വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ വയോധിക മരണപ്പെട്ടത് ഡോക്ടർമാരുടെ ഗുരുതര ചികിത്സ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം.
ചിറ്റൂർ. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ വയോധിക മരണപ്പെട്ടത് ഡോക്ടർമാരുടെ ഗുരുതര ചികിത്സ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാൽനടയാത്രക്കാരിയായ അണിക്കോട് മൂശാലിപറമ്പ് സ്വദേശിനിയായ ചിമ്മു (70) എന്ന വയോധികയ്ക്കാണ് സ്വകാര്യ ബസിടിച്ച് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇവരെ അഗ്നിശമന സേനയുടെ ആംബുലൻസിൽ അഗ്നിശമന അംഗങ്ങളും
നാട്ടുകാരും ചേർന്ന് ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പ്രാഥമിക ചികിത്സയും മുറിവുകൾ സ്റ്റിച്ചിട്ടതുമൊഴിച്ച് മറ്റൊരു പരിശോധനകൾക്കും ചികിത്സ നടത്തിയ ഡോക്ടർ നിർദ്ദേശിച്ചില്ല. തലയ്ക്ക് മാത്രം 21 സ്റ്റിച്ചും കൈക്ക് 15 സ്റ്റിച്ചും ഇടണ്ടേതായി വന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇത്രയും പരിക്കേറ്റ രോഗിയെ എക്സ്റേയോ സ്കാനിങ്ങോ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചില്ലെന്നും സാധാരണ ഗതിയിൽ തലയിൽ ചെറിയ പരിക്കുമായെത്തുന്നവരെപ്പോലും സ്ക്കാനിങ്ങിന് നിർദ്ധേശിക്കണമെന്നിരിക്കെ തീർത്തും നിരുത്തരവാദപരമായാണ് ആശുപത്രി അധികൃതർ പെരുമാറിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
രാവിലെ 9 മണിയോടെ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സക്കെത്തിച്ച വയോധികയെ പരിശോധിച്ചത് ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇഎൻടി ഡോക്ടറാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ മറ്റു യാതൊരു തുടർ ചികിത്സയും നൽകാതെയും ക്യാഷ്വാലിറ്റിയിൽ നിരീക്ഷണത്തിൽ വെയ്ക്കുന്നതിന് പകരം സ്റ്റിച്ചിംഗ് പൂർത്തിയാക്കിയ ശേഷം നേരെ സ്തീകളുടെ വാർഡിലേക്ക് മാറ്റുകയായിരുന്നുവെന്നും അവിടെ സ്റ്റാഫ് നേഴ്സുമാരുടെ സേവനം പോലും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ചെറിയ രോഗങ്ങൾക്കു ചികിത്സ തേടിയെത്തുന്നവരെപ്പോലും ജില്ല ആശുപത്രിയിലേക്കോ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്കോ റഫർ ചെയ്യുന്നവർ ഗുരുതര പരിക്കുമായെത്തിയ വയോധികയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.
ഇവിടത്തെ ഡോക്ടർമാരുടെ ചികിൽസ പിഴവ് മൂലം ഇത് നാലാമത്തെ മരണമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ചിറ്റൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യമില്ലാത്തതിനാൽ ഇവരുടെ മൃതദേഹം തിങ്കളാഴ്ച്ച വൈകീട്ട്
ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിൽ പോസ്റ്റുമോർട്ടത്തിന് ചൊവ്വാഴ്ച്ച
തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ബുധനാഴ്ച്ച പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്ക്കാരിച്ചു. തൃശൂരിലെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ചിറ്റൂർ പോലീസ് അറിയിച്ചു.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലിരിക്കെ
വയോധിക മരിച്ചത് അധികൃതരുടെ വീഴ്ച്ച
.സുമേഷ് അച്യുതൻ
ചിറ്റൂർ: താലൂക്ക് ഗവ. ആശുപത്രിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസ യിലിരിക്കെ വയോധിക
മരിച്ചത് ആശുപത്രി അധികൃതരുടെ കടുത്ത വീഴ്ച്ച മൂലമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. തിങ്കളാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയുടെ ബസ് തട്ടി പരിക്കേറ്റ് ചികിൽസയിലിരിക്കെ അണിക്കോട് മൂശാലിപ്പറമ്പ് പരേതനായ പൊന്നൻ്റെ ഭാര്യ ചിമ്മു (70) മരിച്ചതു സംബന്ധിച്ചാണ് ആക്ഷേപം.
അപകടത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിമ്മുവിൻ്റെ തലയിൽ 21 തുന്നലിട്ടിരുന്നു.എന്നാൽ സ്കാനിങിനു വിധേയയാക്കാതെ വീൽ ചെയറിൽ ആശുപത്രിയ്ക്കു പുറത്തുള്ള സ്വകാര്യ ലാബിലേക്കും തുടർന്ന് സ്ത്രീകളുടെ വാർഡിലേക്കുമാണ് മാറ്റിയത്. ഗുരുതര പരിക്ക് കണ്ടെത്തിയിട്ടും മനുഷ്യനെന്ന പരിഗണന പോലും നൽകാതെ തലയ്ക്കുള്ള സ്കാനിങിനു പകരം കൈയ്ക്ക് എക്സ്റേ മാത്രം എടുത്ത് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചത് ഗുരുതര വീഴ്ചയാണ്.താലൂക്ക് ആശുപത്രിയിൽ നിന്നും പല കേസുകളും പാലക്കാട്ടേക്കും , തൃശ്ശൂരിലേക്കും റഫർ ചെയ്യുന്നത് പതിവാണെങ്കിലും ചിമ്മുവിൻ്റെ കാര്യത്തിൽ മൂന്ന് ആംബുലൻസുകളെയും നോക്ക് കുത്തിയാക്കി സ്ത്രീകളുടെ വാർഡിൽ മൂലയ്ക്ക് ഒതുക്കുകയായിരുന്നു. വൈകീട്ട് നാലോടെയാണ് ചിമ്മു മരണത്തിന് കീഴടങ്ങിയത് അധികൃതരുടെ വീഴ്ച്ചകൊണ്ടു മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അമ്മയും കുഞ്ഞും മരിച്ചതുൾപ്പെടെയുള നിരവധി വീഴ്ചകൾ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ മുൻപ് നടന്നതിൻ്റെ തുടർച്ചയാണിപ്പോൾ നടക്കുന്നത് . കൊട്ടിഘോഷിക്കപ്പെടുന്ന ആരോഗ്യ രംഗത്തിൻ്റെ യഥാർത്ഥ ചിത്രം വെളിച്ചത്താകുമ്പോൾ ജീവനുകൾ പൊലിയുന്നത് അനുവദിക്കാനാകില്ല. ചിമ്മുവിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അധികൃതരുടെ വീഴ്ചയിൽ നിയമപരമായ പോരാട്ടം ഉണ്ടാകുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.
വാഹന അപകടത്തിൽ പരിക്കേറ്റ്
ചികിൽസയിലിരിക്കെ വയോധിക മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
ചിറ്റൂർ. വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ താലൂക്ക് ആശുപത്രിയിൽ വെച്ച് വയോധിക മരണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ പൊൽപ്പുള്ളി നൂർ മുഹമ്മദ് ആശുപത്രി സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും ജീവനക്കാരുടെയയും ഭാഗത്തുനിന്നുമുണ്ടായ കടുത്ത അനാസ്ഥയാണ് വയോധികയുടെ മരണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. അപകടത്തിൽ തലയ്ക്ക് പരിക്ക് പറ്റി 21 സ്റ്റിച്ചിംഗ് ഉണ്ടായിട്ടും ഡ്യൂട്ടി ഡോക്ടർ സ്കാനിങ്ങിനോ മറ്റോ ആയാക്കാതെയും രോഗിയെ നേരെ പരിശോധിക്കാതെ ഹൗസ് സർജൻമാരെ നോക്കാൻ എൽപ്പിച്ചതയും ഇവരെ സ്ത്രീകളുടെ വാർഡിലേക്ക് മാറ്റിയ ശേഷം അവിടെ നേഴ്സ്മാരുടെ സേവനം ലഭിക്കാത്തതും ഇവരുടെ ശ്രദ്ധ കുറവുമാണ് വയോധികയുടെ മരണത്തിന് കാരണമെന്ന് മന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.