പ്രഭാത വാർത്തകൾ

2024 ജനുവരി 29 തിങ്കൾ

1199 മകരം 15 പൂരം

◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് അരികിലെത്തിയിരിക്കെയാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം നാലു തവണ നിതീഷ് കുമാര്‍ മുന്നണി മാറി മുഖ്യമന്ത്രിക്കസേര ഉറപ്പാക്കിയിട്ടുണ്ട്.

◾ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്കു പരിക്കേറ്റു. ജോര്‍ദാനിലെ സിറിയന്‍ അതിര്‍ത്തിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിറകില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. തങ്ങളുടെ പ്രദേശത്തല്ല, സിറിയയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നതെന്ന് ജോര്‍ദാന്‍ പറഞ്ഞു.

◾മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടത്തല്ല്. ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്റ് മൊഹമ്മദ് മൊയ്സു നിയമിച്ച നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിച്ചതോടെയാണ് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഒഴികേയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കി പരമാവധി സീറ്റുകള്‍ നേടണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. തിരുവനന്തപുരത്തു നടക്കുന്ന യോഗത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ ഘടകങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്.

◾അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപവരെ വര്‍ധിപ്പിച്ചു. പത്തു വര്‍ഷത്തിലധികം സേവനം ചെയ്തവര്‍ക്ക് ആയിരം രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയുമാണു വര്‍ധന. മൊത്തം 60,232 പേര്‍ക്ക് ആനുകൂല്യം ലഭിക്കും. വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും, ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. ഡിസംബര്‍ മുതല്‍ വേതന വര്‍ധന പ്രാബല്യത്തിലാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

◾സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്‍കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നേരത്തെ 53 കോടി നല്‍കിയിരുന്നു. ഏഴാം ക്ലാസ് വരെയുളള സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും, നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കും രണ്ടു ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.

◾ഗവര്‍ണര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും സംസ്ഥാന പോലീസിന്റെ സുരക്ഷ തുടരും. സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയെന്ന അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. രാജ്ഭവനു മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചത്. കേന്ദ്രത്തിന്റെ അറിയിപ്പു ലഭിച്ചാല്‍ കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേര്‍ന്ന ശേഷമേ സംസ്ഥാന പോലീസിന്റെ സുരക്ഷാ സേവനകാര്യത്തില്‍ തീരുമാനമാകൂ.

◾കരിങ്കൊടി കണ്ടാല്‍ റോഡിലിറങ്ങുന്ന ഗവര്‍ണര്‍ക്ക് ഇനിയങ്ങനെ ചെയ്യണമെങ്കില്‍ സിആര്‍പിഎഫിന്റെ അനുമതി വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ. കെ വി തോമസ്. ഗവര്‍ണര്‍ക്ക് പുറത്തിറങ്ങാന്‍ സിആര്‍പിഎഫിന്റെ അനുമതി വേണ്ടിവരും. അതായത് ഒരൊന്നാന്തരം ഗോദ്റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയതെന്ന് കെ വി തോമസ് പറഞ്ഞു.

◾നഗരസഭകളുടെ പരിധിയിലെ മാലിന്യം സംസ്‌കരിക്കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി നഗരസഭകളുടെ പരിധിയിലുള്ള മാലിന്യത്തിന്റെ അളവും സവിശേഷതകളും തിട്ടപ്പെടുത്താന്‍ സര്‍വേ നടത്തുന്നു. 42 നഗരസഭകളിലെ സര്‍വേ പൂര്‍ത്തിയായി. ബാക്കിയുള്ള 51 ഇടങ്ങളിലെ സര്‍വേ പുരോഗമിക്കുന്നു.
ലോകബാങ്ക് സഹായത്തോടെയാണ് സര്‍വേ നടത്തുന്നത്. വീടുകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പബ്ലിക് യൂട്ടിലിറ്റികള്‍ തുടങ്ങിയവ ഉള്‍പ്പെടെ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഉറവിടങ്ങളും സര്‍വേയില്‍ പരിശോധിക്കുന്നുണ്ട്.

◾ഇനിയൊരു സംരംഭവും തുടങ്ങാനില്ലെന്നും വിവാദങ്ങള്‍ നിരാശനാക്കിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വൈദേകം റിസോര്‍ട്ട് ഉള്‍പ്പെടെ നാടിനായി കൊണ്ടുവന്ന പദ്ധതികള്‍ക്ക് പിന്തുണ കിട്ടിയില്ലെന്നാണ് ജയരാജന്റെ പരിഭവം. മുന്നണി കണ്‍വീനര്‍ പദവിയില്‍ വേണ്ടത്ര സജീവമാകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

◾’ഞാന്‍ തമ്പുരാന്‍, മറ്റുള്ളവരെല്ലാം മലയപ്പുലയര്‍’ എന്നാണു അധികാരത്തിലുള്ള പല സഖാക്കളുടേയും ചിന്തയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. പഞ്ചായത്തുകള്‍ മുതല്‍ അധികാരത്തിലുള്ളവര്‍ അങ്ങനെയാണ്. പെന്‍ഷന് അപേക്ഷിച്ചാലും പാസാക്കില്ല. സുധാകരന്‍ പറഞ്ഞു. കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സുധാകരന്റെ വിമര്‍ശനം.

◾പുകപരിശോധനാ കേന്ദ്രത്തിന്റെ ഉടമയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. ഫാറോഖ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീല്‍ ആണ് വീട്ടില്‍വച്ച് പിടിയിലായത്. അടുക്കളയില്‍ ചാക്കില്‍നിന്നാണ് വിജിലന്‍സ് കൈക്കൂലി പണം പിടിച്ചെടുത്തത്.

◾ഭൂമാഫിയ സംഘത്തില്‍ നിന്ന് പണം കൈപ്പറ്റിയ എസ്എച്ച്ഒയ്ക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍. തിരുവനന്തപുരം പോത്തന്‍കോട് എസ്എച്ച്ഒ ഇതിഹാസ് താഹ, എഎസ്ഐ വിനോദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശുദ്ധ നുണയാണു പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ കാറില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നു നുണ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ തെളിവാണ്. ഗവര്‍ണറുടെ വിഡ്ഡി വേഷം കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ഗോവിന്ദന്‍ പറഞ്ഞു.

◾കേന്ദ്ര സര്‍ക്കാര്‍ പദ്മ പുരസ്‌കാരത്തില്‍നിന്ന് അര്‍ഹരെ തഴഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മമ്മൂട്ടിക്കും ശ്രീകുമാരന്‍ തമ്പിക്കും പദ്മ പുരസ്‌കാരം ഇല്ലാത്തത് എന്തു കൊണ്ടെന്നും വി.ഡി. സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പുരസ്‌കാരത്തിന് മാനദണ്ഡം എന്താണ്. 1998 ല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിനുശേഷവും അവിടെ തന്നെയാണ്. സതീശന്‍ പറഞ്ഞു.

◾ഇലക്ട്രിക് ബസ് നഷ്ടമാണെന്ന മന്ത്രി ഗണേഷ്‌കുമാറിന്റെ നിലപാടു ശരിയാണെന്ന് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് തൊഴിലാളി സംഘടന ടിഡിഎഫ്. ഒരു ഇലക്ട്രിക് ബസിന് 94 ലക്ഷം രൂപയാണു വില. 15 വര്‍ഷംകൊണ്ട് പണം തിരിച്ചടയ്ക്കുമ്പോള്‍ ഒരു ബസിന് 1.34 കോടി രൂപയാകും. ബാറ്ററി മാറാന്‍ 15 വര്‍ഷത്തിനിടെ 95 ലക്ഷം രൂപ ചെലവാക്കണം. ഒരു ബസിന്റെ ഒരു ദിവസത്തെ വരവ് 6,026 രൂപയാണ്. ചെലവ് 4,753 രൂപ. ചെലവില്‍ ബസിന്റെ തിരിച്ചടവും ബാറ്ററി മാറുന്ന ചെലവും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ചെലവുകള്‍ കെഎസ്ആര്‍ടിസി ആണ് വഹിക്കുന്നത്, ലാഭം സ്വിഫ്റ്റ് കമ്പനിക്കും. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ടിഡിഎഫ് വിശദീകരിച്ചു.

◾തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധിക്കും. ഇതിനായി എന്‍ഐഎ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞ സവാദുമായി ബന്ധപ്പെട്ടു കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് ഡിഎന്‍എ പരിശോധിക്കുന്നത്.

◾കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഇരട്ടിയോളം തുക ഹജ്ജ് യാത്രാ നിരക്കായി വാങ്ങുന്ന എയര്‍ ഇന്ത്യ തുക കുറയ്ക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. എയര്‍ ഇന്ത്യയെ ജനങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ അവര്‍ എന്തു ചെയ്യുമെന്നും മന്ത്രി ചോദിച്ചു.

◾കരിപ്പൂരില്‍നിന്ന് ഹജ്ജ് വിമാന യാത്രയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതു പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടും. തീര്‍ഥാടകര്‍ക്ക് എംബാര്‍ക്കേഷന്‍ പോയന്റ് മാറ്റാന്‍ ഇനി സമയമുണ്ടാകില്ല. നിരക്ക് കുറയ്ക്കാന്‍ എയര്‍ ഇന്ത്യയോട് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെടണം. നിയമസഭയും ചര്‍ച്ച ചെയ്യണം. കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചു.

◾റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായ ഇരിങ്ങാലക്കുട സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ശ്വേത കെ. സുഗതനെ അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു. അഞ്ചു പതിറ്റാണ്ടു മുന്‍പ് കിരണ്‍ ബേദി കുറിച്ച ചരിത്രമാണ് ഇത്തവണ ശ്വേത തിരുത്തിക്കുറിച്ചതെന്നു മന്ത്രി ബിന്ദു പറഞ്ഞു.

◾കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാമാതാവ് കല്ലട മല്ലിശേരി ശാന്ത കോഴിക്കോട്ട് അന്തരിച്ചു. 96 വയസായിരുന്നു. സംസ്‌കാരം ഇന്നു 11 ന്.

◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം നടക്കുന്ന കടലില്‍നിന്ന് ഇന്ധനം മോഷ്ടിച്ചതിനു ടാങ്കര്‍ ജീവനക്കാരായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ പിന്റുകുമാര്‍ (30), ചന്ദ്രന്‍കുമാര്‍ (31), കൃഷ്ണ പ്രസാദ് (53) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് മൂന്നു പേരെ പിടികൂടിയിരുന്നു.

◾മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന പാലക്കാട് സുഹൃത്തിനെ കുത്തിക്കൊന്നയാള്‍ അറസ്റ്റില്‍. തിരുനെല്ലായി സ്വദേശി അറുമുഖന്‍ (40) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കണ്ണനെ ടൗണ്‍ സൗത്ത് പൊലീസ് പിടികൂടി.

◾കണ്ണൂരിലെ തളിപ്പറമ്പ്- ആലക്കോട് റോഡില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യയാണു മരിച്ചത്. തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിനു മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്.

◾സുല്‍ത്താന്‍ബത്തേരി ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍ (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◾ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്.

◾വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.

◾കര്‍ണാടകയിലെ ബെല്‍ത്തങ്കടിയില്‍ മലപ്പുറം സ്വദേശിയുടെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മലയാളികളടക്കം മൂന്നഴ പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. പടക്കശാലയില്‍ ജോലി ചെയ്തിരുന്ന സ്വാമി (55), വര്‍ഗീസ് (68) എന്നിവരാണ് മരിച്ചത്. ഉടമ മലപ്പുറം സ്വദേശി ബഷീര്‍ അടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു.

◾പദ്മ അവാര്‍ഡിന്റെ വിശ്വാസ്യത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്മ അവാര്‍ഡ് വിതരണം ചെയ്യുന്നതിന്റെ രീതി തന്നെ മാറി. ഇപ്പോള്‍ ജനങ്ങളുടെ പദ്മ അവാര്‍ഡാണ്. 2014 നേക്കാള്‍ 28 ഇരട്ടി നാമനിര്‍ദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്നും മന്‍ കീ ബാതില്‍ മോദി പറഞ്ഞു.

◾ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍. കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 10 പേര്‍ മാത്രമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിടാന്‍ നാലു ദിവസമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു.

◾ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെഡിയു ഈ വര്‍ഷത്തോടെ ഇല്ലാതാകുമെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. കളി ആരംഭിച്ചിട്ടേയുള്ളൂ, ഈ കളി തങ്ങള്‍ ഫിനിഷ് ചെയ്യുമെന്നും തേജസ്വി പറഞ്ഞു.

◾വാരാണസിയിലെ ജ്ഞാന്‍വ്യാപി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചെന്നും വിഎച്ച്പി പറഞ്ഞു.

◾തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, സുബ്രഹ്‌മണ്യന്‍, മനോജ്, മനോഹരന്‍, മുതിരാജ് എന്നിവരാണ് മരിച്ചത്.

◾പൂനെയിലെ ഹോട്ടലില്‍ ഐടി ജീവനക്കാരിയെ കാമുകന്‍ വെടിവച്ചു കൊലപ്പെടുത്തി. ഹിഞ്ചവാഡി മേഖലയിലെ ടൗണ്‍ ഹൗസ് ഹോട്ടലിലാണ് സംഭവം. ഹിഞ്ചവാഡിയിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ വന്ദന ദ്വിവേദി എന്ന ഇരുപത്താറുകാരിയാണ് മരിച്ചത്. കാമുകനായ ഉത്തര്‍പ്രദേശ് ലക്നോ സ്വദേശി ഋഷഭ് നിഗം എന്ന യുവാവിനെ മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്തു.

◾ഡല്‍ഹിയില്‍ കല്‍ക്കാജി മന്ദിറില്‍ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ആഘോഷ പരിപാടിയ്ക്കിടെ താത്കലികമായി നിര്‍മിച്ച വേദിയില്‍ കൂടുതല്‍ പേര്‍ കയറിയതാണ് അപകട കാരണം.

◾ഭര്‍ത്താവിനു ജോലിയില്ലെങ്കിലും ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. കൂലിപ്പണി ചെയ്താല്‍ പോലും പ്രതിദിനം 400 രൂപ ലഭിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ യുവാവ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിയാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

◾മോണാലിസ പെയിന്റിംഗിലേക്കു സൂപ്പൊഴിച്ച് പ്രതിഷേധം. പാരീസിലെ ലൂവര്‍ മൂസിയത്തിലുള്ള ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണമുള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല. പരിസ്ഥിതി പ്രക്ഷോഭകരായ രണ്ടു വനിതകളാണ് സൂപ്പ് ഒഴിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച മോണാലിസ ചിത്രം ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണ്. 8000 കോടി രൂപയ്ക്ക് ചിത്രം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്.

◾ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായി രണ്ടാമിന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ടായി. അരങ്ങേറ്റ മത്സരത്തിനിറങ്ങി ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയാണ് ഇന്ത്യയുടെ വിധിയെഴുതിയത്. നേരത്തെ 316 ന് 6 എന്ന നിലയില്‍ രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 420 നാണ് പുറത്തായത്. 196 റണ്‍സെടുത്ത ഒലി പോപ്പിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിനാധാരം. ഈ ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1 -0 ന് മുന്നിലെത്തി.

◾ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നേരത്തേ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്.

◾ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് കിരീടം ഇറ്റാലിയുടെ യാനിക് സിന്നര്‍ക്ക്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ സിന്നറിന്റെ ശക്തമായ തിരിച്ചുവരവിനാണ് മെല്‍ബണ്‍ റോഡ് ലേവര്‍ അരീന സാക്ഷ്യം വഹിച്ചത്.

◾രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം അധികം താമസിയാതെ 10 കോടി കവിയുമെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ഡിസംബര്‍ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറില്‍ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകളാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തില്‍ മൊത്തം 1.67 കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. 2022 ലെ 1.24 കോടിയുമായി നോക്കുമ്പോള്‍ ഗണ്യമായ വര്‍ധനയുണ്ട്. 2019 ല്‍ 5.53 കോടി കാര്‍ഡുകളുണ്ടായിരുന്നത് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 77 ശതമാനത്തോളം വര്‍ധിച്ചു. രാജ്യത്ത് വിതരണം ചെയ്തിട്ടുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ മുന്നില്‍ എച്ച്.ഡി.എഫ്.സി ബാങ്കാണ്. 2023 ഡിസംബര്‍ വരെ 1.98 കോടി ക്രെഡിറ്റ് കാര്‍ഡുകളാണ് ബാങ്ക് വിതരണം ചെയ്തിട്ടുള്ളത്. നവംബറിലിത് 1.95 കോടിയായിരുന്നു. ഈ മാസം തന്നെ ഇത് 2 കോടിയിലെത്തുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് 1.64 കോടി കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. എസ്.ബി.ഐ 1.84 കോടിയും ആക്‌സിസ് ബാങ്ക് 1.35 കോടിയും ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വഴി കഴിഞ്ഞ മാസം ഇന്ത്യക്കാര്‍ ചെലവഴിച്ചത് 1.65 ലക്ഷം കോടി രൂപയാണ്. നവംബറിലെ 1.61 ലക്ഷം കോടിയില്‍ നിന്ന് നേരിയ വര്‍ധനയുണ്ട്.

◾തെന്നിന്ത്യന്‍ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ത്രീഡിയില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ബോബി ഡിയോളിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഉധിരന്‍ എന്ന പ്രതിനായകനായാണ് ബോബി ഡിയോള്‍ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇ. വി ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്. ദിശ പട്ടാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

◾ഹൃതിക് റോഷനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കിയ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘ഫൈറ്റര്‍’ സിനിമയ്ക്കു ഗംഭീര റിപ്പോര്‍ട്ട്. രണ്ട് ദിവസങ്ങള്‍കൊണ്ട് ചിത്രം വാരിയത് 60 കോടി രൂപയാണ്. ആദ്യ ദിനം 24 കോടി മാത്രമാണ് ചിത്രത്തിനു ലഭിച്ചത്. റിപ്പോര്‍ട്ടുകള്‍ പോസിറ്റിവ് ആയി മാറിയതോടെ രണ്ടാം ദിനം ലഭിച്ചത് ആദ്യ ദിവസത്തേതിന്റെ ഇരട്ടി കലക്ഷന്‍. ഇന്ത്യയില്‍ നിന്നുമാത്രമുള്ള കലക്ഷനാണ് 65 കോടി. ആഗോള കലക്ഷനില്‍ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

◾സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ ഹാച്ച്ബാക്കിന്റെയും ടിഗോര്‍ കോംപാക്ട് സെഡാന്റെയും എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) പതിപ്പുകള്‍ ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തി. ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി ടാറ്റ ടിയാഗോ സിഎന്‍ജിയും ടിഗോര്‍ സിഎന്‍ജിയും ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പെട്രോള്‍ മോഡലില്‍ ഈ എഞ്ചിന് 85 ബിഎച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. സിഎന്‍ജി മോഡില്‍, പവറും ടോര്‍ക്കും യഥാക്രമം 73 ബിഎച്പി, 95 എന്‍എം എന്നിങ്ങനെ കുറയുന്നു. രണ്ട് മോഡലുകള്‍ക്കും പുതിയ കളര്‍ ഓപ്ഷനുകളും ലഭിച്ചിട്ടുണ്ട്. ടിയാഗോ സിഎന്‍ജി ടൊര്‍ണാഡോ ബ്ലൂ, ഗ്രാസ്ലാന്‍ഡ് ബീജ് (ടിയാഗോ എന്‍ആര്‍ജി) എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലാണ് വരുന്നത്. ടിഗോര്‍ സിഎന്‍ജി ഒരു പുതിയ മെറ്റിയര്‍ ബ്രോണ്‍സ് നിറത്തിലാണ് വാഗ്ദാനം ചെയ്യുന്നത്.

◾കെ.കെ. ശൈലജയുടെ ഓര്‍മ്മക്കുറിപ്പുകള്‍, കേരളത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കോവിഡിന്റെയും കഥയാണ്. അത് ഒരു മികച്ച രാഷ്ട്രീയക്കാരിയിലേക്കുമാത്രമല്ല, അവരെ രൂപപ്പെടുത്തിയ സമൂഹത്തിലേക്കും ലോകത്തിലേക്കും വെളിച്ചം വീശുന്ന ഒന്നായിരിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തിന്റെ കഥ, അതിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്റെ കുടുംബത്തെയും സംസ്ഥാനത്തെയും എങ്ങനെ രൂപപ്പെടുത്തി എന്നതിനോടൊപ്പംതന്നെ കേരള മോഡല്‍ എന്തുകൊണ്ട് ശ്രദ്ധേയമായി എന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടം കൈകാര്യം ചെയ്തതിലൂടെ കെ.കെ. ശൈലജ ആഗോളശ്രദ്ധ നേടി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയയായ നേതാക്കളില്‍ ഒരാളായ കെ.കെ. ശൈലജ രാഷ്ട്രീയവുമായി ആഴത്തില്‍ ഇഴചേര്‍ന്ന ഒരു വ്യക്തിഗതചരിത്രത്തിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്. ‘നിശ്ചയദാര്‍ഢ്യം കരുത്തായി’. വിവര്‍ത്തനം: സിതാര എസ്. ഡിസി ബുക്സ്. വില 474 രൂപ.

◾ആയുര്‍വേദ വിധി പ്രകാരം ഏറെ ഔഷധഗുണമുള്ള സസ്യമാണ് തുളസി. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ തുളസി ഉപയോഗിക്കാറുണ്ട്. സ്ട്രെസ് അകറ്റുന്നതിന് തുളസി നമ്മെ സഹായിക്കുമത്രേ. തുളസിയില്‍ അങ്ങനെ മനസിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന കോമ്പൗണ്ടുകല്‍ അടങ്ങിയിട്ടുണ്ട് എന്നാണ് വാദം. സ്ട്രെസ്, ഉത്കണ്ഠ എന്നിവയെ എല്ലാം അകറ്റാനിവ സഹായിക്കുമെന്ന്. മാത്രമല്ല നമ്മുടെ മാനസികാവസ്ഥ പെട്ടെന്ന് മെച്ചപ്പെടുത്താനും തുളസിക്ക് കഴിവുണ്ടത്രേ. രോഗങ്ങളെ അകറ്റുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും രോഗപ്രതിരോധ ശേഷി കൂടിയേ തീരൂ. ഇത് ശക്തിപ്പെടുത്തുന്നതിനും സുളസി സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. തുളസിയിലുള്ള ആന്റി-ഓക്സിഡന്റ്സും മറ്റ് പോഷകങ്ങളും ഇതിന് സഹായിക്കുമത്രേ. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തുളസി സഹായകമാണെന്ന് ആയുര്‍വേദത്തില്‍ വിശ്വസിക്കപ്പെടുന്നു. അതിനാലാണ് തൊണ്ടവേദന, കഫക്കെട്ട്, ചുമ പോലുള്ള അണുബാധകളുണ്ടാകുമ്പോള്‍ തുളസിയിട്ട കാപ്പി കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ദഹനം സുഗമമാക്കുന്നതിനും തുളസി ഉപകരിക്കുമത്രേ. അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രയാസങ്ങളെല്ലാം തുളസി നീക്കം ചെയ്യുന്നുവെന്നും വാദമുണ്ട്. വായിലുണ്ടാകുന്ന പല അണുബാധകളും രോഗങ്ങളും ചെറുക്കുന്നതിനും തുളസി സഹായകമാണത്രേ. ബാക്ടീരിയകള്‍ക്കെതിരെ പോരാടാനുള്ള തുളസിയുടെ കഴിവാണ് ഇതിന് ഉപകാരപ്പെടുന്നതായി പറയപ്പെടുന്നത്. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും തുളസി സഹായിക്കുമത്രേ. അതിനാല്‍ ആയുര്‍വേദം ഫോളോ ചെയ്യുന്ന, പ്രമേഹമുള്ളവര്‍ പതിവായി തുളസി കഴിക്കാന്‍ ശ്രമിക്കാറുണ്ട്.

ശുഭദിനം
?
നാല്‍കവലയില്‍ ആളുകള്‍ കൂട്ടംകൂടി നിന്നു. ഒരു സര്‍ക്കസുകാരന്‍ വലിച്ചുകെട്ടിയ വളരെ ഉയരമുള്ള കയറിലൂടെ നടക്കുകയാണ്. കയ്യില്‍ ഒരു വടിയുമുണ്ട്. കയറിന്റെ പാതിവഴിയിലെത്തിയതും അയാളൊന്ന് ഉലഞ്ഞു. ആളുകള്‍ ആശങ്കയോടെ ശബ്ദമുയര്‍ത്തി. പക്ഷേ ആ കയറില്‍ ബാലന്‍സ് ചെയ്ത് അയാള്‍ മറുവശത്തെത്തി. പിന്നീട് അയാള്‍ കയറിയത് തന്റെ മകനെയും കൊണ്ടായിരുന്നു. ഇത്തവണ ആളുകള്‍ പരിപൂര്‍ണ്ണനിശബ്ദരായിരുന്നു. തങ്ങളുടെ ശബ്ദം കൊണ്ട് അയാളുടെ ശ്രദ്ധതെറ്റിയാലോ എന്നുപോലും അവര്‍ പേടിച്ചു. അത്തവണയും അയാള്‍ വളരെ സുരക്ഷിതമായി തന്റെ മകനെയും കൊണ്ട് മറുവശത്തുകൂടെ തിരിച്ചിറങ്ങി. ആളുകള്‍ കരഘോഷത്തോടെ അവരെ സ്വീകരിച്ചു. ധാരാളം പണവും നല്‍കി. അപ്പോള്‍ അയാള്‍ അവരോട് ചോദിച്ചു: ഞാന്‍ ഇനിയും ഈ കയറിലൂടെ നടന്നാല്‍ സുരക്ഷിതമായി മറുവശത്തുകൂടെ തിരിച്ചിറങ്ങുമെന്ന വിശ്വാസം ഇനിയും നിങ്ങള്‍ക്കുണ്ടോ? അവര്‍ ഉവ്വെന്ന മറുപടി നല്‍കി. അപ്പോള്‍ അയാള്‍ ചോദിച്ചു: എങ്കില്‍ നിങ്ങളുടെ ആരുടെയെങ്കിലും ഒരു കുട്ടിയെ തരൂ.. ഞാന്‍ അവരെയുമെടുത്ത് കയറിലൂടെ നടന്ന് മറുവശത്ത് എത്തിക്കാം. അതുവരെ കരഘോഷമുയര്‍ത്തിയ ആള്‍ക്കൂട്ടം നിശബ്ദമായി.. അയാള്‍ ചിരിച്ചു. അയാള്‍ പറഞ്ഞു: മനുഷ്യര്‍ അങ്ങിനെയാണ് അവര്‍ക്ക് മറ്റുളളവരില്‍ വിശ്വാസമുണ്ടാകും പക്ഷേ, സ്വന്തം കാര്യം വരുമ്പോള്‍ ആ വിശ്വാസം ഉണ്ടാകണമെന്നില്ല.. പലപ്പോഴും നമുക്കും മറ്റുള്ളവരെ ഉപദേശിക്കാനും അവര്‍ അത് ചെയ്യുമെന്ന് വിശ്വസിക്കാനുമെല്ലാം വളരെ എളുപ്പമാണ്. പക്ഷേ, സ്വന്തം പ്രവൃത്തിപഥത്തില്‍ അവ കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് പലപ്പോഴും പാലിക്കപ്പെടാന്‍ സാധിക്കാതെ വരുന്നത്. എത്ര വിശ്വാസം നമുക്ക് മറ്റുള്ളവരോടുണ്ടോ അത്രയും അല്ലെങ്കില്‍ അതിലധികം വിശ്വാസം നമുക്ക് നമ്മിലുമുണ്ടാകാന്‍ പരിശ്രമിക്കാം കാരണം, ആ വിശ്വാസമാണ് നമ്മെ സ്വപ്നങ്ങളിലേക്കും വിജയത്തിലേക്കും നയിക്കുന്നത്.

?

ശുഭദിനം.