പ്രഭാത വാർത്തകൾ


2024 | മാർച്ച് 1 | വെള്ളി | 1199 | കുംഭം 17 | ചോതി
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾ഭക്ഷണവിതരണകേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന പലസ്തീനികള്‍ക്കു നേരെ ഗാസയില്‍ ഇസ്രയേല്‍ സേനയുടെ വെടിവെപ്പ്. 112 പേര്‍ കൊല്ലപ്പെടുകയും 700-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

◾വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാനും മറ്റൊരു പ്രതിയും കീഴടങ്ങി. കല്‍പറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

◾സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നു. അന്വേഷണ സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കി. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഒരാളെ പോലും വിട്ടു പോകാതെ കേസന്വേഷണം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി അഖിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

◾സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് വയനാട് എസ്പി മേല്‍നോട്ടം വഹിക്കും. കല്‍പ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കല്‍പ്പറ്റ ഡിവൈഎസ്പിയെ കൂടാതെ ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തും.

◾സിദ്ധാര്‍ത്ഥിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ്. സിന്‍ജോയും ഡാനിഷും അക്ഷയും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് തൂക്കിയതാണെന്ന് ജയപ്രകാശ് ആരോപിച്ചു. എസ്എഫ്ഐക്കാരായ 12 പ്രതികളെയും പിടികൂടിയില്ലെങ്കില്‍ സമരം നടത്തുമെന്നും ആരുടെ വീട്ടില്‍ സമരമിരിക്കണമെന്ന് അറിയാമെന്നും ജയപ്രകാശ് പറഞ്ഞു.

◾സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുകയാണെന്നും, അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പൊലീസെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം ഇതുവരെ കാണാത്ത സമരപരിപാടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

◾വീട്ടുകാര്യങ്ങള്‍ നോക്കുന്ന സ്ത്രീകളുടെ സംഭാവനകള്‍ കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ ചെയ്യുന്നതിനെല്ലാം ഉയര്‍ന്ന മൂല്യമുണ്ടെന്നും സുപ്രീം കോടതി. വരുമാനമുള്ള കുടുംബനാഥന്റെ പങ്ക് പോലെ തന്നെ പ്രധാനമാണ് വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ പങ്കെന്നും വാഹനാപകടത്തില്‍ മരിച്ച സ്ത്രീ്ക്ക് നഷ്ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കി.

◾28 സംസ്ഥാനങ്ങള്‍ക്കായി 1,42,122 കോടി രൂപ നികുതിവിഹിതമായി കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചതില്‍ കേരളത്തിനു അനുവദിച്ചത് 2,736 കോടി രൂപ. 25,495 കോടി രൂപ അനുവദിച്ച ഉത്തര്‍പ്രദേശിനാണ് ഏറ്റവും ഉയര്‍ന്ന നികുതിവിഹിതം ലഭിച്ചത്.

◾രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന് വ്യക്തമാക്കി മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ച് രാജ്ഭവന്‍. ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ അടങ്ങുന്ന ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022, സര്‍വകലാശാല ഭേദഗതി ബില്‍ 2021 എന്നിവയാണ് രാഷ്ട്രപതി തടഞ്ഞുവെച്ചത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രമേ അംഗീകാരം കിട്ടിയുള്ളൂ. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്.

◾കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞുവെന്ന് വിഡി സതീശന്‍. ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതിനെ കുറിച്ച് ആയിരുന്നു വിഡി സതീശന്റെ പ്രതികരണം. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അണ്ണന്‍ തമ്പി ബന്ധം മൂലമാണിത് സാധ്യമായത്. കേരളത്തിലെ സി.പി.എം, കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയാണ് രാഷ്ട്രപതിയുടെ അനുമതി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

◾വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പട്ടിക. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടികയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. അതേസമയം വയനാട്, കണ്ണൂര്‍, ആലപ്പുഴ സീറ്റുകളില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്.

◾രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

◾ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഉടന്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപി സിനിമ കായിക മേഖലയിലെ താരങ്ങളെയും ഉള്‍പ്പെടുത്തുമെന്ന് സൂചന. ആദ്യ പട്ടികയില്‍ അക്ഷയ് കുമാര്‍, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധ്യത.നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരാണ് ബിജെപി യുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടാനിടയുള്ളവര്‍.

◾കെപിസിസിയുടെ സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും. തെലങ്കാനയിലെ മുന്‍ ബിആര്‍എസ് സര്‍ക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും തമ്മില്‍ വ്യത്യാസമില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞപ്പോള്‍, കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നുവെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ വിമര്‍ശനം. നരേന്ദ്രമോദിക്കെതിരെ പോരാടാന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞപ്പോള്‍ നരേന്ദ്ര മോദി ഭരണത്തില്‍ സമ്പന്നര്‍ സമ്പന്നരായും ദരിദ്രരര്‍ ദരിദ്രരായും തുടരുന്നുവെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ വിമര്‍ശനം.

◾പോലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യില്ല. ഗതാഗത കമ്മീഷണറാണ് സര്‍ക്കുലര്‍ ഇറക്കിയത്.ആദ്യം എംവിഡി കേസ് അന്വേഷിക്കണം. അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തു എന്ന് തെളിഞ്ഞാല്‍ മാത്രമേ നടപടിയെടുക്കാവൂ എന്ന് എ.ഡി.ജി.പി. എസ് ശ്രീജിത്ത് നിര്‍ദ്ദേശം നല്‍കി. സ്വഭാവിക നീതി ഉറപ്പാക്കുന്നതിനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തിയത്.

◾ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ തുടരും. സ്റ്റേ നീക്കം ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വ്യക്തിപരമായി പരാതിയുള്ളവര്‍ക്ക് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്. ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാരും, അധ്യാപകരും നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

◾തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ടുപ്രതികളെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് പി. ജയരാജന്‍. കഴിഞ്ഞ ഡിസംബര്‍ 20-നാണ് കോടതിയുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് വന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരം അസാധാരണ നടപടികള്‍ ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെ കേസില്‍ വിധി പ്രസ്താവിക്കുകയാണ് ഉണ്ടായതെന്ന് പി.ജയരാജന്‍ വ്യക്തമാക്കി.

◾മുസ്ലിം വോട്ടുകള്‍ ലക്ഷ്യം വച്ച് ലീഗുമായുള്ള അഡ്ജസ്റ്റ്മെന്റാണ് സിപിഎം നടപ്പാക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ലീഗും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ സാധാരണ കോണ്‍ഗ്രസ്സ് സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ക്കണം, ലീഗിന് ചോറ് യുഡിഎഫിലും കൂറ് എല്‍ഡിഎഫിനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതോടെ പോലീസ് എത്തി എംപിയെ ആശുപത്രിയിലേക്ക് മാറ്റി. അക്രമകാരികളായ കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് നിരാഹാര സമരം തുടങ്ങിയത്.

◾പുള്ളിപ്പുലികളുടെ എണ്ണത്തില്‍ കേരളത്തില്‍ വലിയ കുറവ്. കേരളത്തിലെ വനമേഖലയില്‍ 2018 ല്‍ 650 പുള്ളിപ്പുലികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2022 ലെ കണ്ടെത്തല്‍ പ്രകാരം 570 പുള്ളിപ്പുലികള്‍ മാത്രമാണ് ഉള്ളത് എന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

◾ബിനോയ് കോടിയേരിക്ക് ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകളും നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

◾ചേര്‍ത്തല എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം ഇരുപത്തൊന്നാം വാര്‍ഡില്‍ റാം മഹേഷിന്റെ ഭാര്യയാണ് രാജി. കുടുംബവഴക്കിനെതുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന.

◾മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ അത്താഴ വിരുന്നിന് ക്ഷണിച്ച് ശരദ് പവാര്‍. നാളെ ബാരാമതിയിലെ പവാറിന്റെ വസതിയിലേക്കാണ് ഭരണപക്ഷ നേതാക്കളെ ക്ഷണിച്ചത്. ശരദ് പവാറിന്റെ ഈ നീക്കം മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

◾കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് കരുതിയ ഹിമാചല്‍ പ്രദേശില്‍ ഡികെ ശിവകുമാറിന്റെ ഇടപെടല്‍ വിജയം. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന് എതിരെ നിന്ന പിസിസി പ്രസിഡന്റിനെയും ഒന്നിച്ചുനിര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ഷിംലയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. തന്റെ രാജിവാര്‍ത്ത അസത്യമാണെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കാന്‍ പിസിസി പ്രസിഡന്റിനോട് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പ്രശ്ന പരിഹാര സമിതി നിര്‍ദ്ദേശിച്ചു.

◾ഉത്തര്‍പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ കാലം. പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ പ്ലസ് ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്.

◾സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അനധികൃത മണല്‍ഖനന കേസില്‍ സിബിഐയ്ക്ക് മുന്നില്‍ ഇന്നലെ ഹാജരായില്ല. ബിജെപിയുടെ ഏജന്‍സി ആയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് ഹാജരാകാതിരുന്നതെന്നും അഖിലേഷ് പറഞ്ഞു. ജനാധിപത്യത്തെയും ഭണഘടനയെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കാനിരിക്കുന്നതെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

◾ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായി റിട്ട. ജഡ്ജി എ കെ വിശ്വേശയെ നിയമിച്ചു. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരാണ് നിയമനം നടത്തിയത്. എ കെ വിശ്വേരയാണ്, ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നല്‍കി ഉത്തരവിട്ടത്.

◾വീല്‍ചെയര്‍ കിട്ടാതെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ 30 ലക്ഷം രൂപ പിഴ നല്‍കണമെന്ന് ഡി ജി സി എ. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൌരനുമായ 80കാരന്‍ വീല്‍ചെയര്‍ കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചത്.

◾ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 43 മരണം. ബെയ്‌ലി റോഡിലെ ഏഴ് നില കെട്ടിടത്തിലെ റസ്റ്റോറന്റില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. 12 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

◾സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജഫൂറ താഴ്വരയില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഈ കണ്ടെത്തല്‍ സൗദി ഊര്‍ജ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. 170 കിലോമീറ്റര്‍ നീളവും 100 കിലോമീറ്റര്‍ വീതിയുമുള്ള അല്‍ജഫൂറ വാതകപാടം രാജ്യത്തെ ഏറ്റവും വലിയ പാരമ്പര്യേതര, അസോസിയേറ്റ് വാതകപാടം എന്നതിനപ്പുറം മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ഷെയ്ല്‍ ഗ്യാസ് റിസര്‍വായി കണക്കാക്കപ്പെടുന്നു.

◾വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 25 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

◾ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. 2023 ഓഗസ്റ്റ് 20-ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ സീരി എ ക്ലബ് യുവന്റസിന്റെ മധ്യനിര താരം കൂടിയായ പോഗ്ബ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

◾ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 2021ന് ശേഷം ആദ്യമായി 60,000 ഡോളറിലേക്ക് ഉയര്‍ന്നു. നിലവില്‍ 62,964 ഡോളറാണ് ബിറ്റ്കോയിന്റെ വില. ഈ മാസം ബിറ്റ്കോയിന്‍ വിലയില്‍ 42 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. മുമ്പ് 2021 നവംബറിലാണ് 68,991 ഡോളര്‍ വിലയില്‍ ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 2024ല്‍ ഇതുവരെ ബിറ്റ്‌കോയിന് സ്റ്റോക്കുകള്‍, സ്വര്‍ണം തുടങ്ങിയ പരമ്പരാഗത ആസ്തികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവക്കാനായി. യു.എസ് സപോട്ട് ബിറ്റ്‌കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) പുറത്തിറക്കിയതും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്കോയിന്‍ വില ഉയരാന്‍ കാരണമായി. ജനുവരിയിലായിരുന്നു ബിറ്റ്കോയിന്‍ ഇ.ടി.എഫിന് യു.എസ് റെഗുലേറ്ററി അംഗീകാരം നല്‍കിയത്. ക്രിപ്റ്റോ നിക്ഷേപകനും സോഫ്റ്റ്വെയര്‍ സ്ഥാപനവുമായ മൈക്രോസ്ട്രാറ്റജി ഈയാഴ്ച ആദ്യം 155 മില്യണ്‍ ഡോളറിന് ഏകദേശം 3,000 ബിറ്റ്‌കോയിനുകള്‍ വാങ്ങിയിരുന്നു. മൈക്രോ സ്ട്രാറ്റജി, കോയിന്‍ ബേസ് ഗ്ലോബല്‍, മാരത്തണ്‍ ഡിജിറ്റല്‍ എന്നവയാണ് ക്രിപ്‌റ്റോയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍.

◾അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായി ആരംഭിച്ചു. ഡാര്‍ക്ക് ഹ്യൂമര്‍ ആണ് സിനിമയുടെ സ്വഭാവം. ചാന്ദ്‌നീ ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ്. തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. വരികള്‍ മു.രി. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ.ആര്‍. അന്‍സാര്‍. എ ആന്‍ എ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

◾രാഗേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘തണുപ്പ്’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘അംഗുലങ്ങളേ വിറയാതുയരൂ’ എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചത് വിവേക് മുഴക്കുന്ന് ആണ്. നവാഗതസംഗീതസംവിധായകന്‍ ബിബിന്‍ അശോക് ഈണമൊരുക്കി. ആണ് ഗാനം ആലപിച്ചത്. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. കാശി സിനിമാസിന്റെ ബാനറില്‍ അനു അനന്തന്‍, ഡോ. ലക്ഷ്മി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രമാണ് ‘തണുപ്പ്’. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.

◾ക്രേറ്റ എന്‍ലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. വേള്‍ഡ് റാലി കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്ന വാഹനത്തിന്റെ വില അടുത്ത മാസം ആദ്യം പ്രഖ്യാപിക്കും. എന്‍ലൈന്‍ ബാഡ്ജിങ്, ബംബറിലെ റെഡ് ഇന്‍സേര്‍ട്ടുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, റെഡ് ബ്രേക് കാലിപ്പറുകള്‍, വശങ്ങളിലെ റെഡ് ഇന്‍സേര്‍ട്ടുകള്‍ എന്നിങ്ങനെ നിരവധി പുതുമകളുമായാണ് എന്‍ലൈന്‍ എത്തുന്നത്. ക്രേറ്റയുടെ എന്‍ജിന്‍ തന്നെയാണ് ഹ്യുണ്ടേയ് ക്രേറ്റ എന്‍ ലൈനിനും നല്‍കിയിരിക്കുന്നത്. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 160എച്ച്പി കരുത്തും പരമാവധി 253എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സിനു പുറമേ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനും ഉണ്ട്. കൂടുതല്‍ സ്‌പോര്‍ടിയായ രൂപമാണ് എന്‍ ലൈനിന് നല്‍കിയിരിക്കുന്നത്. ഇരട്ട പുകക്കുഴലുള്ള ക്രേറ്റ എന്‍ ലൈന്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. നീലയും തവിട്ടു നിറവും.

◾ഇവിടെ സമാഹരിക്കപ്പെയ്യുന്ന സാഹസിക കഥകള്‍ ആപല്‍ക്കരമാണെന്നറിഞ്ഞിട്ടും സാഹസികതയുടെ പോര്‍മുഖത്തേക്ക് ചാടിയിറങ്ങിയവരും ഓര്‍ക്കാപ്പുറത്ത് ആപത്തില്‍ പെട്ട് സാഹസിക മനസ്സുകൊണ്ടും ഇച്ചാശക്തികൊണ്ടും ജീവന്‍ തിരിച്ചു പിടിച്ചവരും അണി നിരക്കുന്നു. ‘ബ്ലൂബെല്‍ – ഒരു ഫ്ലാഷ്ബാക്ക്’. കുന്നത്തൂര്‍ രാധാകൃഷ്ണന്‍. ലോഗോസ് ബുക്സ്. വില 142 രൂപ.

◾ആയുര്‍വേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ചര്‍മ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി പണ്ടു കാലം മുതല്‍ക്കേ ഉപയോഗിക്കാറുണ്ടായിരുന്നു. തുളസി ഇലകള്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍. ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്. തുളസിയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രെളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നു ന്യൂട്രീഷ്യന്മാര്‍ അവകാശപ്പെടുന്നു. ശരീരത്തിലെ വീക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ തുളസിയിലയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി തുളസിയിലയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രൊളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും തുളസിയില സഹായിക്കും. അതിനാല്‍ ദിവസവും തുളസിയിലയിട്ട ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശുഭദിനം
കവിത കണ്ണന്‍
ആ പുല്‍മേട്ടില്‍ ഒരിടത്ത് പശുവും മറ്റൊരിടത്ത് കാട്ടുപോത്തും മേഞ്ഞിരുന്നു. അപ്പോഴാണ് ശക്തമായ മഞ്ഞ് കാറ്റ് ദൂരെ നിന്നും വരുന്നത്. കാറ്റ് വരുന്ന ശബ്ദം ഇവര്‍ക്ക് രണ്ടുപേര്‍ക്കും നേരത്തെ തന്നെ തിരിച്ചറിയാന്‍ ഉള്ള കഴിവുണ്ട്. പശു ഈ ശബ്ദം കേട്ട് തിരിഞ്ഞോടാന്‍ തുടങ്ങി. എന്നാല്‍ കാട്ടുപോത്താകട്ടെ കാറ്റിന് നേരയാണ് ഓടിയത്. തന്റെ ശക്തമായ ശരീരം കാറ്റില്‍ ഉലയാതെ, വീണുപോകാതെ ബാലന്‍സ് ചെയ്ത് കാട്ടുപോത്ത് കാറ്റിനെ മറികടന്നു. ഫലമായി കാറ്റ് കൊണ്ടിട്ട ഭക്ഷണങ്ങള്‍ അത് ആസ്വദിച്ചു. എന്നാല്‍ പശുവാകട്ടെ തന്റെ നേരെ വരുന്ന കാറ്റിനെ പേടിച്ച് അതിനെ ഒഴിവാക്കാന്‍ അപ്പോഴും ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു. പക്ഷേ, കാറ്റ് പശുവിനടുത്തെത്തുകയും പശുവിനെ ചുഴറ്റിയെറിഞ്ഞ് കടന്നുപോവുകയും ചെയ്തു. ആ വീഴ്ചയെ അതിജീവിക്കാന്‍ പശുവിനും ആയില്ല. ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ ടെന്‍ഷനും,സമ്മര്‍ദ്ദവും, വെല്ലുവിളികളുമെല്ലാം.. അവയില്‍ നിന്നെല്ലാം ഒരു പരിധിവരെയെ നമുക്ക് ഓടിയൊളിക്കാന്‍ സാധിക്കൂ. എത്ര കരുതലോടെ നിന്നാലും കൊടുങ്കാറ്റ് നമ്മെതേടി വരിക തന്നെ ചെയ്യും. ഈ കൊടുങ്കാറ്റ് വരുമ്പോള്‍ അവയെ കടന്നുപോകാന്‍ അനുവദിക്കാതെ ആ കാറ്റിനുമുമ്പില്‍ പലരും ഓടിക്കൊണ്ടേയിരിക്കും. ഫലമോ, സ്ഥിരമായ അപമാനം, ആകുലത, കുറ്റബോധം.. ജീവിതം മുഴുവനും കൊടുങ്കാറ്റ് കൊണ്ട് നിറയും. പകരം കാട്ടുപോത്തിനെപോലെ തിരിഞ്ഞു നിന്ന് ആ കൊടുങ്കാറ്റിനെ നേരിടാന്‍ തീരുമാനിച്ചാല്‍, ചിലപ്പോഴൊക്കെ അതുനമ്മുടെ ഉള്ളുലക്കുമായിരിക്കും.. ചിലപ്പോള്‍ നാം കാലിടറിവീഴുമെന്നോ, ചിലപ്പോള്‍ അത് നമ്മെ എവിടേക്കോ പറത്തിക്കൊണ്ടുപോകുമെന്നോ തോന്നിപ്പിക്കുമായിരിക്കും.. പക്ഷേ, അതിനെ നേരിട്ടുകഴിഞ്ഞാല്‍ നമുക്ക് മനസ്സിലാകും ഈ കാറ്റ് പൊള്ളയാണെന്ന്.. ഈ കാറ്റിലൂടെ അല്‍പം ചാഞ്ചല്യത്തോടെയും സമ്മര്‍ദ്ദത്തോടെയും ഭയത്തോടെയും കൂടി നടന്നാലും അതിനപ്പുറം കാറ്റ് കൊണ്ടുത്തരുന്ന സൗഭാഗ്യങ്ങള്‍ കാത്തിരിപ്പുണ്ട്. അവിടെ നമ്മെ കാത്തിരിക്കുന്നത് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുലരിയായിരിക്കും. അതെ, ഒളിച്ചോടാന്‍ കാടില്ലെന്ന് തിരിച്ചറിയുന്ന നിമിഷം നാം, നമ്മുടെ ഉള്ളിലെ ശക്തിയെ തിരിച്ചറിയും.. ശക്തരാകും.. ആ ശക്തി പിന്നീട് നമ്മെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യും – ശുഭദിനം.
➖➖➖➖➖➖➖➖