പ്രഭാത വാർത്തകൾ

2024 ജനുവരി 19 വെള്ളി

1199 മകരം 5 ഭരണി

◾കേന്ദ്രസര്‍ക്കാരിനെതിരെ ഫെബ്രുവരി എട്ടിനു ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പ്രതിപക്ഷം. സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി. ഇന്ത്യാ സഖ്യത്തിലെ കക്ഷികളെയും സമാന ചിന്താഗതിയുള്ള മറ്റു മുഖ്യമന്ത്രിമാരേയും സമരത്തിനിറക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

◾കരിമണല്‍ കമ്പനിയുടെ മാസപ്പടി ഇടപാടു സംബന്ധിച്ച രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പേരും. കെഎസ്ഐഡിസി വഴി സിഎംആര്‍ലില്‍ മുഖ്യമന്ത്രിക്ക് സ്വാധീനമുള്ളതിനാല്‍ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തത് ചട്ടലംഘനമെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിക്കോ തനിക്കോ കെഎസ്ഐഡിസിയുമായി നേരിട്ട് ബന്ധമില്ലെന്ന വീണയുടെ വിശദീകരണമാണ് ആര്‍ഒസി നിരാകരിച്ചത്.

◾ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ തടവുശിക്ഷ അനുഭിവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പകുതി തടവ് അനുഭവിച്ചവര്‍ക്ക് ഇളവ് നല്‍കും. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം, ലഹരി കേസുകള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കില്ല.

◾പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നു പൊലീസിനു പരിശീലനം നല്‍കണമെന്ന് ഹൈക്കോടതി. ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനും പൊലീസും തമ്മിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് ഓണ്‍ലൈനായി ഹാജരായ ഡിജിപി പറഞ്ഞു. എസ്.ഐയെ താക്കീതോടെ സ്ഥലം മാറ്റി. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരനാണെങ്കില്‍ നടപിയെടുക്കുമെന്നും ഡിജിപി അറിയിച്ചു. എസ് ഐ റിനീഷിനെതിരെ സ്വീകരിച്ച നടപടി രേഖാമൂലം സമര്‍പ്പിക്കാന്‍ ഡി.ജി.പിയോടു കോടതി ആവശ്യപ്പെട്ടു.

◾രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടര വരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണം കാണുന്നതിനാണ് അവധി. കോടതികള്‍ക്കും അവധി വേണമെന്ന ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്റെ കത്തിനെതിരെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രതിഷേധവുമായി രംഗത്തെത്തി.

◾എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റും ബെഡ്ഷീറ്റും വിരിച്ചാണെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍. കരിക്കിന്‍ വെള്ളവും പഴങ്ങളും മാത്രമാണു കഴിച്ചത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരുക്കമായുള്ള വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി കിംഗ് സൈസ് ബെഡ് ഒഴിവാക്കി നിലത്തു കിടന്നതും ഭക്ഷണങ്ങള്‍ ഒഴിവാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നിവയാണ് അദ്ദേഹത്തിന് നല്‍കിയത്. പ്രധാനമന്ത്രിക്കായി കേരള, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു.

◾കേരളത്തില്‍ ജൈവകൃഷിയോടു താല്‍പര്യമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാനായതില്‍ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയലക്ഷ്മി വളര്‍ത്തിയ ഒരു പേരത്തൈ രണ്ടു വര്‍ഷം മുമ്പ് സുഹൃത്തായ സുരേഷ് ഗോപി തനിക്കു തന്നെന്നും പ്രധാനമന്ത്രി എക്സ് പ്ളാറ്റ്ഫോമില്‍ മലയാളത്തില്‍ കുറിച്ചു. ജയലക്ഷ്മിയുടെ ഉദ്യമങ്ങള്‍ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോദി കുറിച്ചു. പത്തനാപുരം സ്വദേശിയാണു ജയലക്ഷ്മി.

◾ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനിടെ കൊയിലാണ്ടി സ്വദേശിനി ജസ്ന സലിം തനിക്കു ഭഗവാന്‍ ശ്രീകൃഷ്ണന്റെ പെയിന്റിഗ് സമ്മാനിച്ച വിശേഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ പെയിന്റിംഗ് സമ്മാനിച്ചതിന്റെ ചിത്രവും മോദി എക്സ് പ്ളാറ്റ്ഫോമില്‍ പങ്കുവച്ചു. സുരേഷ് ഗോപിയാണ് ചിത്രം കൈമാറാനുള്ള അവസരം ഒരുക്കിയത്.

◾കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ സിസാ തോമസ് സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കണമെന്ന് സിസ തോമസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഡോ. സിസയ്ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമായതോടെയാണ് തടസഹര്‍ജി നല്‍കിയിരിക്കുന്നത്.

◾മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ പ്രതി സവാദിനെ പ്രൊഫ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു.

◾സെര്‍വര്‍ തകരാറിലായതോടെ കെഎസ്ഇബിയില്‍ ബില്‍ അടയ്ക്കാനാവാത്ത സ്ഥിതിയായി. വൈദ്യുതി ബോര്‍ഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് തകരാറുണ്ടായത്. പണം അടക്കാനായില്ലെന്നു മാത്രമല്ല. സോഫ്റ്റ് വെയര്‍ വഴി അടിയന്തിര അറിയിപ്പുകളും നല്‍കാനായില്ല.

◾സയന്‍സിനു ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെ ചെറുക്കണമെന്ന് കവിയും രാജ്യസഭ അംഗവുമായി കനിമൊഴി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. 2000 വര്‍ഷം മുന്‍പുള്ള കവികള്‍ ദൈവങ്ങളെപ്പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളതെന്നും കനിമൊഴി പറഞ്ഞു.

◾നടി ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോര്‍ണിയായ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ സ്വത്തുക്കള്‍ എന്തു ചെയ്തെന്ന് ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. സഹോദരന്‍ ശങ്കറിനേയും കുടുംബത്തേയും ശ്രീവിദ്യയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ഗണേഷ്‌കുമാര്‍ ശ്രമിച്ചു. കാന്‍സര്‍ ചികില്‍സയ്ക്കു വിധേയമായപ്പോഴാണ് പവര്‍ ഓഫ് അറ്റോര്‍ണിയും വില്‍പത്രവും തയാറാക്കിയതെന്നാണു പറയുന്നത്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കുള്‍ വില്‍പത്രത്തില്‍ ഇല്ല. വില്‍പത്രത്തിലെ നിര്‍ദേശങ്ങള്‍ പലതും നടപ്പാക്കിയിട്ടുമില്ല. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ ആരോപണം.

◾വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

◾വനത്തില്‍ തേനീച്ച, കടന്നല്‍ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം ധന സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വനത്തിനു പുറത്താണെങ്കില്‍ രണ്ട് ലക്ഷം നല്‍കും. കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

◾കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നിസയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയിലാണ് നടപടി. കേസില്‍ നാലാം പ്രതിയാണ് കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്ന ഷറഫുന്നിസ. എന്നാല്‍ തന്റെ ഭാര്യ ഏതാനും മാസം മാത്രമാണ് സ്ഥാപനത്തില്‍ ജോലി ചെയ്തതെന്നും മാനേജ്‌മെന്റുമായുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജി വയ്ക്കുകയായിരുന്നെന്നുമാണ് സിദ്ദീഖിന്റെ പ്രതികരണം.

◾എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെയും കെഎസ്യു പ്രവര്‍ത്തകനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി മര്‍ദിച്ചു. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

◾ഏഴു കോടിയോളം രൂപയുടെ തിമിംഗല ചര്‍ദ്ദി കള്ളക്കടത്തു നടത്തിയ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കോഴിക്കോട് പൊലീസിന്റെ പിടിയിലായത്. ഒറ്റപ്പാലം ചുനങ്ങാട് വാരിക്കോത്ത് മുഹമ്മദ് അഷ്ഫാഖിന്റെ നേതൃത്വത്തിലുള്ള ഏഴ് പേരാണ് അറസ്റ്റിലായത്.

◾തിരുവല്ല ഡയറ്റിലെ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ മലയാളം അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. മലയാളം അധ്യാപിക മിലിന ജെയിംസിന് എതിരെയാണ് കേസടുത്തത്. അധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു.

◾എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പിനു ശ്രമം നടത്തിയെന്നു പരാതി. തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചെന്നും തട്ടപ്പിന് ഇരയാകരുതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

◾തൃശൂര്‍ കൊഴുക്കുള്ളി സൗഹൃദ നഗറിലെ വീട്ടില്‍നിന്ന് 22 കിലോ കഞ്ചാവ് പിടികൂടി. പ്രതി റിക്‌സന്‍ ഓടി രക്ഷപെട്ടു.

◾മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഇന്റര്‍പോള്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടില്‍ യാഹ്യാഖാന്‍ (40) എന്നയാളെയാണ് അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്.

◾ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. തൃക്കുന്നപുഴ ശ്രീധര്‍മ്മശാസ്ത ക്ഷേത്രം ദേവസ്വം സെക്രട്ടറിയും കാര്‍ത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി താഹസില്‍ദാറുമായ സുഗുണാനന്ദന്‍ (73)ആണ് മരിച്ചത്.

◾പന്ത്രണ്ടുകാരനെ പീഡിപ്പിച്ചതിനു ട്യൂഷന്‍ നല്‍കിയിരുന്ന 59 കാരനായ അധ്യാപകന് 97 വര്‍ഷം കഠിന തടവ് ശിക്ഷ. തൃശൂര്‍ അഞ്ചേരി വളര്‍ക്കാവ് നെടിയമ്പത്ത് ബാബു (59) വിനെയാണ് തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിനു പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം.

◾പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റര്‍ രവീന്ദ്രനാഥാണ് അറസ്റ്റിലായത്.

◾അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹം സ്ഥാപിച്ചു. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസുള്ള രാമന്റെ വിഗ്രഹം നാല് മണിക്കൂര്‍ നീണ്ട ആചാരാനുഷ്ടാനത്തോടെയാണു സ്ഥാപിച്ചത്.

◾ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയില്‍നിന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആധാര്‍ ഒഴിവാക്കി. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

◾ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുല്‍ഗാന്ധി ആസാമിന്റെ തലസ്ഥാനമായ ഗോഹട്ടി നഗരത്തില്‍ പ്രവേശിച്ചാല്‍ നടപടിയെടുക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. നഗരത്തെ സ്തംഭനാവസ്ഥയിലാക്കുന്ന ഒരു പ്രകടനവും അനുവദിക്കില്ലെന്നാണ് ഹിമന്തയുടെ നിലപാട്.

◾രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതും ഫോട്ടോ ഷൂട്ട് നടത്തുന്നതും നിയമലംഘനമാണെന്ന് മുംബൈ പൊലീസ്. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും അടല്‍ സേതുവില്‍ പ്രവേശനമില്ല.

◾ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തില്‍ ബോട്ട് മറിഞ്ഞ് 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടക്കം 15 പേര്‍ മരിച്ചു. സകൂളില്‍നിന്നു വിനോദയാത്രയ്ക്കു പോയ 27 അംഗസംഘമാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായ 12 പേരെ കണ്ടെത്താന്‍ രാത്രിയിലും തെരച്ചില്‍ തുടര്‍ന്നു.

◾പണമില്ലാത്തതുമൂലം സംസ്ഥാനത്തെ പ്രധാനപ്പെട്ട 370 പദ്ധതികള്‍ നിര്‍ത്തിവച്ചെന്നു മധ്യപ്രദേശ് സര്‍ക്കാര്‍. സ്‌കൂളുകള്‍, ഐടി വ്യവസായം, കാര്‍ഷിക വായ്പകള്‍, മെട്രോ റെയില്‍ തുടങ്ങി പ്രധാനമന്ത്രി സഡക് യോജന ഉള്‍പ്പെടെയുള്ള പദ്ധതികളാണ് നിര്‍ത്തിവച്ചത്.

◾ജമ്മു കാഷ്മീരിലെ രജൗരിയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ജവാന് വീരമൃത്യു. രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. അഗ്നിവീറായ ലുധിയാന സ്വദേശി അജയ് സിങ്ങാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.

◾വിമാന ടിക്കറ്റെടുത്താല്‍ പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള പാസ് സൗജന്യമായി നല്‍കുമെന്ന് ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. മാര്‍ച്ച് 31 നു മുമ്പു യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അറ്റ്ലാന്റിസ് അക്വാവെഞ്ച്വര്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സൗജന്യ പാസ് നല്‍കുന്നത്.

◾ദൈവത്തെ കാണാന്‍ ഉപവാസം അനുഷ്ഠിക്കണമെന്നു നിര്‍ദേശിച്ചതനുസരിച്ചു പട്ടിണി കിടന്ന് 429 പേര്‍ മരിച്ച സംഭവത്തില്‍ മതപുരോഹിതനുള്‍പ്പെടെ 95 പേര്‍ക്കെതിരെ കെനിയയില്‍ നിയമനടപടികള്‍ ആരംഭിച്ചു. കൊലപാതകം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നിയമനടപടികള്‍ ആരംഭിച്ചത്.

◾അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. 2025 ഒക്ടോബറിലാണ് ടീം കേരളത്തിലെത്തുകയെന്നും കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താല്‍പര്യം പ്രകടിപ്പിച്ചുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.

◾എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം തോല്‍വി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫിഫ റാങ്കിംങ്ങില്‍ 68-ാം സ്ഥാനത്തുള്ള ഉസ്ബെക്കിസ്ഥാനോടാണ് ഇന്ത്യയുടെ തോല്‍വി. രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലായിരിക്കുയാണ്.

◾തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 305.36 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ (2022-23) സമാനപാദത്തിലെ 102.75 കോടിയേക്കാള്‍ 197.19 ശതമാനവും ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 103 കോടി രൂപയേക്കാള്‍ 11 ശതമാനവും കൂടുതലാണിത്. ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവില്‍ 1,76,841 കോടി രൂപയായി. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 203.24 കോടി രൂപയില്‍ നിന്ന് 483.45 കോടി രൂപയായും വര്‍ധിച്ചു. 137.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മൊത്ത വരുമാനം സെപ്റ്റംബര്‍ പാദത്തിലെ 1,186 കോടി രൂപയില്‍ നിന്ന് 7 ശതമാനം ഉയര്‍ന്ന് 1,271 കോടി രൂപയായി. 2022-23 സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തിലെ 791 കോടി രൂപയേക്കാള്‍ 61 ശതമാനം അധികമാണിത്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 5.48 ശതമാനത്തില്‍ നിന്ന് 4.74 ശതമാനമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 2.26 ശതമാനത്തില്‍ നിന്ന് 1.61 ശതമാനത്തിലേക്കും കുറയ്ക്കാന്‍ ബാങ്കിനു കഴിഞ്ഞു. ബാങ്കിന്റെ മൊത്തം വായ്പാ വിതരണം 10.80 ശതമാനം വളര്‍ച്ചയോടെ 70,117 കോടി രൂപയില്‍ നിന്നും 77,686 കോടി രൂപയിലെത്തി. ബാങ്കിന്റെ റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 7.25 ശതമാനം വര്‍ധിച്ച് 95,088 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 4.55 ശതമാനം വര്‍ധിച്ച് 29,236 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ നിക്ഷേപം 2.83 ശതമാനം വര്‍ധിച്ചു.

◾മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ മലയാളികളുടെ പ്രിയ യുവനായകന്‍ ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ചിത്രത്തിലെ ‘ചാഞ്ചാടി ചാഞ്ഞേ ചാഞ്ചാടി’ എന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബിജിബാല്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ഹരിനാരായണന്‍ ബി കെയുടെതാണ് വരികള്‍. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞ് എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായകന്‍. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രത്തില്‍ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാരായി എത്തുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, , അനുഷാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

◾ഇന്ത്യന്‍ സിനിമാ മേഖലയെ പിടിച്ചുകുലുക്കി വീണ്ടുമൊരു ദക്ഷിണേന്ത്യന്‍ ചിത്രം. തെലുങ്ക് നടന്‍ തേജ സജ്ജ നായകനായ ‘ഹനുമാനാ’ണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഹനുമാന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. നാലു ദിവസം കൊണ്ട് 50 കോടിയിലധികം കളക്ഷന്‍ നേടിയ ഈ ചിത്രം നൂറുകോടിയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച തിയറ്ററുകളില്‍ ഹനുമാന്‍ 11 കോടി മുതല്‍ 12 കോടി രൂപ വരെ കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറു ദിവസം കൊണ്ട് 80 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ‘ഹനുമാന്‍’ 150 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹനുമാന്റെ ഹിന്ദി പതിപ്പിനും തീയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുധനാഴ്ചത്തെ ആകെ കളക്ഷനില്‍ ഹിന്ദി പതിപ്പിന്റെ കളക്ഷന്‍ വിഹിതം രണ്ട് കോടിയിലധികം രൂപയാണ്. 6 ദിവസം കൊണ്ട് ഹിന്ദി പതിപ്പില്‍ നിന്ന് തന്നെ 20 കോടിയോളം രൂപയാണ് ചിത്രം നേടിക്കഴിഞ്ഞു. ഏകദേശം 30 കോടി രൂപ മുതല്‍ മുടക്കിലാണ് ഹനുമാന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രം ഇതുവരെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ 120 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്.

◾ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്യുവി ഉറുസിന്റെ പെര്‍ഫോമെന്റെ മോഡല്‍ സ്വന്തമാക്കി ദുബായ് പൊലീസ്. ലംബോര്‍ഗിനി, ഫെരാരി, മെക്ലാരന്‍, ബുഗാട്ടി തുടങ്ങിയ സൂപ്പര്‍കാറുകളുടേയും ബെന്റലി, ബെന്‍സ്, പോര്‍ഷെ തുടങ്ങിയ അത്യാഡംബര കാറുകളുടേയും വലിയ നിരതന്നെയുണ്ട് ഈ പൊലീസ് സേനയുടെ ഗാരിജിലുണ്ട്. ആ നിരയുടെ പകിട്ട് കൂട്ടിയാണ് ഈ സൂപ്പര്‍ എസ്യുവി കൂടി എത്തുന്നത്. പുതിയ സൂപ്പര്‍എസ്യുവി ദൂബായ് പൊലീസിന് കൈമാറിയ വിവരം ലംബോര്‍ഗിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഉറുസിനെ കൂടാതെ അവന്റഡോറും പൊലീസിന്റെ വാഹന വ്യൂഹത്തിലുണ്ട്. ലംബോര്‍ഗിനി എസില്‍ നിന്ന് ചെറിയ മാറ്റങ്ങളുള്ള മോഡലാണ് പെര്‍ഫോമെന്റെ. ഉറുസ് എസിന്റെ 4 ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ് പെര്‍ഫോമെന്റെ മോഡലിനും. എന്നാല്‍, 16 എച്ച്പി അധിക കരുത്തുണ്ട്. 666 എച്ച്പിയാണ് ഈ വേരിയന്റിന്റെ കരുത്ത്. 850 എന്‍എം ടോര്‍ക്കാണ് പെര്‍ഫോമെന്റെയിലും ഉള്ളത്. കേവലം 3.3 സെക്കന്‍ഡില്‍ 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 306 കിലോ മീറ്ററാണ് പെര്‍ഫോമെന്റെയുടെ പരമാവധി വേഗം.

◾ദേശത്തിനും കാലത്തിനും അതിരുകള്‍ക്കുമപ്പുറം ഏകാകിതയുടെ ഭാഷകൊണ്ട് നെയ്തുതീര്‍ത്ത കഥകള്‍. ഇതിലെ കഥാപാത്രങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നത്, തിരിച്ചറിയുന്നത്, പങ്കുവയ്ക്കുന്നത്, ഒന്നായിത്തീരുന്നത്, അവര്‍ക്കുമാത്രം തിരിച്ചറിയാനാവുന്ന അതേ ഭാഷയുടെ സ്വപ്നങ്ങളും സംഘര്‍ഷങ്ങളും വൈകാരികതയും വിഷാദങ്ങളും ഉന്മാദങ്ങളുംകൊണ്ടുതന്നെ. ഒരേ വെയിലുകൊള്ളുന്ന പലതരം മനുഷ്യരുടെ, സ്വപ്നങ്ങളിലേക്ക് നീളുന്ന നിഗൂഢമായ പദസംഘാതങ്ങളുടെ സംഗ്രഹം കൂടിയാകുന്നു ‘സ്വപ്നങ്ങളുടെ പുസ്തകം.’ ഷാഹിന ഇ.കെ.യുടെ ഏറ്റവും പുതിയ കഥാസമാഹാരം. ഡിസി ബുക്സ്.. വില 133 രൂപ.

◾മൈഗ്രൈയ്‌നുള്ള രോഗികളില്‍ ഇന്‍ഫ്ലമേറ്ററി ബവല്‍ രോഗം അതായത് ആമാശയ നീര്‍ക്കെട്ട് ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണമെന്ന് അടുത്തിടെയിറങ്ങിയ പഠനം പറയുന്നു. മൈഗ്രെയ്ന്‍ ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന, ആവര്‍ത്തിച്ച് വരുന്ന ന്യൂറോളജിക്കല്‍ ഡിസോര്‍ഡറണ്. മിക്കവരുടെ ജീവിതത്തിലും ഇപ്പോഴും തിരിച്ചറിയപ്പെടാതെയും ചികിത്സയ്ക്ക് വിധേയമാക്കാതെയുമാണ് മൈഗ്രെയനുള്ളത്. സാധാരണയായി തലയുടെ ഒരു വശത്തായി കഠിനമായ വേദനയായോ തുടിപ്പോ ഈ രോഗത്തിന്റെ ലക്ഷണമായി കാണുന്നത്. മൈഗ്രേയ്ന്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇപ്പോഴും പഠനവിധേയമാണ്. എന്നിരുന്നാലും, വിവിധ ഘടകങ്ങള്‍ മൈഗ്രേനിലേക്ക് നയിച്ചേക്കാം. ലോകമെമ്പാടുമുള്ള അന്‍മ്പതു വയസില്‍ താഴയുള്ളവര്‍ക്കിടയിലെ വൈകല്യങ്ങള്‍ക്കു കാരണമാകുന്നത് മൈഗ്രൈയനാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സയന്റിഫിക് റിപോര്‍ട്സില്‍ പ്രസിദ്ധികരിച്ച പഠനത്തിലാണ് ദക്ഷിണ കൊറിയന്‍ പൗരന്മാര്‍ക്കുള്ള ദേശീയ ആരോഗ്യ പരിരക്ഷാ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സര്‍വീസില്‍ നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ച് ഇന്‍ഫ്ലമേറ്ററി ബവല്‍ രോഗവും മൈഗ്രേയ്‌നുമായ ബന്ധത്തെ വിലയിരുത്തിയത്. ഇതുകൂടാതെ, മൈഗ്രെയ്ന്‍ ബാധിച്ച പലര്‍ക്കും ക്രോണിക് കിഡ്നി ഡിസീസ് (സികെഡി), ഹൈപ്പര്‍ടെന്‍ഷന്‍, ഡിസ്ലിപിഡീമിയ (ശരീരത്തിലെ ലിപിഡുകളുടെ അസന്തുലിതാവസ്ഥ) തുടങ്ങിയ രോഗങ്ങളും കാണപ്പെട്ടു.