2024 ഫെബ്രുവരി 26 തിങ്കൾ
1199 കുംഭം 13 ഉത്രം
◾സ്ത്രീകള്‍ പിന്നിലുള്ള ഒരു മേഖലയും ഇന്ന് രാജ്യത്തില്ലെന്ന് മന്‍കിബാത്തില്‍ നരേന്ദ്രമോദി. ഗ്രാമങ്ങളിലെ സ്ത്രീകള്‍ പോലും ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നും നമോ ഡ്രോണ്‍ ദീദിയെന്നത് എല്ലാവരും ചര്‍ച്ച ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ആദ്യ വോട്ടര്‍മാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് റെക്കോര്‍ഡ് തീര്‍ക്കണമെന്നും നൂറ്റിപത്താം എപ്പിസോഡില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം മന്‍ കി ബാത്ത് അടുത്ത മൂന്ന് മാസം ഉണ്ടാകില്ലെന്നും മാര്‍ച്ചില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നേക്കാമെന്നും പുതിയ ഊര്‍ജജത്തോടെ വീണ്ടും കാണാമെന്നും മോദി പറഞ്ഞു.
◾ഗുജറാത്തിലെ ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കടലില്‍ മുങ്ങിയ ശേഷം ദ്വാരക ക്ഷേത്രത്തിലും അദ്ദേഹം ആരാധന നടത്തി. കടലില്‍ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും പുരാതന കാലഘട്ടവുമായി താന്‍ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി എക്സില്‍ കുറിച്ചു. ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു ഉദ്ഘാടനം അടക്കമുളള ചടങ്ങുകള്‍ക്കായി ഗുജറാത്തില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.
◾ലോക്സഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കേരളത്തില്‍ തകരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വോട്ടെടുപ്പ് കഴിയുന്നതോടെ എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ ബിജെപി മാത്രമേ ഇനി കേരളത്തില്‍ ഉണ്ടാവു. വര്‍ഗീയ ധ്രുവീകരണത്തിനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മുസ്ലീം വോട്ട് നേടാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ യുഡിഎഫ് ആണ് തകര്‍ന്നു പോകുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. അത് തടയാന്‍ യുഡിഎഫ് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
◾കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൃശൂര്‍ അതിരൂപതാ സമുദായ ജാഗ്രത സമ്മേളനം. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് തൃശൂര്‍ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഉറപ്പാക്കുന്നതിനും നടപടി കൈകൊള്ളണമെന്നും പ്രമേയത്തില്‍ പറയുന്നു.
◾ചര്‍ച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കതോലിക ബാവ. സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അംഗീകരിക്കരുതെന്ന് കേരള ഗവര്‍ണറോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജും വിഎന്‍ വാസവനും വേദിയിലിരിക്കെയാണ് ഈ അഭ്യര്‍ഥന നടത്തിയത്.നിയമത്തെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കിയത്.
◾സഭാ തര്‍ക്കം അവസാനിക്കണമെന്നാണ് കേരളസമൂഹം ആഗ്രഹിക്കുന്നതെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്. പ്രശ്നം അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ബില്ല് കൊണ്ടുവരുന്നത്. ചര്‍ച്ച് ബില്ലിനെ ഓര്‍ത്തഡോക്സ് സഭ എതിര്‍ക്കുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു. യാക്കോബായ സഭയ്ക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾മാസപ്പടി പാര്‍ട്ട് -3, 2024 ഫെബ്രുവരി 26, തിങ്കളാഴ്ച. ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും മത്സരിക്കും. കിഴക്കമ്പലത്ത് നടന്ന ട്വന്റി- 20 മഹാസംഗമത്തിലാണ് ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
◾മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി-20 പ്രസിഡന്റ് സാബു എം ജേക്കബ് . തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് സാബു എം ജേക്കബ് വെല്ലുവിളിച്ചു. അതിനുള്ള ആറ്റം ബോംബ് തന്റെ കയ്യിലുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. കിഴക്കമ്പലത്ത് വിളിച്ചുചേര്‍ത്ത മഹാസമ്മളനത്തിലാണ് സാബു എം ജേക്കബിന്റെ വെല്ലുവിളി.
◾മുസ്ലിം ലീഗിന് ലോക്സഭാ സീറ്റ് നല്‍കാനാകില്ലെന്നും, രാജ്യസഭാ സീറ്റ് എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചും കോണ്‍ഗ്രസ്. നിര്‍ദ്ദേശത്തില്‍ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നല്‍കി. നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമേ ഒരു സീറ്റു കൂടി ലോക്സഭാ തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വേണമെന്നതാണ് ലീഗിന്റെ ആവശ്യം. 27 ലെ ലീഗ് യോഗം കോണ്‍ഗ്രസ് നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. രാജ്യസഭാ സീറ്റ് നിര്‍ദ്ദേശം ലീഗിന് മുന്നില്‍ വെച്ച കാര്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും.
◾ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട് മൂന്ന് സീറ്റില്‍ കൂടുതല്‍ ലീഗിന് അവകാശം ഉണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തുകയാണെന്നും, ലീഗിന് അര്‍ഹതപ്പെട്ടത് കിട്ടുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശക്തിയില്ലെന്നും ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ സീറ്റുകള്‍ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾മൂന്നാം സീറ്റ് വേണമെന്ന് പറയേണ്ടത് ലീഗാണ്, അവര്‍ക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാമെന്നും ലീഗിന്റെ ആവശ്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും സമസ്ത. സമസ്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ലെന്നും സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
◾മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തില്‍ വിമര്‍ശനവുമായി ഐഎന്‍എല്‍. സീറ്റ് തര്‍ക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ഉഭയകക്ഷി ചര്‍ച്ച നടത്തിയത് അണികളുടെ കണ്ണില്‍ പൊടിയിടാനാണ്. അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കാത്തതില്‍ ലീഗ് അണികളില്‍ അമര്‍ഷം ശക്തമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
◾കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ പരസ്യമായി പരസ്പരം തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെ സുധാകരനും വിഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്ര തുടങ്ങിയാല്‍ കേരളത്തിലെ ക്രമസമാധാന നില തകരാറിലാകുമോ എന്ന ആശങ്ക ഞങ്ങള്‍ തുടക്കത്തിലെ പ്രകടിപ്പിച്ചതാണെന്നും റിയാസ് പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നേരത്തെ പരസ്യമായി മൈക്കിനു വേണ്ടി ഏറ്റുമുട്ടിയതാണെന്നും ഇപ്പോള്‍ അവര്‍ പരസ്പരം അസഭ്യം പറയുന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.
◾വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാര്‍. നാട്ടുകാരനായ തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെ കടുവ പിടിച്ചുവെന്നും നൂറ് മീറ്റര്‍ മാറി പാടത്ത് അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയിരുന്നു. വനംവകുപ്പ് കൂട് വച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല.
◾കൊവിഡ് കാലത്ത് 1300 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെയാണ് മുല്ലപ്പള്ളിയുടെ അഴിമതി ആരോപണം. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി, ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.
◾സാംസ്‌കാരിക മുഖാമുഖത്തില്‍ ഷിബു ചക്രവര്‍ത്തിയുടെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ചോദ്യത്തിന് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം പറയാന്‍ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമര്‍ശിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
◾ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തജനങ്ങള്‍. ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപം മേല്‍ശാന്തിയില്‍ നിന്ന് സഹമേല്‍ശാന്തി എറ്റുവാങ്ങി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. തുടര്‍ന്ന് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വിശ്വാസികള്‍ പൊങ്കാലയിട്ടു. രാവിലെ ചെറിയതോതില്‍ ചാറ്റല്‍മഴയുണ്ടായെങ്കിലും മഴ തടസമായില്ല. രാത്രി എട്ടുമണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷയ്ക്കായി 3,300 പൊലീസുകാരെ നഗരത്തില്‍ നിയമിച്ചിരുന്നു.
◾തിരുവല്ലയില്‍ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവര്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ തൃശ്ശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരെ പൊലീസ് പിടികൂടി.
◾കോഴിയുമായി പോയ പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് പാലക്കാട് കഞ്ചിക്കോടിനടുത്ത് രണ്ട് മരണം. മേപ്പറമ്പ് സ്വദേശി നിഷാദ്, കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ എന്നിവരാണ് മരിച്ചത്.
◾മലപ്പുറം കൊണ്ടോട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. സംഭവത്തെക്കുറിച്ച് കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.
◾സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോഴിക്കോട് കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
◾ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
◾ബി.ജെ.പിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വെച്ചാണ് അഖിലേഷ് യാത്രയുടെ ഭാഗമായത്. അഖിലേഷിനെ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സ്വീകരിച്ചു.
◾ഡല്‍ഹിയില്‍ സര്‍ക്കാരിനെ നയിക്കുന്ന തനിക്ക് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ സ്‌കൂളുകളും ആശുപത്രികളും സ്ഥാപിക്കുന്നത് തടയാന്‍ ബി.ജെ.പി. ശ്രമിച്ചുവെന്നും ഡല്‍ഹിയിലെ സര്‍ക്കാരിനെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോവുന്നതെന്ന് തനിക്ക് മാത്രമേ അറിയൂവെന്നും കെജ്രിവാള്‍ ആരോപിച്ചു.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നല്‍കാന്‍ കഴിയില്ലെന്ന് ഡിഎംകെ. കമല്‍ ഹാസന് സീറ്റ്നല്‍കാനാണ് ഡിഎംകെയുടെ താത്പര്യം. സിറ്റിങ് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം. ഇന്നലെ രണ്ടാമതു ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നല്‍കാമെന്ന് ഡിഎംകെ സിപിഎമ്മിനോട് വ്യക്തമാക്കിയെങ്കിലും ആ ഓഫര്‍ സിപിഎം തള്ളി.
◾പശ്ചിമംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ടിഎംസി വിലയിരുത്തി. അതേസമയം ചര്‍ച്ച തുടരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
◾ബംഗാളില്‍ തൃണമൂലുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. പാര്‍ട്ടിക്കു സ്വാധീനമുള്ള 10 മുതല്‍ 15 സീറ്റുകളില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നും എല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരുത്തരുതെന്നുമാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.
◾പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
◾തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ചെന്നൈയില്‍ പള്ളിക്കരണൈ അംബേദ്കര്‍ സ്ട്രീറ്റിലെ പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. പ്രബലജാതിയിലെ യുവതിയെ വിവാഹം ചെയ്ത പ്രവീണിനെ ഭാര്യാസഹോദരന്‍ ദിനേഷും സുഹൃത്തുക്കളുമാണ് വെട്ടിക്കൊന്നത്. തലയിലും കഴുത്തിലും പരുക്കേറ്റ യുവാവിനെ ക്രോംപ്പേട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
◾ഔദ്യോഗിക ഭാഷ ഹിന്ദിയായതിനാല്‍ പൊതു അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍, പത്രക്കുറിപ്പുകള്‍, ടെന്‍ഡര്‍-കോണ്‍ട്രാക്ട് ഫോമുകള്‍, കരാറുകള്‍, ലൈസന്‍സ് തുടങ്ങി മെഡിക്കല്‍ ഗവേഷണദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങള്‍ക്കും ഹിന്ദി ഉപയോഗിക്കണമെന്ന് ഐ.സി.എം.ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മനീഷ് സക്‌സേന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തരഘട്ടങ്ങളില്‍ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കാമെന്നും, ഹിന്ദി ദിനപത്രങ്ങളില്‍ ഹിന്ദിയില്‍തന്നെ പരസ്യങ്ങള്‍ നല്‍കണമെന്നും ഓഫീസുകളിലെ സോഫ്‌റ്റ്വേറുകള്‍ ദേവനാഗരിക ലിപിയിലായിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
◾ജമ്മുകശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയാന്‍ വരെ 53 വാഗണുകള്‍ ഉള്ള ചരക്ക് ട്രെയിന്‍ എഴുപത് കിലോമീറ്ററിലധികം ദൂരം ഒറ്റക്ക് ഓടി. ഗുരുതര വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ജമ്മുവിലെ കത്വ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ലോക്കോ പൈലറ്റ് ഇല്ലാതിരിക്കെ പഞ്ചാബ് ഭാഗത്തേക്ക് തനിയെ ഓടുകയായിരുന്നു. ചായ കുടിക്കാന്‍ പുറത്തിറങ്ങിയ ലോക്കോ പൈലറ്റ് ബ്രെയ്ക്ക് ഉപയോഗിക്കാത്തതാണ് ട്രെയിന്‍ തനിയെ ഓടാന്‍ കാരണമെന്നാണ് വിവരം.
◾ബസുകളും സ്‌കൂള്‍ ബസുകളും ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ആഗോള റോഡ് സുരക്ഷാ സംഘടനയായ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പാസഞ്ചര്‍ ബസ് അപകടങ്ങളില്‍പ്പെട്ട് നിരവധി യാത്രികരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഐആര്‍എഫ് മുന്നോട്ട് വച്ചത്.
◾ഉത്തര്‍പ്രദേശില്‍ പടക്കശാലയില്‍ പൊട്ടിത്തെറി. കൗശാമ്പിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാംബിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പടക്ക നിര്‍മ്മാണശാല ലൈസന്‍സോടെയാണ്പ്രവര്‍ത്തിച്ചത് എന്നാണ് പൊലീസ് വിശദീകരണം.
◾മഹാരാഷ്ട്ര നിയമസഭാംഗം സഞ്ജയ് ഗെയ്ക്വാദിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം അന്വേഷണം. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് താന്‍ 1987ല്‍ കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിന്റെ പല്ല് പറിച്ചെടുത്താണ് മാലയില്‍ വെച്ചിട്ടുള്ളതെന്നും പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
◾ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാംപകുതിയില്‍ നാല് ഗോളടിച്ച് എഫ്‌സി ഗോവയെ തറപറ്റിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലില്‍ ത്രില്ലര്‍ വിജയം. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചു വരവ്.
◾ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഇനി വേണ്ടത് വെറും 152 റണ്‍സ്. പത്ത് വിക്കറ്റ് കയ്യിലിരിക്കേ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടതും 152 റണ്‍സ്. 219 ന് 7 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 307 ന് അവസാനിച്ചു. 90 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. തുടര്‍ന്ന് രണ്ടാമിന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് 145 ന് പുറത്തായി. 5 വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനും 4 വിക്കറ്റടുത്ത കുല്‍ദീപ് യാദവുമാണ് ഇംഗ്ലണ്ടിനെ അരിഞ്ഞു വീഴ്ത്തിയത്. 192 റണ്‍സ് എന്ന വിജയലക്ഷ്യം തേടി രണ്ടാമിന്നിംഗ്സിനിയിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 40 റണ്‍സെടുത്തിട്ടുണ്ട്.
◾വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് വിജയം. ഗുജറാത്ത് ജയന്റ്സ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് അടിച്ചെടുക്കുകയായിരുന്നു.
◾ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള യുപിഐ സേവന ദാതാക്കളാണ് ഗൂഗിള്‍ പേ. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പേ എന്നാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. ബില്‍ പേയ്മെന്റ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് മുതല്‍ ഹോട്ടലില്‍ കയറിയാല്‍ പോലും ഇന്ന് ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണ് കൂടുതല്‍. ഇപ്പോള്‍ ഇതാ ഗൂഗിള്‍ പേയുടെ സേവനവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. അധികം വൈകാതെ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിള്‍ പേയുടെ തീരുമാനം. അമേരിക്കയില്‍ ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ക്ക് പ്രചാരം വലിയ തോതില്‍ കുറഞ്ഞതോടെയാണ് സേവനം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. ഗൂഗിള്‍ പേ അവസാനിപ്പിച്ച ശേഷം, ഗൂഗിള്‍ വാലറ്റ് എന്ന പുതിയ സംവിധാനത്തിലേക്ക് മാറുന്നതാണ്. നിലവില്‍, അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് ഉപഭോക്താക്കള്‍ കൂടുതലുള്ളത്. ഗൂഗിളിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്, ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയില്‍ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ സേവനം തുടരുന്നതാണ്.
‘◾ഭൂതകാലം’ എന്ന ഹൊറര്‍- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഹൊറര്‍- മിസ്റ്ററി ഴോണറില്‍ ഇറങ്ങിയ ഒരു ചിത്രം മലയാളത്തില്‍ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും ശ്രദ്ധേയമായ ഒരു കാര്യമാണ്. മമ്മൂട്ടിയുടെയും അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും മികച്ച പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഭ്രമയുഗം ആദ്യ ആഴ്ചയില് മികച്ച കളക്ഷന്‍ സൃഷ്ടിച്ചിരുന്നു. മനുഷ്യന്റെ അധികാര മോഹവും അത്യാര്‍ത്തിയും സിനിമ ചര്‍ച്ച ചെയ്യുന്നു. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ ബോഡി- ഹൊറര്‍ ഴോണറിലും ഉള്‍പ്പെടുന്നുണ്ട്. വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറില്‍ രാമചന്ദ്ര ചക്രവര്‍ത്തിയും ശശി കാന്തും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന്‍ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. രാഹുല്‍ സദാശിവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
◾എല്ലാവരെയും ഞെട്ടിച്ച ലുക്കിലാണ് ധനുഷ് ചിത്രം രായന്റെ പേര് പ്രഖ്യാപനം നടന്നത്. പുറത്തുവിട്ട പോസ്റ്ററില്‍ കൊലകൊല്ലി ലുക്കിലായിരുന്നു ധനുഷ്. നിത്യ മേനന്‍, എസ് ജെ സൂര്യ, സുന്ദീപ് കൃഷന്‍, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്റ വിജയന്‍. അനിഖ സുരേന്ദ്രന്‍, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ധനുഷ് സംവിധാനം ചെയ്യുന്ന രായനില്‍ വേഷമിടുന്നുണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‌മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും. ഇപ്പോള്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ധനുഷ്. പ്രകാശ് രാജാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന വേഷത്തിലാണ് പ്രകാശ് രാജ് എന്നാണ് സൂചന. ധനുഷ് തന്നെയാണ് രായന്‍ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ധനുഷിന്റെ സിനിമ കരിയറിലെ 50 മത്തെ ചിത്രമാണ്. നേരത്തെ ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്റെ ക്യാരക്ടര്‍ പോസ്റ്ററും ധനുഷ് പുറത്തുവിട്ടിരുന്നു. സെല്‍വരാഘവന്‍ ചിത്രത്തില്‍ വില്ലനാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.
◾ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈന്‍ മാര്‍ച്ച് 11-ന് ഇന്ത്യന്‍ വിപണിയിലെത്തും. ഔദ്യോഗിക ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വില പ്രഖ്യാപനത്തിന് ശേഷം ഡെലിവറികളും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രെറ്റ എന്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് തനതായ ‘എന്‍ ലൈന്‍’ ഡിസൈന്‍ ഘടകങ്ങളുമായി വേറിട്ടുനില്‍ക്കുന്നു, ഇതിന് ഒരു സ്പോര്‍ട്ടിയര്‍ ലുക്ക് നല്‍കുന്നു. ഏഴ് സ്പീഡ് സിസിടി (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്‌സിനൊപ്പം 1.5ലി, 4സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈന്‍ ഒരു പഞ്ച് പാക്ക് ചെയ്യുന്നു. പകരമായി, വാങ്ങുന്നവര്‍ക്ക് 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുക്കാം. 160 ബിഎച്ച്പിയും 253 എന്‍എം ടോര്‍ക്കും അവകാശപ്പെടുന്ന പവര്‍ ഔട്ട്പുട്ട് പ്രദാനം ചെയ്യുന്ന പെട്രോള്‍ യൂണിറ്റ് മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഹ്യുണ്ടായ് സസ്പെന്‍ഷന്‍ സെറ്റപ്പ്, സ്റ്റിയറിംഗ്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ മികച്ച രീതിയില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.
◾പ്രഭാവര്‍മ്മ കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂര്‍വകവികളുടെയും സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സര്‍ഗസഞ്ചാരം. എഴുത്തച്ഛന്‍ മുതല്‍ ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതള്‍ വിടര്‍ത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും മികച്ച മാതൃകയാണ്. ‘പ്രഭാവര്‍മ്മയുടെ കാവ്യപ്രബന്ധങ്ങള്‍’. പ്രഭാ വര്‍മ്മ. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 325 രൂപ.
◾സംഗീതത്തിന് നമ്മുടെ മാനസിക ആരോഗ്യത്തില്‍ ചെറുതല്ലാത്ത ഒരു സ്വാധീനമുണ്ട്. മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ സംഗീതം ആസ്വദിക്കുന്നത് നിങ്ങളെ കൂടുതല്‍ പോസിറ്റീവാക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. സംഗീതം എങ്ങനെയാണ് നമ്മളില്‍ പ്രവര്‍ത്തിക്കുക എന്നല്ലേ…സംഗീതം കേള്‍ക്കുന്നത് നമ്മളില്‍ സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോണ്‍ ഡോപമിന്റെ അളവു കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അങ്ങനെ നമ്മള്‍ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കുകയും ചെയ്യുന്നു. ഉത്കണ്ഠ, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ സംഗീതം വളരെ നല്ല മാര്‍ഗമാണ്. സ്‌ട്രെസിന് കാരണമായ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവു കുറച്ച് ഡോപമിന്‍ കൂട്ടുന്നതിന് സംഗീതം മികച്ച മാര്‍ഗമാണ്. കൂടാതെ സംഗീതം ആസ്വദിക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കും. തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രദ്ധകൂടുന്നു. സംഗീതം ആസ്വദിക്കാന്‍ മാത്രം കുറച്ചു സമയം ഒരു ദിവസത്തില്‍ മാറ്റിവെക്കണം. ശ്രദ്ധകൂട്ടുന്നതു പോലെ ഓര്‍മ്മശക്തിക്കും സംഗീതം നല്ലതാണ്. ഉറക്കം കൂടുതല്‍ മെച്ചപ്പെടുത്താനും ഗുണം ചെയ്യും. സംഗീതം ആസ്വദിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്നത് മനസിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. വര്‍ക്കൗട്ട് പ്രയാസങ്ങള്‍ അകറ്റാനും രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താനും നല്ലതാണ്.