വാർത്താ കേരളം

പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്നാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി
🖱️പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ‌ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ച് സുപ്രീംകോടതി. മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശം. അതേസമയം, ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി തയാറായില്ല. ഏപ്രിൽ 9 ന് കേസ് വീണ്ടും പരിഗണിക്കും. പൗരത്വ ഭേദഗതിഗതിയുമായി ബന്ധപ്പെട്ട് 237 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയവരാണ് ഹർജി സമർപ്പിച്ചിരുന്നത്.

എസ്എസ്എൽസി, ഹയർസെക്കണ്ടറി മൂല്യനിർണയം ഏപ്രിൽ 3 മുതൽ
🖱️എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യ നിർണയ തീയതി തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏപ്രിൽ 3 മുതലാണ് മൂല്യ നിർണായ ക്യാംമ്പുകൾ ആരംഭിക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്എസ്എൽസി പരീക്ഷാ മൂല്യ നിർണയത്തിൽ പങ്കെടുക്കും. ഹയർ സെക്കണ്ടറി മൂല്യ നിർണയം 77 ക്യാമ്പുകളിലായി 25,000 ത്തോളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ 8 ക്യാമ്പുകളിലായി 2,200 അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെപിസിസി
🖱️കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസയച്ച് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണെന്നാവശ്യപ്പെട്ടാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്ന് തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചത്. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തീയതി മാറ്റണമെന്നും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാള സിനിമക്ക്‌ ചരിത്രനിമിഷം; 200 കോടി ക്ലബ്ബിൽ മഞ്ഞുമ്മൽ ബോയ്‌സ്‌
🖱️മലയാളസിനിമാ ചരിത്രത്തിൽ 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസംമാത്രം പിന്നിട്ടാണ്‌ മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി സിനിമയായി ചരിത്രം സൃഷ്‌ടിച്ചത്‌. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച സിനിമ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്‌ നിർമിച്ചത്‌. കഴിഞ്ഞയാഴ്ച 175 കോടി നേടി റെക്കോഡിട്ട സിനിമ 200 കോടി ക്ലബ്ബിൽ അംഗമായതിന്റെ വാർത്ത ചൊവ്വ വൈകിട്ടോടെയാണ്‌ സിനിമയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പേജുകളിൽ നിറഞ്ഞത്‌. ഏറ്റവും കൂടുതൽ പണംവാരിയ ചിത്രമെന്ന “2018′ സിനിമയുടെ റെക്കോഡും ഭേദിച്ചു.

ആനക്കുളത്തെ വാഹനാപകടം; മരണ സംഖ്യ നാലായി
🖱️ഇടുക്കി മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞ് അപകടത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. അഭിനേഷിന്‍റെ ഒരു വയസുള്ള മകൻ ധൻവി അപകടത്തിൽ മരിച്ചിരുന്നു. ചിന്നമണ്ണൂർ സ്വദേശി ഗുണശേഖരൻ (70) ഈറോഡ് സ്വദേശി പി.കെ. സേതു (45) എന്നിവരും അപകടത്തിനു പിന്നാലെ മരിച്ചിരുന്നു. 12 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്. പതിനാലോളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

‘ശക്തി’ പരാമർശം: തന്‍റെ വാക്കുകളെ മോദി വളച്ചൊടിക്കുകയാണെന്ന് രാഹുൽ
🖱️തന്‍റെ വാക്കുകളെ പ്രധാനമന്ത്രി എപ്പോഴും വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ശക്തി’ പരാമർശം വിവാദമായതോടെ സാമൂഹ്യമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ പറഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളെയടക്കം കീഴടക്കിവച്ചിരിക്കുന്ന ശക്തിയെക്കുറിച്ചാണ്. അത് പ്രധാനമന്ത്രിയാണ്. ഞാൻ പറഞ്ഞതിന്‍റെ അർഥം അദ്ദേഹത്തിന് നല്ല രീതിയിൽ മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുന്നതെന്നും തെറ്റിധാരണ പരത്തുന്നതെന്നും രാഹുൽ ആരോപിച്ചു.

കള്ളപ്പണമിടപാടുകൾ തടയാൻ കൺട്രോൾ റൂം തുറന്ന് ആദായ നികുതി വകുപ്പ്
🖱️ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളപ്പണമിടപാടും കണക്കിൽപ്പെടാത്ത പണത്തിന്‍റെ വിനിയോഗവും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ കർശന നിരീക്ഷണവുമായി ആദായ നികുതി വകുപ്പ്. കേരളത്തിലുടനീളം 150ലേറെ ഉദ്യോഗസ്‌ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഇൻകം ടാക്‌സ് ഡയറക്റ്റർ ജനറൽ ദേബ്‌ജ്യോതിദാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊച്ചിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ: 1800 – 425 – 3173.

ലോക്സഭാ തെരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു
🖱️ലോക്സഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും നിരീക്ഷണ സംഘങ്ങൾക്ക് രൂപം നല്‍കി. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്‌സ്ആപ്പിലൂടെ പരാതി നൽകാം.

ലോക്സഭ തെരഞ്ഞെടുപ്പ്: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി
🖱️മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ പതിനാറിലേക്ക് മാറ്റി. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയതെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1105 ഒഴിവുകളാണ് സിവില്‍ സര്‍വീസില്‍ ഉണ്ടായിരുന്നത്. എന്നാൽ ഈ വര്‍ഷം 1056 ഒഴിവുകളാണ് ഉള്ളത്. ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമുണ്ട്. അതേസമയം സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 20ന് ആരംഭിക്കും.

പൊലീസിന് ഇന്ധനം: കുടിശിക അടച്ചുതീർക്കണമെന്ന് പമ്പുടമകള്‍
🖱️പൊലീസ് വാഹനങ്ങൾ ഇന്ധനം അടിച്ച വകയിലെ കുടിശിക തീര്‍ക്കണമെന്ന ആവശ്യവുമായി പമ്പുടമകള്‍. കുടിശിക തീര്‍ക്കാതെ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ ഒരു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇനി ഇന്ധനം നല്‍കില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ അറിയിച്ചു. അടുത്ത മാസം ഒന്നുമുതല്‍ കുടിശിക തീര്‍ക്കാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം കടം നല്‍കില്ലെന്നാണ് സ്വകാര്യ പമ്പുടമകളുടെ തീരുമാനം. സ്വകാര്യ പമ്പുകള്‍ക്ക് ഇന്ധനമടിച്ച വകയില്‍ ഈ മാസം 10 വരെ 28 കോടി രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. ഇതാണ് പമ്പുടമകളെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

പേരാമ്പ്രയിലെ കൊലപാതകം: മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വിട്ടു
🖱️ പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽവിട്ടു. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വരും ദിവസങ്ങളിൽ പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഹാജരാക്കും.മാർച്ച് പതിനൊന്നിനാണ് സംഭവം. പേരാമ്പ്ര വാളൂർ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്മാൻ കൊലപ്പെടുത്തിയത്. ബൈക്കിൽ ലിഫ്റ്റ് നൽകിയശേഷം യുവതിയെ തോട്ടിൽ തള്ളിയിട്ട പ്രതി, വെള്ളത്തിൽ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്.

റഷ്യയിൽ വീണ്ടും പുടിൻ
🖱️എതിര്‍ശബ്ദങ്ങളെ നിഷ്പ്രഭമാക്കി അഞ്ചാമതും റഷ്യന്‍ പ്രസിഡന്റായി വ്ലാദിമിർ പുടിൻ. തിങ്കളാഴ്‌ച വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പുടിന് 87.83 ശതമാനം വോട്ട്‌ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 2030 വരെ പുടിന്‌ അധികാരത്തില്‍ തുടരാം. ഇതോടെ സ്റ്റാലിനുശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവായി പുടിന്‍ മാറും. സ്വതന്ത്രനായി മത്സരിച്ച അദ്ദേഹത്തിന്‌ 7.6 കോടി വോട്ടാണ് ലഭിച്ചത്‌. നാലു ശതമാനം വോട്ട്‌ നേടി റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാർഥി നിക്കോളായ് ഖാരിതൊനോവ് രണ്ടാം സ്ഥാനത്തെത്തി. ഉക്രയ്നിലെ സൈനികനീക്കത്തെ ശരിവയ്‌ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പുടിന്‍ പ്രതികരിച്ചു.

ശ്രീനിവാസൻ വധക്കേസ്; പോപ്പുലര്‍ ഫ്രണ്ട് നേതാവ് എന്‍ഐഎ പിടിയിൽ
🖱️ബിജെപി നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ സംഘം പിടികൂടി. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 71 ആയി.ഷെഫീഖിനെ കൊല്ലത്തു നിന്നുമാണ് എൻഐഎ പിടികൂടിയത്. ഇയാൾ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹിറ്റ് സ്‌ക്വാഡ് അംഗമാണെന്നും എന്‍ഐഎ അറിയിച്ചു. കേസിലെ ഒന്നാംപ്രതി കെപി അഷറഫിനെ കൃത്യത്തിനു നിയോഗിച്ചത് ഷെഫീഖാണ്. പിഎഫ്‌ഐ നേതൃത്വവുമായി ഷെഫീഖ് ഗൂഢാലോചന നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.

‘മോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും തവണ കോൺഗ്രസ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും’:ചെന്നിത്തല
🖱️മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും പൂർണമായി ഇല്ലാതാകുന്ന നടപടികളിലേക്ക് കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പ്രധാനമന്ത്രി നരേന്ദ്രമോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും തവണ കോൺഗ്രസ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും. മോദിയുടെ ഓരോ വാഗ്ദാനങ്ങളും നുണകളായിരുന്നു. ഭരണഘടന ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന പൗരവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും പരിപൂർണമായി എടുത്തുകളഞ്ഞുകൊണ്ട് ഇന്ത്യൻ ഭരണഘടന മാറ്റും എന്നതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃശൂരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
🖱️കേച്ചേരി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് തൂങ്ങി മരിച്ച നിലയിൽ. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന്‍ സുജിത്തിനെയാണ് (28) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് തൂങ്ങി മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയുടെ കാരണം. സുജിത് സുഹൃത്തിനോട് പാര്‍ട്ടി ഓഫീസിലെത്താന്‍ വാട്സാപ്പ് സന്ദേശം അയച്ചതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. സന്ദേശം ലഭിച്ചത് അനുസരിച്ച് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസിലെത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.

ഇടതുമുന്നണി യോഗത്തിൽ വേദി പങ്കിട്ടു; എൻഎസ്എസ് യൂണിയൻ പ്രസിഡന്‍റിനെ പുറത്താക്കി
🖱️ഇടതുമുന്നണിയുടെ യോഗത്തിൽ വേദി പങ്കിട്ട നായർ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പ്രസിഡന്‍റിനെ പുറത്താക്കി. “സമദൂരം, ശരിദൂരം’ എന്ന എന്ന സംഘടനാ നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ച മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി.പി. ചന്ദ്രൻ നായരെയാണ് എൻഎസ്എസ് നേതൃത്വം പുറത്താക്കിയത്. വൈസ് പ്രസിഡന്‍റിന് പകരം ചുമതല നൽകി. എന്നാൽ താൻ രാജിവയ്ക്കുകയായിരുന്നെന്ന് ചന്ദ്രൻ നായർ പറയുന്നു. എൽഡിഎഫ് കോട്ടയം പാർലമെന്‍റ് മണ്ഡലം സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ തോമസ് ചാഴികാടനും ജോസ് കെ. മാണിക്കുമൊപ്പം സജീവ സാന്നിധ്യമായി ചന്ദ്രൻ നായരുമുണ്ടായിരുന്നു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കരയോഗം പ്രവർത്തകരുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഎസ്എസ് നേതൃത്വത്തിന്‍റെ നടപടി.

മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ വൈകി; വലഞ്ഞ് യാത്രക്കാർ
🖱️അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ട്രെയ്‌നുകള്‍ 5 മണിക്കൂര്‍ വരെ വൈകി. കോട്ടയം ചിങ്ങവനം യാര്‍ഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് ഇതുവഴിയുള്ള ട്രെയ്നുകള്‍ മണിക്കൂറുകള്‍ വൈകിയത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ നേരത്തേ തന്നെ അറിയിപ്പ് നല്‍കുന്ന പതിവ് റെയ്‌ല്‍വേ തെറ്റിച്ചതോടെ, കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താമെന്ന കണക്കുകൂട്ടലില്‍ ട്രെയ്നിൽ കയറിയവര്‍ വലഞ്ഞു. രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 11.50നാണ് എത്തിയത്. രാവിലെ 9 മണിക്ക് എത്തേണ്ടിയിരുന്ന മലബാര്‍ എക്‌സ്പ്രസ് ഉച്ചയ്ക്ക് ഒരു മണിക്കാണ് എത്തിയത്. രാവിലെ 9.05ന് എത്തേണ്ട കന്യാകുമാരി എക്‌സപ്രസ് ഉച്ചയ്ക്ക് 12.30നും ആണ് എത്തിയത്.

4 മാവോയിസ്റ്റുകൾ മഹാരാഷ്ട്ര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
🖱️മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ തല‍്യ്ക്ക് 36 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് പൊലീസ് – സിആർപിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. തെലുങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇവരിൽ നിന്ന് ലഘുലേഖകളും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ അതൃപ്തി
🖱️ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നതിനിടെ ബിഹാറിൽ എൻഡിഎക്കു തിരിച്ചടി. സീറ്റ് വിഭജനത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ആർഎൽജെ നേതാവ് പശുപതി പരസ് കേന്ദ്ര മന്ത്രിസ്ഥാനം രാജി വച്ചു. ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ ആർഎൽജെയ്ക്ക് സീറ്റൊന്നും നൽകിയിരുന്നില്ല. അതു മാത്രമല്ല ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിലുള്ള എൽജെപിക്ക് അഞ്ച് സീറ്റുകൾ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് പരസ് വാർത്താസമ്മേളനം വിളിച്ചു കൂട്ടി രാജി പ്രഖ്യാപിച്ചത്. എൻഡിഎയോട് ആത്മാർഥത കാണിച്ചിട്ടും തനിക്ക് അനീതിയാണ് തിരിച്ചു കിട്ടിയതെന്നും അതിനാൽ രാജി വയ്ക്കുന്നുവെന്നുമാണ് പരസ് അറിയിച്ചത്.

”രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു, മോദിയുടെ ഗ്യാരന്‍റി പാഴാകും”, മല്ലികാർജുൻ ഖാർഗെ
🖱️രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർ‌ജുൻ ഖാർഗെ. നരേന്ദ്രമോദിയുടെ ഗ്യാരന്‍റി പാഴാകുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങളെടുക്കുന്നതിനായാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്. ഭാഗിദാരി ന്യായ്, കിസാൻ ന്യായ്, നാരി ന്യായ്, ശ്രമിക് ന്യായ്, യുവ ന്യായ് തുടങ്ങി അഞ്ചുന്യായങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; 19 കാരന്‍ അറസ്റ്റിൽ
🖱️വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിക്കുകയും ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത 19 കാരന്‍റ അറസ്റ്റിൽ. മഹാരാഷ്ട്ര നാഗ്പൂരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. രാഹുൽ മോഹ്‌നിക്കർ എന്നയാഴാണ് അറസ്റ്റിലായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളുടെ വീട്ടിൽ റെയ്‌ഡ് നടത്തിയ ശേഷം വാൾ പിടിച്ചെടുത്ത പിടിച്ചെടുത്തതായി ഉംരെദ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

പതഞ്ജലി പരസ്യക്കേസ്: ബാബാ രാം ദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി
🖱️പതഞ്ജലിയുടെ പേരിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ യോഗ ഗുരു രാം ദേവും പതഞ്ജലി മാനേജിങ് ഡയറക്റ്റർ ആചാര്യ ബാലകൃഷ്ണനും നേരിട്ട് ഹാരജാകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ഹിമ കോഹ്‌ലി, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉറപ്പു നൽ‌കിയതിനു ശേഷവും അതു തുടർന്നതിനെത്തുടർന്ന് പതഞ്ജലി ആയുർവേദിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തിൽ മറുപടി നൽകാൻ രാം ദേവിനും ആചാര്യ ബാലകൃഷ്ണനും കോടതി നോട്ടീസ് അയച്ചിട്ടും ഇരുവരു മറുപടി നൽകാഞ്ഞതിനെത്തുടർന്നാണ് ഇരുവരോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ‌ ഉത്തരവിട്ടിരിക്കുന്നത്.

ഝാർഖണ്ഡ് എംഎൽഎ സീതാ സോറൻ ബിജെപിയിൽ ചേർന്നു
🖱️ഝാർഖണ്ഡ് എംഎൽഎ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ സഹോദര ഭാര്യയും ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടി എംഎൽഎയുമായ സീതാ സോറൻ ബിജെപിയിൽ ചേർന്നു. ഝാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് രാജി വച്ച് മണിക്കൂറുകൾക്കുള്ളിലാണ് സീതാ സോറൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ജമയിൽ നിന്നുള്ള എംഎൽഎ ആയ സീത ഝാർഖണ്ഡ് മുക്തി മോർച്ച തന്നെ നിരന്തരമായി അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ഝാർഖണ്ഡ് തെരഞ്ഞെടുപ്പു ചുമതലയുള്ള ലക്ഷ്മികാന്ത് ബാജ്പേയ് എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപി ഹെഡ് ക്വാർട്ടേഴ്സിൽ വച്ചാണ് സീതാ സോറൻ ബിജെപി അംഗത്വം സ്വീകരിച്ചത്.

നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷയില്‍ ഇളവ്
🖱️തൃശൂരിൽ ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ തടവു പ്രതിക്കു ശിക്ഷയിൽ ഇളവു നൽകി സുപ്രീംകോടതി. 30 വർഷത്തേക്ക് പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിലാണ് ഇളവ്. കേസിലെ പ്രതി പുന്നയൂര്‍ മംഗലത്തുവീട്ടില്‍ നവാസ് (42) നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി വിധി. കഠിനതടവിനൊടൊപ്പം പരോളോ, ജാമ്യമോ മറ്റു ശിക്ഷാ ഇളവുകളോ പാടില്ലെന്ന നിബന്ധനയുടെ കാലാവധി 25 വര്‍ഷമാക്കി കുറച്ചു കൊടുക്കുകയിരുന്നു. അനുഭവിച്ചു കഴിഞ്ഞ തടവുശിക്ഷയ ഉൾപ്പെടുത്തിയാണ് ഈ വിധി.

‘അരുണാചൽ പ്രദേശ് ഞങ്ങളുടെ ഭാഗമെന്ന് ചൈന”; അസംബന്ധമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ
🖱️അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന ചൈനീസ് വാദത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. അരുണാചൽ ഇന്ത്യയുടെ ഭാഗമാണെന്നും ഇനിയും അതങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ് വാൾ വ്യക്തമാക്കി. ഈ മാസം ഇത് രണ്ടാം തവണയാണ് അരുണാചൽ പ്രദേശിനുമേൽ ചൈന അവകാശവാദമുന്നയിക്കുന്നത്. ഇത്തവണ മോദിയുടെ അരുണാചൽ സന്ദർശനത്തിനു തൊട്ടുപിന്നാലെയാണു പ്രസ്താവനയുമായി ചൈന എത്തിയത്.

ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി
🖱️ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി. പാർട്ടി എംഎൽഎ കേതൻ ഇനാംദാൻ രാജിവെച്ചു. പഴയ പാർട്ടി പ്രവർത്തകരെ ബിജെപി അപമാനിക്കുന്നു. ആത്മാഭിമാനത്തേക്കാൾ വലുതല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത്. തന്‍റെ നീക്കം സമ്മർദ തന്ത്രമല്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ വഡോദര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രഞ്ജൻ ഭട്ടിന്‍റെ വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും ഇനാംദാർ പറഞ്ഞു. കുറച്ചുകാലമായി ദീർഘകാലം പാർട്ടിയുമായി ബന്ധമുള്ളവരെ ശ്രദ്ധിക്കാൻ പാർട്ടിക്ക് പറ്റുന്നില്ലെന്ന് എനിക്ക് തോന്നി. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പഴയ പാർട്ടിപ്രവർത്തകരെ അവഗണിക്കുന്നത് ശരിയല്ലെന്നും രാജിക്ക് ശേഷം കേതൻ പറഞ്ഞു.

നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ
🖱️കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ. മാർച്ച് 16 ലെ പ്രസംഗത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പാരമർശത്തിനെതിരെയാണ് പരാതി. മതവികാരം ഉണർത്താൻ ശ്രമിച്ചെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ് ഭാരതി ആരോപിച്ചു.

കെൽട്രോണിന്‌ തമിഴ്‌നാട്ടിൽ നിന്നും 1000 കോടിയുടെ മെഗാ ഓർഡർ
🖱️കേരളത്തിൻറെ ടെക്നോളജി പാർട്ണറായ കെൽട്രോൺ മത്സരാധിഷ്ഠിത ടെൻഡറിലൂടെ തമിഴ് നാട് സർക്കാരിൽ നിന്നും ആയിരം കോടി രൂപയുടെ മെഗാ ഓർഡർ നേടിയെടുത്തു. തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള തമിഴ് നാട് ടെക്‌സ്റ്റ് ബുക്ക് & എഡ്യൂക്കേഷണൽ സർവീസ് കോർപ്പറേഷൻ പരസ്യപ്പെടുത്തിയ മൂന്ന് വിവിധ ടെൻഡറുകൾ ആണ് കെൽട്രോൺ സ്വന്തമാക്കിയത്. മൂന്ന് ടെൻഡറുകളുടെയും മൊത്തം മൂല്യം 1076 കോടി രൂപയാണ്. ഓർഡർ പ്രകാരം ആറു മാസം കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കേണ്ടതാണ്. കെൽട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പാണ് ഈ മെഗാ ഓർഡർ നടപ്പിലാക്കുന്നത്.

ഇലക്റ്ററൽ ബോണ്ട്: പല പാർട്ടികൾക്ക് പല ന്യായം
🖱️ഇലക്റ്ററൽ ബോണ്ട് വിഷയത്തിൽ വിവരങ്ങൾ പങ്കുവയ്ക്കാൻ രാഷ്‌ട്രീയ കക്ഷികൾ വിസമ്മതിക്കുന്നത് വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി. പാര്‍ട്ടി ഓഫിസിലെ ഡ്രോപ്പ്ബോക്‌സിലും പേര് വെളിപ്പെടുത്താത്ത തപാലിലുമാണു ബോണ്ടുകൾ ലഭിച്ചതെന്നാണു ചില പാര്‍ട്ടികളുടെ വിശദീകരണം. രാഷ്‌ട്രീയ കക്ഷികളുടെ വരുമാനത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന്, 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതികൾ, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിയമത്തിലെ ഭാഗങ്ങൾ, ആദായ നികുതി നിയമം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണു ബിജെപിയുടെ പ്രതിരോധം.

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചു വീണ് പരുക്കേറ്റ വിദ്യാർഥി മരിച്ചു
🖱️ വിഴിഞ്ഞ് തുറമുഖത്തിനടുത്ത് ടിപ്പറിൽ നിന്ന് തെറിച്ചു വീണ കല്ലു കൊണ്ട് പരുക്കേറ്റ വിദ്യാർഥി മരിച്ചു. മൂക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ അനന്തുവാണ് മരിച്ചത്. ഇന്നു രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയിരുന്ന ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വഴിയിൽ നിന്നിരുന്ന അനന്തുവിന്‍റെ ദേഹത്തേക്ക് വീണത്.അനന്തുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിംസ് കോളെജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർഥിയായിരുന്നു.

ആലപ്പുഴയിൽ കടല്‍ ഉള്‍വലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ
🖱️ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം ദൃശ്യമായത്. തീരത്തോട് ചേർന്നുള്ള ഭാഗത്ത് ചെളിക്കെട്ട് അടിഞ്ഞിനാൽ പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. എന്നാൽ കടല്‍ ഉള്‍വലിഞ്ഞതിന്‍റെ കാരണം വ്യക്തമല്ല.

‘പിണറായി സർക്കാർ സിഎഎ കേസുകൾ പിൻവലിക്കുന്നത് നാല് വോട്ടിനു വേണ്ടി’; കെ. സുരേന്ദ്രൻ
🖱️പൗരത്വ പ്രതിഷേധത്തിന്‍റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തയാറാകാത്തത് പിണറായി സർക്കാരിന്‍റെ ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

അപൂർവ റെക്കോഡുമായി റാഷിദ്
🖱️അയർലൻഡിനെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിൽ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാൻ. രണ്ടാം മത്സരത്തിലെ നാല് വിക്കറ്റ് നേട്ടമടക്കം എട്ട് വിക്കറ്റാണ് താരം പരമ്പരയില്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ ക്ലീന്‍ ബൗള്‍ഡിലൂടെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന അപൂർ നേട്ടമാണ് റാഷിദിനെ തേടിയെത്തിയത്.

സൗഹൃദ മത്സരങ്ങൾക്ക് മെസിയില്ല
🖱️സൂപ്പർതാരം ലയണല്‍ മെസി അര്‍ജന്‍റീനയുടെ സൗഹൃദ മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം ഇന്‍റര്‍ മയാമിയുടെ അവസാന മത്സരം മെസിക്ക് നഷ്ടമായിരുന്നു. അമെരിക്കയില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ മെസി ഇല്ലാതെ അര്‍ജന്‍റീനയ്ക്ക് ഇറങ്ങേണ്ടിവരുന്നത് ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

സര്‍ഫറാസിനും ജുറേലിനും ബിസിസിഐ കരാർ
🖱️ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ യുവതാരങ്ങളായ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും ബിസിസിഐയുടെ കേന്ദ്ര കരാര്‍. ഗ്രൂപ്പ് സിയില്‍ ഒരു കോടി രൂപ വാര്‍ഷിക റീട്ടൈനര്‍ഷിപ്പ് ഫീസില്‍ വരുന്ന കരാറിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദേശിച്ചത്. നിലവിലെ സീസണില്‍ മൂന്ന് ടെസ്റ്റുകള്‍ കളിക്കുകയെന്ന മാനദണ്ഡം പൂര്‍ത്തിയാക്കിയതോടെയാണ് ഇരുവര്‍ക്കും ബിസിസിഐ കരാര്‍ നല്‍കിയത്.

തിരുവനന്തപുരത്ത് ആരാധകർ ഇളകി മറിഞ്ഞു; വിജയ് സഞ്ചരിച്ച കാർ തകർന്നു
🖱️പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ തമിഴ് സൂപ്പർതാരം വിജയ് യുടെ കാർ ആരാധകരുടെ ആവേശത്തിൽ തകർന്നു. ആരാധകരുടെ ആവേശം അതിരു വിട്ടതിനെ തുടർന്ന് താരത്തിൻറെ കാറിൻറെ ചില്ലുകൾ തകരുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തകർന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നേരത്തെ താരം തിരുവനന്തപുരത്തെത്തിയതിന്റെയും ആരാധകരുടെ ആവേശത്തിന്റെയും വീഡിയോകളും പ്രചരിച്ചിരുന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 6080 രൂപ
പവന് 48640 രൂപ