3 മലയാളികൾ ഉൾപ്പെടെ 34 പേർക്ക് പത്മശ്രീ
?️റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ പ്രമുഖ സിവിലിയൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർഗോട്ടെ നെൽക്കർഷകനും അപൂർവ നെൽവിത്തുകളുടെ സംരക്ഷകനുമായ സത്യനാരായണ ബെലേരി എന്നിവരുൾപ്പെടെ 34 പേർക്കാണു പദ്മശ്രീ. രാജ്യത്ത് ആനപ്പാപ്പാന്മാരിലെ ആദ്യ സ്ത്രീസാന്നിധ്യമായ അസം സ്വദേശി പാർബതി ബറുവ, തരിശുഭൂമിയിൽ ആയിരക്കണക്കിനു വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച പശ്ചിമബംഗാളിലെ ദുഖു മാഝി, തെക്കൻ ആൻഡമാനിലെ ജൈവ കൃഷിക്കാരി കെ. ചെല്ലമ്മാൾ, മിസോറാമിലെ ഏറ്റവും വലിയ അനാഥാലയത്തിന്റെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്ന സങ്തങ്കിമ, ഗോത്ര വിഭാഗത്തിൽ നിന്നുള്ള പരിസ്ഥിതി സംരക്ഷക ചാമി മുർമു തുടങ്ങിയവർ പദ്മശ്രീ നേടിയവരിൽ ഉൾപ്പെടുന്നു.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
?️സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തിൽ നിന്നുള്ള 11 പേർക്ക് ലഭിച്ചു. വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐജി എ. അക്ബര്‍, എസ്പിമാരായ ആര്.ഡി. അജിത്, വി.സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, എഎസ്പി വി.സുഗതന്, ഡിവൈഎസ്പി സലീഷ് സുഗതന്, എഎസ്ഐ രാധാകൃഷ്ണപിള്ള, ബി.സുരേന്ദ്രന്, ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍, എഎസ്ഐ മിനി കെ എന്നിവര്‍ക്കുമാണ് മെഡല്‍ ലഭിച്ചത്.
നാടകീയം നയപ്രഖ്യാപനം; ഒരു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ച് ഗവർണർ
?️പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിന് തുടക്കം. നാടകീയ നിമിഷങ്ങളാണ് ആദ്യം ദിനം തന്നെ അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിലേക്ക് സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സമ്മേളനത്തിന്റെ ആമുഖമായ നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ട് 17 സെക്കന്റ് മാത്രം വായിച്ച് ഗവർണർ അവസാനിപ്പിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് മാത്രമാണ് വായിച്ചത്.
നയപ്രഖ്യാപനം: മാർച്ചിൽ കേരളം മാലിന്യ മുക്തമാക്കും; കർഷകർക്ക് ‘കേര’ പദ്ധതി
?️വരുന്ന മാർച്ചിൽ സംസ്ഥാനം മാലിന്യ മുക്തമാക്കുമെന്ന് നയപ്രഖ്യാപനം. മാലിന്യ സംസ്കരണ മേഖലയിൽ സത്രീകൾക്കായി സൃഷ്ടിക്കപ്പെട്ടത് 36,000 തൊഴിൽ ആണെന്നും നയപ്രഖ്യാപനത്തിലുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ കേരള ക്ളൈമറ്റ് റെസിലിയന്റ് അഗ്രി വാല്യുചെയ്ൻ മോഡണൈസേഷൻ(കേര) പദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാപനപ്രസംഗം. ലോകബാങ്ക് സഹായത്തോടെയാണ് പദ്ധതിനടപ്പാക്കുക. കർഷകരുടെ വരുമാന വർധനയ്ക്കായി ‘കേര’ പദ്ധതി സഹായകമാവുമെന്നും പ്രഖ്യാപനത്തിലുണ്ട്.
‘ഗവർണറുടെ നടപടി നിയമസഭയോടുള്ള അവഹേളം’; വി.ഡി. സതീശൻ
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണിത്. നയപ്രഖ്യാപനത്തിൽ കാര്യമായ കേന്ദ്ര വിമർശനമില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സർക്കാർ തയാറാക്കി നൽകിയ നയപ്രഖ്യാപനത്തിൽ കാര്യമായി ഒന്നും ഇല്ല. ഈ ഗവൺമെന്റിന്റെ സ്ഥിതി മുഴുവൻ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു നയപ്രഖ്യാപനം ഗവർണർ വായിക്കാൻ സർക്കാർ എഴുതി നൽകി. അതിൽ കേന്ദ്ര വിമർശനങ്ങളൊന്നുമില്ല. കേന്ദ്ര ഏജൻസികളെ പേടിച്ച് ഡൽഹിയിലെ സമരം പോലും സർക്കാർ മാറ്റിയെന്നും സതീശൻ പറഞ്ഞു.
ഗവർണറുടെ പ്രതികരണം സർക്കാരിനേറ്റ തിരിച്ചടിയെന്ന് സുരേന്ദ്രൻ
?️നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ഇതുപോലൊരു സംഭവം ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ല. സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അടക്കം കവലപ്രസംഗത്തിൽ നടത്തുന്നതുപോലെ കേന്ദ്രസർക്കാരിനെതിരെ അവാസ്തവമായ കാര്യമാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുവാൻ സഭയെ ഉപയോഗിക്കുന്നത് ശരിയല്ല. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. ഇത് മറച്ചുവച്ചുകൊണ്ട് കേന്ദ്രസർക്കാരിന്റെ മേൽ പഴിചാരി രക്ഷപെടാനുള്ള നീചമായ ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം: ഗവർണറെ കടന്നാക്രമിക്കേണ്ടെന്ന് എൽഡിഎഫ്
?️നയപ്രഖ്യാപന പ്രസംഗം വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിക്കേണ്ടെന്ന് എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ തീരുമാനം. ഗവർണർ പ്രസംഗിച്ചു എന്നത് അനുകൂലമായി കണ്ടാൽ മതിയെന്നാണ് നിലപാട്. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും മാത്രം വായിച്ചാൽ മതി. പ്രസംഗത്തിലെ ഭാഗങ്ങളൊന്നും ഗവർണർ ഒഴിവാക്കിയില്ല. സർക്കാരിനെതിരെ മാധ്യമങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗവർണറെ വിമർശിച്ച് വിവാദം ആളിക്കത്തിക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം. ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയും മാത്രം വായിച്ച് ഒരു മിനിറ്റ് 24 സെക്കൻഡിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചിരുന്നു.
കുട്ടികളുടെ ആധാര്‍ അപ്ഡേഷന് രക്ഷിതാക്കള്‍ ഉറപ്പാക്കണം
?️കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന് അഞ്ച് വയസിലും 15 വയസിലും നടത്തേണ്ടതാണെന്നും രക്ഷിതാക്കള്‍ ഇത് ഉറപ്പാക്കണമെന്നും നിർദേശം. അഞ്ചു വയസുകാര്‍ക്ക് ഏഴ് വയസു വരെയും 15 വയസുള്ളവര്‍ക്ക് 17 വയസ് വരെയും പുതുക്കല്‍ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ള എൻറോള്‍മെന്റിന് ഫീസ് നല്‍കണം. വിദ്യാര്‍ഥികളുടെ ആധാര്‍ അപ്ഡേഷന് കാര്യക്ഷമമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാംപുകള്‍ നടത്തും. ഇതിനായി അധ്യാപകരെ നോഡല്‍ ഓഫീസറായി നിയോഗിക്കും.
സാമ്പത്തിക പ്രതിസന്ധിരൂക്ഷം; കെഎസ്ഇബിയിൽ കർശന നിയന്ത്രണം
?️സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ശമ്പളത്തിനും പെൻഷനുമടക്കം വായ്പ എടുക്കേണ്ട അവസ്ഥയിലാണ്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും. ഇത്തരത്തിൽ ചെലവു ചുരുക്കി മുന്നോട്ടു പോവാനാണ് തീരുമാനം. നിലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
ഗവർണർ വരുന്നതും കണ്ടു, വാണം വിട്ടതുപോലെ പോകുന്നതും കണ്ടു; പി.കെ കുഞ്ഞാലിക്കുട്ടി
?️നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം പ്രതിപക്ഷത്തെ തിരിഞ്ഞുപോലും നോക്കാതെ വാണം വിട്ടതുപോലെയാണ് ഗവർണർ പോയതെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പ്രതികരിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് നിർത്തിയ ഗവർണറുടെ നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയപ്രഖ്യാപനം: അന്ന് 6 മിനിറ്റിൽ, ഇപ്പോൾ ഒന്നര മിനിറ്റിൽ
?️നയപ്രഖ്യാപനത്തിന്റെ ആദ്യവും അവസാനവും വായിച്ച് അവസാനിപ്പിക്കുന്നത് കേരള നിയമസഭയിൽ ഇത് രണ്ടാം തവണ. ആദ്യം ആറുമിനിറ്റായിരുന്നു ആ നയപ്രഖ്യാപന പ്രസംഗത്തിന്റെ ദൈർഘ്യമെങ്കിൽ വ്യാഴാഴ്ച അത് കേവലം ഒന്നര മിനിറ്റായിരുന്നു. ഇ.കെ നായനാർ സർക്കാരിന്റെ രാജിയെ തുടർന്ന് 1982 ജനുവരി 29ന് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നയപ്രഖ്യാപനമാണ് ഇങ്ങനെ അന്നത്തെ ഗവർണർ ജ്യോതി വെങ്കിടാചെല്ലത്തിന് ആദ്യവും അവസാനവും വായിച്ച് അവസാനിപ്പിക്കേണ്ടി വന്നത്.
റിപ്പബ്ലിക് ദിന വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം അനുവദിച്ചു
?️റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. “അറ്റ് ഹോം’ എന്ന പേരിലാണു വിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവന് നേരത്തേ സർക്കാരിനു കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധിക ഫണ്ട് അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കിയത്.
അതിശൈത്യത്തിൽ ഉത്തരേന്ത്യ
?️അതിശൈത്യത്തിന്റെ പിടിയിലമർന്ന ഉത്തരേന്ത്യയിൽ അടുത്ത 4 ദിവസത്തേക്ക് 6 സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശൈത്യത്തിന്റെയും ശീതക്കാറ്റിന്റെയും പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളിൽ ജനുവരി 28 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് ജനുവരിയിൽ ഇതുവരെ 5 ശൈത്യതരംഗ ദിവസങ്ങളാണ് അനുഭവപ്പെട്ടത്. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നാണ് റിപ്പോർട്ട്.
രക്താർബുദം മാറാൻ ഗംഗാ നദിയിൽ മുക്കി; ഹരിദ്വാറിൽ 5 വയസുകാരൻ മരിച്ചു
?️ഗംഗാനദിയിൽ മുക്കിയാൽ രക്താർബുദം മാറുമെന്ന അന്ധവിശ്വാസം അഞ്ച് വയസുകാരന്റെ ജീവനെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് രക്താർബുദം മാറുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ അഞ്ചു വയസുകാരനെ ഗംഗയിൽ മുക്കിയത്. കണ്ടു നിന്ന മറ്റുള്ളവർ ഇടപെട്ടെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. ഡൽഹിയിൽ നിന്നുള്ള കുടുംബം ബുധനാഴ്ചയാണ് ഹരിദ്വാറിലെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം പിതൃസഹോദരി എന്നു കരുതുന്ന സ്ത്രീയും ഉണ്ടായിരുന്നതായി കാർ ഡ്രൈവർ പറയുന്നു. കുട്ടി തീർത്തും അവശനായിരുന്നു. രക്താർബുദം ബാധിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാകില്ലെന്ന് ഡോക്റ്റർമാർ പറഞ്ഞതായി കുടുംബാംഗങ്ങൾ കാർ ഡ്രൈവറോട് പറഞ്ഞിരുന്നു. അതേ തുടർന്നാണ് അന്ധവിശ്വാസത്തിന്റെ കൂട്ടു പിടിച്ച് കടുത്ത ശൈത്യത്തെ പോലും കണക്കിലെടുക്കാതെ അസുഖ ബാധിതനാ കുട്ടിയുമായി കുടുംബം ഹരിദ്വാറിലെത്തിയത്.
കടമെടുപ്പ് പരിധിയിൽ പരാതി കേരളത്തിന് മാത്രം; കേന്ദ്രം സുപ്രീംകോടതിയിൽ
?️കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജിയിൽ മറുപടി നൽകി കേന്ദ്രസർക്കാർ. പെന്ഷൻ നൽകുന്നതിന് അടിയന്തരമായി കടമെടുക്കാൻ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദം സുപ്രീംകോടതിയിൽ പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് കേന്ദ്രത്തിന്റെ തീരുമാനത്തിൽ പ്രശ്നം ഇല്ലെന്നും ധനകാര്യ മാനേജ്മെന്റിലെ പരാജയം മറയ്ക്കാനാണ് കേരളം സ്യൂട്ട് ഹർജിയുമായി കോടതിയെ സമീപിച്ചതെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി കോടതിയിൽ ചൂണ്ടിക്കാട്ടി.
ഭക്ഷണ പാഴ്സലില്‍ സ്റ്റിക്കര്‍ നിര്‍ബന്ധം
?️ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.52 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങള്‍ക്ക് റെക്റ്റിഫിക്കേഷന്‍ നോട്ടീസും നല്കി. 120 സ്ഥാപനങ്ങള്‍ക്ക് നേരെ അഡ്ജ്യൂഡിക്കേഷന്‍ നടപടി സ്വീകരിക്കും. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ 6 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.
വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതി കോടതിയിൽ കുഴഞ്ഞു വീണു മരിച്ചു
?️വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതിനിടെ കുഴഞ്ഞു വീണു മരിച്ചു. നേപ്പാൾ സ്വദേശിയായ രാംകുമാറാണ് ( 48) മരിച്ചത്. ചൊവ്വാഴ്ച വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്ത രാം കുമാറിനെ അയിരൂർ പൊലീസ് വർക്കല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കലയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലാണ് രാംകുമാറും സംഘവും മോഷണം നടത്തിയത്. നേപ്പാൾ സ്വദേശിയായ ജോലിക്കാരിയാണ് സംഘത്തിന് സഹായം ചെയ്തത്. വീട്ടിലെ താമസക്കാരായ ശ്രീദേവിയമ്മ, മരുമകൾ ദീപ, ഹോം നഴ്സ് സിന്ധു എന്നിവരെ ഭക്ഷണത്തിൽ മയക്കുമരുന്നു ചേർത്ത് മയക്കിക്കിടത്തിയാണ് പണവും സ്വർണവും മോഷ്ടിച്ചത്.
ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നല്കാന് വിസിമാർക്ക് കൂടുതല്‍ സമയം നല്കി കോടതി
?️പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ചാൻസലറുടെ നോട്ടീസിന് മറുപടി നൽകാൻ സര്‍വകലാശാല വിസിമാർക്ക് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഹർജിക്കാർ ഉന്നയിച്ച കാര്യങ്ങൾ ഗവർണർ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 6 ആഴ്ചക്കുള്ളിൽ ഗവർണർ തീരുമാനം എടുക്കണം. ഹർജിക്കാരെ കേൾക്കാൻ ചാൻസലർ കൃത്യമായ സമയം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ നാടൻപാട്ട് സംഘത്തിനു വിലക്ക്, ഗായകന് ഭീഷണി
?️അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പേരിൽ നാടൻപാട്ട് കലാകാരന് ക്ഷേത്രത്തിലെ പരിപാടിയിൽ വിലക്ക്. ചെങ്ങമനാട് ശ്രീ മുനിക്കൽ ഗുഹാലയ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 26ന് നടത്താനിരുന്ന നാട്ടുപൊലിമയുടെ നാട്ടുപാട്ടരങ്ങ് പരിപാടിയാണ് റദ്ദാക്കിയിരിക്കുന്നത്. നാട്ടുപൊലിമയിൽ അംഗമായ പ്രശാന്ത് പങ്കൻ എന്ന ഗായകൻ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഹിന്ദുത്വവാദികളെയും ക്ഷേത്ര ഭരണസമിതിയെയും ചൊടിപ്പിച്ചത്. എന്നാൽ, ഹിന്ദുക്കൾക്കോ അമ്പലങ്ങൾക്കോ എതിരേയല്ല, സംഘ പരിവാറിനെതിരേ മാത്രമായിരുന്നു തന്റെ പോസ്റ്റ് എന്ന് പ്രശാന്ത് വിശദീകരിച്ചു.
‘ഹൈറിച്ച്’ ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു; മൂൻകൂർ ജാമ്യം തേടി ദമ്പതികൾ
?️’ഹൈറിച്ച്’ ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. മണി ചെയിൻ തട്ടിപ്പുകേസിൽ ഇഡി അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറൻസി വഴിയാണെന്നാണ് ഇഡി ആരോപിക്കുന്നത്. നിക്ഷേപകരിൽ നിന്നു പിരിച്ചെടുത്ത 1630 കോടി രൂപ പോയത് 4 ബാങ്കുകളിലെ 20 അക്കൗണ്ടിലേക്കാണെന്ന് ഇഡിയുടെ കണ്ടെത്തൽ. പലചരക്ക് സാധനങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിൽ ആരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചാണ് മണിചെയിൻ ഇടപാടു നടത്തിയത്. നേരത്തെ 126 കോടി രൂപയുടെ ജിസ്എടി വെട്ടിപ്പിലും കമ്പനി കുടുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം ഇഡി ഉദ്യോഗസ്ഥൻ എത്തുംമുമ്പ് അറസ്റ്റ് ഭയന്ന് കമ്പനി എംഡിയും ഭാര്യയും കടന്നുകളഞ്ഞിരുന്നു. ഇതിനിടെ ഇരുവരും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
മസാല ബോണ്ട് കേസ്; ഇഡി സമൻസിനു മറുപടി നൽകാൻ കിഫ്ബിയോട് ഹൈക്കോടതി
?️മസാല ബോണ്ട് ഇറക്കിയതിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചോ എന്ന് അന്വേഷിക്കാനായി അയച്ച സമൻസിന് മറുപടി നൽകാൻ കിഫ്ബിക്ക് നിർദേശം നൽകി ഹൈക്കോടതി. കേസിൽ അന്വേഷണം തടസപ്പെടുത്തില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ അനാവശ്യമായി വിളിച്ചു വരുത്തുന്നതിനോടു യോജിപ്പില്ലെന്നും വ്യക്തമാക്കി. കേസ് വീണ്ടും ഫെബ്രുവരി 1 ന് പരിഗണിക്കും.
”ലക്ഷ്മണന് ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി”; തൃശൂര്‍ എംഎല്‍എയുടെ പോസ്റ്റ് വിവാദത്തില്‍
?️രാമായണത്തെക്കുറിച്ചു ള്ള സിപിഎം നേതാവും എംഎൽഎയുമായ പി. ബാലചന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദത്തിൽ. ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമർശനം ശക്തമായതോടെ ബാലചന്ദ്രൻ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചുകൊണ്ട് അഡ്വ കെ.കെ. അനീഷ് കുമാർ വിമർശനവുമായെത്തി.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്ന സംഭവം
?️നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണം പൂർത്തിയായി. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത സുപ്രീം കോടതിയെ സമീപിക്കും. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതിന്റെഹാഷ് വാല്യു മാറിയതിലാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉത്തരവിട്ടത്.
‘ഭർത്താവിന്റെ വീട്ടിലെ പ്രായമായവരെ സേവിക്കേണ്ടത് ഭാര്യയുടെ കടമ’: ഹൈക്കോടതി
?️ഭർത്താവിന്റെ വീട്ടിലെ പ്രായമായ അമ്മയെയും അമ്മൂമ്മയെയുമെല്ലാം സേവിക്കേണ്ടത് ഇന്ത്യന്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന് ജാർഖണ്ഡ് ഹൈക്കോടതി. മനുസ്മൃതിയിലെ വരികള്‍ ഉദ്ധരിച്ച ജഡ്ജി, പ്രായമായവരെ പരിചരിക്കുന്നതാണ് ഇന്ത്യയിലെ സംസ്കാരമാണെന്നും അഭിപ്രായപ്പെട്ടു. ഭാര്യക്ക് പ്രതിമാസം 30,000 രൂപയും പ്രായപൂർത്തിയാകാത്ത മകന് 15,000 രൂപയും പ്രതിമാസം ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇപ്രകാരം പറഞ്ഞത്.
തമിഴ്നാട്ടിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 4 മരണം
?️തമിഴ്നാട്ടിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരണപ്പെട്ടു. അപകടത്തിൽ എട്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരുക്കേറ്റ് ചികിത്സയിലിരിക്കുന്നവർക്ക് 50000 രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബുധനാഴ്ച ധർമ്മപുരി ജില്ലയിലെ തൊപ്പൂർ ഘട്ട് റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു. അതവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുകയും പിന്നാലെയെത്തിയ വാഹനങ്ങളും അപകടത്തിൽപ്പെടുകയായിരുന്നു.
‘ഗോവയിലേക്ക് ഹണിമൂണെന്ന് പറഞ്ഞിട്ട് പോയത് അയോധ്യ തീർത്ഥാടനത്തിന്’; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
?️ ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര വാഗ്ദാനം ചെയ്തിട്ട് അയോധ്യയിലേക്കും വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചന ഹർജി നൽകി. 5 മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി 10 ദിവസത്തിന് ശേഷം ജനുവരി 19ന് ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രണ്ടു ദിവസത്തെ അവധി
?️ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രണ്ടു ദിവസത്തെ അവധി നൽകി രാഹുൽ ഗാന്ധി ഡൽഹിയിൽ. യാത്ര പശ്ചിമബംഗാളിലേക്കു കടന്നതിനു പിന്നാലെയാണു രാഹുൽ വിശ്രമമെടുത്തത്. കഴിഞ്ഞ 14ന് മണിപ്പുരിൽ നിന്നു തുടങ്ങിയ യാത്ര അസമിൽ നിന്നു കൂച്ച് ബിഹാറിലൂടെയാണു പശ്ചിമബംഗാളിലെത്തിയത്. അലിപുർദ്വാറിലെ ഫലക്കട്ടയിൽ യാത്ര അവസാനിപ്പിച്ച രാഹുൽ ഹസിമാര വിമാനത്താവളത്തിൽ നിന്നു പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങി. 28ന് യാത്ര പുനരാരംഭിക്കും. 29ന് ബിഹാറിലെത്തും. 31ന് വീണ്ടും പശ്ചിമബംഗാളിലെത്തിയശേഷം ഫെബ്രുവരി ഒന്നിന് സംസ്ഥാന അതിർത്തി വിടും.
കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി
?️കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ബിജെപി നേതൃത്വത്തോടു പിണങ്ങി കോൺഗ്രസിൽ ചേരുകയായിരുന്നു ഷെട്ടാർ. എന്നാൽ, തെരഞ്ഞെടുപ്പിൽ ഹൂബ്ലി- ധർവാഡ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മഹേഷ് തെങ്ങിനക്കൈയോടു പരാജയപ്പെട്ടു. കർണാടകയിൽ അധികാരത്തിലേറിയ കോൺഗ്രസ് പക്ഷേ, ലിംഗായത്ത് നേതാവായ ഷെട്ടാറിനെ കൈവിട്ടില്ല. ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമാക്കി. ഇതിനിടെയാണു മുതിർന്ന നേതാവിന്റെ ചുവടുമാറ്റം.
ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു
?️സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസ്സായിരുന്നു. സംഗീതജ്ഞൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ വച്ചായിരുന്നു മരണം. ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടു വരും. മലയാളത്തിൽ അടക്കം നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ ഭവതാരിണി പാടിയിട്ടുണ്ട്. 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. കളിയൂഞ്ഞാൽ എന്ന മലയാളം സിനിമയിൽ ഭവതാരിണി ആലപിച്ച ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ബൗളർമാരും ജയ്സ്വാളും തിളങ്ങി; ആദ്യ ദിനം ഇന്ത്യൻ ആധിപത്യം
?️ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ ആധിപത്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിന് ഓൾഔട്ടായപ്പോൾ, ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ സ്കോറിന് 127 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. 70 പന്തില്‍ 76 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളും 14 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍.
അണ്ടർ-19 ലോകകപ്പ്: ഇന്ത്യക്ക് കൂറ്റൻ വിജയം
?️അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കിയ ഇന്ത്യൻ കൗമാര താരങ്ങൾ രണ്ടാം മത്സരത്തിൽ അയർലൻഡിനെ 201 റൺസ് മാർജിനിലാണ് മറികടന്നത്. ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 301 റൺസ് പടുത്തുയർത്തി. അയർലൻഡ് 29.4 ഓവറിൽ 100 റൺസിന് ഓൾഔട്ടാകുകയും ചെയ്തു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ