍ എത്ര വലിയ സര്‍വജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കുമെന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
◾ സിഡിഎസ് അക്കൗണ്ടന്റുമാരായി പ്രവേശിച്ച് മൂന്ന് വര്‍ഷം തികഞ്ഞ എല്ലാവരെയും സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശിച്ച് കുടുംബശ്രീ സര്‍ക്കുലര്‍. സിഡിഎസില്‍ അക്കൗണ്ടിംഗിലെ ക്രമക്കേട് ഒഴിവാക്കാനും സുതാര്യത ഉറപ്പിക്കാനുമാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം. കരാര്‍ ജീവനക്കാര്‍ക്കിടയില്‍ സ്ഥലം മാറ്റം പതിവില്ലെന്നിരിക്കെ അസാധാരണ സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമാണ്.
◾ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വക്കീല്‍ നോട്ടീസ് അയച്ചു. ഈ മാസം 20 ന് ഇ പി ജയരാജന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് വി ഡി സതീശന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് ഇ പി ജയരാജന് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്നും അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര് ഭരിക്കണം എന്നു ബിജെപി തീരുമാനിക്കുമെന്നും 2029ല്‍ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും പിസി ജോര്‍ജ്. അയ്യപ്പനെ അപമാനിച്ചത് കൊണ്ടുള്ള ഫലമാണ് പിണറായി വിജയന് അനുഭവിക്കുന്നതെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
◾ സംസ്ഥാനത്ത് അഞ്ചു ഇടങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം ബഹുജന റാലികള്‍ നടത്തും. ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയന് അഭിസംബോധന ചെയ്യും. ഇന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ആരംഭിക്കുന്ന പരിപാടി 27ന് കൊല്ലം ജില്ലയില്‍ അവസാനിക്കും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്നാണ് സിഎഎക്കെതിരായ മുദ്രാവാക്യം.
◾ കേരള നദ്വത്തുല് മുജാഹിദീന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ സാദിഖലി തങ്ങള്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സമസ്ത മുന്‍ പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം ആരോപിച്ചു. ഇത്തരം നടപടികള്‍ സമുദായത്തില്‍ അപകടമുണ്ടാക്കുമെന്നും, അതിനുള്ള ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
◾ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. രാവിലെ എട്ടു മുതല്‍ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതല്‍ അഞ്ചു മണി വരെയും നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങള്‍ക്കും ഈ സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് അനന്തു എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
◾ കാലടി സംസ്കൃത സര്‍വകലാശാലയിലെ പുതിയ വിസി ഡോക്ടര്‍ കെ.കെ.ഗീതാകുമാരി . നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് കാലിക്കറ്റ്, സംസ്കൃത സര്‍വ്വകലാശാല വിസിമാരുടെ നിയമനം എന്ന് ചൂണ്ടികാട്ടിയാണ് രണ്ട് വിസിമാരെയും ചാന്‍സലറായ ഗവര്‍ണര്‍ പുറത്താക്കിയത്.
◾ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ കല്‍പ്പറ്റ കോടതി തള്ളി. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച പ്രതികളായ 13-ആം പ്രതി രഹന് ബിനോയ്, 18-ആം പ്രതി ബില്‍ഗെറ്റ് ജോഷ്വാ എന്നിവരുടെ ജാമ്യപേക്ഷയാണ് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ച് കോടതി തള്ളിയത്.
◾ കെഎസ്ആര്‍ടിസിയെ താന്‍ രക്ഷപ്പെടുത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു. ആറേഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ താന്‍ ഒരു കുരുക്കിലിടുമെന്നും അതിനുള്ള പണികള്‍ നടന്നു വരുന്നുവെന്നും അഴിമതി ഇല്ലാതാക്കുമെന്നും എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂവെന്നും അത് താന്‍ ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
◾ കുടുംബ വഴക്കിനെ തുടര്‍ന്ന് എറണാകുളം വടക്കന്‍ പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു. കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ എന്ന അറുപത്തിനാലുകാരനാണ് മകന് സിനോജിന്റെ ഭാര്യ ഷാനുവിനെ കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിച്ചത്.
◾ ഗുരുവായൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി അമല നഗര്‍ സ്വദേശി ഷീല മരിച്ചു. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ് ഷീലയുടെ ദേഹത്തു കൂടെ കയറിയിറങ്ങുയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷീല മരിച്ചു.
◾ ജെഎന്‍യുവില്‍ ഇന്ന് യൂണിയന് തെരഞ്ഞെടുപ്പ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യം, എബിവിപി എന്നിവരെ കൂടാതെ എന്‍എസ് യു, ആര്‍ജെഡിയുടെ വിദ്യാര്‍ത്ഥി സംഘടന, ബാപ്സ എന്നിവരും മത്സരത്തിനുണ്ട്. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം.
◾ കോടതി സ്റ്റേ ചെയ്ത നടപടിയില്‍ പിന്നീട് മറ്റൊന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവിയോട് സുപ്രീം കോടതി. ഡി എം കെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം തള്ളിയ ഗവര്‍ണര്‍ ആര് എന്‍ രവിക്കെതിരെയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകുമെന്നും പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ സ്റ്റേ ചെയ്തതാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി.
◾ തമിഴ്നാട്ടില്‍ നിന്ന് തീവ്രവാദപരിശീലനം നേടിയവര്‍ ബെംഗളുരുവില്‍ വന്ന് സ്ഫോടനം നടത്തുന്നുവെന്ന പ്രസ്താവന നടത്തിയ ബെംഗളുരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രസഹമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്കി കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തി എന്നതടക്കം ചൂണ്ടിക്കാട്ടി കേസെടുക്കണമെന്നാണ് പരാതിയില്‍ ഉള്ളത്.
◾ മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 279 ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്‍പ്പെട്ടിരുന്നത്. കേരളത്തില്‍ ഇനിയും പ്രഖ്യാപിക്കാനുള്ള നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഈ പട്ടികയിലും ഉണ്ടായിരുന്നില്ല.
◾ ലോകകപ്പ് യോഗ്യതാ ഫുട്ബോളിലെ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില. മത്സരത്തിലുടനീളം ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച മുന്നേറ്റങ്ങളിലൂടെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാന്‍ മാത്രം സാധിച്ചില്ല. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
◾ 2024 ലെ ഐപിഎല്‍ പൂരത്തിന് ഇന്ന് തുടക്കം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് പതിനേഴാമത് ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചാലഞ്ചേഴ്സുമായി ഏറ്റുമുട്ടും. രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക.
◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഇനി ‘തല’ ഇല്ല. എം എസ് ധോണിക്ക് പകരം യുവതാരം റുതുരാജ് ഗെയ്ക്വാദ് ആണ് ഈ സീസണില്‍ ചെന്നൈയെ നയിക്കുക. ഇന്നലെ ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ ക്യാപ്റ്റനായി യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ അവതരിപ്പിച്ചത്.
◾ ലോക സന്തോഷ സൂചികയില്‍ 143 രാജ്യങ്ങളില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. യു.എന്നിന്റെ അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ പ്രസിദ്ധീകരിച്ച 2024 വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഏഴാം വര്‍ഷവും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഫിന്‍ലന്‍ഡ് ആണ്. വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ വളര്‍ച്ച, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, വ്യക്തിസ്വാതന്ത്ര്യം, അഴിമതി എന്നിവയെക്കുറിച്ചുള്ള വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സന്തോഷ സൂചിക തയ്യാറാക്കുന്നത്. ഡെന്മാര്ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്, ഇസ്രായേല്‍, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍. നിലവില്‍ ലിബിയ, ഇറാഖ്, ഫലസ്തീന്, നൈജര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ മുമ്പിലാണുള്ളത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യ 126-ാം സ്ഥാനത്താണുണ്ടായിരുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ചെറുപ്പക്കാരാണ് ഏറ്റവും സന്തോഷമുള്ളവര്‍. അതേസമയം ഇടത്തരം താഴ്ന്ന വിഭാഗത്തിലുള്ളവര്‍ സന്തോഷത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. പട്ടികയില്‍ പാകിസ്ഥാന് 108-ാം സ്ഥാനത്താണ്. മറ്റു രാജ്യങ്ങള്‍ സൂചികയില്‍ യു.എസും ജര്‍മനിയും റാങ്കിംഗില്‍ പിറകിലേക്ക് പോയി. യു.എസ് ആദ്യമായി ആദ്യ 20ല്‍ നിന്ന് പുറത്തായി. 23-ാം സ്ഥാനമാണ് യു.എസിന്. കഴിഞ്ഞ വര്‍ഷം 16-ാം സ്ഥാനത്തായിരുന്നു. ജര്‍മനി 24-ാം സ്ഥാനത്തേക്കും. ഈ വര്‍ഷം കാനഡ 15-ാം സ്ഥാനത്തും യു.കെ 20-ാം സ്ഥാനത്തും ഫ്രാന്‍സ് 27-ാം സ്ഥാനത്തും എത്തി. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യു.എ.ഇ 22-ാം സ്ഥാനത്തും സൗദി അറേബ്യ 28-ാം സ്ഥാനത്തും എത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 30-ാം സ്ഥാനത്തും ജപ്പാന് 50-ാം സ്ഥാനത്തും ദക്ഷിണ കൊറിയ 51-ാം സ്ഥാനത്തുമാണുള്ളത്. പട്ടികയില്‍ ഏറ്റവും പിന്നല് അഫ്ഗാനിസ്ഥാനാണ്.
◾ മലയാളക്കരയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്- പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസന് മാജിക് ബിഗ് സ്ക്രീനില്‍ ഉറപ്പ് നല്കി എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ വിസ്മയിപ്പിക്കുന്നതാണ്. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രം. ചിത്രം റംസാന് – വിഷു റിലീസായി ഏപ്രില്‍ 11ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. വിനീത് ശ്രീനിവാസന് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശന്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, നീരജ് മാധവ്, നീത പിള്ളൈ, അര്ജുന് ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
◾ സൗബിന് ഷാഹിര്‍, അജുന് അശോകന് തുടങ്ങി നിരവധി യുവതാരങ്ങള്‍ അണിനിരന്ന സര്‍പ്രൈസ് ഹിറ്റ് ചിത്രം ‘രോമാഞ്ചം’ ബോളിവുഡിലേക്ക്. മലയാളത്തില്‍ ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രം ബോളിവുഡില്‍ സംഗീത് ശിവനാണ് ഒരുക്കുന്നത്. കപ്കപി എന്നാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പേര്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവാക്കളാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സൗരഭ് ആനന്ദ്, കുമാര്‍ പ്രിയദര്‍ശി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. മെഹക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപ് സാവന്ത്. ജൂണില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
◾ ആഡംബര വാഹനനിര്‍മാതക്കളില്‍ അവസാന വാക്കായി ലോകം അംഗീകരിക്കുന്ന ബ്രാന്‍ഡാണ് റോള്‍സ് റോയ്സ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മലയാളി സ്വര്‍ണവ്യവസായി ജോയ് ആലുക്കാസ് തന്റെ കാര്‍ ശേഖരത്തിലേക്ക് പുതിയ ഒരു ആഡംബരക്കാര്‍ കൂടി എത്തിച്ചു. ആറ് കോടിയിലധികം വിലവരുന്ന റോള്‍സ് റോയ്സ് കള്ളിനനാണ് അദ്ദേഹം സ്വന്തമാക്കിയത്. ഫോബ്സ് പട്ടികയിലെ ഇന്ത്യന്‍ സമ്പന്നരില്‍ അന്‍പതാമത്തെയാളാണ് ജോയ് ആലൂക്കാസ്. 4.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 14513 കോടി രൂപയുടെ വിറ്റുവരവാണ് ജോയ് ആലുക്കാസ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സിന്റെ ആധ്യ ഓള് വീല്‍ ്രൈഡവ് എസ്യുവിയാണ് കള്ളിനന്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ ‘കള്ളിനന് ഡയമണ്ടി’ല്‍ നിന്നാണു പുത്തന്‍ എസ്യുവിക്കുള്ള പേര് റോള്‍സ് റോയ്സ് കണ്ടെത്തിയത്. നേരത്തെ മലയാളി വ്യവസായിയായ എംഎ യൂസഫലിയും റോള്‍സ് റോയ്സ് സ്വന്തമാക്കിയിരുന്നു.
◾ അരക്ഷിതാവസ്ഥയുടെ ആഴക്കയങ്ങള്‍ താണ്ടാന്‍ സമാശ്വാസത്തിന്റെ കച്ചിത്തുരുമ്പുമായി നിങ്ങളിലേക്കൊരാള്‍ കടന്നുവന്നതിന്റെ സാക്ഷിപത്രമാണ് ഈ നോവല്‍. അപ്രതീക്ഷിതമായ, അപരിചിതമായ അസാന്നിധ്യംകൊണ്ട് വീഴ്ചകളെ മറികടക്കാന്‍ പ്രാപ്തമാക്കുന്ന പ്രമേയം. സാമൂഹികപ്രവര്‍ത്തക എന്നതിലുപരി മനുഷ്യസ്നേഹിയായ രുദ്ര, ഒരുപറ്റം മനുഷ്യരുടെ നിസ്സഹായാവസ്ഥകള്ക്കുള്ള മറുപടിയാണ്. മയക്കുമരുന്ന്, കള്ളക്കടത്ത്, രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയവയിലൂടെ കടന്നുപോകുമ്പോഴും അതിനെയൊക്കെ മറികടക്കാന്‍ പ്രാപ്തമാക്കുന്ന മനുഷ്യസ്നേഹികളുടെ കഥകൂടിയാണിത്. ‘പാറാവ്’. ഡോ. നിഖില്‍ മണാശേരി. ഗ്രീന്‍ ബുക്സ്. വില 180 രൂപ.
◾ കോവിഡ് ബാധ തലച്ചോറിന്റെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വൈറസ് ബാധ രോഗികളുടെ ബുദ്ധിശക്തി കുറയ്ക്കാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുമ്പ് കോവിഡ് ബാധിച്ച 18 വയസിന് മുകളില്‍ പ്രായമായ 1,13,000 ആളുകളിലാണ് പഠനം നടത്തിയത്. ഇവരുടെ മെമ്മറി, പ്ലാനിംഗ്, സ്പേഷ്യല്‍ റീസണിംഗ് തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ വിലയിരുത്തി. രോഗം ബാധിച്ചവര്‍ക്ക് മെമ്മറിയിലും എക്സിക്യൂട്ടീവ് ടാസ്ക് പ്രകടനത്തിലും കാര്യമായ കുറവുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. മിതമായ കോവിഡ് ബാധ പോലും ഐക്യുവില്‍ മൂന്ന് പോയിന്റ് കുറയാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യുവില്‍ ആറ് പോയിന്റ് കുറവുണ്ടായതായും ഗവേഷകര്‍ കണ്ടെത്തി. കോവിഡ് തീവ്രമായിരുന്നവരില്‍ ഐക്യുവിന് ഒമ്പത് പോയിന്റ് വരെ കുറവുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. സാധാരണയായി ശരാശരി ഐക്യു അളവ് 100 ആണ്. 130-ന് മുകളിലുള്ള ഐക്യു ഉയര്‍ന്ന പ്രതിഭാധനനായ വ്യക്തിയെ സൂചിപ്പിക്കുന്നു, അതേസമയം 70-ല്‍ താഴെയുള്ള ഐക്യു പൊതുവെ സാമൂഹിക പിന്തുണ ആവശ്യമായി വന്നേക്കാവുന്ന ബൗദ്ധിക വൈകല്യത്തെ സൂചിപ്പിക്കുന്നു. രണ്ടോ അതിലധികമോ ഡോസ് വാക്സീന് കോവിഡിനെതിരെ എടുത്തവര്‍ക്ക് ധാരണശേഷിപരമായ ചെറിയ മെച്ചം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഒറിജിനല്‍ വൈറസ് മൂലം അണുബാധയേറ്റവര്‍ക്ക് ഉണ്ടായ അത്ര ധാരണാശേഷി പ്രശ്നങ്ങള്‍ അടുത്ത കാലത്തായി പുതു വകഭേദങ്ങളില്‍ നിന്ന് അണുബാധയേല്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ശുഭദിനം
പെട്ടെന്നുണ്ടായ അസുഖം അയാളെ ആകെ വലച്ചു. ചികിത്സിക്കാന്‍ ദൂരെയൊരു നാട്ടില്‍ പോകണമെന്ന് ഡോക്ടര്‍ പറഞ്ഞു. അയാള്‍ക്ക് ധാരാളം നിലമുണ്ടായിരുന്നു. അദ്ദേഹം തന്റെ നിലം താന്‍ വരുന്നതുവരെ പരിപാലിക്കാമോ എന്ന് കൂട്ടുകാരോട് ചോദിച്ചു. ഒരാള്‍ ഒഴികെ മറ്റെല്ലാവരും ഒഴിവ്കഴിവ് പറഞ്ഞു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അയാള്‍ക്ക് തന്റെ നിലം കണ്ട് ആകെ ദേഷ്യമായി. നിലം ഉഴുകുകയോ, വിത്ത് വിതക്കുകയോ ചെയ്തിട്ടില്ല. കളകള്‍ നിറഞ്ഞ് അവിടമാകെ കാടുപോലെയായി. അയാള്‍ സുഹൃത്തുമായി വഴക്കിട്ടു. ആരാണ് ശരിക്കും തെറ്റുകാരന്‍? ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ആ കര്‍മത്തോടും അത് ഏല്‍പ്പിക്കുന്നവരോടും കാണിക്കേണ്ട നീതി. ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്. സ്വന്തം താല്പര്യം കൊണ്ടാണോ അതോ മറ്റൊരുടെയെങ്കിലും നിര്‍ബന്ധം കൊണ്ടാണോ ഇത് ഏറ്റെടുക്കുന്നത്? ഈ ജോലി നിര്‍വ്വഹിക്കാനുള്ള അറിവും കഴിവും തനിക്കുണ്ടോ? പുതിയ ഉത്തരവാദിത്വം നിലവിലുളളവയുടെ കാര്യക്ഷമതയെ ബാധിക്കുമോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുവാന്‍ കഴിയുമ്പോള്‍ മാത്രമേ പുറമെനിന്ന് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാവൂ.. എങ്കില്‍ സ്വന്തം മനസ്സമാധാനവും സല്പേരും നഷ്ടപ്പെടാതിരിക്കും മാത്രമല്ല, അവ അര്‍ഹതയുളളവരുടെ കൈകളില്‍ എത്തിച്ചേരുകയും ചെയ്യും.. – ശുഭദിനം.