കർഷകരുടെ ചിലവിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; പഞ്ചായത്ത് പ്രതിഫലം നൽകുന്നില്ല!!

കാട്ടുപന്നികൾ നെൽകൃഷി നാശം തുടരുന്നു. വനം വകുപ്പും പഞ്ചായത്തും തിരിഞ്ഞു നോക്കുന്നില്ല എന്ന് കർഷകരുടെ പരാതി. സ്വന്തം ചെലവിൽ കാട്ടുപന്നി നിർമാർജനം നടത്തി കർഷകർ. നെന്മാറ പഞ്ചായത്തിലെ കൊയ്ത്തു തീരാൻ ശേഷിക്കുന്ന നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷി നാശം തുടരുന്നതായി കർഷകരുടെ വ്യാപക പരാതി. നെന്മാറ കണിമംഗലം പുഴക്കൽ തറയിലെ കർഷകനായ എം. രാമൻകുട്ടിയാണ് തന്റെ ഏക്കർ കണക്കിന് നെൽകൃഷി കാട്ടുപന്നി നാശം വരുത്തിയപ്പോൾ സ്വന്തം ചെലവിൽ വനം വകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാരായ എം. ശിവദാസൻ പെരുമാങ്കോട്, പി. വിജയൻ ചാത്തമംഗലം എന്നിവരുടെ സഹായം തേടിയത്. രണ്ടുദിവസത്തെ തുടർച്ചയായ കാവലിരിപ്പിന് ശേഷമാണ് കാട്ടുപന്നി കൂട്ടത്തിൽ ഒരെണ്ണത്തിനെ വെടിവെച്ചു കൊല്ലാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പൂക്കോട്ടുപാടം പാടശേഖരത്തിൽ നിന്നാണ് ഒരു കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിനായി കർഷകൻ സ്വയം പണം മുടക്കുകയായിരുന്നു. വിള നാശം രൂക്ഷമായി തുടരുമ്പോഴും വനം വകുപ്പ് പഞ്ചായത്തിനെ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഒഴിയുകയാണ്. ഷൂട്ടർമാർക്ക് രാത്രി സഞ്ചാരത്തിനുള്ള വാഹന സൗകര്യം, തോക്കിൽ ഉപയോഗിക്കുന്ന തോട്ടയുടെ വില പഞ്ചായത്ത് നാളിതുവരെ നൽകിയിട്ടില്ല. വകുപ്പുകൾ പരസ്പരം പഴിചാരി കർഷകരെയും ഷൂട്ടർമാരെയും കയ്യൊഴിയുകയാണെന്ന് കർഷകർ. കിഴങ്ങു വർഗ്ഗ വിളകളും വാഴയും മറ്റും കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയിലായിട്ടും ഉണ്ണാനുള്ള നെല്ല് പോലും സംരക്ഷിച്ചു വിള എടുക്കാൻ കഴിയാത്ത സ്ഥിതിയിലായതോടെയാണ് കർഷകർ ഷൂട്ടർമാരുടെ സഹായം തേടിയത്.