നെല്ലിയാമ്പതി റോഡിൽ കാട്ടുതീ പ്രതിരോധ നടപടി ആരംഭിച്ചു.

പോത്തുണ്ടി നെല്ലിയാമ്പതി റോഡിൽ കാട്ടുതീ പ്രതിരോധ നടപടികൾ ആരംഭിച്ചു. റോഡരികിലെ കരിയിലകളും പുല്ലും ഉള്ള ഭാഗത്താണ് വാച്ചർമാരുടെയും വനം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൺട്രോൾ ബേർണിങ്ങ് ആരംഭിച്ചത്. കരിയിലകളും ഉണക്കപുല്ലുകളും അടിച്ചുകൂട്ടി കത്തിച്ച് വനമേഖലയിലേക്കുള്ള തീ പിടുത്ത സാധ്യത കുറയ്ക്കാനാണിത്. വനം വകുപ്പിന് ഫണ്ട് ലഭ്യത കുറവ് മൂലം ഈ വർഷം ഫയർ ലൈൻ നിർമ്മാണം നടത്തിയിട്ടില്ല. നെല്ലിയാമ്പതി റോഡരികിലെ നിത്യഹരിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ മരങ്ങൾ മുഴുവൻ ഇലപൊഴിച്ച് റോഡരികിൽ കരിയിലകൾ കൂടിയതോടെയാണ് വാഹന യാത്രക്കാരിൽ നിന്ന് തീപിടുത്ത സാധ്യത കണക്കിലെടുത്ത് കൺട്രോൾ ബേർണിങ് ആരംഭിച്ചത്. മരങ്ങൾ ഇലകൊഴിഞ്ഞതോടെ നെല്ലിയാമ്പതി മേഖലയിലും ചൂട് കൂടിയതായി പ്രദേശവാസികൾ പറഞ്ഞു. പോത്തുണ്ടി വനം ചെക്ക് പോസ്റ്റിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് കാട്ടുതീ ബോധവൽക്കരണ നിർദ്ദേശങ്ങളും ലഘുലേഖകളും നൽകിയാണ് പ്രവേശിപ്പിക്കുന്നത്. തീപിടുത്ത സാധ്യത ഒഴിവാക്കുന്നതിനായി നെല്ലിയാമ്പതി റോഡിൽ കരിയിലകൾ കത്തിച്ച് വനം ജീവനക്കാർ കൺട്രോൾ ബേർണിങ് നടത്തുന്നു.