സായാഹ്ന വാർത്തകൾ….
2024 | ഫെബ്രുവരി 22 | വ്യാഴം | 1199 | കുംഭം 9 | പൂയം
🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷
◾വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ കൂട്ടാമെന്നും, ഇപ്പോള്‍ കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്നും കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യന് ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നല്‍കേണ്ടതുണ്ട്. മനുഷ്യ മൃഗ സംഘര്‍ഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിന് ചുമതല നല്‍കും. കേരള – കര്‍ണാടക -തമിഴ്നാട് സംസ്ഥാനങ്ങള്‍ ഒരുമിച്ച് ആനത്താരകള്‍ അടയാളപ്പെടുത്തും.ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
◾വയനാട്ടില്‍ പുതിയ സിസിഎഫായി ഈസ്റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.വിജയാനന്ദന് ചുമതലയേറ്റു. മനുഷ്യ – മൃഗ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഏകോപിക്കുകയാണ് അദ്ദേഹത്തിന്റെ ചുമതല.
◾വയനാട് ജില്ലയിലെ വന്യമൃഗ ശല്യം എന്നന്നേക്കുമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് കളക്ട്രേറ്റ് പടിക്കല്‍ മാനന്തവാടി രൂപതയുടെ ഉപവാസം. കല്‍പ്പറ്റ നഗരത്തില്‍ പ്രകടനവും പൊതുയോഗവും തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
◾ചര്‍ച്ച് ബില്‍ ഒരിക്കലും ഒരു പരിഹാരമല്ലെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ. ചര്‍ച്ച് ബില്‍ വന്നാല്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും വിഷയത്തില്‍ സമാധാനത്തിന് സമവായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് ഞങ്ങളോട് പറയാമെന്നും അദ്ദേഹം പറഞ്ഞു.
◾ടിപി ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന് വിഐപി ചികിത്സയാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്. യുഡിഎഫ് ഭരിക്കുമ്പോഴും എല്‍ഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. അന്നത്തെ മന്ത്രിയും ജയില്‍ അധികൃതരുമാണ് കുഞ്ഞനന്തന്റെ മകളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പികെ കുഞ്ഞനന്തന് കൃത്യമായ ചികിത്സ കിട്ടിയിരുന്നില്ലെന്ന് ആരോപിച്ച് മകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു എം എം ഹസ്സന്.
◾ടിപി ചന്ദ്രശേഖരന് കൊലക്കേസില്‍ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നുവെന്നും കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി മുസ്ലീം ലീഗ് മുനിസിപ്പല്‍ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്ന. അച്ഛന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണു അച്ഛന് മരിച്ചതെന്നും മകള്‍ വ്യക്തമാക്കി. ചികിത്സ വൈകിപ്പിച്ച് അച്ഛനെ കൊന്നത് യുഡിഎഫ് സര്‍ക്കാരാണെന്നും മകള്‍ ആരോപിച്ചു.
◾സപ്ലൈകോയില്‍ അനുവാദം വാങ്ങിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തെറ്റില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്. അനില്‍. അനുവാദം ഇല്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളെന്നപേരില്‍ എല്ലാവരും വരികയാണെന്നും അനുവാദം വാങ്ങി ദൃശ്യങ്ങള്‍ എടുക്കുന്നതില്‍ തെറ്റില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ഔട്ട്ലറ്റുകളില് പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാന്‍ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി. ശ്രീരാം വെങ്കിട്ടരാമന് ഉത്തരവിറക്കിയിരുന്നു.
◾കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷന് ഡ്യൂട്ടിക്കു മതിയായ മുന്‍ഗണന നല്‍കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പരിഗണിക്കാതെ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഇതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്. പത്തു ദിവസത്തിനകം ഔട്ട് സ്റ്റേഷന് ഡ്യൂട്ടിക്കു മതിയായ മുന്‍ഗണന നല്കി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
◾ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തുന്ന പദയാത്ര ആലത്തൂരില്‍ എത്തിയപ്പോള്‍ പ്രചാരണ ഗാനം മാറിയതില്‍ വിശദീകരണവുമായി സോഷ്യല്‍ മീഡിയ ടീം. പദയാത്ര തത്സമയം നല്കുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ എന്ന ഗാനം പുറത്തുവന്നത്. ജനറേറ്റര്‍ കേടായപ്പോള്‍ യൂട്യൂബില്‍ നിന്ന് ഗാനങ്ങള്‍ എടുത്തതാണ് പ്രശ്നത്തിന് കാരണമെന്ന് പാര്‍ട്ടിക്ക് സോഷ്യല്‍ മീഡിയ ടീം വിശദീകരണം നല്കി. ഉത്തരേന്ത്യാ മാതൃകയില്‍ എസ്സി-എസ്ടി വിഭാഗക്കാര്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന് പോസ്റ്ററില്‍ എഴുതിയത് വിവാദമായിരിക്കെയാണ് ബിജെപിക്ക് വീണ്ടും അമളി പറ്റുന്നത്.
◾കെ.സുരേന്ദ്രന്റെ പദയാത്രയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെ വിമര്‍ശിക്കുന്ന പാട്ട് ഉള്‍പ്പെട്ടതില്‍ ബിജെപി ഐടി സെല്‍ ചെയര്മാന് എസ്. ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തോട് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. നേതൃത്വത്തെ വിമര്‍ശിക്കുന്ന പാട്ട് പാര്‍ട്ടിയുടെ ഫെയ്സ് ബുക്കില്‍ വന്നതിനെത്തുടര്‍ന്നാണ് നടപടി.
◾സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വയനാട്ടിലെ 23 റിസോര്‍ട്ടുകളില്‍ ജിഎസ്ടി റെയ്ഡ്. നാലിടത്തു മാത്രം പത്തുകോടിയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ബില്ലുകുറച്ച് കാണിച്ച് റിസോര്‍ട്ടുകളില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
◾തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്പര്യം ഇല്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
◾തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍, ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നരഹത്യാകുറ്റം ചുമത്തിയ കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചര്‍ ചികിത്സ നല്കിയതുമൊക്കെ അന്വേഷണ പരിധിയിലാണെന്ന് പോലീസ് അറിയിച്ചു.
◾മലപ്പുറം എടവണ്ണപ്പാറയില്‍ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന് സിദ്ധിഖ് അലി അറസ്റ്റിലായി. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും മറ്റൊരു പോക്സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്.
◾ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഗാനം പുറത്തിറക്കി. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന പ്രചാരണ ഗാനം 24 വ്യത്യസ്ത ഭാഷകളിലാണ് ഉള്ളത്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഗാനത്തിന്റെ പ്രമേയം. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ ചന്ദ്രയാന്‍-3 ദൗത്യം, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ നേട്ടങ്ങളും വിവരിക്കുന്നുണ്ട്.
◾വീട്ടുതടങ്കല്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഓഫീസില്‍ കിടന്നുറങ്ങി ആന്ധ്ര പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള. വിജയവാഡയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ചലോ സെക്രട്ടേറിയറ്റ് എന്ന പേരിലുള്ള പ്രതിഷേധ സമരത്തിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയോ വീട്ടുതടങ്കലില്‍ ആക്കുകയോ ചെയ്തെന്ന് ശര്‍മിള വിമര്‍ശിച്ചു.
◾ചലോ ദില്ലി മാര്‍ച്ചിനിടെ യുവ കര്ഷകന് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഹരിയാന പൊലീസും കേന്ദ്ര സേനയും കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് ആരോപണം. ഖനൗരി അതിര്‍ത്തിയില്‍ ആണ് യുവ കര്ഷകന് ശുഭ് കരണ്‍ സിംഗ് കൊല്ലപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി.
◾മണിപ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടാന്‍ കാരണമായ ഉത്തരവില്‍ നടപടി. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെകള്‍ക്ക് എസ്ടി പദവി നല്‍കുന്നത് പരിഗണിക്കാമെന്ന ഭാഗം വിവാദ ഉത്തരവില്‍ നിന്ന് ഹൈക്കോടതി നീക്കി. എന്നാല്‍ ഉത്തരവിലെ ഒരു പാരഗ്രാഫ് മാത്രം നീക്കിയത് കൊണ്ട് യാതൊന്നും സംഭവിക്കില്ലെന്നും ബാക്കി ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച് പറയുന്നുണ്ടല്ലോ എന്നുമാണ് കുക്കി വിഭാഗം പറയുന്നത്.
◾ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനന്യ ബാനര്‍ജി. തന്റെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ഉപയോഗിച്ച് ബിജെപി കുപ്രചരണം നടത്തുകയാണെന്നും അവര്‍ ആരോപിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് അനന്യ ബാനര്‍ജിയുടെ വിവാദ പരാമര്‍ശമുണ്ടായത്.
◾സാമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും,ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വ്യക്തമാക്കി. എന്നാല്‍ നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഇതിനോട് വിയോജിക്കുന്നതായും എക്സ് പ്ലാറ്റ് ഫോം അധികൃതര്‍ അറിയിച്ചു.
◾ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് നീക്കാനായി മാര്‍ക് സക്കര്‍ബര്‍ഗ് അടക്കമുള്ള നിക്ഷേപകര്‍ അസാധാരണ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല.
◾റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തെന്നു പരാതി. തെലങ്കാന, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു രണ്ടുപരും കര്‍ണാടകയില്‍ നിന്നു മൂന്നും ഗുജറാത്ത്,യുപി എന്നിവിടങ്ങളില്‍ നിന്നായി ഒരാള്‍ വീതവുമാണ് റഷ്യയില്‍ കുടുങ്ങിയത്.
◾ഐപിഎല്‍ 2024 സീസണിന്റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. മാര്‍ച്ച് 22ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മൈതാനിയായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം എഡിഷന് തുടക്കമാവുക.
◾ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുമായി ദക്ഷിണ കൊറിയന്‍, മലേഷ്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 12 എണ്ണക്കപ്പലുകള്‍. മൊത്തം 15 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് (ക്രൂഡോയില്‍) ഇരു രാജ്യങ്ങളിലുമായി കെട്ടിക്കിടക്കുന്നത്. മുന്‍ മാസങ്ങളില്‍ ഇന്ത്യക്ക് അനുവദിച്ചിരുന്ന ഡിസ്കൗണ്ട് റഷ്യ വെട്ടിയതോടെയാണ് എണ്ണ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറാകാത്തതെന്ന് സൂചനകളുണ്ട്. കഴിഞ്ഞമാസങ്ങളില്‍ റഷ്യയുടെ യുറാല്‍ ക്രൂഡോയിലാണ് ഇന്ത്യ ഡിസ്കൗണ്ട് നിരക്കില്‍ വാങ്ങിയിരുന്നത്. ഇതിനേക്കാള്‍ ബാരലിന് 2-3 ഡോളര്‍ അധികവിലയുള്ളതാണ് ഇപ്പോള്‍ മലേഷ്യയിലും കൊറിയയിലുമായി കെട്ടിക്കിടക്കുന്ന സൊക്കോല്‍ ക്രൂഡോയില്‍. ഉയര്‍ന്ന വില നല്കി സൊക്കോല്‍ ഏറ്റെടുക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതയാകുമെന്ന് വിലയിരുത്തിയാണ് ഇന്ത്യന്‍ കമ്പനികള്‍ മുഖംതിരിക്കുന്നത്. ജി7 രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരമാവധി വിലയേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ സൊക്കോല്‍ എണ്ണ വിലയുള്ളത്. ഇത് സൊക്കോല്‍ വാങ്ങുന്നതിന് തിരിച്ചടിയാണെന്ന് ഇന്ത്യയുടെ പെട്രോളിയം മന്ത്രി വ്യക്തമാക്കിയിട്ടുള്ളതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജി7 നിശ്ചയിച്ചതിലധികം വിലയുള്ളതിനാല്‍ സൊക്കോല്‍ വാങ്ങല്‍ ഇടപാടുകള്‍ക്ക് പണം ലഭ്യമാക്കാന്‍ ബാങ്കുകളും മടിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം സൊക്കോല്‍ എണ്ണ വാങ്ങിയിരുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ 10 ശതമാനം സൊക്കോല്‍ ആയിരുന്നു.
◾സാംസങ്ങിന്റെ ഗാലക്സി എസ് 24 സ്മാര്‍ട്ഫോണുകള്‍ വിപണിയിലെത്തി. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അള്‍ട്ര എന്നീ മൂന്ന് ഫോണുകളാണ് സീരിസിലുള്ളത്. ടൈറ്റാനിയം ഫ്രെയിമും കോര്‍ണിങ് ഗൊറിസല്ല ഗ്ലാസ് ആര്‍മര്‍ സംരക്ഷണവുമയാണ് ഗാലക്സി എസ് 24 അള്‍ട്ര സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എസ് 24 ന് 799 ഡോളറും (66,455രൂപ) എസ് 24 പ്ലസിന് 999 ഡോളറും (83,090 രൂപ) ആണ് വില. എസ് 24 അള്‍ട്രയ്ക്ക് 1299 ഡോളര്‍ (1,08,040) രൂപയ്ക്കാണ് ലഭ്യമാവുക. 6.8 ഇഞ്ച് ക്വാഡ്എച്ച്ഡി+ അമോലെഡ് സ്ക്രീനോടുകൂടിയ ഫോണാണ് എസ് 24 അള്‍ട്ര, ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.1 ഒഎസ് ആണ് ഇതിനുള്ളത്. ഗാലക്സി എസ് 24ന് 6.2 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. എസ് 24 പ്ലസിന് 6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും. എസ് 24 ല്‍ ഫുള്‍എച്ച്ഡി പ്ലസ് റസലൂഷന്‍ ഡിസ്പ്ലേ ഉപയോഗിക്കുമ്പോള്‍ എസ് 24 പ്ലസില്‍ ക്യുഎച്ച്ഡി റെസലൂഷന്‍ സ്ക്രീനാണ്. എസ് 24ലെ അതേ ക്യാമറ തന്നെയാണ് എസ്24 പ്ലസ് മോഡലിലും നല്‍കിയിരിക്കുന്നത്. രണ്ട് ഫോണുകള്‍ക്കും 2.2 അപ്പേര്‍ച്ചറും ഡ്യുവല്‍ പിക്സല്‍ ഓട്ടോഫോക്കസും ഉള്ള 12 എംപി സെല്‍ഫി ക്യാമറയുണ്ട്. എസ്24 മോഡലിനേക്കാല്‍ അല്‍പ്പം കൂടി ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റിയുള്ള 4,900എംഎഎച്ച് ബാറ്ററിയാണ് എസ്24 പ്ലസ് മോഡലിന് നല്‍കിയിരിക്കുന്നത്.
◾വിനീത് ശ്രീനിവാസന് പ്രധാന വേഷത്തിലെത്തുന്ന ‘ഒരു ജാതി ജാതകം’ സിനിമയുടെ പോസ്റ്റര്‍ പുറത്ത്. ഒരുകൂട്ടം സുന്ദരിമാര്‍ക്ക് നടുവില്‍ ഇരിക്കുന്ന വിനീതിനെയാണ് പോസ്റ്ററില്‍ കാണുന്നത്. നടി നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ വിനീതിന്റെ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം എം മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമലിനൊപ്പം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക കയാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരെയാണ് പോസ്റ്ററില്‍ കാണുന്നത്. സ്യൂട്ടണിഞ്ഞ് സൈറ്റൈലിഷ് ലുക്കിലാണ് വിനീത് എത്തുന്നത്. ബാബു ആന്റണി മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണന്, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഗായകന് വിധു പ്രതാപും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തിരക്കഥ രാകേഷ് മണ്ടോടി. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍.
◾മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗം’ മറ്റ് ഭാഷകളിലും റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ മലയാളം പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ മലയാളം പതിപ്പ് തന്നെയാണ് ആദ്യ ഘട്ടത്തില്‍ മറ്റ് സംസ്ഥാന കേന്ദ്രങ്ങളിലും റിലീസ് ചെയ്യപ്പെട്ടത്. ഇത് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. അവരില്‍ നിന്ന് സോഷ്യല്‍ മീഡിയ റിവ്യൂസും ലഭിച്ചിരുന്നു. പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23 ന് തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ മലയാള സിനിമയെ സംബന്ധിച്ച് ആവേശം പകരുന്ന മറ്റൊരു പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളില്‍ നിന്ന് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ തമിഴ്, കന്നഡ പതിപ്പുകളും റിലീസ് ചെയ്യാന്‍ പോകുന്നു എന്നതാണ് അത്. തെലുങ്ക് പതിപ്പ് എത്തുന്ന അതേദിവസം തന്നെ, ഫെബ്രുവരി 23 ന് തന്നെയാണ് തമിഴ്, കന്നഡ പതിപ്പുകളും തിയറ്ററുകളില്‍ എത്തുക. അതത് ഭാഷാ പതിപ്പുകള്‍ അതതിടങ്ങളിലെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ മലയാളത്തിന് ഒരു പുതിയ തുടക്കമാവും മമ്മൂട്ടിയും ഭ്രമയുഗവും ചേര്‍ന്ന് നല്‍കുക. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെയും ഇത് വലിയ അളവില്‍ സ്വാധീനിക്കും.
◾ഹീറോ മോട്ടോകോര്‍പ്പ് അടുത്തിടെ പുറത്തിറക്കിയ മാവ്റിക്ക് 440 ബൈക്കിന്റെ ഡെലിവറികള്‍ 2024 ഏപ്രില്‍ 15-ന് ആരംഭിക്കും. ഹാര്‍ലി-ഡേവിഡ്സണ് എക്സ്440യുമായി മാവ്റിക്ക് അതിന്റെ അടിത്തറ പങ്കിടുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരു സഹകരണത്തിന്റെ ഭാഗമായി ഹീറോയും ഹാര്‍ലിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ്. ഹീറോ മാവ്റിക്ക് 440-ന് ട്രാക്റ്റ് ചെയ്യാവുന്ന മോട്ടോറും നിയോ-റെട്രോ ഡിസൈന്‍ ഭാഷയും ലഭിക്കുന്നു. 440 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍, ഓയില്‍ കൂള്‍ഡ് മോട്ടോറില്‍ നിന്ന് 27 ബിഎച്പിയും 36 എന്‍എം പീക്ക് ടോര്‍ക്കും ട്യൂണ്‍ ചെയ്യുന്നു. മോട്ടോര്‍ ഹാര്‍ലി എക്സ്440 നേക്കാള്‍ 2 എന്‍എം കുറവാണ് ഉണ്ടാക്കുന്നത്. 803 എംഎം സീറ്റ് ഉയരവും ഉള്‍ക്കൊള്ളുന്നു, അതേസമയം ഉയരവും വീതിയുമുള്ള ഹാന്‍ഡില്‍ബാര്‍ നേരുള്ളതും സുഖപ്രദവുമായ റൈഡിംഗ് പൊസിഷന്‍ നല്കുന്നു. മാവ്റിക്ക് 440 ന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാന്‍ഡേര്‍ഡായി ഒരു എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു, അതേസമയം ടോപ്പ് വേരിയന്റില്‍ കണക്റ്റുചെയ്ത സവിശേഷതകളും ഉണ്ട്. മാവ്റിക്കിന്റെ ദില്ലി എക്സ്-ഷോറൂം വില 1.99 ലക്ഷം മുതല്‍ ആരംഭിക്കുന്നു. ഇത് 2.24 ലക്ഷം വരെ ഉയരുന്നു. ഇത് വിപണിയിലുള്ള ഏറ്റവും വില കുറഞ്ഞ സബ് 500 സിസി ബൈക്കുകളിലൊന്നാണ്.
◾’മക്തൂബ്!” അവള് പറഞ്ഞു. ഞാന്‍ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കില്‍ എവിടെയൊക്കെ പോയാലും ഒരു നാള് നീ എന്റെ അരികില്‍ തിരിച്ചെത്താതിരിക്കില്ല. എനിക്ക് വിശ്വാസമുണ്ട്. എക്കാലത്തെയും മികച്ച പ്രചോദനാത്മക കൃതികളിലൊന്നായ ‘ആല്‍കെമിസ്റ്റ്’ വായിച്ചവര്‍ മറക്കാനിടയില്ലാത്ത വരികള്‍. ആല്കെമിസ്റ്റിനിതാ ഒരു സഹചാരി. മനുഷ്യാവസ്ഥകളുടെ നിഗൂഢതകളെ തുറന്നു കാണിക്കുന്ന ഒരുപിടി കഥകളും ദൃഷ്ടാന്തങ്ങളും ചേര്‍ത്ത് പുതിയ കാലത്തെ മികച്ച എഴുത്തുകാരില്‍ ഒരാളായ പൗലോ കൊയ്ലോ രചിച്ച കൃതി. മക്തൂബ് എന്നാല്‍ ‘രചിക്കപ്പെട്ടത്’ എന്നാണര്‍ത്ഥം. ഈ പുസ്തകത്തിലൂടെ വിശ്വാസത്തിന്റെയും സ്വയം പ്രതിഫലനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ഒരു യാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് എഴുത്തുകാരന്. നമ്മുടെയും നമുക്കൊപ്പമുള്ളവരുടെയും ജീവിതത്തെ മനസ്സിലാക്കാനും മനുഷ്യത്വബോധത്തിന്റെ പ്രപഞ്ച സത്യങ്ങളെ തുറന്നു കാണിക്കാനും ഉതകുന്ന ഒരു പാതയിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു. ‘മക്തൂബ് ഉപദേശങ്ങളുടെ ഒരു പുസ്തകമല്ല- അനുഭവങ്ങളുടെ കൈമാറ്റമാണ്.’ ‘മക്തൂബ്’. ഡിസി ബുക്സ്. വില 240 രൂപ.
◾ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. കാലക്രമേണ ധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യാം. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. കാഴ്ചക്കുറവ്, ഓര്‍മ്മക്കുറവ് എന്നവയ്ക്കും കാരണമാകും. ഉറക്കത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലവിധത്തില്‍ പ്രകടമാകാം. കൂര്‍ക്കം വലി തൊട്ട് രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതു വരെ രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ലക്ഷണമാകാം. എന്‍പിജെ ഡിജിറ്റല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ രാത്രിയില്‍ ധാരാളം കൂര്‍ക്കം വലിക്കുന്ന ആളുകള്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് പറയുന്നു. ശരീരം കാണിക്കുന്ന റെഡ് ഫ്ലാഗുകള്‍ തിരിച്ചറിയാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് കൂര്‍ക്കം വലി. പ്രത്യേകിച്ച് ശ്വാസോച്ഛ്വാസം തടസപ്പെടുത്തിക്കൊണ്ടുള്ള കൂര്‍ക്കം വലി. സ്ലീപ് അപ്നോയ എന്നാണ് ഇത്തരത്തില്‍ കൂര്‍ക്കം വലിക്കുന്നതിനെ വിളിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണമായ ഇടുങ്ങിയ രക്തക്കുഴലുകള്‍ കാരണം രക്തപ്രവാഹം പരിമിതപ്പെടുത്തുന്നതായും ഇത് സൂചിപ്പിക്കാം. സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിങ്ങനെ പല കാര്യങ്ങള്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെങ്കിലും ഹൈപ്പര്ടെന്ഷന് ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രത്തെ തടസ്സപ്പെടുത്തും. രാത്രി ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നു. നോക്റ്റൂറിയ അല്ലെങ്കില്‍ രാത്രിയില്‍ അമിതമായ മൂത്രമൊഴിക്കല്‍ എന്നത് ഹൈപ്പര്‍ടെന്‍ഷന്റെ ലക്ഷണമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കയെ ബാധിക്കുകയും ഇത് മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഉറക്കമുണരുമ്പോഴോ രാത്രിയിലോ തലവേദന അനുഭവപ്പെടുന്നതും രാത്രിയിലെ ഹൈപ്പര്‍ടെന്‍ഷന്റെ ലക്ഷണമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദനകള്‍ രാവിലെയാണ് ഏറ്റവും തീവ്രമാകുന്നത്. ഉറക്കത്തില്‍ സ്വാഭാവികമായും രക്തസമ്മര്‍ദ്ദം ഉയരുകയും അതിരാവിലെ കൂടുകയും ചെയ്യും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.89, പൗണ്ട് – 105.29, യൂറോ – 90.21, സ്വിസ് ഫ്രാങ്ക് – 94.75, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.62, ബഹറിന്‍ ദിനാര്‍ – 220.06, കുവൈത്ത് ദിനാര്‍ -269.56, ഒമാനി റിയാല്‍ – 215.40, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.66.
🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼