അയിലൂരിൽ പ്രവർത്തിക്കുന്ന വെറ്റിനറി സബ് സെന്റർ പ്രവർത്തനം നിലച്ചു!!!

മൃഗസംരക്ഷണ വകുപ്പിന്റെ സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലാണ് കന്നുകാലികളെ കുത്തിവയ്ക്കുന്നതിനും പ്രാഥമിക ചികിത്സയ്ക്കുമുള്ള സൗകര്യം ഇല്ലാതായത്. 25 രൂപ ചെലവിൽ അവസാനിക്കുന്ന കൃത്രിമ ബീജസംഘലന കുത്തിവെപ്പിന് 600 രൂപ വാഹന വാടക കൊടുത്ത് കയറാടിയിലൊ നെന്മാറയിലൊ വാഹനത്തിൽ കയറ്റി കൊണ്ടുപോയി ചികിത്സ തേടേണ്ട സ്ഥിതിയാണ് അയിലൂരിലെ ക്ഷീരകർഷകർക്ക് ഉള്ളത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നവംബറിൽ സ്ഥലം മാറിപ്പോയതോടെ പകരം ആളില്ലാത്തതിനാൽ ഗൃഹ സന്ദർശനം വഴിയുള്ള ചികിത്സയും അയിലൂരിലെ ക്ഷീര കർഷകർക്ക് അപ്രാപ്യമായിട്ട് 4 മാസമായി. അയിലൂർ പഞ്ചായത്തിലെ മൃഗാശുപത്രി കയറാടിയിലാണ് പ്രവർത്തിക്കുന്നത്. 10 കിലോമീറ്റർ അകലെയുള്ള മൃഗാശുപത്രിയിൽ അയിലൂരിൽ നിന്ന് പശുക്കളെയും, ആടുകളെയും, മറ്റു വളർത്തുമൃഗങ്ങളെയും ചികിത്സിക്കാനും കൃത്രിമ ബീജസംഘലനം നടത്താനും ഇടത്തരം വാഹനങ്ങളിൽ കയറ്റി കൊണ്ടുവരേണ്ട ബുദ്ധിമുട്ടും കർഷകർ നേരിടുന്നുണ്ട്. അയിലൂർ, തലവെട്ടാൻപാറ, പാലമുക്ക്, പാളിയമംഗലം തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ക്ഷീര സംഘങ്ങളിലെ കർഷകരാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്. വെറ്റിനറി സബ് സെന്റർ പ്രവർത്തിക്കാത്ത കാര്യം എം.എൽ. എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശത്തെ ക്ഷീരകർഷകർ പരാതിപ്പെട്ടു. എത്രയും പെട്ടെന്ന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ നിയമിച്ച് മേഖലയിലെ ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെന്ന് കർഷകരുടെ ആവശ്യം. ക്ഷീര സംഘങ്ങളുടെ പാൽ സംഭരണ കേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തിച്ച സബ് സെന്ററിന് അയിലൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പ്രത്യേക കെട്ടിടം, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യം ഉണ്ടാക്കിയിട്ടും കർഷകർക്ക് വിര മരുന്ന് പോലും വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ക്ഷീരസംഘം ഭാരവാഹികൾ പറഞ്ഞു.