”
തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ; സിപിഐ സ്ഥാനാർഥിപ്പട്ടികയായി
🖱️ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കേന്ദ്ര നേതൃത്വം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം ഈ മാസം 26ന് സംസ്ഥാന നേതൃയോഗത്തിലുണ്ടാകും. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക. തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതുമുന്നണിക്കായി മത്സരരംഗത്തിറങ്ങും. മാവേലിക്കരയിൽ സി എ അരുൺകുമാർ സ്ഥാനാർത്ഥിയാകും.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് മോട്ടോര്‍ വാഹന വകുപ്പ്; മാറ്റങ്ങള്‍ മേയ് 1 മുതല്‍
🖱️സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങി. പുതിയ മാറ്റങ്ങള്‍ മേയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തണം എന്നാണ് പുതിയ നിര്‍ദ്ദേശം. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആക്കി മാറ്റി . വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണം. മറിച്ച് ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമ വിരുദ്ധമാക്കും. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
🖱️സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈ വർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.
സെക്രട്ടേറിയറ്റിന്‍റെ കുടിശിക 11 ലക്ഷം, ഡിസ്കണക്‌ഷൻ നോട്ടീസയച്ച് കെഎസ്ഇബി
🖱️മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വാണരുളുന്ന ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് വൈദ്യുതി വകുപ്പിന് അടയ്ക്കാനുള്ളത് 11 ലക്ഷത്തിലേറെ രൂപ. സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളെജ് ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളെജ് ഒടുക്കാനുള്ളത് 32 ലക്ഷത്തിലേറെ രൂപ. ഡിസ്കണക്‌ഷൻ നോട്ടീസ് ഇതിനകം അയച്ചുകഴിഞ്ഞ സ്ഥാപനങ്ങളുടെ കൂട്ടത്തിലുള്ളവയാണിവ. പബ്ലിക് ഓഫീസിലെ റവന്യൂ കോംപ്ലക്സിന് 8,85,023 രൂപയാണ് വൈദ്യുതി കുടിശിക.
കേരള ടൂറിസം; 7.54 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി
🖱️കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 7.54 കോടിയുടെ ഒമ്പത് പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി.
വയനാട് വിദ്യാർഥി തൂങ്ങി മരിച്ച സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെഎസ് യു
🖱️വയനാട് പൂക്കോട് ഗവ. വെറ്റിനറി കോളജ് രണ്ടാം വർഷ ബി.വി.എസ്.സി ആൻഡ് എ.എച്ച് വിദ്യാർഥി നെടുമങ്ങാട് വിനോദ് നഗർ സ്വദേശി സിദ്ദാർത്ഥൻ (20) ഹോസ്റ്റലിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യട്ട് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. റാഗിംഗാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് സിദ്ദാർഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുണ്ടെങ്കിലും കുറ്റാരോപിതരായ സീനിയർ വിദ്യാർഥികളെ സംരക്ഷിക്കുന്ന ഡീൻ ഉൾപ്പടെയുള്ള കോളജ് അധികാരികളുടെ മൗനം ഗൗരവം വർധിപ്പിക്കുന്നുവെന്ന് അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ പറയുന്നു.
കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ
🖱️സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ചില അക്കൗണ്ടുകൾക്കെതിരേയും പോസ്റ്റുകൾക്കെതിരേയും നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതായി കമ്പനി. എക്സിന്‍റെ ഗ്ലോബൽ ഗവൺമെന്‍റ് അഫയേഴ്സ് പേജിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഉത്തരവ് പാലിക്കുന്നതിന്‍റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും എക്സ് വ്യക്തമാക്കി. ഈ പോസ്റ്റുകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്നും എക്സ് അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ കോൺഗ്രസ് – എഎപി സീറ്റ് ധാരണ
🖱️പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സീറ്റ് വിഭജനകാര്യത്തിൽ ധാരണയായെന്ന് സൂചന. കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിൽ ഏഴ് പാർലമെന്‍റ് സീറ്റുകളാണുള്ളത്. ഇതിൽ എഎപി നാല് സീറ്റിലും കോൺഗ്രസ് മൂന്നിടത്തും മത്സരിക്കാനാണ് ധാരണ. എന്നാൽ, തീരുമാനം ഔദ്യോഗികമായി ഇരുപാർട്ടികളും പുറത്തുവിട്ടിട്ടില്ല. ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പിനെ സഹായിക്കുന്നതാണ് കോൺഗ്രസ് – എഎപി സീറ്റ് ധാരണ എന്നാണ് വിലയിരുത്തൽ.
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ വഴി 13 കോടി രൂപയുടെ അധികനേട്ടം; മന്ത്രി മുഹമ്മദ് റിയാസ്
🖱️ഓൺലൈൻ ബുക്കിങ് ആരംഭിച്ചശേഷം പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ്ഹൗസുകൾ വഴി 13 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയം റസ്റ്റ് ഹൗസിലെ പുതിയ കെട്ടിടത്തിന്റെയും മുട്ടമ്പലത്തെ വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ബുക്കിങ് ആരംഭിച്ചതോടെ അക്ഷരാർഥത്തിൽ റെസ്റ്റ് ഹൗസുകൾ ജനങ്ങളുടെ റെസ്റ്റ് ഹൗസായി മാറി. 3ലക്ഷത്തോളം പേർ ഇതിനോടകം ഈ സൗകര്യം ഉപയോഗപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
അക്‌ബർ, സീത സിംഹങ്ങളുടെ പേര് മാറ്റണമെന്ന് കൽക്കട്ട ഹൈക്കോടതി
🖱️സിംഹങ്ങൾക്ക് അക്‌ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദങ്ങൾ ഒഴിവാക്കാൻ ബംഗാൾ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം, സീത, അക്‌ബർ എന്ന് പേര് നൽകിയത് ത്രിപുര സർക്കാരാണെന്ന് ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിൻ്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. മൃഗങ്ങളുടെ കൈമാറ്റ പദ്ധതി പ്രകാരമാണ് ബംഗാളിലേക്ക് എത്തിച്ചതെന്നും സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു. നായയ്‌ക്കും പൂച്ചയ്‌ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. അക്‌ബര്‍ പ്രഗത്ഭനായ മുഗള്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. സിംഹത്തിനു ടഗോര്‍ എന്നു പേരിടുമോ എന്നും കോടതി ചോദിച്ചു.
നൂഹ് കലാപം: കോൺഗ്രസ് എംഎൽഎ മമ്മൻ ഖാനെതിരേ യുഎപിഎ ചുമത്തി
🖱️ഹരിയാനയിലെ നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ മമ്മൻ ഖാനെതിരേ പൊലീസ് യുഎപിഎ ചുമത്തി. ഫിറോസ്പുർ ഝിർക്കയിൽ നിന്നുള്ള എംഎൽഎയ്ക്കെതിരേ നജീന പൊലീസാണ് നടപടിയെടുത്തിരിക്കുന്നത്. ഖാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ പങ്കു വച്ച് കലാപം ആളിക്കത്തിച്ചുവെന്ന് പൊലീസ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് യുഎപിഎ കൂടി ചുമത്തിയിരിക്കുന്നത്. നൂഹ് കലാപക്കേസിൽ കഴിഞ്ഞ വർഷമാണ് ഖാൻ അറസ്റ്റിലായത്.
ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: ഹൈക്കോടതി വിധി 27ന്
🖱️ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രം പരിമിതപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് സമർപിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. അന്തിമ വാദം പൂര്‍ത്തിയാക്കിയെങ്കിലും കുറച്ചു കാര്യങ്ങള്‍ കൂടി പരിഗണിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവം ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
കേരള പദയാത്ര ഗാന വിവാദം; ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരേ നടപടിക്ക് സാധ്യത
🖱️കേരളപദയാത്ര പാട്ട് വിവാദത്തിൽ സംസ്ഥാന ഐടി സെൽ ചെയർമാൻ എസ്. ജയശങ്കറിനെതിരേ നടപടിക്ക് ബിജെപി. ജയശങ്കറെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. കേരള ഗാനം ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരുന്നത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,”എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിക്ക് ഡിഎൻഎ പരിശോധന
🖱️തിരുവനന്തപുരത്തു നിന്ന് കാണാതായി മണിക്കൂറുകൾക്കു ശേഷം വേളിയിലെ ഓടയിൽ നിന്ന് കണ്ടെത്തിയ രണ്ടു വയസുകാരിയുടെ ഡിഎൻഎ പരിശോധിക്കാൻ ഒരുങ്ങി പൊലീസ്. കുട്ടിയുടെ രക്തത്തിൽ മദ്യത്തിന്‍റെ അംശം ഉണ്ടോ എന്നും പരിശോധിക്കും. രണ്ടു വയസുകാരിയെ 19 മണിക്കൂറുകൾക്കു ശേഷം വേളിയിലെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ അവിടെ ആരാണ് എത്തിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധിക്കുന്നത്.
വിസിമാരെ ഹിയറിങ്ങിന് ക്ഷണിച്ച് ഗവർണർ
🖱️കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടിസ് നൽകിയ കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വൈസ് ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ മാസം 24ന് ഹിയറിങ്ങിനു ക്ഷണിച്ചു. വിസിമാരോ, അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്കൃത സർവകലാശാലാ വിസി അപ്പീൽ ഫയൽ ചെയ്തെങ്കിലും അതു ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അദ്ദേഹം അപ്പീൽ പിൻവലിക്കുകയായിരുന്നു.
ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് ഇഡി
🖱️കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ നൽകിയ കേസിൽ അനുകൂല വിധി വന്നതിനു പിന്നാലെ ബൈജു രവീന്ദ്രന് ലുക്കൗട്ട് സർക്കുലർ. 43 കാരനായ സംരംഭകനെതിരെ കേന്ദ്ര ഏജൻസിയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. രാജ്യം വിടുന്നത് തടയാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ.
സുശാന്ത് സിങ്ങിന്‍റെ മരണം: നടി റിയ ചക്രവർത്തിക്കെതിരേയുള്ള ലുക്ഔട്ട് സർക്കുലറുകൾ റദ്ദാക്കി
🖱️ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിക്കെതിരേ സിബിഐ പുറപ്പെടുവിച്ചിരുന്ന ലുക്ഔട്ട് നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് രേവതി മൊഹിത് ദേരെയും ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റിയയുടെ ഹർജി പരിഗണിച്ച് വിധി പ്രഖ്യാപിച്ചത്. റിയയുടെ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത് എന്നിവർക്കെതിരേയുള്ള സർക്കുലറുകളും റദ്ദാക്കിയിട്ടുണ്ട്. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതിനെത്തുടർന്ന് സിബിഐ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി 2020ലാണ് റിയയ്ക്കു കുടുംബത്തിനുമെതിരേ ലുക്ഔട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നത്.
മഹുവയുടെ ഹർജിയിൽ ഹൈക്കോടതി വിധി വെള്ളിയാഴ്ച
🖱️എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറിൽ നിന്നും തനിക്കെതിരേയുള്ള അന്വേഷണത്തിന്‍റെ സുപ്രധാന വിവരങ്ങൾ മാധ്യമങ്ങളിലൂടെ ചോർന്നുവെന്നു ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. മഹുവ വിദേശ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിലെ വിവരങ്ങളാണ് ചോർന്നത്. മുൻ എംപി കൂടിയായ മഹുവയെ മാധ്യമങ്ങളിലൂടെ വിവരങ്ങൾ ചോർന്നത് ഉലച്ചതായി മഹുവയുടെ അഭിഭാഷക റബേക്ക ജോൺ കോടതിയെ അറിയിച്ചു.
ജമ്മു കശ്മീരിൽ ഹിമപാതത്തിൽ വിദേശി മരിച്ചു
🖱️ജമ്മു കശ്മീരിലെ ഗുൽമാർഗിലെ അഫർവത് കൊടുമുടിയിലെ ഖിലൻമാർഗിലുണ്ടായ ഹിമപാതത്തിൽപെട്ട് ഒരു വിദേശി മരിച്ചു. മറ്റൊരു വിദേശിയെ കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. പരിക്കേറ്റ മൂന്നു പേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചയാളും കാണാതായ ആളും സ്കൈയർമാരാണ്. 5 സ്കൈയർമാരെയെങ്കിലും കാണാതായതായാണ് വിവരം.
കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കെ.എം. ഷാജി
🖱️സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊലപാതകികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഷാജി ആരോപിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായിരുന്ന കുഞ്ഞനന്തൻ ജയിലിൽ കഴിയുന്നതിനിടെ ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത്.
തൃശൂർ പാലപ്പിള്ളിയിൽ പുലിയിറങ്ങി
🖱️തൃശൂർ പാലപ്പിള്ളിയിൽ പുലിയിറങ്ങി. എലക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. വീടിന് പിന്നിൽ പുല്ലു തിന്നുകൊണ്ടിരിക്കുകയായിരുന്ന പശുക്കിടാവിനെ പുലി കൊന്നു തിന്നു. പകുതി ഭക്ഷിച്ച നിലിയിലാണ് പശുക്കുട്ടിയുടെ ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശത്തും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു.
കെജ്‌രിവാളിന് വീണ്ടും ഇഡി സമൻസ്; ഫെബ്രുവരി 26ന് ഹാജരാകണം
🖱️മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ഫെബ്രുവരി 26 ന് ഹാജരാകണം എന്നാണ് സമൻസിലുള്ളത്. ഇത് ഏഴാം തവണയാണ് ഇഡി കെജ്‌രിവാളിന് സമൻസ് നൽകുന്നത്. എന്നാൽ കഴിഞ്ഞ ആറു തവണയും കെജ്‌രിവാൾ ഇഡിക്കു മുന്നിൽ ഹാജരായില്ല. തുടർച്ചയായി ഇഡി നോട്ടീസ് തള്ളുന്നതിനാൽ ഒരു പക്ഷേ കെജ്‌രിവാളിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കാം.
ആറ്റുകാൽ പൊങ്കാല: 3 സ്പെഷ്യൽ ട്രെയിന്‍ സർവീസ്
🖱️ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഞായറാഴ്ച മൂന്ന് സ്പെഷൽ ട്രെയ്‌നുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. എറണാകുളത്തു നിന്നും നാഗർകോവിലിൽ നിന്നും മെമു സ്പെഷൽ ട്രെയ്‌നുകളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക. തിരുവനന്തപുരം – കൊല്ലം, നാഗർകോവിൽ – തിരുവനന്തപുരം സെക്‌ഷനുകളിൽ വിവിധ ട്രെയ്‌നുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചു.
പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള വസ്തു കണ്ടെത്തി
🖱️പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമേറിയ വസ്തു ഭീമാകാരമുള്ള ഒരു തമോഗര്‍ത്തമാണെന്നും ദിവസവും സൂര്യസമാനമായ ഒരു നക്ഷത്രത്തെ വീതം അത് അകത്താക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ഇത്രയേറെ “വിശപ്പുള്ള’ തമോഗര്‍ത്തത്തെ കണ്ടെത്തുന്നത് ആദ്യം. ജെ0529-4351 എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടെത്തിയെങ്കിലും ചിലിയില്‍ സ്ഥാപിച്ച ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി (വിഎല്‍ടി) തമോഗര്‍ത്തത്തിന്റെ “വിശ്വരൂപം’ ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും നേച്ചർ ആസ്ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.
ഡാനി ആൽവ്സിന് നാലര വർഷം തടവ്
🖱️ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ബാഴ്സലോണയും ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷത്തെ തടവ് ശിക്ഷ. സ്പാനിഷ് കോടതിയാണ് ആല്‍വസിനെ ശിക്ഷിച്ചത്. 2022 ഡിസംബറില്‍ ബാഴ്സലോണയിലെ നിശാക്ലബ്ബിലെ ശുചിമുറിയില്‍ വച്ച്, യുവതിയെ ബലാത്സംഗം ചെയ്തതിനാണ് നടപടി. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. യുവതിയെ അറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടിയുള്ള പരാതിയെന്നും ആദ്യം നിലപാടെടുത്ത ആല്‍വസ്, ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ 4 തവണ മൊഴി മാറ്റിയിരുന്നു. മദ്യലഹരിയില്‍ സംഭവിച്ചതെന്നായിരുന്നു ഒടുവില്‍ ആല്‍വസിന്റെ മൊഴി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5750 രൂപ
പവന് 46000 രൂപ