വാർത്താ കേരളം
മയക്കുവെടിയേറ്റ കൊമ്പൻ ഇനി ഉണരില്ല; മാനന്തവാടിയെ വിറപ്പിച്ച ആന ചരിഞ്ഞു
?️ഒരു ദിവസം മുഴുവൻ മാനന്തവാടിയെ വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റു മയങ്ങിയ തണ്ണീർക്കൊമ്പൻ പിന്നെ ഉണർന്നില്ല. മയക്കത്തിൽനിന്ന് പൂർണമായി ഉണരും മുൻപ് അർധരാത്രി തന്നെ ആനയെ കേരള വനം വകുപ്പ് കർണാടക വനം വകുപ്പിനു കൈമാറിയിരുന്നു. ഇതെത്തുടർന്ന് പുലർച്ചെയോടെ ആന ചരിഞ്ഞെന്ന് കർണാടക വനം വകുപ്പാണ് സ്ഥിരീകരിച്ചത്. ആന ചരിയാൻ എന്താണു കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല. പതിനെട്ട് മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ, വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആനയെ മയക്കുവെടി വച്ചത്.
തണ്ണീര്‍ കൊമ്പന്‍റെ പോസ്റ്റ്‌മോര്‍ട്ടത്തിന് കര്‍ണാടക, കേരള സര്‍ജന്‍മാർ
?️വെള്ളിയാഴ്ച മാനന്തവാടിയെ വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. അഞ്ചംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞതായും രൂപീകരിച്ച അഞ്ചംഗ സമിതി സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഗവർണർ
?️കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടി താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാമനിർദേശ പത്രിക തള്ളിയത് സംബന്ധിച്ച് വൈസ് ചാൻസിലറോട് വിശദീകരണം അവശ്യപ്പെട്ടു.
പുത്തൻ പ്രഖ്യാപനങ്ങളുമായി കെഎസ്ആർടിസി
?️സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ഉടൻ ആരംഭിക്കാൻ കെഎസ്ആർടിസി. 2019ല്‍ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്‍റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക.പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വീസുകളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്
?️തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ബന്ദിപ്പൂർ ഫീൽഡ് ഡയറക്‌ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്.ആനയുടെ ദേഹത്ത് കണ്ടിരുന്ന മുറുവിൽ പഴുപ്പുണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ലിംഗത്തിൽ മുറിവുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ഇ ബസുകൾ വന്നതോടെ ഡീസൽ ചെലവ് കുറയ്ക്കാനായി: ഗണേഷ്
?️കെഎസ്ആർടിസിയിൽ ഡീസൽ ചെലവ് കുറയ്ക്കാൻ ഇലക്ട്രിക് ബസുകൾക്കായെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്ന് നേരത്തേ മന്ത്രി പറഞ്ഞത് സിപിഎം ഉൾപ്പടെ തള്ളിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ സഭയിൽ മന്ത്രി നിലപാട് മയപ്പെടുത്തിയത്. എന്നാൽ ഇ ബസുകൾ ലാഭകരമാണോയെന്ന എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകിയിട്ടില്ല.
ആശ വർക്കർമാരുടെ പ്രതിഫലം കൂട്ടി
?️ആശ വർക്കർമാരുടെ പ്രതിഫലം കൂട്ടി. 1000 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 6000 രൂപയായിരുന്ന പ്രതിഫലം 7000 രൂപയായി ഉയറുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും കെ.എൻ ബാലഗോപാൽ പറഞ്ഞു.
‘നിങ്ങൾ എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും മനസിസിലായി’; സാഹിത്യ അക്കാദമിക്കതെിരെ ബാലചന്ദ്രൻ ചുളളിക്കാട്
?️കേരള സാഹിത്യ അക്കാദമിക്കെതിരെ സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്തരാഷ്ട്ര സാഹിത്യേത്സവത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. നിങ്ങളുടെ സാംസ്കാരിക ആവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കേരള സാഹിത്യ അക്കാദമിക്കെതിരേ ശ്രീകുമാരൻ തമ്പി
?️ബാലചന്ദ്രൻ ചുള്ളിക്കാടിന് പിന്നാലെ കേരള സാഹിത്യ അക്കാദമിക്കെതിരേ ആരോപണവുമായി ശ്രീകുമാരൻ തമ്പിയും. സർക്കാരിനായി കേരള ഗാനം എഴുതാൻ പറഞ്ഞ് അപമാനിച്ചെന്നാണ് ആരോപണം. താൻ അപമാനിക്കപ്പെട്ടതിന് സാംസ്ക്കാരിക മന്ത്രി ഉത്തരം പറയണമെന്നും ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചു.
ചുള്ളിക്കാടിന് മറുപടിയുമായി സച്ചിദാനന്ദൻ
?️സാഹിത്യ അക്കാദമി അപമാനിച്ചെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കുറിപ്പിനു മറുപടിയുമായി അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. പൈസ വാങ്ങാതെ താൻ അനേകം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പരാതി എന്തെങ്കിലുമുണ്ടെങ്കിൽ സെക്രട്ടറിയെ അറിയിക്കണം. അങ്ങനെ വന്നിട്ടുള്ള പരാതികളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും കണക്കു പറയാൻ തനിക്കറിയില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ചുള്ളിക്കാടിന്‍റെ ആവശ്യം ന്യായമാണെന്നും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മനേക ഗാന്ധി
?️തണ്ണീർ എന്ന കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേരളത്തെ അതി രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് മനേക ഗാന്ധി. കേരള വനംവകുപ്പ് രണ്ടാഴ്ചക്കിടയിൽ രണ്ട് ആനയെ വീതം കൊല്ലുന്നുവെന്നും അവർ ആരോപിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജയ്പ്രസാദും എച്ച്.ഒ.ഡി ഗംഗ സിങ്ങിനെതുിരെയും രൂക്ഷ വിമർശനമാണ് മനേക ഉയർത്തിയത്. നേരത്തെ കരടിയെയും പുലിയെയും സമാനമായി കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൃത്യമായ പരിശീലനം നൽകുന്നില്ലെന്നും അവർ ആരോപിച്ചു.
കേന്ദ്രത്തിനെതിരേ സമരവുമായി കർണാടക സർക്കാരും
?️കേന്ദ്ര സർക്കാരിന്‍റെ ചിറ്റമ്മ നയത്തിനെതിരേ പ്രതിക്ഷേധവുമായി കർണാടക സർക്കാരും. കേന്ദ്രത്തിനെതിരേ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഭരണപക്ഷം ഫെബ്രുവരി 7 ന് ഡൽഹിയിൽ സമരം നടത്തും. ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചെന്നും അർഹമായ ഫണ്ടുപോലും നൽകുന്നില്ലെന്നും ആരോപണങ്ങളുയരുന്നുണ്ട്. വരൾച്ച ദുരിതാശ്വാസമായ 4,663 കോടി രൂപ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കണമെന്ന് നാലുമാസമായി ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ സമരം അനിവാര്യമായിരിക്കുകയാണ്. സമരത്തിൽ താനും പങ്കെടുക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി.
ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം
?️സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള ഫോമിൽ മാറ്റം വരുത്തി. ഇനി മുതൽ പുതിയ ഫോമാവും ഉണ്ടാവുക. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിപ്പ് നൽകി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.
ഗോഡ്‌സെ ഇന്ത്യയുടെ അഭിമാനമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്; എൻഐടി പ്രഫസർക്കെതിരേ പരാതി നൽകി ഡിവൈഎഫ്ഐ
?️മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ അനുകൂലിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട എൻഐടി പ്രഫസർ ഷൈജ ആണ്ടവനെതിരേ പരാതിയുമായി ഡിവൈഎഫ്ഐ. ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനം എന്നാണ് ഷൈജ ആണ്ടവൻ ഫെയ്സ് ബുക്കിൽ കുറിച്ചത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗം പ്രഫസറാണ് ഷൈജ ആണ്ടവൻ.
ടി.എൻ. പ്രതാപന്‍റെ പരാതിയിൽ യൂട്യൂബർക്കെതിരേ കേസ്
?️ ടി.എൻ. പ്രതാപൻ എംപിയുടെ പരാതിയിൽ യൂട്യൂബർക്കെതിരേ കേസ്. സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചരണം നടത്തി സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.ഫാസ്റ്റ് റിപ്പോർട്ടർ എന്ന യൂട്യൂബ് ചാനലിലെ വിപിൽ ലാൽ എന്ന ആളിനെതിരേയാണ് കേസ്. ഐപിസി 153 വകുപ്പ് (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പൊലീസ് ആക്ട് 120 (o) എന്നീ വകുപ്പുകൾ പ്രകാരം തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്.
ഫാക്ട് സി എംഡി കിഷോർ റുങ്ത സ്ഥാനമൊഴിഞ്ഞു
?️ഫാക്ടിലെ അഞ്ചുവർഷത്തെ സേവനത്തിനു ശേഷം ചെയർമാനും മാനേജിങ് ഡയറക്ടറുമായ കിഷോർ റുങ്ത പടിയിറങ്ങി. നഷ്ടക്കെണിയിൽ കൂപ്പുകുത്തിയ ഫാക്ടിനെ നിരവധി നാഴികക്കല്ലുകൾ കീഴടക്കുവാനും ഉന്നത സ്ഥാനത്തെത്തിക്കുവാനും ഈ കാലയളവിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു.2019 ഫെബ്രുവരിയിൽ അദ്ദേഹം ചുമതലയേൽക്കുമ്പോൾ ഫാക്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ആസൂത്രണമികവോടെയുള്ള അദ്ദേഹത്തിന്റെ പുതിയ പദ്ധതികൾ നടപ്പാക്കിത്തുടങ്ങിയതോടെ ഫാക്ട് പടി പടിയായി ഉയരങ്ങൾ കീഴടക്കി.
ആരിഫ് മുഹമ്മദ് ഖാൻ തന്‍റെ ഹീറോയെന്ന് മീനാക്ഷി ലേഖി
?️കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്‍റെ ഹീറോ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ’ എവേക് യൂത്ത് ഫോർ നേഷൻ’കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മോദി ഗ്യാരണ്ടിയെക്കുറിച്ചും അവർ പ്രസംഗിച്ചു.മോദിയുടെ ഗ്യാരന്‍റി എന്നത് കേന്ദ്രത്തിന് മാത്രമല്ല കേരളത്തിനും കൂടിയുള്ളതാണ്. 2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. നിങ്ങളാണ് 2047 നെ നയിക്കേണ്ടവരെന്നും അവർ പറഞ്ഞു.
ഇനി ഷെവലിയാർ ഗൗരി പാർവതി ഭായി; ഫ്രാൻസിന്‍റെ പരമോന്നത ബഹുമതി തിരുവിതാംകൂറിലേക്ക്
?️തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ പൂയം തിരുനാൾ ഗൗരി പാർവതി ഭായിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി. ഷെവലിയർ എന്നറിയപ്പെടുന്ന, നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൻ ഓഫ് ഓണറിന് ഗൗരി പാർവതി ഭായിയെ തെരഞ്ഞെടുത്തതായി അറിയിക്കുന്ന കത്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പേരിലാണ് അയച്ചിരിക്കുന്നത്.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 67.87 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
?️വിവിധ വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 67.87 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രൂപയുമാണ് അനുവദിച്ചത്.
ഏക സിവിൽ കോഡ്: ഉത്തരാഖണ്ഡിൽ അരങ്ങൊരുങ്ങി
?️ബഹുഭാര്യാത്വം നിരോധിക്കാനും പെൺകുട്ടികൾക്ക് കുടുംബ സ്വത്തിൽ തുല്യാവകാശം ഉറപ്പാക്കാനുമുൾപ്പെടെ സുപ്രധാന ശുപാർശകളുമായി ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡിന് (യുസിസി) കരട് തയാറായി. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ദത്തെടുക്കൽ തുടങ്ങി വിവിധ വ്യക്തിനിയമങ്ങളിൽ എല്ലാ വിഭാഗത്തിനും സമാനമായ വ്യവസ്ഥകൾ നിർദേശിക്കുന്നതാണു കരട്. ദേശീയ തലത്തിൽ ബിജെപി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡ് ഇതേ മാതൃകയിലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അണ്ണാമലൈയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റി
?️മതവിദ്വേഷം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.അണ്ണാമല നൽകിയ ഹർജിയിൽ വിധി പറയുന്നത് അനിശ്ചിതമായി മാറ്റി. ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത് ക്രിസ്ത്യൻ സന്നദ്ധ സംഘടനയാണെന്ന അണ്ണാമലൈയുടെ പ്രസ്താവനയാണ് കേസിനാധാരം. എന്നാൽ ഇതു തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മതവിദ്വേഷം ഉണ്ടാക്കാൻ അണ്ണാമലൈ ബോധപൂർവ്വം ശ്രമിക്കുകയാണെന്നു കാണിച്ച് സേലം സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാമലൈ കോടതിയെ സമീപിച്ചത്.
താജ് മഹലിനു സമീപത്തെ ഉറൂസ് നിരോധിക്കാൻ ഹിന്ദു മഹാസഭയുടെ ഹർജി
?️താജ്മഹലിന് സമീപത്തെ ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ. ആഗ്ര കോടതിയിലാണ് ഹിന്ദുമഹാ സഭ ഹരജി നൽകിയിരിക്കുന്നത്. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി മാർച്ച് നാലിന് ആഗ്ര കോടതി വാദം കേൾക്കും.മുഗൾ ചക്രവർത്തി ഷാജഹാന്‍റെ ചരമ വാർഷികവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 മുതൽ എട്ടുവരെയാണ് ഉറൂസ് നടക്കുക. മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ് മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചതെന്ന് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു.
ബിജെപി നേതാവ് എൽ.കെ അഡ്വാനിക്ക് ഭാരതരത്ന
?️മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. 96-ാം വയസിലാണ് അദ്ദേഹത്തിന് പരോമന്നത സിവിലിയൻ ബഹുമതി തേടിയെത്തുന്നത്.
കുതിരക്കച്ചവട പരാമർശം: ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്‍റെ വസതിയിൽ
?️എഎപി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിച്ചെന്ന പരാമർശത്തിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ചെത്തി. സംഭവുമായി ബന്ധപ്പെട്ട് നോട്ടീസ് കൈമാറാനാണ് സംഘം എത്തിയത്. ബിജെപിയുടെ ഡൽഹി ഘടകം നൽകിയ പരാതിയെ തുടർന്നാണ് നടപടി. നോട്ടീസ് നൽകാൻ കെജ്‌രിവാളിന്‍റെയും മന്ത്രി അതിഷ് മർലേനയുടെയും വസതിയിൽ വെള്ളിയാഴ്ചയും ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. എന്നാൽ കെജ്‌രിവാളിന്‍റെ ഓഫീസിലെ പ്രവർത്തകർ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിക്കുകയായിരുന്നു.
സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ തീപിടിത്തം
?️ഹിമാചൽപ്രദേശിലെ സോളനിൽ സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ഈ സമയം ഫാക്ടറിയിൽ 50ഓളം ആളുകളുണ്ടായതായാണ് റിപ്പോർട്ട്. ഇതിലെ 13 പേരെ കണ്ടെത്താനായിട്ടില്ല.
പഞ്ചാബ് ഗവർണർ സ്ഥാനം രാജിവച്ച് ബൻവാരിലാൽ പുരോഹിത്
?️പഞ്ചാബ് ഗവർണർ സ്ഥാനം രാജിവച്ച് ബൻവാരിലാൽ പുരോഹിത്. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തിൽ പറയുന്നത്.രണ്ട് വാക്യത്തിൽ മാത്രമുള്ള രാജിക്കത്ത് പുറത്തുവന്നു. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്‍റെ അഡ്‌മിനിസ്ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.
മാർത്താണ്ഡത്ത് ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 35 പേർക്ക് പരുക്ക്
?️മാർത്താണ്ഡം മേൽപ്പാലത്തിൽ കെ.എസ്ആർ.ടിസിയും തമിഴ്നാട് ട്രാൻസ്പോർട്ട് കേർപ്പറേഷന്‍റെ ബസും കൂട്ടിയടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും 35 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ (45) ആണ് മരിച്ചത്. നാഗർ കോലിൽ നിന്നും തിരുവനന്തഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻപോർട്ടും കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരുകയായിരുന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അതിർത്തി കടന്ന് ആയുധക്കടത്ത്; സംഘതലവൻ മിസോറാമിൽ പിടിയിൽ
?️അതിർത്തിക്കപ്പുറത്തു നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്ന സംഘത്തിന്റെ തലവനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മിസോറാമിൽ നിന്ന് അറസ്റ്റ് ചെയ്തു. മിസോറാമിലെ മമിത് സ്വദേശി ലാലൻഗൈഹോമയെയാണ് ഐസ്വാളിൽ നിന്നു പിടികൂടിയത്. വടക്കുകിഴക്കവൻ സംസ്ഥാനങ്ങളിലെ രാജ്യവിരുദ്ധ സംഘടനകൾക്കും ഗൂണ്ടാസംഘങ്ങൾക്കും ആയുധമെത്തിച്ചിരുന്ന പ്രധാന കണ്ണിയാണ് ഇയാൾ.
മഹാരാഷ്ട്രയിൽ ശിവസേനാ നേതാവിനു നേരേ വെടിവച്ച് ബിജെപി എംഎൽഎ
?️ ഭൂമി തർക്കത്തെത്തുടർന്നു മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ സഖ്യകക്ഷിയായ ശിവസേനാ നേതാവിനു നേരേ വെടിവച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ കല്യാൺ ജില്ലാ പ്രസിഡന്‍റ് മഹേഷ് ഗെയ്ക്ക്വാദിനാണു വെള്ളിയാഴ്ച രാത്രി ഉല്ലാസ്നഗറിലെ ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ തർക്കത്തിനിടെ വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹേഷിന്റെ നില ഗുരുതരമാണ്.വെടിയുതിർത്ത കല്യാണിലെ ബിജെപി എംഎൽഎ ഗൺപത് ഗെയ്ക്ക്വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവ്ന്ദ്ര ഫഡ്നാവിസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
കെജ്രിവാളിനെതിരേ ഇഡി കോടതിയിൽ
?️മദ്യനയ അഴിമതി കേസിൽ തുടർച്ചയായി 5 തവണ നോട്ടീസ് നൽകിയിട്ടും ഹജരാവാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളിനെതിരേ ഇഡി കോടതിയെ സമീപിച്ചു. ഡൽഹി റോസ് അവന്യു കോടതിയിലാണ് ഇഡി ഹർജി ഫയൽ ചെയ്തത്. ഐപിസിയുടെ 174, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ 50-ാം വകുപ്പുകള്‍ പ്രകാരമാണ് ഹർജി. മുൻപ് നവംബർ 2, ഡിസംബർ 21, ജനുവരി 3, 18, ഫെബ്രുവരി 2 എന്നീ തീയതികളിൽ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തന്നെ അറസ്റ്റ് ചെയ്യാനുള്ള നിയമവിരുദ്ധമായ നീക്കങ്ങളെന്ന് ആരോപിച്ച് കെജ്രിവാൾ 5 നോട്ടീസുകളും തള്ളിക്കളയുകയായിരുന്നു.
കോഴിക്കോട് നിര്‍ത്തിയിട്ട ഒന്നര ലക്ഷത്തിന്റെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
?️താമരശേരി പൂനൂര്‍ ചീനി മുക്കില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ ഒന്നരലക്ഷം രൂപയോളം വില വരുന്ന സ്കൂട്ടറാണ് കത്തി നശിച്ചത്.സ്വന്തം സ്ഥാപനത്തിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു പിന്നീട് സ്കൂട്ടറിനുള്ളിൽ നിന്ന് തീ പടർന്നു പിടിച്ച് നിമിഷങ്ങൾക്കുള്ളിൽ സ്കൂട്ടർ പൂര്‍ണമായും കത്തിനശിച്ചു.
ആളിയാർ കരാർ പാലിക്കാതെ തമിഴ്‌നാട്
?️പറമ്പിക്കുളം – ആളിയാർ കരാർ വ്യവസ്ഥകൾ വീണ്ടും ലംഘിച്ച് തമിഴ്നാട് സർക്കാർ. കരാർ നടപ്പാക്കണമെന്ന് ആവശ്യപ്പെടാൻ കേരള സർക്കാർ തയാറാകുന്നില്ല. ആളിയാർ കരാർ പ്രകാരം എല്ലാവർഷവും ഫെബ്രുവരി ഒന്നിന് കേരള ഷോളയാർ നിറച്ചിരിക്കണം. എന്നാൽ 1970ൽ നിലവിൽ വന്ന കരാറിലെ ഈ വ്യവസ്ഥ 80 ശതമാനം വർഷങ്ങളിലും തമിഴ്നാട് ലംഘിക്കുകയായിരുന്നു.
ഓടയിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
?️മണർകാട് ഐരാറ്റുനടയിൽ ഓടയിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മണർകാട് ചെറിയാൻ ആശ്രമത്തിന് സമീപം പുതുപ്പറമ്പിൽ ബിനു പി ചെറിയാൻ (അനി -55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിന്റെ ടയർ മാത്രം ഓടയ്ക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്.
ബുംറയ്ക്ക് 6 വിക്കറ്റ്, ഇന്ത്യക്ക് ലീഡ്
?️ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 143 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഓപ്പണർ യശസ്വി ജയ്സ്വാൾ നേടിയ ഇരട്ട സെഞ്ചുറി ഇന്ത്യയെ 396 റൺസ് വരെ എത്തിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 253 റൺസിന് ഓൾ ഔട്ടായി. ബാസ് ബോൾ പരീക്ഷിച്ച ഇംഗ്ലണ്ടിനെ ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് പിടിച്ചു കെട്ടിയത്. അക്ഷർ പട്ടേലിലാണ് ശേഷിച്ച ഒരു വിക്കറ്റ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ആതിഥേയർ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലയിൽ. ഓവറോൾ ലീഡ് 171 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമയും (13) യശസ്വി ജയ്‌സ്വാളും (15) ക്രീസിൽ.
അണ്ടർ 19 ലോകകപ്പ്: ഇന്ത്യ സെമിയിൽ
?️അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ മുന്നേറുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സെമി ഫൈനലിൽ കടന്നു. സൂപ്പർ സിക്സിലെ ഗ്രൂപ്പ് 1 മത്സരത്തിൽ നേപ്പാളിനെ ഇന്ത്യൻ കൗമാര താരങ്ങൾ കീഴടക്കിയത് 132 റൺസിന്. ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തപ്പോൾ നേപ്പാളിന്‍റെ മറുപടി 165/9 എന്ന നിലയിൽ ഒതുങ്ങി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ