നാടോടി സംഘത്തെ പോലീസ് തിരിച്ചയച്ചു.

നെന്മാറയിൽ സംശയാസ്പദമായി കണ്ടെത്തിയ നാടോടി സംഘത്തെപോലീസ് തിരിച്ചയച്ചു. വല്ലങ്ങി യുപി സ്കൂളിന് സമീപവും ശിവക്ഷേത്രത്തിനു സമീപവുമായി സംശയാസ്പദമായി കണ്ടെത്തിയ തമിഴ് നാടോടി സംഘത്തെ പ്രദേശവാസികൾ തടഞ്ഞുവെച്ചു. പോലീസിനെ വിവരം അറിയിച്ച് സ്ഥലത്തെത്തിയ നെന്മാറ പോലീസ് പരിശോധിച്ചെങ്കിലും മോഷണ വസ്തുക്കളോ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. കോയമ്പത്തൂർ ഉക്കടം സ്വദേശികളാണെന്നാണ് പോലീസിനോട് പറഞ്ഞത്. നാലു പേരടങ്ങുന്ന സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന നാടോടികൾ ഭിക്ഷാടനത്തിന് വന്നതാണെന്നാണ് പോലീസിനോട് പറയുന്നത്. സംഘത്തിലെ ഒരു സ്ത്രീയുടെ കയ്യിൽ ഒരു കൈക്കുഞ്ഞും ഒരു സ്ത്രീ ഗർഭിണിയുമാണ്. താമസിക്കുന്ന സ്ഥലമോ തങ്ങുന്ന സ്ഥലമോ വ്യക്തമായി പറയാത്തതും തിരിച്ചറിയൽ രേഖകൾ കയ്യിൽ ഇല്ലാത്തതും ഇവരെ സംശയിക്കാൻ ഇടയാക്കി. പകൽ രണ്ടു മണിയോടെ ഒരു വീട്ടിന്റെ ഗേറ്റ് തുറന്നു എന്ന് പ്രദേശവാസികൾ പറഞ്ഞെങ്കിലും പകൽ സമയത്ത് ഭിക്ഷാടനത്തിനാണ് ഗേറ്റ് തുറന്നതെന്ന് നാടോടികൾ പറഞ്ഞു. സംഘത്തോടൊപ്പം പുരുഷൻമാരോ മറ്റൊ ഉള്ളതായി സൂചനയും ലഭിക്കാത്തതിനാൽ നെന്മാറയിൽ നിന്ന് തമിഴ്നാട് പൊള്ളാച്ചിയിലേക്കുള്ള ബസ്സിൽ ഇവരെ പോലീസ് കയറ്റി വിട്ടു. സാമൂഹിക മാധ്യമങ്ങളിലും മറ്റും കഴിഞ്ഞ കുറെ ദിവസമായി നാടോടി സ്ത്രീകൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പ്രദേശവാസികൾ പോലീസിനെ വിവരം അറിയിച്ചത്. നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് മുൻവർഷങ്ങളിൽ നാടോടി സംഘം ബസുകളിലും ക്ഷേത്രപരിസരത്തും മാല മോഷണം തുടങ്ങിയവ നടത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു. പ്രദേശവാസികൾ തടഞ്ഞുവച്ച തമിഴ് നാടോടി സംഘത്തെ പോലീസ് വല്ലങ്ങിയിൽ ചോദ്യം ചെയ്യുന്നു.