വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം: കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

തിരുവനന്തപുരം> വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ കാവുംപുറം തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കൃഷി മന്ത്രി പി പ്രസാദും നടത്തിയ ചർച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്‌ടപരിഹാരം കൈമാറുക.

220 കെവി ടവർലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം തോമസിന്റെ കുലച്ച 406 വാഴകളാണ്‌ കെഎസ്‌ഇബി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്‌ച വെട്ടിമാറ്റിയത്. ഞായറാഴ്‌ച കൃഷിയിടത്തിൽഎത്തിയപ്പോഴാണ്‌ വാഴകൾ വെട്ടിക്കളഞ്ഞ വിവരം അറിയുന്നത്. മുൻകൂട്ടി നോട്ടീസ്‌ നൽകാതെയാണ്‌ വാഴ വെട്ടിയത്‌.