[11.03.2024]
വന്യജീവി ശല്യം; കേരളവും കർണാടകയും അന്തർ സംസ്ഥാന കരാറിൽ ഒപ്പുവച്ചു
🖱വന്യജീവി ശല്യം തടയുന്നതിൽ കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ കരാർ ഒപ്പുവച്ചു. വന്യജീവി ശല്യം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂരിൽ ചേർന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും കരാറിൽ ഒപ്പു വച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്‍റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഉടമ്പടി.
ഷമയുടെ വിമർശനത്തിൽ രൂക്ഷ പ്രതികരണവുമായി കെ. സുധാകരന്‍
🖱ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്‍റെ വിമർശനത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല. വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരള സർവകലാശാല കലോത്സവത്തിനിടെ സംഘർഷം: വേദിയിലേക്ക് തള്ളിക്കയറി കെഎസ്‌യു പ്രവർത്തകർ
🖱തിരുവനന്തപുരത്ത് കേരള സർവകലാശാല കലോത്സവത്തിനിടെ സംഘർഷം. എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് പ്രധാന വേദിയിലേക്ക് കെഎസ്‌യു പ്രവർത്തകർ തള്ളിക്കയറി. തുടർന്ന് കെഎസ്‌യു -എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി.ഇരുവരും തമ്മിൽ സംഘർഷമുടലെടുത്തതോടെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പുറത്താക്കി പൊലീസ് വാതിലടച്ചു. പ്രവർത്തകർ വാതിലിനു മുന്നിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു.
പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15നകം നിയമിച്ചേക്കും
🖱പുതിയ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15നകം നിയമിച്ചേക്കും. മൂന്നംഗ പാനലിലെ അനൂപ് ചന്ദ്ര പാണ്ഡേ വിരമിക്കുകയും മറ്റൊരു അംഗമായ അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജി വയ്ക്കുകയും ചെയ്ത രണ്ട് ഒഴിവിലേക്കാണ് അടിയന്തരമായി നിയമനം നടത്തുക. ലോക്സഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അരുൺ ഗോയൽ രാജി വച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു രാജി സ്വീകരിച്ചു. നിലവിൽ പോൾ പാനലിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായ രാജീവ് കുമാർ മാത്രമേ അവശേഷിക്കുന്നുള്ളൂ.
റഷ്യൻ സൈന്യത്തിലേക്ക് മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് 2 ട്രാവൽ ഏജൻസികൾ പൂട്ടി
🖱യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികൾ അടച്ചതിനൊപ്പം ഇവിടെ നിന്നു വിദേശത്തേക്ക് പോയവരുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. ലോക്കൽ പൊലീസിനെ അറിയിക്കാതെയാണു സിബിഐ തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ഏജൻസിയിൽ പരിശോധന നടത്തിയത്. ഈ ഏജൻസികൾ വഴി റഷ്യയിലേക്കും മനുഷ്യക്കടത്തു നടന്നതായാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്.
ദേശീയപാതയിൽ ലെയ്‌ൻ ട്രാഫിക് കർശനമാക്കുന്നു; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
🖱ദേശീയപാത കൂടുതൽ ദൂരം ആറുവരിയാകുന്നതിന് മുന്നോടിയായി റോഡ് നിയമങ്ങൾ ഓർമിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. 45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി – മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തൃശൂർ -വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്. ഒരു മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഓർമ്മിപ്പിച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്. ദേശീയപാത ആറുവരിയായി കടന്നുപോകുന്ന സ്ഥലങ്ങളിൽ വേഗത കുറഞ്ഞ രീതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ, അതായത് വലിയ ചരക്കുവാഹനങ്ങൾ, ട്രെയിലറുകൾ ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ) തുടങ്ങിയവ റോഡിന്റെ ഇടതു ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗത കൂടിയ രീതിയിൽ സഞ്ചരിക്കേണ്ട വാഹനങ്ങൾ ദേശീയപാതയുടെ രണ്ടാമത്തെ ട്രാക്കിലൂടെ വേണം സഞ്ചരിക്കാൻ.
ഇലക്ഷൻ കമ്മിഷണറുടെ രാജി: ദുരൂഹത തുടരുന്നു
🖱ലോക്സഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ഒരുക്കങ്ങൾക്കിടെ ഇലക്ഷൻ കമ്മിഷണർ അരുൺ ഗോയൽ രാജി വച്ചതുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുന്നില്ല. നേരത്തെ, ഇതേ അരുൺ ഗോയലിന്‍റെ നിയമനം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന രീതിയിൽ തന്നെ മാറ്റം വന്നത്. കേന്ദ്ര സർവീസിൽ നിന്നു വിആർഎസ് എടുത്ത അരുൺ ഗോയലിനെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പു കമ്മിഷണറാക്കിയത് നിയമ യുദ്ധത്തിനിടയാക്കിയിരുന്നു.
ബംഗാളിൽ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തൃണമൂൽ
🖱ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ 42 സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാർത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ഥിയാകും. മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി അസാദ് ബര്‍ദമാന്‍ ദുര്‍ഗാപുരില്‍ മത്സരിക്കും.
ബംഗാളിൽ ‘ഇന്ത്യ’ സഖ്യം പൊളിഞ്ഞു
🖱പശ്ചിമ ബംഗാളിൽനിന്നുള്ള പാർലമെന്‍റ് സീറ്റുകളിലേക്ക് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ തീരുമാനത്തോടെ, സംസ്ഥാനത്ത് പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണി ഫലത്തിൽ തകർന്നു. ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ബഹറാംപുർ അടക്കമുള്ള മണ്ഡലങ്ങളിൽ തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് ബഹറാംപുരിലെ തൃണമൂൽ സ്ഥാനാർഥി. 42 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ മുന്നണിക്കൊപ്പം നിന്നാൽ പ്രധാനമന്ത്രി മോദി ഇഡിയെയും സിബിഐയെയും അയയ്ക്കുമെന്നു പേടിച്ചാണ് മമത സഖ്യം വിട്ടതെന്ന് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; മാർച്ച് 15ന് പാലക്കാട് റോഡ് ഷോ
🖱ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി വീണ്ടും കേരള സന്ദർശനത്തിന് എത്തുന്നു. മാർച്ച് 15 ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ; തീവെച്ചതെന്നു സംശയം
🖱വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിനു മുന്നിൽ കത്തിനശിച്ച നിലയിൽ. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ആരെങ്കിലും മനപൂർവ്വം കത്തിച്ചതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം, ശനിയാഴ്ച രാത്രി വടകരയിലെ മുസ്ലിം ലീഗ് നേതാവിന്‍റെ ചാക്കുകടയ്ക്ക് നേരെയും തീവെയ്പ്പ് ശ്രമം ഉണ്ടായിരുന്നു.
ബിജെപിക്ക് തിരിച്ചടി: ഹരിയാനയിലെയും രാജസ്ഥാനിലെയും എംപിമാർ കോൺഗ്രസിലേക്ക്
🖱ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലും കൂറുമാറ്റം തുടരുന്നു. ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാർ ബിജെപി വിട്ടു. ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി രാഹുൽ കസ്വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. ഇദ്ദേഹവും കോൺഗ്രസിൽ ചേരും.
വാഗൺ ട്രാജഡി ആവർത്തിക്കാൻ തയാറെടുക്കുന്ന ലേഡീസ് കോച്ചുകൾ
🖱പാലരുവി എക്സ്പ്രസിന്‍റെ ലേഡീസ് കോച്ച് ഇടുങ്ങിയതും വളരെ ചെറുതുമായതിനാൽ കടുത്ത ദുരിതമാണ് സ്ത്രീകൾ നേരിടുന്നത്. 20 സീറ്റുകൾ മാത്രമുള്ള കോച്ചാണ് സ്ത്രീകൾക്കു മാത്രമായി ഒരു റേക്കിൽ നൽകിയിരിക്കുന്നത്. കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ് കോട്ടയം മുതൽ പാലരുവിയിലെ എല്ലാ അൺറിസർവ്ഡ് കോച്ചുകളിലെയും യാത്ര. അതികഠിനമായ തിരക്കിലും സ്ത്രീകൾക്ക് ഏറെ ആശ്വാസമായിരുന്നു ലേഡീസ് കോച്ച്. എന്നാൽ, പാലരുവിയിലെ ലേഡീസ് കോച്ചിൽ ഇപ്പോൾ പടിവാതിലിൽ വരെ തിങ്ങിനിറഞ്ഞാണ് സ്ത്രീകൾ യാത്ര ചെയ്യുന്നത്.
പത്മജയെ ബിജെപിയിലെത്തിച്ചെന്ന ആരോപണം തള്ളി ബെഹ്റ
🖱മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകൾ പത്മജയുടെ ബിജെപി പ്രവേശനത്തിന് ഇടനിലക്കാരനായെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം നിക്ഷേധിച്ച് മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്നാഥ് ബെഹ്റെ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസ് നേതാക്കളുടെ ആരോപണം തെറ്റാണ്. ഇതിൽ സത്യമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതിലാൽ തന്നെ അധികമൊന്നും പറയാനില്ലെന്നും ബെഹ്റ പ്രതികരിച്ചു.
സംഘപരിവാർ-സിപിഎം ഇടനിലക്കാരനാണ് ബഹ്റ; തെളിവുകളുണ്ടെന്ന് സതീശൻ
🖱സംഘപരിവാറുമായുള്ള സിപിഎമ്മിന്‍റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്നും അതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്മജയെ ബിജെപിയിൽ ചേർക്കാനുള്ള ഇടനിലക്കാരനായി ബെഹ്റ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശൻ ആരോപിച്ചു.
അതിരപ്പിള്ളിയിൽ ബസിനു നേരെ പാഞ്ഞടുത്ത് കാട്ടാന; 15 മിനിറ്റോളം റോഡിൽ നിലയുറപ്പിച്ചു
🖱അതിരപ്പിള്ളി ആനക്കയത്ത് ബസിനു നേരെ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനു നേരെയാണ് ആന പാഞ്ഞടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.കാടിനുള്ളിൽ മറഞ്ഞിരുന്ന കാട്ടാന ബസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. 15 മിനിട്ടോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് തുരത്തിയത്. ആനയ്ക്ക് മദപ്പാടുണ്ടോയെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികൾക്കും വനം വകുപ്പ് ജാഗ്രതാ നിർദേഷം പുറപ്പെടുവിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലത്തിൽ തുള്ളിയവർ വർക്കലയിൽ മിണ്ടണ്ടേ?
🖱പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ബലക്ഷയവുമായി വർക്കലയിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകർച്ചയെ താരതമ്യം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലാരിവട്ടം പാലത്തിന്‍റെ പേരിൽ ബഹളമുണ്ടാക്കിയവർ വർക്കലയുടെ കാര്യത്തിൽ മറുപടി പറയണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം വൻ രാഷ്‌ട്രീയ വിവാദമായി മാറിക്കഴിഞ്ഞു. ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നു എന്നും, അതല്ല, അഴിച്ചുവച്ചതാണെന്നുമൊക്കെ വാദപ്രതിവാദങ്ങൾ ഉയർന്നതിനു പിന്നാലെയാണ് വർക്കലയിലെ സംഭവം.വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് തകർന്ന് വിനോദ സഞ്ചാരികൾക്ക് അപകടമുണ്ടായ സംഭവത്തിൽ, സുരക്ഷാ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്വമെന്ന ഡിടിപിസിയുടെ വാദം ടൂറിസം ഡയറക്‌ടർ തള്ളി.
മരപ്പണിശാലയിൽ തീപിടിത്തം: 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ
🖱കല്ലംചോലയിൽ വീടിനോട് ചേർന്ന മരപ്പണിശാലയിൽ തീപിടിത്തം. കല്ലംചോല കുര്യന്‍റെ ഉടമസ്ഥതയിലുള്ള മരപ്പണിശാലയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി 11.45 ന് ഉണ്ടായ തീപിടിത്തം ഇന്ന് പുലർച്ചെയോടെയാണ് നിയന്ത്രണവിധേയമായത്. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
സേല തുരങ്കം- അരുണാചലിലെ എൻജിനീയറിങ് അദ്ഭുതം
🖱ലോകത്തിലെ ഏറ്റവും നീളംകൂടിയ ഇരട്ടത്തുരങ്കപാത (സേല ടണൽ) അരുണാചൽ പ്രദേശിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചപ്പോൾ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടത്തുരങ്കമാണ് ഇന്ത്യക്കു സ്വന്തമായത്. 13,000 അടി ഉയരത്തിലാണ് സേല തുരങ്കം. സൈന്യത്തിന്‍റെ നിർമാണ വിഭാഗമായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 825 കോടി രൂപ ചെലവിൽ നിർമിച്ച തുരങ്കം ചൈനാ അതിർത്തിയായ തവാങ്ങിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറോളം കുറയ്ക്കും. പദ്ധതിയിലെ ഒരു തുരങ്കത്തിന് 1,003 മീറ്ററും രണ്ടാമത്തേതിന് 2 1,595 മീറ്ററുമാണ് നീളം.ദിവസം 3,000 കാറുകളും 2,000 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകും.
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം: യുവാവിന് തലയ്ക്ക് പരുക്ക്
🖱 വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. തലയ്ക്ക് പരുക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.രാവിലെ ആറരയോടെയാണ് സംഭവം. ആക്രമണത്തിനു പിന്നിൽ പുലിയാണെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയെങ്കിലും വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ഡല്‍ഹിയില്‍ കുഴൽകിണറിൽ വീണയാൾ മരിച്ചു
🖱ഡല്‍ഹിയില്‍ നാല്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കിണറ്റിൽ വീണയാളെ പുറത്തെടുക്കാനായി മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേശോപൂര്‍ മാണ്ഡി ഏരിയയിലെ ജല്‍ ബോര്‍ഡ് പ്ലാന്‍റിലെ കുഴല്‍ക്കിണറില്‍ പുലര്‍ച്ചെയാണ് ഇയാള്‍ വീണത്. ആദ്യം കുട്ടിയാണെന്ന് കരുതിയെങ്കിലും പിന്നീട് പരിശോധനയില്‍ പുരുഷനാണെന്ന് മനസിലായി. ഏകദേശം 30 വയസോളം പ്രായമുള്ളയാളാണ് മരിച്ചത്. പുറത്തെടുത്ത ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബംഗളൂരുവിൽ ജലക്ഷാമം; വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ ടെക്കികൾ
🖱രാജ്യത്തിന്‍റെ ഐടി ഹബ്ബായ ബംഗളൂരുവിൽ ജലക്ഷാമം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കുടിയേറ്റക്കാരായ ടെക്കികൾ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഐടി ജോലിക്കാർ സ്വന്തം വീടുകളിൽ നിന്നു ജോലി തുടരുന്നത് അവർക്കും, ബംഗളൂരു സ്വദേശികൾക്കും ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് ഉയർന്നുവരുന്നത്. വേനൽക്കാലം കനക്കുന്നതിനു മുൻപു തന്നെ നഗരത്തിൽ കുടിവെള്ള ക്ഷാമം വർധിച്ചിരിക്കുകയാണ്. ഇനിയുള്ള രണ്ടു മാസം സ്ഥിതി കൂടുതൽ വഷളാകാനേ സാധ്യതയുള്ളൂ.
ശിവക്ഷേത്രത്തിൽ നേദിച്ച ഒറ്റ ചെറുനാരങ്ങ ലേലം ചെയ്തത് 35,000 രൂപയ്ക്ക്!
🖱മഹാശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നേദിച്ച ഒരു ചെറുനാരങ്ങ ലേലം ചെയ്തപ്പോൾ ലഭിച്ചത് 35,000 രൂപ. തമിഴ്നാട്ടിലെ ശിവഗിരിയിൽ നിന്ന് 35 കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ പഴപൂസയ്യൻ ക്ഷേത്രത്തിലാണ് സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പഴങ്ങളും ചെറുനാരങ്ങകളും ഭഗവാന് നേദിക്കുന്ന പതിവ് ക്ഷേത്രത്തിലുണ്ട്. ഇവ പിന്നീട് ഭക്തർക്ക് ലേലം ചെയ്യും. ഇത്തരത്തിൽ ഭഗവാന് നേദിച്ച ചെറുനാരങ്ങയാണ് 35000 രൂപ നൽകി ഭക്തൻ ലേലത്തിൽ സ്വന്തമാക്കിയത്. ആകെ 15 പേരാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതും ഇതേ ചെറുനാരങ്ങയ്ക്കാണ്.
”രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തും”, ബിജെപി എംപി
🖱രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തുമെന്ന് ബിജെപി എംപി. ഭൂരിപക്ഷമില്ലാത്തതിനാലാണ് ഇത് സാധ്യമാകാത്തത് എന്നും ഹെഗ്ഡെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കർണാടക ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ വ്യക്തമാക്കി. ”400ലധികം സീറ്റുകളിൽ വിജയിക്കാൻ നിങ്ങൾ ബിജെപിയെ സഹായിക്കണം. എന്തിനാണ് 400 ലധികം സീറ്റെന്നോ? ഹിന്ദുയിസം മുന്നിലാവാതിരിക്കാനായി കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടന തിരുത്തി. നമ്മുടെ മതത്തെ സംരക്ഷിക്കാൻ അത് നമുക്ക് തിരുത്തണം”, അദ്ദേഹം വിശദീകരിച്ചു.
ചീറ്റ ഗാമിനി പ്രസവിച്ചു, 5 കുഞ്ഞുങ്ങൾ
🖱ചീറ്റാ പ്രോജക്റ്റിന്‍റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ഗാമിനി എന്ന ചീറ്റ പ്രസവിച്ചു. അഞ്ചു കുഞ്ഞുങ്ങളാണ് ഒറ്റ പ്രസവത്തിൽ പിറന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 22ൽ നിന്ന് ഒറ്റയടിക്ക് 26ആയി മാറി. ദക്ഷിണാഫ്രിക്കയിലെ സ്വാലു കലഹാരി റിസർവിൽ നിന്നും എത്തിച്ച ഗാമിനിക്ക് അഞ്ച് വയസ്സാണ് പ്രായം. ചീറ്റ പ്രോജക്റ്റ് നടപ്പാക്കിയതിനു ശേഷം ഇന്ത്യയിൽ ആകെ 13 ചീറ്റക്കുഞ്ഞുങ്ങളാണ് പിറന്നത്.
പിടിയാനകളുടെ ഗജമേളയ്ക്കൊരുങ്ങി കൊടുങ്ങൂർ
🖱ഉത്സവ കേരളത്തിൽ വീണ്ടും ചരിത്രം കുറിക്കാൻ ലോകത്തിലെ ഏറ്റവും വലിയ പിടിയാന ഗജമേളയ്ക്കായി കൊടുങ്ങൂർ ഒരുങ്ങി. 22ന് വൈകിട്ട് 3 മണിയ്ക്കാണ് കോട്ടയം മേജർ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഗജമേളയ്ക്ക് തുടക്കം. കേരളത്തിലെ പൂരപ്പറമ്പുകൾ കൊമ്പൻമാർ കീഴടക്കുമ്പോൾ ഇവിടെ വ്യത്യാസം ഗജറാണിമാർക്കുള്ള പൂരമെന്നതാണ്. സ്ത്രീ ശാക്തീകരണത്തിന്‍റെ ഈ കാലത്ത് പൂരപ്പറമ്പുകളിൽ നിന്നും മാറ്റി നിർത്തേണ്ടവരല്ല പിടിയാനകൾ എന്നാണ് ഇവിടുത്തെ ക്ഷേത്രോപദേശക സമിതിക്ക് പറയാനുള്ളത്. കഴിഞ്ഞ വർഷം മുതലാണ് പിടിയാനകളുടെ ഗജമേള എന്ന പുതിയ ആശയത്തിലേക്ക് ഇവർ എത്തിയത്.
ലോകസുന്ദരി പട്ടം നേടി ചെക് സുന്ദരി ക്രിസ്റ്റിന പ്രിസ്കോവ
🖱ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തില് കിരീടം ചൂടി ചെക് റിപ്പബ്ലിക് സുന്ദരി ക്രിസ്റ്റിന പ്രിസ്കോവ. ശനിയാഴ്ച മുംബൈയിൽ നടന്ന മത്സരത്തിലാണ് ക്രിസ്റ്റിന കിരീടം ചൂടിയത്. മുൻ ലോക സുന്ദരി കരോലിന ബീലാവ്സക ക്രിസ്റ്റിനയെ കിരീടം അണിയിച്ചു. മോഡൽ ആയി ജോലി ചെയ്യുന്ന ക്രിസ്റ്റീന നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദ വിദ്യാർഥിയാണ് ക്രിസ്റ്റീന. ലെബനനെ പ്രതിനിധീകരിച്ചിരുന്ന യസ്മീന സെയ്ടൂൺ ഫസ്റ്റ് റണ്ണർ അപ്പായി. 28 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ലോ സുന്ദരി മത്സരത്തിന് വേദിയാകുന്നത്.
‘ഇടി’മുഴക്കത്തിനു കാതോര്‍ത്ത് കൊച്ചി
🖱കൈക്കരുത്തിന്‍റെയും മനക്കരുത്തിന്‍റെയും പിന്‍ബലത്തില്‍ ഇടിക്കൂട്ടില്‍ പോരുകാളകളെപ്പോലെ ഏറ്റു മുട്ടുന്ന ലോക ബോക്‌സിംഗ് താരങ്ങളുടെ മിന്നും പ്രകടനം കാത്ത് കൊച്ചി. ബോക്‌സിങ് റിങ്ങിലെ ഇതിഹാസങ്ങളായ ഡബ്ല്യുബിസി വുമണ്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ ഹന്ന ഗബ്രിയേല്‍, ലോക ഹെവി വെയ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ അഗ്രോണ്‍ സ്മാക്കികി, മെല്‍ബണ്‍ ഡി.ജെ.എം.സി സീരീസ് നമ്പര്‍ 6 ബോക്‌സിംഗ് ചാംപ്യനും ടൈറ്റില്‍ ബോക്‌സിംഗ് ക്ലബ്ബ് സിഇഒയുമായ കെ എസ് വിനോദ് തുടങ്ങിയവർ ചേർന്ന് ലോക ഹെവി വെയ്റ്റ് ഡിജെഎംസി സീരീസ് നമ്പര്‍ 7 ക്രൗണ്‍ മിഡിലീസ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്‍റെ പ്രഖ്യാപനം നടത്തി. ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയിച്ച ഇടിപ്പൂരം നേരിട്ടുകാണാനുള്ള അവസരമാണ് കാണിക്കള്‍ക്കായി കൊച്ചിയില്‍ ഒരുങ്ങുന്നത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 6075 രൂപ
പവന് 48600 രൂ