14.02.2024
ഊരാളുങ്കൽ കോർപറേറ്റുകൾക്കെതിരായ ജനപക്ഷ ബദൽ: മുഖ്യമന്ത്രി
?️അസമത്വവും ചൂഷണവും മുഖമുദ്രയായ കോർപറേറ്റുകൾക്കെതിരായ ജനപക്ഷ ബദലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–- ഓപ്പറേറ്റീവ് സൊസൈറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപവാദങ്ങൾക്ക് ഇടംകൊടുക്കാതെ നൂറുവർഷം പ്രവർത്തിച്ചു. സുതാര്യവും അഴിമതിരഹിതവും ജനകീയവുമായ ലോകകേരള മാതൃകയാണിതെന്നും സൊസൈറ്റിയുടെ നൂറാം വാർഷികാഘോഷം ഉദ്‌ഘാടനംചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
കടമെടുപ്പു പരിധി: കേരളവുമായി തുറന്ന ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രം
?️കടമെടുപ്പു പരിധി സംബന്ധിച്ച് ചർച്ചയ്ക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും സുപ്രീംകോടതിയിൽ അറിയിച്ചു. ഡൽഹിയിലാവുംചർച്ച നടക്കുക. ചർച്ചയ്ക്ക് തയാറായ കേന്ദ്രത്തേയും കേരളത്തേയും സുപ്രീംകോടതി അഭിനന്ദിച്ചു.സഹകരണ ഫെഡറലിസത്തിന്‍റെ മകുടോദാഹരണമാണ് ചര്‍ച്ചയ്ക്ക് തയ്യാറായായ ഇരു സർക്കാരുകളുടേയും നടപടിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചർച്ചയ്ക്ക് മേലുള്ള തീരുമാനം തിങ്കളാഴ്ച അറിയിക്കാൻ കോടതി നിർദേശിച്ചു.
ദേശീയ ചലച്ചിത്ര അക്കാദമി പുരസ്ക്കാരത്തിൽ അഴിച്ചുപണി
?️ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളുടെ പേരിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. നേരത്തെ നവാഗത സംവിധായകനുള്ള പുരസ്ക്കാരത്തിൽ ഇന്ദിരാ ഗന്ധിയുടേ പേര് ഉണ്ടായിരുന്നു. അത് സംവിധായകന്‍റെ മികച്ച നവാഗത ചിത്രം എന്ന് പുനർ നാമകരണം ചെയ്തു. നേരത്തെ നിര്‍മ്മാതാവും സംവിധായകനുമായി ലഭിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു നര്‍ഗീസ് ദത്തിന്‍റെ പേരിൽ സമ്മാനിച്ചിരുന്നത്. ഇത് ഇനി മുതൽ മികച്ച ഫീച്ചര്‍ ഫിലിം എന്നു മാത്രമായിരിക്കും അറിയപ്പെടുക. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡ് വിഭാഗങ്ങള്‍ ഇനി മുതല്‍ ഒറ്റ വിഭാഗത്തിൽ ഉൾപ്പെടുത്തും
സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ
?️ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിലയിരുത്തി. അനധികൃത ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിന് വിവിധ സർക്കാർ ഏജൻസികൾ ഏകോപിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങൾ കർശനമായി നിയന്ത്രിക്കണം. അനധികൃത പണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കാനും കർശന നടപടി ഉണ്ടാകണമെന്നും ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണ്ണമാണെന്ന് ചീഫ് ഇലക്റ്ററൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം!
?️പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികളും സഹോദരങ്ങളുമായ അമൽ ജിത്തും അഖിൽ ജിത്തും കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കർഷക മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്
?️കേന്ദ്രസർക്കാരിന്‍റെ കാർഷിക നയങ്ങൾക്കെതിരേ കർഷകർ നടത്തിയ ഡൽഹി ചലോ മാർച്ചിനു നേരെ കണ്ണീർവാതകം പ്രയോഗിച്ച് ഡൽഹി പൊലീസ്. ഹരിയാന – ഡൽഹി അതിർത്തിയിൽ കർഷകരെ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നിരവധി കർഷകരാണ് മാർച്ചിൽ പങ്കാളികളായത്. കർഷകരെ തടയുന്നതിനായി വലിയ പൊലീസ് സംഘത്തെയാണ് ഡൽഹി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. കർഷകർ സംഘടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ടേക്കും
?️മഹാരാഷ്ട്രയിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജി വയ്ക്കാൻ സാധ്യത. മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടതിനു പിന്നാലെയാണ് കൂടുതൽ നേതാക്കൾ ബിജെപിയുടെ പാളയത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. പാർട്ടി വിട്ട അശോക് ചവാൻ ബിജെപിയിൽ ചേർന്നേക്കും. രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ ചവാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ചവാനു പുറകേ യുവനേതാക്കളായ വിശ്വജിത് കദം, അസം ഷെയ്ഖ്, അമീൻ പട്ടേൽ, സഞ്ജയ് നിരുപം തുടങ്ങി പതിനഞ്ചോളം നേതാക്കളാണ് കോൺഗ്രസ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാര് ഷിൻഡെയെയും ബിജെപി സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഓൺലൈൻ കലണ്ടർ തിരുത്തി സി-ഡിറ്റ്
?️അച്ചടിപ്പിശക് ശ്രദ്ധയിൽപ്പെട്ടതോടെ സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ കലണ്ടർ തിരുത്തി. പ്രിന്റ് ചെയ്ത കലണ്ടറിലെ തെറ്റ് ശ്രദ്ധയിൽപെട്ടാൽ പകരം മാറ്റി നൽകാമെന്ന് അച്ചടി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.2024 പുതുവർഷത്തിൽ സർക്കാർ പ്രസ് വഴി അച്ചടിച്ച് നൽകിയ ലക്ഷക്കണക്കിന് കലണ്ടറുകളിൽ ചിലതിലാണ് അച്ചടിപ്പിശക് കടന്ന് കൂടിയത്. അച്ചടിച്ചതും ഓൺലൈനിലുമുള്ള കലണ്ടറിൽ വ്യാപക തെറ്റ് കടന്ന് കൂടിയ വിവരം ഇന്നലെ മെട്രൊ വാർത്ത വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെബ് സൈറ്റിൽ തിരുത്തൽ വരുത്തിയത്.
തൃപ്പൂണിത്തുറ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
?️2 പേർ മരിക്കുകയും 22 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു എറണാകുളം ജില്ലാ ഭരണകൂം. സബ് കലക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഉത്തരവിട്ടു. ഇതിനു പുറമെ സ്ഫോടനത്തിൽ പൊലീസ് അന്വേഷണവും ഊർജിതമാണ്.
മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ഷോൺ ജോർജ്
?️മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി ഷോൺ ജോർജ്. ലാവലിൻ കേസിൽ ക്ലീൻചിറ്റ് നൽകിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വിരമിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പ്രമുഖ സ്ഥാനത്തുള്ളത് ദുരൂഹമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. ആർ. മോഹനൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ളത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പരാതി നൽകുമെന്നും ഷോൺ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് തിരിച്ചടി
?️മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് തിരിച്ചടി. ഇഡിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നിൽ ഹാജരാവുന്നതിന് എന്താണ് തടസമെന്ന് കോടതി ചോദിച്ചു.ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. നിയമപരായി എന്തു തെറ്റാണ് ഇഡിക്ക് മുന്നിൽ ഹാജരാവുന്നതിനുള്ളതെന്ന് കോടതി ചോദിച്ചു.
‘കുഴൽനാടന്‍റെ ആരോപണം ഉണ്ടയുള്ള വെടി തന്നെ’; പി. രാജീവ്
?️കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്‍റെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആരോപണം ഉണ്ടയുള്ള വെടിതന്നെയാണെന്നും എന്നാലത് യുഡിഎഫിനെതിരേയുള്ളതാണെന്നും മന്ത്രി പി.രാജീവ്.വിളിച്ചു ചേർത്തിരുന്ന വാർത്താ സമ്മേളനത്തിൽ കുഴൽ നാടൻ മുഖ്യമന്ത്രിക്കെതിരേ വിമർശനം ഉന്നയിച്ചിരുന്നു.സിഎംആർഎല്ലിന് കരിമണൽ ഖനനം ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് മാത്യു കുഴൽനാടന്‍റെ പ്രധാന ആരോപണം. ഇതിന് മറുപടിയുമായാണ് പി. രാജീവ് രംഗത്തെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥി തോമസ് ചാഴികാടന് ആശംസകൾ
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസം തന്നെ തോമസ് ചാഴികാടൻ എംപിക്ക് നേരിട്ട് ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.കോട്ടയം ദന്തൽ കോളെജിലെ പരിപാടിയും പുസ്തക പ്രകാശനവും കഴിഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എംജി യൂണിവേഴ്സിറ്റിയിൽ മറ്റൊരു പരിപാടിക്ക് എത്തിയെന്നറിഞ്ഞതോടെ സ്ഥാനാർഥി ചാഴികാടൻ അവിടെയെത്തി. സംസ്ഥാനത്ത് ആദ്യമായി പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വക ആശംസകളും ലഭിച്ചു.
കർഷക സമരം: ഭവാനാ സ്റ്റേഡിയം ജയിൽ ആക്കി മാറ്റണമെന്ന് കേന്ദ്രം
?️കർഷകരുടെ പ്രതിഷേധ മാർച്ച് മുൻ നിർത്തി ഡൽഹിയിലെ ഭവാന സ്റ്റേഡിയം ജയിൽ താത്കാലിക ജയിൽ ആക്കി മാറ്റണമെന്ന നിർദേശം മുന്നോട്ടു വച്ച് കേന്ദ്രസർക്കാർ. എന്നാൽ ഡൽഹി സർക്കാർ ഈ നിർദേശം തള്ളി. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഡൽഹി ആഭ്യന്ത്ര മന്ത്രി കൈലാഷ് ഗേലോട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിന് കത്തു നൽകി. കർഷകരുടെ ആവശ്യങ്ങൾ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്താൻ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശമുണ്ട്. അതു കൊണ്ടു തന്നെ സമരം ചെയ്യുന്ന കർഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നാണ് കൈലാഷ് ഗേലോട്ട കത്തിൽ കുറിച്ചിരിക്കുന്നത്.
അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
?️ഇന്ത്യൻ ആർമിയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫീസ് അസി/ സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് തെരഞ്ഞെടുപ്പ് . ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 21-ന് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കള്ളപ്പണക്കേസ്: സെന്തിൽ ബാലാജിയുടെ രാജി സ്വീകരിച്ച് ഗവർണർ
?️കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ രാജി സ്വീകരിച്ചതായി ഗവർണർ അറിയിച്ചു. ഫെബ്രുവരി 12നാണ് സെന്തിൽ ബാലാജി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാജിക്കത്ത് നൽകിയത്. ഗവർണർ ആർ.എൻ. രവി രാജി സ്വീകരിച്ചതായി അറിയിച്ചു. 2023 ലാണ് നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണത്തിൽ ഇഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. നിലവിൽ പുഴൽഡ ജയിലിലാണ് ബാലാജി.
‘രാമായണവും മഹാഭാരതവും സാങ്കൽപ്പികം’ എന്നു പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
?️മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് അധ്യാപികയെ പിരിച്ചുവിട്ടു. കർണാടക മംഗളൂരുവിലെ തീരദേശ നഗരത്തിലെ സെന്‍റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലെ അധ്യാപികയെയാണ് പിരിച്ചുവിട്ടത്. ബിജെപി ഉൾപ്പെടെയുള്ള സംഘനകള്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളും അധ്യാപിക നടത്തിയെന്നാണ് പ്രതിഷേധിച്ച സംഘനകളുടെ ആരോപണം. 2002ലെ ഗോന്ധ്ര കലാപവും ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസും പരാമര്‍ശിച്ചുകൊണ്ടാണ് മോദിക്കെതിരെ അധ്യാപിക സംസാരിച്ചതെന്നും ഇത് കുട്ടികളുടെ മനസിൽ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിജെപി എംഎൽഎ വേദ്‍യാസ് കാമത്ത് ആരോപിച്ചു.
തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ശരദ് പവാർ സുപ്രീം കോടതിയിൽ
?️യഥാർഥ എൻസിപി അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ളതാണെന്ന തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് ശരദ് പവാർ. തിങ്കളാഴ്ച വൈകിട്ട് അഭിഭാഷകനായ അഭിഷേക് ജെബരാജ് വഴിയാണ് ശരദ് പവാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 6നാണ് അജിത് പവാർ ഘടകമാണ് യഥാർഥ എൻസിപിയെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയത്. നിയമസഭയിൽ അജിത് പവാറിന് എംഎൽഎമാരിൽ കൂടുതൽ അംഗത്വം ഉള്ളതിനാൽ പാർട്ടിയും പാർട്ടിയുടെ ക്ലോക്ക് ചിഹ്നം അജിത് പവാറിന്‍റെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു.
തേജസ്വി യാദവിനെതിരേയുള്ള അപകീർത്തിക്കേസ് സുപ്രീം കോടതി റദ്ദാക്കി
?️ആർജെഡി നേതാവ് തേജസ്വി യാദവിനെതിരേയുള്ള അപകീർത്തിക്കേസ് റദ്ദാക്കി സുപ്രീം കോടതി. ഇന്നത്തെ കാലത്ത് ഗുജറാത്തികൾക്ക് മാത്രമേ തട്ടിപ്പു നടത്താൻ കഴിയൂ, അവരുടെ തട്ടിപ്പുകൾ പൊറുക്കപ്പെടും എന്ന പ്രസ്താവനയാണ് തേജസ്വിയെ കുരുക്കിലാക്കിയിരുന്നത്. 2023 മാർച്ചിലായിരുന്നു വിവാദമായ പ്രസ്താവന. ഈ പ്രസ്താവന പിന്നീട് തേജസ്വി പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കുകയാണെന്ന് ജസ്റ്റിസ്മാരായ എ.എസ്. ഓക, ഉജ്ജൽ ഭൂയൻ, എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചത്.
തസ്ലീമ നസ്റീന്റെ കഥകളുടെ സമാഹാരം ചുംബൻ പ്രകാശനം ചെയ്തു
?️ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീൻ രചിച്ച കഥകളുടെ സമാഹാരം ചുംബൻ പ്രകാശനം ചെയ്തു. ഡൽഹി കേരള ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എ. ജെ. ഫിലിപ്പ് പുസ്തകത്തിന്റെ ആദ്യ കോപ്പി കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥിന് നൽകയാണ് പ്രകാശനം നിർവ്വഹിച്ചത്.
അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
?️അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണിമ്മലിലെ ആബിദയാണ് മരിച്ചത്. 35 വയസായിരുന്നു. കൊണ്ടോട്ടി ഗവ. എല്‍പി സ്‌കൂള്‍ അധ്യാപികയാണ് ആബിദ.രാവിലെ 9 മണിയോടെയാണ് വീട്ടിനുള്ളില്‍ ആബിദയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകനും ഭർത്താവുമായ ഷാജുദ്ദീന്‍ പുറത്തേക്കു പോയതായിരുന്നു. മദ്രസ വിട്ടെത്തിയ മക്കളാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംവിധായകൻ പ്രകാശ് കൊളേരിയെ മരിച്ച നിലയിൽ കണ്ടെത്തി
?️ചലച്ചിത്ര സംവിധായകൻ പ്രകാശ് കൊളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയനാട്ടിലെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.വരും വരാതിരിക്കില്ല, അവൻ അനന്തപദ്മനാഭൻ, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ലാവലിൻ കേസ് പ്രതി കസ്തൂരിരങ്ക അയ്യർ അന്തരിച്ചു
?️എസ്എൻസി ലാവലിൻ കേസിലെ പ്രതിയും റിട്ടയേഡ് കെഎസ്ഇബി ചീഫ് എൻജിനീയറുമായ കസ്തൂരിരങ്ക അയ്യർ അന്തരിച്ചു. 82 വയസ്സായിരുന്നു.കേസിൽ അയ്യർ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പായിട്ടില്ല. കേസിൽ വിചാരണ നേരിടണമെന്ന് കോടതി വിധിച്ച മൂന്നു പേരിൽ ഒരാളായിരുന്നു അയ്യർ. എന്നാൽ 38 തവണയായി സുപ്രീം കോടതി കേസ് മാറ്റി വയ്ക്കുകയായിരുന്നു. 2017 ൽ വിചാരണ നേരിടണമെന്ന് വിധി പ്രഖ്യാപിച്ചപ്പോൾ എന്‍റെ വലിയ പിഴ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കൊട്ടിയൂരിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു
?️കൊട്ടിയൂർ പന്നിയാം മലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു. രാവിലെ കൃഷിയിടത്തിലെത്തിയ ടാപ്പിങ് തൊഴിലാളിയാണ് കടുവ കമ്പിവേലിയിൽ കുടുങ്ങിയതായി കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ വനംവകുപ്പിനെ വിവരം അറിയിച്ചു. മണത്തല സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തിയാണ് കടുവയെ മയക്കുവെടിവച്ചത്.
അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
?️അമേരിക്കയിൽ നാലംഗ മലയാളി കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ. കൊല്ലം ഫാത്തിമ മാതാ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്‍ട്രിയുടെ മകനും ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.തണുപ്പിനെ പ്രതിരോധിക്കാനുപയോഗിച്ച ഹീറ്ററിൽ നിന്ന് ഉയർന്ന വാതകം ശ്വസിച്ചാവാം മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
കേടില്ലാത്ത 5 പല്ലുകൾ കേടുവരുത്തി: സ്ത്രീയുടെ പരാതിയിൽ 5ലക്ഷം രൂപ നഷ്ടപരിഹാരം ദന്തഡോക്റ്റർ നൽകണം
?️പല്ലിന്റെ വിടവ് നികത്താൻ ചികിൽസ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത 5പല്ലുകൾക്ക് കേടുവരുത്തിയെന്ന പരാതിയിൽ 5ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദന്തഡോക്റ്ററോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം കടപ്പൂർ സ്വദേശിനിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജൻ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: കിരീടംചൂടി ആനപ്പട
?️ആഫ്രിക്കന്‍ നേഷന്‍സ് കിരീടത്തില്‍ മുത്തമിട്ട് ഐവറി കോസ്റ്റ്. ഫൈനലില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഐവറികോസ്റ്റ് കിരീടത്തില്‍ മുത്തമിട്ടത്. മൂന്നാം തവണയാണ് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടമുയര്‍ത്തുന്നത്. മുന്‍പ് 1992ലും 2015ലുമായിരുന്നു ഐവറി കോസ്റ്റിന്റെ കിരീടനേട്ടം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നൈജീരിയ രണ്ടാം പകുതിയില്‍ തകര്‍ന്നടിഞ്ഞത്. ഫ്രാന്ക് കെസിയെ(62), സെബാസ്റ്റിയന് ഹാളര്‍(81) എന്നിവരാണ് ലക്ഷ്യം കണ്ടത്. മുന്‍ ചാംപ്യന്മാര്ക്കായി വില്യം ട്രൂസ്റ്റ് ഇകോങ്(38) ആണ് ആശ്വാസ ഗോള്‍നേടിയത്.