വയനാട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കിഫ അടിപ്പെരണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ നിസംഗതയിലും കൊലയാളി ആന കേരളത്തിലേക്ക് എത്തിയ വിവരം വനം വകുപ്പ് അറിഞ്ഞിട്ടും കരുതൽ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും കർഷകരുടെയും മലയോരവാസികളുടെയും ജീവന് വിലകൽപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) അടിപ്പെരണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. അജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും. വന്യമൃഗസംരക്ഷണത്തെക്കാൾ മനുഷ്യ ജീവന് വില കൽപ്പിക്കണമെന്നും, ഭക്ഷ്യ സുരക്ഷയ്ക്കും വിദേശനാണ്യം നേടിത്തരുന്നതിനും മുന്നിൽ നിൽക്കുന്ന കർഷകരെ കടുവയുടെയും ആനയുടെയും പേരിൽ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രകടനക്കാർ ആരോപിച്ചു. അടിപ്പെരണ്ട വ്യാപാര ഭാവനു മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അടിപ്പരണ്ട ജംഗ്ഷനിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി എം. അബ്ബാസ് ഒറവഞ്ചിറ ഉദ്ഘാടനം ചെയ്തു. സി. കെ. രമേശ് ചേവക്കുളം അധ്യക്ഷനായി. അബ്രഹാം പുതുശ്ശേരി, ടി.സി. ബാബു, ബിനു പുളിക്കകണ്ടം, സന്തോഷ് അരിപ്പാറ, ബിനു തോമസ് അലനോലിക്കൽ, ഐസക്ക് വള്ളോം പറമ്പിൽ, അബ്ദുൽ റഹ്മാൻ മരുതഞ്ചേരി, ബെന്നി കിഴക്കേ പറമ്പിൽ, സണ്ണി കുമ്പളന്താനം എന്നിവർ സംസാരിച്ചു.