വാർത്താകേരളം

പ്രഭാതവാർത്ത

സിഎഎ വിരുദ്ധ പ്രക്ഷോഭം; കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർ‌ക്കാർ
🖱️പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള നിർദേശം ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസ് മേധാവികൾക്ക് അയച്ചു. ജാമ്യം ലഭിക്കാൻ സാധ്യത കൂടുതലുള്ള കേസുകൾ എല്ലാം പിൻവലിക്കാനാണ് നിർദേശം. മുൻപ് പിൻവലിക്കാൻ നിർദേശിച്ച കേസുകളിൽ, അവ പിൻവലിക്കാനുള്ള അപേക്ഷ കോടതിയിലെത്തിയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് പിൻവലിച്ചെതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

6 സംസ്ഥാനങ്ങളിലെ ഹോം സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം
🖱️ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഗുജറാത്ത്, ഉത്തർ പ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരുടെ ഓഫിസുകളിൽ പ്രവർത്തിക്കുന്ന ഹോം സെക്രട്ടറിമാർക്കാണ് സ്ഥാനചലനം വരുന്നത്. ഇതിനൊപ്പം, പശ്ചിമ ബംഗാൾ ഡിജിപിയെയും, മിസോറമിന്‍റെയും ഹിമാചൽ പ്രദേശിന്‍റെയും പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെയും മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലും സ്വന്തം ജില്ലകളിൽ മൂന്നു വർഷം പൂർത്തിയാക്കിയ, തെരഞ്ഞെടുപ്പ് ജോലികൾ വഹിക്കേണ്ടുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണം.

എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണ്: കെ.സുരേന്ദ്രൻ
🖱️ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള പിണറായി വിജയന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് വി.ഡി സതീശൻ ചെയ്യുന്നത്. നരേന്ദ്രമോദി സർക്കാർ 10 വർഷം കൊണ്ട് രാജ്യത്തും കേരളത്തിലും നടപ്പിലാക്കിയ വികസനപദ്ധതികളാണ് എൻഡിഎ ഉയർത്തുന്നത്. എന്നാൽ ദേശീയതലത്തിൽ ഇണ്ടി മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നത്. മോദിയുടെ ഗ്യാരണ്ടി എന്നത് ഭാവിയിൽ ചെയ്യാനുള്ള കാര്യങ്ങൾ മാത്രമല്ല കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്യങ്ങൾ കൂടിയാണ്.

ജോസ് ആലുക്കാസിൽ VALUE OFFER

പുതിയ സ്വർണ്ണം വാങ്ങുമ്പോൾ ഗ്രാമിന് Rs.50 കുറവ്

പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഗ്രാമിന് Rs.50 കൂടുതൽ ലഭിക്കുന്നു.

Contact: 93499 24001

ഹിമാചലിൽ കോൺഗ്രസ് വിമത എംഎൽഎമാർക്ക് തിരിച്ചടി
🖱️ഹിമാചലിലെ കോൺഗ്രസ് വിമത എംഎൽഎമാർക്ക് തിരിച്ചടി. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. നിയമസഭാ നടപടികളിൽ പങ്കെടുക്കാനോ വോട്ടു ചെയ്യാനോ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഹിമാചൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനുമാണ് ആറ് എംഎൽഎമാരെ അയോഗ്യരാക്കിയത്. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ സുപ്രീംകോടതി ഹിമാചൽ സർക്കാരിന് നോട്ടീസ് അയച്ചു.

കരുവന്നൂര്‍ തട്ടിപ്പ് കേസിൽ ഇഡിക്ക് രൂക്ഷ വിമര്‍ശനം
🖱️കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം നീണ്ടു പോകുന്നതില്‍ ഇഡിയെ വിമർശിച്ച് ഹൈക്കോടതി. എന്താണ് ഈ കേസില്‍ ഇഡി ചെയ്യുന്നതെന്നും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.തന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അവര്‍ക്ക് എന്ത് ഉറപ്പ് കൊടുക്കും? ഒരു അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

ഇഡിയും വോട്ടിങ് യന്ത്രവുമില്ലാതെ മോദിക്ക് ജയിക്കാനാവില്ല: രാഹുൽ
🖱️പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ രൂക്ഷ വിമർശനത്തോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഇഡിയും സിബിഐയും ആദായനികുതി വകുപ്പുമില്ലാതെ മോദിക്കു തെരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നു ജാഥാ ക്യാപ്റ്റൻ രാഹുൽ ശിവാജി പാർക്കിലെ സമാപന സമ്മേളനത്തിൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയും വിലക്കയറ്റവും സമൂഹത്തിൽ വിദ്വേഷം പടർത്തലും അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാണിക്കുന്നതിന് രണ്ടാം യാത്ര നടത്താൻ താൻ നിർബന്ധിതനാകുകയായിരുന്നെന്നും രാഹുൽ.

സുരേഷ് ഗോപിയെ ‘അനുഗ്രഹിച്ചാൽ’ കലാമണ്ഡലം ഗോപിക്ക് പദ്മഭൂഷൺ വാഗ്ദാനം; ‘ആ ഗോപിയല്ല ഈ ഗോപി’ എന്നു മറുപടി
🖱️ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി കലാമണ്ഡലം ഗോപിയെ പലരും സ്വാധീനിക്കാൻ ശ്രമിച്ചതായി മകൻ രഘു ഗുരുകൃപ. ഫെയ്സ്ബുക്കിലൂടെയാണ് രഘു ആരോപണം ഉന്നയിച്ചത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.സുരേഷ് ഗോപി അനുഗ്രഹം വാങ്ങാനായി വീട്ടിലേക്ക് എത്തുമെന്ന് പ്രമുഖ ഡോക്റ്ററാണ് കലാമണ്ഡലം ഗോപിയെ വിളിച്ചു പറഞ്ഞതെന്നും താത്പര്യമില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പദ്മഭൂഷണൊന്നും വേണ്ടേയെന്ന് ചോദിച്ചുവെന്നുമാണ് രഘു കുറിച്ചിരിക്കുന്നത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമന്നും രഘു കുറിച്ചിട്ടുണ്ട്.

പേരാമ്പ്ര കൊലപാതകത്തിൽ അറസ്റ്റിലായ മുജീബ് കൊടുംകുറ്റവാളി; മുത്തേരി ബലാത്സംഗ കേസിൽ ഒന്നാംപ്രതി
🖱️പേരാമ്പ്രയില്‍ അനുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മുജീബ് റഹ്മാൻ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതിയാണെന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത. ഇയാൾ കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്‍റെ അനുയായി ആണെന്നും പൊലീസ് പറയുന്നു.അനുവിന്‍റേതിന് സമാനമായ കേസ് ആയതിനാലാണ് പൊലീസിന് ഇക്കാര്യം പെട്ടെന്ന് ബന്ധപ്പെടുത്തി മനസിലാക്കാനായത്. 2020 സെപ്തംബറിലാണ് മുത്തേരി ബലാത്സംഗക്കേസ് നടക്കുന്നത്. കോഴിക്കോട് മുത്തേരിയില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിലെത്തി, അതില്‍ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തി എന്നതായിരുന്നു കേസ്.

കാസ‍ര്‍ഗോഡ് സ്വകാര്യ ബസ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരുക്ക്
🖱️ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാസ‍ര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുക‌യായിരുന്ന സ്വകാര്യബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ചേതൻ കുമാറിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കും.

കവി പ്രഭാ വർമയ്ക്ക് സരസ്വതി സമ്മാൻ പുരസ്കാരം; 12 വര്‍ഷത്തിന് ശേഷം മലയാളത്തിന് പുരസ്‌കാരം
🖱️സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാ വർമയ്ക്ക്. ‘രൗദ്ര സാത്വികം’ എന്ന കൃതിക്കാണ് പുരസ്‌കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അധികാരവും കലയും തമ്മില്‍ സ്‌നേഹദ്വേഷമായ സംഘര്‍ഷമാണ് കവിതയുടെ ഉള്ളടക്കം. 12 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്.കെ.കെ. ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ്. മലയാളത്തിന് 12 വര്‍ഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ പറഞ്ഞു.

ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരേ അക്രമങ്ങൾ വ‌ർധിക്കുന്നു: ലത്തീൻ അതിരൂപത
🖱️രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ‌ർധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ പള്ളികളിൽ സർക്കുലർ വായിച്ചു. രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി 22ന് ഉപവാസ പ്രാർഥനദിനം ആചരിക്കാനും ആഹ്വാനം ചെയ്തു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന തൊട്ടടുത്ത ദിവസം തന്നെയാണ് സര്‍ക്കുലര്‍ വായിക്കുന്നതെന്നതാണ് ശ്രദ്ധേയം.

സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതികൾ പരിഷ്കരിക്കണമെന്ന് പഠനം
🖱️കടുത്ത ദാരിദ്യ്രത്തിലേക്ക് ജനങ്ങൾ വീണു പോകുന്നതിനു മുൻപ് തന്നെ അത്തരത്തിലുള്ള സാഹചര്യങ്ങൾ തിരിച്ചറിയുന്നതിനും ദാരിദ്ര്യത്തിലേക്ക് വീണും പോകാതിരിക്കാൻ വേണ്ട പിന്തുണ ഉറപ്പാക്കുന്നതിനുമായി കേരളത്തിലെ അതിദാരിദ്ര്യ നിർമാർജന പദ്ധതികളിൽ കാര്യമായ ചില മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നുവെന്ന് നിർദേശിച്ചിരിക്കുകയാണ് സാമൂഹ്യ-സാമ്പത്തിക പാരിസ്ഥിതിക പഠന കേന്ദ്രം (സിഎസ്ഇഎസ്). കേരളത്തിലെ 0.55 ശതമാനം ജനങ്ങൾ പലമാനങ്ങളിലുള്ള അതിദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നാണ് മൾട്ടിഡൈമൻഷണൽ പോവർട്ടി നീതി ആയോഗ് ഇൻഡക്സ് വ്യക്തമാക്കിയിരിക്കുന്നത്.

അഭിമന്യു കേസ്: കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് ഹാജരാക്കി
🖱️അഭിമന്യു കേസിൽ കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഹാജരാക്കി. രേഖകൾ പുനസൃഷ്ടിക്കുന്നതിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ എതിർപ്പ് അറിയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ കോടതിയിൽ നിന്ന് നേരത്തെ കൈപ്പറ്റിയ കോപ്പിയുമായി ഒത്തു നോക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; കടകൾ തകർത്തു
🖱️മാട്ടുപ്പെട്ടിയിൽ പടയപ്പ തിങ്കളാഴ്ചയും ജനവാസ മേഖലയിൽ ഇറങ്ങി. വീണ്ടും വഴിയോര കടകൾ തകർത്തു. നിലവിൽ ആന തെന്മല എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന് വനം വകുപ്പ് പറയുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജൂലൈ 15 മുതല്‍ രണ്ട് ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം
🖱️ജൂലൈ 15 മുതല്‍ രണ്ട് ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയ്‌ല്‍വേ. ട്രെയ്‌ന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്‍റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്‍റെയും സമയക്രമത്തിലാണ് മാറ്റം.ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. നിലവില്‍ ഇത് 12.30 ആണ്. തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍ നിന്ന് വൈകിട്ട് 7.30ന് പുറപ്പെടും. നിലവില്‍ ഇത് 7.45 ആയിരുന്നു.

കോട്ടയത്ത് തുഷാറിന്‍റെ റോഡ് ഷോ
🖱️കോട്ടയത്ത് ആവേശ തരംഗമായി എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിലെ നഗര പര്യടനം ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ വിജയകുതിപ്പിന്‍റെ കാഹളമായി മാറി. വരണം വരണം മോഡി, നാടിന്‍റെ ജീവനാഡി എന്നു തുടങ്ങുന്ന പ്രചാരണ ഗാനം നഗരവീഥികളിലാകെ അലയടിച്ചുയര്‍ന്ന അന്തരീഷത്തിലായിരുന്നു ഷോ. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ഷോ ഫ്ലാഗ് ഒഫ് ചെയ്തു. തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി. ലിജിന്‍ലാല്‍, തുഷാറിന്‍റെ പത്‌നി ആശാ തുഷാര്‍ എന്നിവരുമുണ്ടായിരുന്നു.

‘വൈദേക’ത്തിൽ കൊമ്പുകോർത്ത് മുന്നണികൾ
🖱️തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലെ “വൈദേകം’ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൊമ്പ് കോർക്കുകയാണ് മുന്നണികൾ. എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് ഉടമസ്ഥാവകാശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഈ വിവാദ റിസോർട്ടിൽ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്നും ചന്ദ്രശേഖറിനോട് ജയരാജന് പ്രത്യേക മമതയുണ്ടെന്നുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്. മൂന്ന് മുന്നണികളിലെ നേതാക്കളും ആരോപണ പ്രത്യാരോപണങ്ങളുമായി സജീവായതോടെ വിവാദത്തിനു ചൂട് പിടിച്ചു.

രാജസ്ഥാന്‍ അജ്മീറിൽ സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി
🖱️രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം. ട്രെയിനിന്‍റെ 4 കോച്ചുകളും എൻജിനുമാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരുക്കേറ്റത്തായാണ് വിവരം. ഇവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി. അപകട സമയം ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാർ പറഞ്ഞു.

58ാം വയസിൽ ചരൺ കൗറിന് ആൺകുട്ടി; സിദ്ധു മൂസേവാലയ്ക്ക് അനുജൻ
🖱️ഗൂണ്ടാസംഘം കൊലപ്പെടുത്തിയ പഞ്ചാബി യുവ ഗായകൻ സിദ്ധു മൂസേവാലയുടെ അമ്മ ചരൺ കൗർ ആൺകുട്ടിക്കു ജന്മം നൽകി. ഏക മകനായിരുന്ന മൂസേവാല മരിച്ചിട്ട് രണ്ടു വർഷമെത്തുമ്പോഴാണ് ചരൺകൗറിനും ഭർത്താവ് ബാൽകൗർ സിങ്ങിനും ജീവിതത്തിൽ പുതുവെളിച്ചമായി കുഞ്ഞു പിറന്നത്. സമൂഹമാധ്യമത്തിൽ ബാൽകൗർ സിങ്ങാണ് മൂസേവാലയ്ക്ക് അനുജനെത്തിയ വിവരം അറിയിച്ചത്. മൂസേവാലയുടെ ചിത്രത്തിനു മുകളിൽ കുഞ്ഞിനെ മടിയിൽ വച്ച് ബാൽകൗർ സിങ് ഇരിക്കുന്ന ചിത്രവും പങ്കുവച്ചു.

വീട്ടുജോലിക്കെത്തിയ 15 കാരിയെ പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചു; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ
വീട്ടുജോലിക്കെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്തതിന് അസമിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) അറസ്റ്റിൽ. ആസാമിലെ ​ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിലായത്. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും കുടുംബാം​ഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കാറുണ്ടെന്നും 15 കാരിയായ പെൺകുട്ടി പറയുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ശനിയാഴ്ച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഞായറാഴ്ച ഇയാൾക്കെതിരെ കേസെടുത്തു.

ബിഹാറിൽ എൻഡിഎ സഖ്യം സീറ്റ് ധാരണയിലെത്തി
🖱️ബിഹാറിൽ ബിജെപിയും സഖ്യകക്ഷികളും തമ്മിൽ സീറ്റ് വിഭജനകാര്യത്തിൽ അന്തിമധാരണയിലെത്തി. 17 സീറ്റിലാണ് ബിജെപി മത്സരിക്കുക. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെഡിയു 16 സീറ്റിലും. ചിരാഗ് പസ്വാന്‍റെ എൽജെപിക്ക് അഞ്ച് സീറ്റ് നൽകിയപ്പോൾ, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎമ്മിന് ഓരോ സീറ്റും അനുവദിച്ചു. ലാലുപ്രസാദ് യാദവിന്‍റെ ആർജെഡിയുമായുള്ള ഒന്നര വർഷത്തെ ബന്ധം വേർപെടുത്തിയാണ് നിതീഷ് കുമാർ കഴിഞ്ഞ ജനുവരിയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ തിരിച്ചെത്തിയത്. ഇനി ‘എല്ലാക്കാലത്തും’ എൻഡിഎയിൽ തുടരുമെന്ന് അതിനു ശേഷം റാലിയിൽ പ്രഖ്യാപനവും നടത്തിയിരുന്നു.

പോസ്റ്ററില്‍ ചാരിനിന്നതിന് 14കാരനെ മർദിച്ച് ബിജെപി നേതാവ്
🖱️പോസ്റ്ററില്‍ ചാരിനിന്നതിന് 14കാരനെ ബിജെപി നേതാവ് മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. ഫോര്‍ട്ട് പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം കാലടിയിലാണ് സംഭവം. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററില്‍ ചാരിനിന്നതിനാണ് മര്‍ദിച്ചത്. ബിജെപി തിരുവനന്തപുരം കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമീപവാസികള്‍ ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

വനിതാ പ്രീമിയർ ലീഗ്‌ ; ബാംഗ്ലൂരിന് കന്നിക്കിരീടം
🖱️ബാംഗ്ലൂരിന്‌ സ്‌പിൻ ബൗളർമാർ കന്നിക്കിരീടമൊരുക്കി. വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന്‌ തോൽപ്പിച്ച്‌ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌ ജേതാക്കളായി. പുരുഷ ടീമിന്‌ സാധ്യമാകാത്ത നേട്ടമാണ്‌ വനിതകൾ സ്വന്തമാക്കിയത്‌. ആദ്യം ബാറ്റെടുത്ത്‌ അപ്രതീക്ഷിത തകർച്ച നേരിട്ട ഡൽഹി 18.3 ഓവറിൽ 113 റണ്ണിന്‌ പുറത്തായി. ബാംഗ്ലൂർ 19.3 ഓവറിൽ രണ്ട് വിക്കറ്റ്‌ നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. തുടർച്ചയായി രണ്ടാംതവണയാണ്‌ ഡൽഹി റണ്ണറപ്പാകുന്നത്‌. ആദ്യം ബാറ്റെടുത്ത ഡൽഹിയെ കുറഞ്ഞ സ്‌കോറിന്‌ പുറത്താക്കിയ ബാംഗ്ലൂർ സ്‌പിന്നർമാരാണ്‌ വിജയമൊരുക്കിയത്‌.

ക്യാപ്റ്റൻ നേടിയ കപ്പ്; ഇത് സ്മൃതിയുടെ ആർസിബി
🖱️വനിതാ പ്രീമിയര്‍ ലീഗിലെ പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായി എലിമിനേറ്ററും മറികടന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫൈനലിലെത്തുന്നത്. അവിടെ നേരിട്ടത്, പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിൽ ഇടംപിടിച്ച ഡൽഹി ക്യാപ്പിറ്റൽസിനെയും. എന്നാൽ, സെമി ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് എന്നതു പോലെ ഫൈനലിലും വ്യക്തിഗത മികവുകൾക്കുപരി, തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും കാണിച്ച മിടുക്കാണ് ആർസിബിയെ കിരീടത്തിലേക്കു നയിച്ചത്. അക്കാര്യത്തിൽ ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ഥന പ്രത്യേക ശ്രദ്ധ നേടുകയും ചെയ്തു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 6040 രൂപ
പവന് 48320 രൂപ