ബജറ്റ് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പ്; മുഖ്യമന്ത്രി
?️പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ്. കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുവരാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ട്.
പങ്കാളിത്ത പെന്ഷന് പിൻവലിച്ച് പുതിയ പെന്ഷന് സ്കീം നടപ്പാക്കും
?️പങ്കാളിത്ത പെന്ഷന് പിൻവലിച്ച് അഷ്വേര്‍ഡ് പെന്ഷന് സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.പങ്കാളിത്ത പെന്ഷന് ഒഴിവാക്കി, ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്കുന്ന പുതിയ പെന്ഷന് പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് നല്കിയ വിഹിതം തിരികെ ലഭിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഒരു അഷ്വര്‍ഡ് പെന്ഷന് ലഭിക്കുന്നതിന് പുതിയ പെന്ഷൻ സ്കീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ രക്ഷിക്കാനുള്ളതൊന്നും ബജറ്റിലില്ല; കെ സുരേന്ദ്രൻ
?️സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്നു വാചകമടിക്കുന്നതല്ലാതെ കടക്കെണിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിനുള്ള കാര്യങ്ങളൊന്നും സർക്കാരിന്റെ ബജറ്റിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിന്റെ ധനകാര്യ മിസ്മാനേജ്മെന്റാണ്. കേരളം കടമെടുത്ത് ധൂർത്തടിക്കുകയാണ്. കേരളത്തിലെ കർഷകരെ സഹായിക്കാനുള്ള നീക്കമോ, ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള നടപടികളൊന്നും ബജറ്റില്ല. റബറിന് വില കൂടുമെന്ന് കണ്ടാണ് താങ്ങുവില 180 ആക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനമെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന ബജറ്റ് പ്രഹസനം; ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണെന്ന് വി. മുരളീധരൻ
?️സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയാണ്. മുലധന നിക്ഷേപം വർധിപ്പിക്കാനും കടക്കെണി കുറയ്ക്കാനും നികുതിപിരിവ് ഊർജിതമാക്കാനും ഒരു നടപടിയുമില്ലെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരേ പ്രഖ്യാപനങ്ങളും കണക്കുകൂട്ടലുകളുമാണ് ബജറ്റിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇവയൊന്നും നടപ്പാക്കുന്നതുമില്ല. കേന്ദ്രത്തിനെതിരെ സമ്മേളനം നടത്താൻ അരക്കോടിയെങ്കിലും ചെലവ് വരും. അത് എങ്ങനെയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ധനമന്ത്രി വിശബീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.
കെ-റെയിൽ അടഞ്ഞ അധ്യായമല്ല; ധനമന്ത്രി
?️കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രൊയുടെ കാര്യത്തില്‍ കേന്ദ്ര അനുമതി ഉടൻ ലഭിക്കുന്നതായി പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ പ്രസംഗത്തിൽ പ്രതിപക്ഷത്തിന് തുടർച്ചയായി പരിഹാസം
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400ലേറെ സീറ്റുകളോടെ ഭരണത്തുടർച്ച നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കു തനിച്ച് 370ലേറെ സീറ്റുകൾ ലഭിക്കുമെന്നും മോദി. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ശ്രീരാമൻ വീട്ടിലേക്ക് മാത്രമല്ല, മഹത്തായ ക്ഷേത്രത്തിലേക്കാണു മടങ്ങിയത്. ഇത്തവണ എൻഡിഎ 400 കടക്കും. പ്രതിപക്ഷത്തെ തുടർച്ചയായി പരിഹസിച്ചകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.2014ൽ പതിനൊന്നാമത്തെ സമ്പദ്വ്യവസ്ഥയായിരുന്ന രാജ്യം ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. ഞങ്ങളുടെ മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ഞങ്ങൾ പാവപ്പെട്ടവർക്കായി നാലു കോടി വീടുകൾ നിർമിച്ചു. നഗരങ്ങളിലെ ദരിദ്രർക്കായി 80 ലക്ഷം വീടുകൾ നിർമിച്ചു. കോൺഗ്രസ് ഭരണത്തിലെ വേഗമായിരുന്നു ഇതിനെങ്കിൽ 100 വർഷം വേണ്ടിവന്നേനെയെന്നും മോദി.
മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ
?️യാക്കോബായ സഭയെ മുഖ്യമന്ത്രി അനുകൂലിച്ചകതിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്.തർക്ക വിഷയങ്ങളിൽ നിഷ്ചക്ഷത പാലിക്കേണ്ട മുഖ്യമന്ത്രി ഒരു വിഭാഗത്തിനെ അനുകൂലിക്കുന്നത് ശരിയല്ലെന്ന് സഭ ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും വാർത്തക്കുറുപ്പിൽ സഭ വിമർശിക്കുന്നുണ്ട്.ആട്ടിൻതോലിട്ട ചെന്നായ പദപ്രയോഗം ആരെ ഉദേശിച്ചാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം.അള മുട്ടിയാൽ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രചാരണത്തിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്; തെരഞ്ഞെടുപ്പ് കമ്മിഷൻ
?️തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഒരു വിധത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്നു രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. ഇതു ലംഘിച്ചാൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുന്നറിയിപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണു കമ്മിഷന്റെ ഇടപെടൽ. ബാലവേല നിരോധനവും നിയന്ത്രണവും’ നിയമം മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം.
തെലങ്കാനയുടെ ഔദ്യോഗിക ചുരുക്കെഴുത്ത് ഇനിമുതൽ ‘ടിജി’
?️തെലങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക ചുരക്കെഴുത്ത് ‘ടിഎസ്’ ൽ നിന്ന് ‘ടിജി’ യിലേക്ക് മാറ്റാൻ സർക്കാർ. പുതിയ സംസ്ഥാന ഗാനം സ്വീകരിക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനം. മുൻ ഭരണകക്ഷി അവരുടെ പാർട്ടിയുടെ പേരുമായി ചേരുന്നതിനാണ് ചുരുക്കെഴുത്ത് മാറ്റിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
തുടർന്നും, വഴി തുറന്നും
?️സംസ്ഥാനം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും നിലവിലുള്ള ക്ഷേമപദ്ധതികൾ തുടർന്നും, സ്വകാര്യ നിക്ഷേപത്തിന് വഴിതുറന്നും, സർക്കാരിന്റെ ആഭിമുഖ്യത്തിൽ ജനങ്ങളുടെ സഹകരണത്തോടെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചും ധനമന്ത്രി കെ.എൻ, ബാലഗോപാൽ.അദ്ദേഹം അവതരിപ്പിച്ച ബജറ്റിൽ 1,38,655 കോടി രൂപ വരവും 1,66,501 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ കമ്മി 27,846 കോടി രൂപ. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ 2.12 ശതമാനമാണ്.
മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം തുടങ്ങി
?️മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ രാവിലെ 9 മണിമുതൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന ആരംഭിച്ചു. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്ഐഒയ്ക്ക് കഴിയും.അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം.
സിപിഐ സാധ്യതാ പട്ടിക തള്ളി ബിനോയ് വിശ്വം
?️ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച നടന്നിട്ടില്ലെന്നും ബിജെപി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ആശങ്ക ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ബുദ്ധിയാണെന്നും ബിനോയ് വശ്വം പ്രതികരിച്ചു. ചർച്ചകൾ നടക്കും മുൻപേ പേരുകൾ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്.
‘ബജറ്റിനെ രാഷ്ട്രീയമായി വിമര്‍ശനത്തിനുള്ള ഡോക്യുമെന്റാക്കി തരം താഴ്ത്തി’; വി.ഡി. സതീശൻ
?️ബജറ്റിന്റെ പവിത്രത ധനമന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റ് അവതരണത്തിനു ശേഷം പ്രതിപക്ഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ബജറ്റിനെ രാഷ്ട്രീയ വിമർശനത്തിനുള്ള ഒരു ഡോക്യുമെന്റാക്കി തരംതാഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. യഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങളാണ് നടന്നത്. കാർഷിക മേഖലയെ നിരാശപ്പെടുത്തി. നയാപൈസയില്ലാതെ ജനങ്ങളെ പറ്റിക്കാനുള്ള ബജറ്റാണിതെന്നും സതീശൻ കുറ്റപ്പെടുത്തി.
”വികസനത്തിൽ വിട്ടുവീഴ്ചയില്ല”, മൂന്ന് ലക്ഷം കോടി നിക്ഷേപം പ്രതീക്ഷിച്ച് കേരളം
?️കേരളം സാമ്പത്തിക ഞെരുക്കും നേരിടുകയും, കേന്ദ്ര സർക്കാർ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുകയാണെങ്കിലും സംസ്ഥാന വികസനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. വരുന്ന മൂന്നു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കരുവന്നൂർ തട്ടിപ്പു കേസ്: എ.സി മൊയ്തീനു തിരിച്ചടി, സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു
?️കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രി എസി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും കുടുബാംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ശരിവെച്ചു.മൊയ്തീന്റെയും ഭാര്യയുടെയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാൽ ഭൂസ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്.
ചാലക്കുടി വ്യാജ എൽഎസ്ഡി കേസ്: ഷീലാ സണ്ണിയെ കേസില്‍ കുടുക്കിയ ആളെ കണ്ടെത്തി
?️ചാലക്കുടി വ്യാജ എൽഎസ്ഡി കേസിൽ പുതിയ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയ ആളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. മനു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇയാളോട് ഈ മാസം 8 ന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി
?️ശബരിമലയിൽ ദർശനത്തിന് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി ഹർജിക്കാരനു നിർദ്ദേശം നൽകി. ശബരിമലയിലെ ഭൂപ്രകൃതി ഉള്‍പ്പടെയുള്ള സവിശേഷമായ സാഹചര്യങ്ങള്‍ ഹൈക്കോടതിക്ക് കൂടുതല്‍ അറിയാമെന്നും ഹൈക്കോടതിയില്‍ ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സ്വദേശി കെ.കെ. രമേഷാണ് ഹർജിക്കാരൻ.
ത്സാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ
?️ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ് -ആർജെഡി സഖ്യ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. 81 അംഗ നിയമസഭയിൽ 47 എംഎൽഎമാരുടെ പിന്തുണയോടെയാണ് സോറൻ വിശ്വാസ ബോട്ടെടുപ്പിൽ വിജയിച്ചത്. പ്രതിപക്ഷത്തിന് 29 എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. ബിജെപി അട്ടിമറി നീക്കം ഭയന്ന് ഭരണകക്ഷി എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായ ഞായറാഴ്ച രാത്രിയിലാണ് ഇവരെ റാഞ്ചിയില്‍ എത്തിച്ചത്.
കോഴിക്കോട് ജില്ലാ കലക്ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്
?️ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഞായറാഴ്ച തപാലിലാണ് കലക്ടറേറ്റിൽ കത്തു ലഭിച്ചത്.2024 ൽ അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സിസോദിയക്ക് ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ കാണാൻ അനുമതി
?️ഡൽഹി മദ്യനയ അഴിമതികേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ സന്ദശിക്കാൻ അനുമതി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് അനുമതി നൽകിയിരിക്കുന്നത്. രോഗബാധിതയായ ഭാര്യയെ കാണുന്നതിനായി ആഴ്ചയിൽ രണ്ടുതവണ കസ്റ്റഡി പരോൾ അനുഭവിക്കണം എന്നാവശ്യപ്പെട്ട് സിസോദിയയാണ് കോടതിയെ സമീപിച്ചത്. സിസോദിയയുടെ നോട്ടീസ് പരിഗണിച്ച കോടതി ഇഡിക്ക് നോട്ടീസ് കൈമാറുകയായിരുന്നു.
ചണ്ഡിഗഡിൽ ജനാധിപത്യം കൊലചെയ്യാൻ അനുവദിക്കില്ല; സുപ്രീംകോടതി
?️ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബാലറ്റും നടപടിക്രമങ്ങളുടെ വിഡിയൊ ദൃശ്യങ്ങളുമുൾപ്പെടെ സൂക്ഷിച്ചു വയ്ക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. വരണാധികാരി ബാലറ്റിൽ ക്രമക്കേടു കാട്ടിയെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്നും ജനാധിപത്യത്തെ പരിഹസിക്കുന്നതാണ് ഈ നടപടിയെന്നും പരമോന്നത കോടതി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന എഎപി കൗൺസിലറിന്റെ പരാതിയിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് വരണാധികാരി അനിൽ മാസിഹിനെതിരേ കടുത്ത വിമർശനം നടത്തിയത്. വരണാധികാരി ബാലറ്റിൽ ക്രമക്കേട് നടത്തുന്നത് നടപടിക്രമങ്ങളുടെ വിഡിയൊ ദൃശ്യത്തിൽ പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ജനാധിപത്യത്തെ ഇങ്ങനെ കൊലചെയ്യാൻ അനുവദിക്കില്ലെന്നും സുപ്രീം കോടതി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഞെരുക്കുന്നുവെന്ന ആരോപണം കേന്ദ്രം തള്ളി
?️കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരേ ധനമന്ത്രി നിർമല സീതാരാമൻ. ഗൂഢ ലക്ഷ്യങ്ങളുള്ള ചിലരുടെ രാഷ്ട്രീയപ്രേരിതമായ വാദമാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും നിർമല. ലോക്സഭയിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണു ധനമന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നായിരുന്നു ചൗധരിയുടെ ആരോപണം.
ഗ്യാൻവാപി: മുഴുവൻ നിലവറകളും പരിശോധിക്കണമെന്ന് ഹിന്ദു വിഭാഗം കോടതിയിൽ
?️ഗ്യാൻവാപി പള്ളിയിലെ അടച്ചിട്ടിരിക്കുന്ന മറ്റു നിലവറകളിലും ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ (എഎസ്ഐ)യുടെ പരിശോധന ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചു. പളളിയുടെ തെക്കേ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതിനു പിന്നാലെയാണു പുതിയ നീക്കം. പള്ളിയിലെ ശൃംഗാര ഗൗരി പ്രതിഷ്ഠയിൽ എല്ലാ ദിവസവും പൂജ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിശ്വവേദിക് സനാതൻ സംഘിന്റെ സ്ഥാപകാംഗം രാഖി സിങ്ങാണ് മുഴുവൻ നിലവറകളിലും പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭിഭാഷകൻ അനുപം ദ്വിവേദി വഴി സമർപ്പിച്ച ഹർജിയിൽ രഹസ്യ നിലവറകളുടെ രൂപരേഖയും സമർപ്പിച്ചു. ഇതു പരിശോധിച്ചാൽ മാത്രമേ പള്ളിയെക്കുറിച്ചുളള എല്ലാ സത്യങ്ങളും പുറത്തുവരൂ എന്നു ഹർജിയിൽ പറയുന്നു.
കുടുംബശ്രീക്ക് കുതിക്കാൻ പുതിയ പദ്ധതി
?️സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ 25 വർഷം പിന്നിടുന്ന വേളയിൽ പുതിയ ഉപജീവന പദ്ധതി പ്രഖ്യാപിച്ചു. കെ ലിഫ്റ്റ് (K-LIFT – Kudumbashree Livelihood Initiative Transformation) എന്ന പുതിയ പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനമായി. കുടുംബശ്രീ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും ചലനാത്മകമാക്കാനും സംഘടിപ്പിച്ച ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിൽ നിന്നും ഊർജമുൾക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ആരാധനാലയ നിയമം പിൻവലിക്കണമെന്ന് ബിജെപി എംപി
?️രാജ്യത്തെ ആരാധനലായങ്ങളുടെ നിലവിലെ സ്ഥിതിയിൽ മാറ്റംവരുത്തരുതെന്ന് വ്യവസ്ഥ ചെയ്യുന്ന 1991 ലെ ആരാധനാലയ നിയമം പിൻവലിക്കണമെന്ന് രാജ്യസഭയുടെ ശൂന്യവേളയിൽ ബിജെപി എംപി ഹർനാഥ് സിങ് യാദവ് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15 ന് ഒരു ആരാധനാലയം ഏത് മതവിഭാഗത്തിന്റേതായിരുന്നോ ആ വിഭാഗത്തിന്റേതായി തന്നെ തുടരണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. വാരണാസിയിലെ ജ്ഞാൻവ്യാപി പള്ളിയിലും മഥുര ഈദ്ഗാഹിലും അവകാശവാദം ഉന്നയിക്കുന്ന തീവ്രഹിന്ദു സംഘടനകൾക്ക് ആരാധനാലയ നിയമം തടസ്സമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് നിയമം അപ്പാടെ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്തുവന്നിരിക്കുന്നത്.
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
?️വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ നിരവധി ജനൽ ചില്ലുകൾ തകർന്നു. കല്ലേറിൽ 9 കോച്ചുകളിലെ ജനൽചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. ആക്രമികൾ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് 3 പേർക്കു പരുക്ക്, ബംഗാൾ സ്വദേശി മണ്ണിനടിയിൽ
?️എടപ്പാൾ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യാഭവനു താഴെ മണ്ണിടിഞ്ഞു വീണ് 3 പേർക്ക് പരുക്ക്. മതിലിനായി മണ്ണെടുക്കുമ്പോഴായിരുന്നു അപകടം.ബംഗാൾ സ്വദേശി സുജോൺ (30) മണ്ണിനടയിൽ കുടുങ്ങി.
രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് വിജയം
?️സ്പിന്നർമാർ അരങ്ങുവാഴുമെന്നു പ്രവചിക്കപ്പെട്ട രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ വിജയമൊരുക്കി. 399 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സിൽ ബാറ്റ് ചെയ്ത സന്ദർശകർ 292 റൺസിന് ഓൾഔട്ടായപ്പോൾ ആതിഥേയർക്ക് 106 റൺസ് വിജയം. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശിൽപ്പി. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടിയിരുന്ന ബുംറയ്ക്ക് ഇതോടെ മത്സരത്തിലാകെ പത്ത് വിക്കറ്റായി. ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയുടെ ആദ്യ പത്ത് വിക്കറ്റ് നേട്ടമാണിത്. ഒമ്പത് വട്ടം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ കുതിപ്പ്
?️ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാമതെത്തി. ആദ്യ മത്സരത്തിലെ പരാജയത്തോടെയാണ് ടീമിന്റെ റാങ്കിങ് കുത്തനെ ഇടിഞ്ഞത്. അന്ന് രണ്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്കു വീഴുകയായിരുന്നു.
2026 ലോകകപ്പ് ഫൈനല്‍ ന്യൂ ജേഴ്സിയില്‍
?️2026 ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നടക്കുമെന്ന് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ. ന്യൂ ജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുകയെന്ന് ഫിഫ വ്യക്തമാക്കി. ജൂലൈ 19-നാണ് ഫൈനല്‍. 48 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎസ്എ, കാനഡ, മെക്സിക്കോ രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ 11-ന് മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടക്കും. മെക്സിക്കോ സിറ്റിയിലെ ഈ സ്റ്റേഡിയത്തിന് 83,000 പേരെ ഉള്‍ക്കൊള്ളിക്കാനാകും. 1966-ലാണ് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
അണ്ടർ 19 ലോകകപ്പ്: ഇന്ത്യ – പാക്കിസ്ഥാൻ ഫൈനലിനു സാധ്യത
?️അണ്ടർ 19 ലോകകപ്പിൽ ഫൈനലിനു മുൻപുള്ള ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സരം. ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടുന്നത് ചൊവ്വാഴ്ച. നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യ തുടർച്ചയായ അഞ്ച് ആധികാരിക വിജയങ്ങളുമായാണ് സെമിയിലേക്ക് മാർച്ച് ചെയ്തിരിക്കുന്നത്.രണ്ടാം സെമി ഫൈനലിൽ പാക്കിസ്ഥാൻ ഓസ്ട്രേലിയയെ നേരിടും. ഇതോടെ ഇന്ത്യ – പാക്കിസ്ഥാൻ ഫൈനലിനുള്ള സാധ്യതയും തെളിഞ്ഞു വരുന്നു. ലോകകപ്പിനു മുൻപ് നടത്തിയ ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ടു വട്ടം പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, സൂപ്പർ സിക്സിൽ ഒരു മത്സരം മാത്രം പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഇപ്പോൾ മികച്ച ഫോമിലാണ്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ