”
ബംഗളൂരു കഫെയിലേത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് സിദ്ധരാമയ്യ
🖱️ബംഗളൂരു കഫെയിലേത് ബോംബ് സ്ഫോടനമായിരുന്നുവെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്യാസ് ചോർച്ച മൂലമുണ്ടായ സ്ഫോടനമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതു വിദഗ്ധർ തള്ളിയിട്ടുണ്ട്. സ്ഫോടനം നടന്ന പ്രദേശത്ത് നിന്ന് ഒരു യുവതിയുടെ ഹാൻഡ് ബാഗും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബാഗ് സീറ്റിൽ വച്ചതിനു ശേഷം പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സിദ്ധാര്‍ഥന്‍റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്
🖱️പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെയും മർദനത്തേയും തുടർന്ന് വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലിയിൽ കണ്ടെത്തിയ സംഭവത്തിൽ 19 വിദ്യാർഥികൾക്ക് 3 വർഷത്തേക്ക് പഠന വിലക്ക് ഏർപ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമേ മറ്റൊരു വിദ്യാർഥിക്കുകൂടി പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കോളേജ് ആന്‍റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.
ശമ്പളവും പെന്‍ഷനും വൈകില്ല; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി
🖱️കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി.കഴിഞ്ഞ 14 ദിവസമായി ട്രഷറി ഓവർഡ്രാഫ്റ്റിലായതോടെ ശമ്പളവും പെന്‍ഷനും വൈകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രിയോടെ 4000 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. ഇതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു.
ഗവൺമെന്‍റ് കരാറുകാര്‍ സമരത്തിലേക്ക്: 4ന് സൂചനാ പണിമുടക്ക്
🖱️നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ.കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച് 4ന് പണികള്‍ നിര്‍ത്തിവച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഗവ.കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 4ന് സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും പണിമുടക്കി പ്രതിഷേധ സമരവും സംഘടിപ്പിക്കും.
ഗർഭഛിദ്രത്തിൽ കൂടുതൽ അവകാശം സ്ത്രീയ്ക്ക്; ഉത്തരവുമായി ഹൈക്കോടതി
🖱️ഗർഭഛിദ്രത്തിൽ സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാൽ 20 ആഴ്ചയിലേറെ പ്രായമായ ഗർഭം അലസിപ്പിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് 23 വയസുകാരി നൽകിയ ഹർജിയിൽ ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.എന്‍റെ ശരീരം എന്‍റെ സ്വന്തമെന്ന പോപ്പുലേഷൻ ഫണ്ട് വാചകം ഉദ്ദരിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാജചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി. സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്നതിൽ അന്തിമ തീരുമാനം അവരുടെതാണെന്നും കോടതി വ്യക്തമാക്കി.
പരീക്ഷാ കാലം; ഉച്ചഭാഷിണികൾക്ക് നിയന്ത്രണം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി
🖱️പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.10, 11,12 ക്ലാസുകളിലെ കുട്ടികൾ പ്രധാന പൊതു പരീക്ഷയാണ് എഴുതുന്നത്. അത് അവരുടെ അത്രയുംകാലത്തെ അധ്വാനത്തിന്റെ കൂടി വിലയിരുത്തിലാണ്. ഇക്കാര്യം പരിഗണിച്ച് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ശിവൻകുട്ടി അഭ്യർഥിച്ചു.
കേരളത്തിൽ ക്യാംപസ് രാഷ്ട്രീയം നിരോധിക്കണം; സാബു എം. ജേക്കബ്
🖱️വയനാട് പൂക്കോട് വെറ്റിനറി മെഡിക്കൽ കോളെജിലെ വിദ്യാർഥി സിദ്ധാർഥ് ക്യാംപസ് രാഷ്ട്രീയത്തിന്‍റെ ഇരയാണെന്നും കേരളത്തിൽ ഉടൻ രാഷ്ട്രീയം നിരോധിക്കണമെന്നും ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ്. സിദ്ധാർഥിനെ മൃഗീയമായി പീഡിപ്പിക്കാൻ ക്രിമിനലുകൾക്ക് ധൈര്യം ലഭിച്ചത് ക്യാംപസ് രാഷ്ട്രീയത്തിന്‍റെ പിൻബലത്തിലാണെന്നും അദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയിലെ നിലവാരത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ക്യാംപസ് രാഷ്ട്രീയമാണ്. ലോകത്തെ മുൻനിര സർവകലാശാലകളിലൊന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ 2 സ്കൂളുകളിൽ ബോംബ് ഭീഷണി
🖱️തമിഴ്നാട്ടിലെ പോരൂരിലുള്ള പിഎസ്ബിബി മില്ലേനിയം സ്കൂളിനും കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിനും ബോംബ് ഭീഷണി. ഇ-മെയിലിലാണു സന്ദേശമെത്തിയത്. പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ് അധികൃതർ. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയാണ്. ഫെബ്രുവരി 8 നു സമാനമായ ഭീഷണി ചെന്നൈയിലെ സ്കൂളുകളിൽ ലഭിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
കേന്ദ്രം കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചെന്ന് പ്രചാരണം!
🖱️കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്‌ടിയുടെ സെറ്റിൽമെന്‍റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്. സാധാരണ ഗതിയിൽ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ. കേന്ദ്ര സർക്കാർ സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ് 2736 കോടി രൂപ തന്നിട്ടുള്ളത്. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ് അനുവദിക്കുന്നത്.
കർശന നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ
🖱️ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ. ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു ചോദിക്കരുതെന്നാണ് പ്രധാന നിർദേശം. ദൈവങ്ങളെയോ ഭക്തിയെയോ അപമാനിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും പാർട്ടിക്കും സ്ഥാനാർഥികൾക്കും താരപ്രചാരകർക്കും നൽകി മുന്നറിയിപ്പിൽ കമ്മിഷൻ വ്യക്തമാക്കുന്നു.
തരൂരിനെതിരേ യുവതിയുടെ ‘മീ ടൂ’ ആരോപണം
🖱️കോൺഗ്രസ് എംപി ശശി തരൂരിനെതിരേ മീ ടൂ ആരോപണവുമായി യുവതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയാണ് തരൂർ മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുന്നത്. എക്സിലൂടെയാണ് ജയ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിൽ നിന്ന് മോശം അനുഭവമുണ്ടായതായി ഒരു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായാണ് ജയ് കുറിച്ചത്. പെൺകുട്ടി തനിക്കയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടും പങ്കു വച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി
🖱️മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) സംസ്ഥാനത്തെ ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചെന്നാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 20 സീറ്റുകളിലും കോൺഗ്രസ് 18 സീറ്റുകളിലും ബാക്കി ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി ബാക്കി 10 സീറ്റുകളിലും മത്സരിക്കും. രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷേത്കാരി സംഘട്ടൻ പോലുള്ള ചെറു പാർട്ടികൾക്ക് അതത് സഖ്യ പങ്കാളികളിൽ നിന്ന് സീറ്റ് ലഭിക്കുമെന്ന് എംവിഎ വൃത്തങ്ങൾ പറയുന്നു.
ഐഎസ് ബന്ധം; അഫ്ഗാസ്ഥാനിൽ മലയാളി പിടിയിൽ
🖱️ഐഎസ് ബന്ധത്തിന്‍റെ പേരിൽ അഫ്ഗാനിസ്ഥാനിൽ മലയാളി പിടിയിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്‌ലാമിനെയാണ് അഫ്ഗാൻ ഏജൻസി അറസ്റ്റ് ചെയ്തത്. ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ അഫ്ഗാൻ മാധ്യമങ്ങൾ പുറത്തു വിട്ടതോടെയാണ് ഇക്കാര്യം ഇന്ത്യയിൽ അറിഞ്ഞത്. ഇയാളിപ്പോൾ കാന്ധഹാർ ജയിലിലാണ്. തജിക്കിസ്ഥാൻ വഴിയാണ് അഫ്ഗാനിൽ എത്തിയതെന്നാണു വിവരം. കേന്ദ്ര സർക്കാർ ഇതിനോടു പ്രതികരിച്ചിട്ടില്ല
രാഹുലിന് മത്സരിക്കാൻ തെലുങ്കാനയിൽ 4 മണ്ഡലങ്ങൾ തയാറാണെന്ന് രേവന്ത് റെഡ്ഡി
🖱️ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് തെലങ്കാനയിൽ മത്സരിക്കാൻ നാലു മണ്ഡലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. രാഹുൽ ഗാന്ധി സമ്മതിച്ചാൽ ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ 17 ൽ 14 സീറ്റ് വരെ പ്രതീഷിക്കുന്നുണ്ട്. ഇത്തവണ രാഹുൽ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം.
തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്‍റെ മൃതദേഹം തൃശൂരിലെ ഓടയിൽ
🖱️മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്‍റെ മൃതദേഹം തൃശൂരിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമീപത്തെ ഓടയിൽ നിന്നും ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. മൂന്നു മാസം മുൻപാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അമ്മയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
അരിക്കും ആട്ടയ്ക്കും പിന്നാലെ കേന്ദ്രത്തിന്‍റെ ‘ഭാരത്’ പരിപ്പും
🖱️വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് ആശ്വാസമാകാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കിലോയ്ക്ക് 93.5 രൂപ വിപണി വിലയുള്ള ചുവന്ന പരിപ്പ് അടുത്തയാഴ്ചയോടെ ഭാരത് ബ്രാൻഡിൽ 89 രൂപ നിരക്കിൽ വിപണിയിലെത്തിക്കാനാണു കേന്ദ്രഭക്ഷ്യവകുപ്പിന്‍റെ ആലോചന. റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാകും വിൽപ്പന.
ജെഎൻയുവിൽ വിദ്യാർഥി സംഘർഷം: നിരവധിപേർക്ക് പരുക്ക്
🖱️ജെഎൻയു സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്. എബിവിപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതുസംഘടനയുടെ ആരോപണം.
വാണിജ്യ സിലിണ്ടറിന് വീണ്ടും വില വര്‍ധന
🖱️പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്‍റെ വിലയാണ് വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.
വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നാറിൽ തമിഴ്‌നാട് ആര്‍ടിസി ബസിന്‍റെ ചില്ല് തകര്‍ത്തു
🖱️മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിൽ തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു.രാത്രി രാജമല എട്ടാം മൈലില്‍ വെച്ച് മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിയിലേക്ക് വന്ന തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകര്‍ത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഏകദേശം ഒരുമണിക്കൂർ ഗതാഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു.
ബിജെപി സ്ഥാനാർഥി നിർണയം നീളുന്നു
🖱️ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി നിർണയം നീളുന്നു. ഡൽഹിയിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം ചേർന്ന് വ്യാഴാഴ്ച ആദ്യ പട്ടിക പുറത്തിറക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. നൂറിലേറെ സ്ഥാനാർഥികൾ ഉൾപ്പെടുന്ന ആദ്യ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കുമെന്നു കരുതുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുടെ നേതൃത്വത്തിലാണു ചർച്ചകൾ. അതിനിടെ, അസമിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി.
സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ
🖱️കോളെജുകളിൽ എസ്എഫ്ഐയെ കേ്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് കെ.സി വേണുഗോപാൽ. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളെജിൽ വിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരത്ത് സിദ്ധാർഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തേന്ത്യയിൽ മറ്റും കണ്ടുവന്നിരുന്ന ആൾക്കൂട്ട മർദനങ്ങൾ കേരളത്തിൽ നടക്കുന്നില്ലെന്ന് നമ്മൾ അഭിമാനം കൊണ്ടിരുന്നു. എന്നാൽ ആൾക്കൂട്ട ആക്രമണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി സിദ്ധാർഥന്‍റെ മരണം മാറിക്കഴിഞ്ഞു. കോളെജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങൾപോലെ ആയി മാറുന്നു. സംഘടനയിൽ ചേരാൻ വിസമ്മതിച്ചതിനാമ് എസ്എഫ്ഐ പ്രവർത്തകർ ഇത്തരത്തിൽ പെരുമാറിയതെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
റേഷന്‍ കാര്‍ഡ് മാറ്റം: എല്ലാ മാസവും 19 വരെ അപേക്ഷിക്കാം
🖱️ഗുരുതര രോഗ ബാധിതര്‍ക്ക് റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19 വരെ അപേക്ഷ നല്‍കാമെന്ന് മന്ത്രി ജി.ആര്‍. അനില്‍.താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ടാണ് അപേക്ഷ നല്‍കേണ്ടത്. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്.
വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു
🖱️വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചികിത്സ തേടിയവരിൽ കുട്ടികളും ഉൾപ്പെടുന്നു.ഛര്‍ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധ. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം കൂടി
🖱️രാജ്യത്തെ വനങ്ങളിലാകെയുള്ളത് 13,874 (12,616 – 15,132)പുള്ളിപ്പുലികൾ. 2022ൽ നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ചേർന്നു നടത്തിയ കണക്കെടുപ്പിന്‍റെ വിവരങ്ങളാണ് പുറത്തുവന്നത്. നാലു വർഷം കൊണ്ട് പുലികളുടെ എണ്ണം ആയിരത്തിലേറെ വർധിച്ചു. 2018ൽ 12,852 (12,172 -13,535) പുലികളെയാണു കണക്കെടുപ്പിൽ കണ്ടെത്തിയത്.
സന്തോഷ് ട്രോഫി: കേരളത്തിന് സർവീസസിന്റെ (1-1) സമനില പൂട്ട്
🖱️സന്തോഷ് ട്രോഫി ഫുട്‌ബോളിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് സമനില. യൂപിയയിലെ ഗോൾഡൻ ജൂബിലി ടർഫ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളവും സർവീസസും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 22-ാം മിനിറ്റിൽ ഇ സജീഷിന്റെ ഗോളിലൂടെയാണ് കേരളം ലീഡ് നേടിയത്. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ തന്നെ സർവീസസ് സമനില പിടിച്ചു. സമിർ മുർമുവിന്റെ ഗോളിലൂടെയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ കേരളത്തിന് മറുപടി നൽകിയത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5790 രൂപ
പവന് 46320 രൂപ