അടുത്ത 25 വർഷം രാജ്യത്തിന് നിർണായകം:മോദി
?️അടുത്ത 25 വർഷം ഇന്ത്യയ്ക്ക് ഏറെ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047നുള്ളിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ ഓരോ പൗരനും ശ്രമിക്കണമെന്നും മോദി പറഞ്ഞു. പാർലമെന്‍റിന്‍റെ അവസാന ദിവസം ലോക്സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയം മാറ്റി നിർത്തിക്കൊണ്ട് രാജ്യത്തിന്‍റെ സ്വപ്നങ്ങൾക്കാണ് നിലവിൽ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തിനിടെ രാജ്യത്തിന്‍റെ ഗതി തന്നെ മാറ്റി മറിക്കുന്ന നിരവധി പരിഷ്കാരങ്ങൾ സംഭവിച്ചിട്ടുണ്ട്.ഇക്കാലങ്ങളിലായി രാജ്യം നിരവധി വെല്ലുവിളികൾ നേരിട്ടു. ഈ പ്രശ്നങ്ങളിലെല്ലാം ഉചിതമായ മാർഗനിർദേശം നൽകാൻ ആയി. സാമൂഹിക നീതിയിൽ നിന്ന് അകന്ന് ജീവിച്ചിരുന്ന കശ്മീർ ജനതയ്ക്ക് നീതി ഉറപ്പാക്കിഎന്നും മോദി പറഞ്ഞു.
ബേലൂർ മഖ്ന ഓപ്പറേഷൻ: ശ്രമം ഉപേക്ഷിച്ച് ദൗത്യസംഘം
?️വയനാട്ടിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലുർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം താത്കാലികമായി ഉപേക്ഷിച്ച് ദൗത്യസംഘം മടങ്ങി. ആനയെ മയക്കു വെടി വയ്ക്കണമെന്നാവശ്യപ്പട്ട് കൊണ്ട് നാട്ടുകാർ പ്രതിഷേധം തുടരുന്നതിനിടെയാണ് ദൗത്യസംഘം ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ച് മടങ്ങിയത്.രാവിലെ മുതൽ ആനയെ ട്രാക്ക് ചെയ്യുന്നതിനുള്ള ശ്രമത്തിലായിരുന്നു ദൗത്യസംഘം. എന്നാൽ കർണാടക അതിർത്തിയിലെ സിഗ്നൽ ലഭിക്കാത്ത പ്രദേശത്തേക്ക് ആന മറഞ്ഞതോടെയാണ് ദൗത്യസംഘം ശ്രമം ഉപേക്ഷിച്ചത്.
‘മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവർത്തി’; ജീവനക്കാര്‍ക്ക് പറ്റിയ തെറ്റുകൾ ഏറ്റെടുത്ത് കെ. സച്ചിദാനന്ദൻ
?️കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവർത്തിയാണ്. സെൻ ബുദ്ധിസവും ബൈബിളും തന്നെ ഇതാണ് പഠിപ്പിച്ചതെന്ന് കെ. സച്ചിദാനന്ദൻ പറഞ്ഞു.”നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു”- അദ്ദേഹം പറഞ്ഞു.
ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ നിയമം: മന്ത്രി സജി ചെറിയാന്‍
?️മത്സ്യത്തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ .തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിര്‍മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 23.12 കോടി രൂപ ചെലവിട്ട് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളാണ് ഉദ്ഘാടനം ചെയ്ത്.
വയനാട് ജില്ലയില്‍ ചൊവ്വാഴ്‌ച ഹര്‍ത്താല്‍
?️ചൊവ്വാഴ്‌ച വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കാര്‍ഷിക സംഘടന. ശനിയാഴ്ച രാവിലെയുണ്ടായ കാട്ടാന ആക്രമണത്തിൽ ട്രാക്റ്റർ ഡ്രൈവറും കർഷകനുമായ പടമല അജീഷ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാർഷിക സംഘടനകൾ ചേർന്ന് യോഗത്തിൽ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ല. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്കിട്ടിരിക്കുന്ന വിലയെന്നും ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ ഹര്‍ത്താൽ നടക്കുക.
‘ക്രിസ്തുവിനു ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു’; സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി
?️സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും പ്രതീകമായ യേശുക്രിസ്തുവിനു ശേഷം ആര് എന്നതിന് ഉത്തരംകിട്ടി. സച്ചിദാനന്ദന്‍ മഹത് പ്രവൃത്തികള്‍ക്ക് ഉത്തമമാതൃകയെന്നും താന്‍ വെറും ക്ലീഷേയെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടും ശ്രീകുമാരന്‍ തമ്പിയും ഉയര്‍ത്തിയ വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സച്ചിദാനന്ദന്‍ ഇന്ന് സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അതിന് മറുപടിയായാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്.
ബിജെപിക്ക് 370 സീറ്റുകൾ ലഭിക്കും: മോദി
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 370ലേറെ സീറ്റുകൾ ലഭിക്കുമെന്നു തനിക്ക് ഉറപ്പാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ 400 കടക്കുമെന്നും മോദി ആവർത്തിച്ചു. മധ്യപ്രദേശിലെ ജാബുവയിൽ ഗോത്ര വിഭാഗത്തിന്റെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എക്കാലവും ആദിവാസിവിരുദ്ധ നയമാണു പിന്തുടർന്നതെന്നും മോദി. തെരഞ്ഞെടുപ്പു വരുമ്പോൾ മാത്രമാണ് അവർ ആദിവാസികളെയും ഗ്രാമങ്ങളെയും കർഷകരെയും ഓർമിച്ചത്. കൊള്ളയും ഭിന്നിപ്പിക്കലുമാണ് കോൺഗ്രസിന്റെ നയം. പരാജയം മുന്നിൽക്കാണുന്ന അവർ ഇപ്പോഴും അതിനാണു ശ്രമിക്കുന്നത്. എന്നാൽ, ഇപ്പോൾ ജനങ്ങൾക്ക് സത്യമറിയാം. കോൺഗ്രസ് ഇനിയൊരു കാലത്തും വിജയിക്കില്ല.
‘പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്ന്, സിപിഎം അതിനെ രാഷ്ട്രീയവത്ക്കരിക്കുന്നു’; എൻ.കെ. പ്രേമചന്ദ്രൻ എംപി
?️പ്രധാനമന്ത്രിയേടേത് സൗഹൃദ വിരുന്നായിരുന്നു, എന്നാൽ സിപിഎം അതിനെ രാഷ്ട്രീ വത്ക്കരിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുകയാണ്. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചതിനാലാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നുവെന്നും പ്രേമചന്ദ്രൻ എംപി വിശദീകരിച്ചു.വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധ ചങ്ങാത്തമെന്ന് ബിനോയ് വിശ്വം
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസ് മറുപടി നൽകേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും തൂക്ക് പാർലമെന്‍റ് വന്നാൽ ഒരു എംപിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാനിൽ തൂക്കുസഭ
?️തൂക്കുസഭ നിലവിൽ വന്ന പാക്കിസ്ഥാനിൽ സർക്കാർ രൂപീകരണത്തിന് പ്രധാന രാഷ്ട്രീയ കക്ഷികൾ അണിയറ നീക്കം തുടങ്ങി. 265 സീറ്റുകളിലാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 264 സീറ്റുകളിലെ ഫലമറിവായപ്പോൾ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പാർട്ടിയായ പിടിഐ പിന്തുണയ്ക്കുന്ന സ്വതന്ത്രരാണ് ഏറ്റവും വലിയ ഗ്രൂപ്പ്. 101 സീറ്റുകളിൽ ഇവർ വിജയിച്ചു. രണ്ടാം സ്ഥാനത്ത് 75 സീറ്റുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽ- എൻ ആണ്. സാങ്കേതികമായി ഇവരാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇപ്പോഴത്തെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ 133 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സർക്കാർ രൂപീകരണ ശ്രമത്തിൽ നവാസ് ഷെരീഫിന്റെ മുസ്ലിം ലീഗിന് പാക് സേനാ മേധാവി ജനറൽ അസിം മുനീറിന്റെ പിന്തുണയുണ്ട്. ബിലാവൽ ഭൂട്ടോയും നവാസ് ഷെരീഫും ധാരണയിലെത്താനുള്ള സാധ്യതകളാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
കാട്ടാന ആക്രമണം: വനംമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കെ.സുധാകരൻ
?️മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നതോദ്യാഗസ്ഥരോ സംഭവസ്ഥലത്തെത്തിയില്ലായെന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം കേരളം ഭരിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകന്‍. ജീവന്‍ നഷ്ടപ്പെട്ട ഒരു കര്‍ഷകന്‍റെ ചേതനയറ്റ ശരീരമാണ് തെരുവില്‍ നീതിക്കുവേണ്ടി മണിക്കൂറുകള്‍ നിലവിളിച്ചത്. ഇതു കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്ന് സുധാകരന്‍.
മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
?️പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. രജിസ്ട്രേഷൻ സർട്ടിഫിക്കെറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. തൂക്കി വിറ്റ വാഹനം റിപ്പയർ ചെയ്തു മറ്റാരെങ്കിലും ഉപയോഗിച്ച് അപകടം സംഭവിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാത്ത പക്ഷം ഉത്തരവാദിത്തമുണ്ടാകുന്നത് വാഹന ഉടമയ്ക്കായിരിക്കും. വണ്ടി കൃത്യമായി കൈമാറി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും.
നൂറനാട് ഉത്സവത്തിനിടെ തീപിടിത്തം; 3 പേർക്ക് പൊള്ളലേറ്റു
?️ചുനക്കര ഉത്സവത്തിന്‍റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ തട്ടി തീപടർന്നു. സ്വർണത്തിടമ്പ് കത്തിനശിച്ചു. കെട്ടുകാളയുടെ മുകളിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് പേർക്ക് പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊമ്പുകൾ മുറിച്ചുമാറ്റിയ നിലയിൽ കാട്ടാനയുടെ ജഡം
?️ത്രിപുരയിൽ റെയിൽവേ ട്രാക്കിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ട്രെയിൻ തട്ടിയാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊമ്പു മുറിച്ചു മാറ്റിയ നിലയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഖോവായി ജില്ലയിലെ തെലിയമുറയിൽ റെയിൽവേ ട്രാക്കിനു സമീപമാണ് സംഭവം. പ്രാദേശികവാസികളാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ആനയുടെ നിരന്തര ശല്ല്യം കാരണം നിരവധിപേർ കൊല്ലപ്പെട്ട ജില്ലയാണ് ഇത്. കുറച്ച് ആഴ്ചകളായി പ്രദേശത്ത് കാട്ടാനയുടെ ശല്ല്യമുള്ളതായി നാട്ടുകാർ ആരോപിച്ചു.
കർഷകരുടെ ഡൽഹി മാർച്ച്: ഡീസലിനും ഇന്‍റർനെറ്റിനും വിലക്ക്
?️കർഷക സംഘടനകൾ ചൊവ്വാഴ്ച നടത്താനിരിക്കുന്ന ‘ഡൽഹി ചലോ’ മാർച്ച് കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡൽഹി – ഹരിയാന അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. മാർച്ച് നടക്കുന്ന ചൊവ്വാഴ്ച രാത്രി 11:59 വരെ ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിരോധിച്ചു. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിൻഡ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിലാണ് ഇന്‍റര്‍നെറ്റ് വിലക്ക്. കർഷകരുടെ ട്രാക്റ്ററുകൾക്കും വാഹനങ്ങൾക്കും 10 ലിറ്ററിൽ അധികം ഇന്ധനം നൽകരുതെന്നു പെട്രോൾ പമ്പുകൾക്ക് സർക്കാർ നിർദേശം നൽകി. ഒരേ സമയം ഒരുപാട് പേര്‍ക്ക് എസ്എംഎസ് സന്ദേശം അയക്കുന്നതിനും വിലക്കുണ്ട്. വോയിസ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
പിഎഫ് പലിശ 8.25 ശതമാനം
?️നടപ്പു സാമ്പത്തിക വർഷം പിഎഫ് പലിശ നിരക്ക് 8.25 ശതമാനമായി ഉയർത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം 8.15 ശതമാനമായിരുന്നു പലിശ നിരക്ക്. രാജ്യം പൊതുതെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോഴാണ് എട്ടു കോടിയോളം ഗുണഭോക്താക്കൾക്ക് ഗുണകരമാകുന്ന തീരുമാനം. 2022 സാമ്പത്തിക വർഷത്തിൽ 8.10 ശതമാനമായിരുന്നു പലിശ നിരക്ക്. 2015-16ലെ 8.8 ശതമാനമാണു പിഎഫ് നിക്ഷേപത്തിന് ലഭിച്ച ഏറ്റവും ഉയർന്ന പലിശ. പിന്നീട് പടിപടിയായി പലിശ കുറച്ചു.
ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; ഏഴരപ്പൊന്നാന ദർശനം 18ന്
?️ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് കർമം നടന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ്.കെ. ജയൻ നിർവഹിച്ചു. എട്ടാം ഉത്സവദിനമായ ഫെബ്രുവരി 18 നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ഫെബ്രുവരി 20ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.
ഐഎസ്എല്‍; തിങ്കളാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രൊ
?️ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇളവ് അനുവദിച്ച് കൊച്ചി മെട്രൊ. തിങ്കളാഴ്ച ജെഎല്‍എന്‍ സ്റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി മെട്രൊ അധിക സര്‍വീസ് നടത്തും.ജെഎല്‍എന്‍ സ്റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും. രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാം.
വിഴിഞ്ഞത്ത് കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; ഒരു മരണം
?️ വിഴിഞ്ഞം അടിമലത്തുറയിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. അടിമലത്തുറ സ്വദേശി ജോൺസൻ ജോൺ (26) മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കു ശേഷമാണു അപകടം നടന്നത്.സുഹൃത്തിനൊപ്പം കാറിൽ പോകവേ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോൺസൻ ജോണിന്റെ ജീവൻ രക്ഷിക്കാനായില്ല.
താമരശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് പരുക്ക്
?️താമരശേരി ചുരത്തിൽ കാർ മറിഞ്ഞ് അപകടം. താമരശേരി ഒന്നാം വളവില്‍ നിയന്ത്രണം വിട്ട് കാര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍ സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.ചുരം ഇറങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ചുരം സംരക്ഷണ സമിതിയും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് മൂവരെയും താഴ്ചയില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് കാര്യമായി പരുക്ക് ഏറ്റിട്ടില്ല.
കമൽനാഥും ടാങ്കയും ബിജെപിയിലേക്ക്? രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി
?️മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥും രാജ്യസഭാ എംപി വിവേക് ടാങ്കയും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കമൽനാഥിന് രാജ്യസഭാ സീറ്റും മകനും കോൺഗ്രസ് എംപിയുമായ നകുൽ നാഥിന് ചിന്ദ്വാരയിലെ ലോക്സഭാ സീറ്റും മന്ത്രിപദവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ എന്നിവരുടെ പിന്തുണയോടെയാണ് കമൽനാഥിനെ പാർട്ടിയിലേക്കെത്തിക്കുന്നതിനുള്ള ശ്രമം ബിജെപി നടത്തുന്നത്.
കെജ്രിവാൾ കുടുംബസമ്മേതം അയോധ്യയിലേക്ക്; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും
?️ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മാനും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബാഗങ്ങൾക്കൊപ്പം തിങ്കളാഴ്ചയാണ് ക്ഷേത്ര സന്ദർശനം. പ്രാണപ്രതിഷ്ഠാ ചടങ്ങിന് അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം പിന്നീട് സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. ഭാര്യക്കും മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര സന്ദർശനം നടത്താനാണ് താൽപര്യമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
മാധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്
?️പശ്ചിമ ബംഗാളിൽ ഈ മാസം 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മാധ്യമപ്രവർത്തക സാഗരിക ഘോഷ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. സാഗരിക, മുൻ എംപിമാരായ സുഷ്മിത ദേവ്, മമതബാല ഠാക്കുർ, മുഹമ്മദ് നദിമുൾ ഹഖ് എന്നിവരാണു തൃണമൂലിന്റെ സ്ഥാനാർഥികൾ. അഞ്ച് ഒഴിവുകളാണു സംസ്ഥാനത്തുള്ളത്. അബീർ രഞ്ജൻ വിശ്വാസ്, സുഭാഷ് ചക്രവർത്തി, ഡോ. ശന്തനു സെൻ, നദിമുൾ ഹഖ് എന്നിവരുടെ കാലാവധി പൂർത്തിയായ ഒഴിവിലാണു തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നദിമുൾ ഹഖിനു മാത്രമാണ് രാജ്യസഭയിലേക്കു രണ്ടാമൂഴം നൽകിയത്.
അണ്ടർ 19 ലോകകപ്പ്: ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ചാംപ്യൻമാർ
?️സീനിയർ ടീമിന്‍റെ വഴിയേ ഇന്ത്യയുടെ യൂത്ത് ടീമും. ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഒരു മത്സരം പോലും തോൽക്കാതെ ഫൈനലിലെത്തിയ ഇന്ത്യയുടെ ചുണക്കുട്ടികൾ കലാശ പോരാട്ടത്തിൽ ഓസ്ട്രേലിയയോടു കീഴടങ്ങി, ഇത്തവണത്തെ ഐസിസി മെൻസ് ഏകദിന ലോകകപ്പിന്‍റെ തനിയാവർത്തനം അണ്ടർ 19 ലോകകപ്പിലും!ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റൺസെടുത്തത്. അണ്ടർ 19 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇന്ത്യയുടെ മറുപടി 43.5 ഓവറിൽ 174 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയ 79 റൺസ് വിജയവും കുറിച്ചു.
കേരളത്തിന് ജയം അരികേ
?️രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പ് നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ ബംഗാളിന് 449 റണ്‍സ് വിജയലക്ഷ്യം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗാള്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയിലാണ്. ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കേ ബംഗാളിന് ജയിക്കാന്‍ 372 റണ്‍സ് കൂടി വേണം. 33 റണ്‍സോടെ അഭിമന്യു ഈശ്വരനാണ് ക്രീസില്‍. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ രന്‍ജോത് സിംഗ് ഖാരിയ, 31 റണ്‍സെടുത്ത സുദീപ് കുമാര്‍ ഖരാമി എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. ഖരാമി പുറത്തായതേ മൂന്നാം ദിനത്തിലെ കളി അവസാനിക്കുകയായിരുന്നു. കേരളത്തിനു വേണ്ടി ശ്രേയസ് ഗോപാലും ജലജ് സസ്കേനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.