മുല്ലശേരിയിൽ ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപികയായ കന്യാസ്ത്രി മരിച്ചു. മുല്ലശേരി വില്ല മരിയ കോൺവന്റ്റിലെ മദർ സുപ്പീരിയർ സിസ്റ്റർ സോണിയ (35) ആണ് ഇന്നു പുലർച്ചെ മരിച്ചത്. പാലക്കാട് പാലക്കയം സ്വദേശിയാണ്. മുല്ലശേരി നല്ല ഇടയൻ ദേവാലയത്തിനു മുമ്പിലായിരുന്നു അപകടം. കഴിഞ്ഞ വ്യാഴായ്ച രാവിലെ മഠത്തിൽനിന്നു മുല്ലശേരി ഗുഡ്‌ഷെപ്പേഡ് സെൻട്രൽ സ്‌കൂളിലേക്കു പോകാൻ റോഡു മുറിച്ചു കടക്കുന്നതിനിടെയാണു വെങ്കിടങ്ങ് ഭാഗത്തുനിന്നുവന്ന ബൈക്കിടിച്ചത്. അപകടത്തെ തുടർന്ന്അബോധാവസ്ഥയിലായ സിസ്റ്ററെ ആദ്യം അമല മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മുല്ലശ്ശേരിയിൽ എത്തിച്ച് പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം പിന്നീട്. അപകടത്തിനിടയാക്കിയ ബൈക്ക് നിയന്ത്രണംവിട്ടു സമീപത്തെ മതിലിൽ ഇടിച്ചു റോഡിലേക്കു മറിഞ്ഞുവീണു യുവാവിനു പരിക്കേറ്റിരുന്നു. ഇയാൾ അമല ആശുപത്രിയിൽ ചികിത്സയിലാണ്.