നെല്ലിയാമ്പതിയിലെ തോട്ടങ്ങളിൽ ജോലിചെയ്യുന്ന തമിഴ് തൊഴിലാളികൾ പൊങ്കലിനെ വരവേറ്റു.തൈപിറന്താൽ വഴി പിറക്കുമെന്നാണ് തമിഴ് ജനതയുടെ വിശ്വാസം. ധനുമാസത്തിൻ്റെ (മാർഗഴി മാസം) അവസാനദിവസവും മകര മാസത്തിന്റെ (തൈമാസം) ആദ്യ മൂന്നുദിവസവുമാണ് പൊങ്കൽ ആഘോഷിക്കുന്നത്. ഞായ റാഴ്ച ബോഗി പൊങ്കലോടെയാണ് ആഘോഷത്തിന് തുടക്കമായത്. പോയവർഷത്തിന്റെ അവശിഷ്ടങ്ങളെ കത്തിച്ചു പുതിയ പ്രതീക്ഷകളുടെ വർഷത്തിലേക്കുകടക്കുന്ന ചടങ്ങാണ് ബോഗി പൊങ്കൽ. ഇതിനായി കാപ്പ്കെട്ടൽ എന്നറിയപ്പെടുന്ന വീടും, കാലിത്തൊഴുത്തും വൃത്തിയാക്കി എരിക്കില, മാവില, കുരുത്തോല എന്നിവ കൊണ്ട് കാപ്പ്കെട്ടി കോലമിട്ടാണ് ബോഗി പൊങ്കലിനെ വരവേറ്റത്. തിങ്കളാഴ്ചയാണ് പ്രധാന ആകർഷണമായ തൈപൊങ്കൽ. അന്ന് പാടികളിലും പൊങ്കൽ വയ്ക്കും. സൂര്യദേവനെ അനുസ്മരിക്കുന്നുവെന്നാ ണ് വിശ്വാസം. വീടിനു പുറത്തുവച്ച് പാലിൽ അരിയിട്ട് കരിമ്പ്, പഴം, നാളികേരം തുടങ്ങിയവ ചേർത്താണ് പൊങ്കൽ ഒരുക്കുക. കന്നുകാലികളെ ആദരിക്കുന്ന മാട്ടുപ്പൊങ്കൽ ചൊവാഴ്ചയാണ്. തൊഴുത്തും കന്നുകാലികളെയും അലങ്കരിക്കുക എന്നതാണ് പ്രധാനച ടങ്ങ്. കന്നുകാലികൾക്ക് മധുരവും പായസവും നൽകും. കാണം പൊങ്കലോടെയാണ് (പൂപൊങ്കൽ/ ഉഴവർ തിരുനാൾ) ആഘോഷത്തിന് അവസാനിക്കുക. നെല്ലിയാമ്പതിയിലുള്ള തോട്ടങ്ങളിലെ തമിഴ് തൊഴിലാളികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടുകയും പരസ്പരം സൗഹൃദം പുതുക്കുകയും മറ്റും ചെയ്യും. തിങ്കളാഴ്ച ചില തോട്ടങ്ങൾ അവധി പ്രഖ്യാപിച്ചതിനാൽ പ്രായമായവരും ജോലിയിൽനിന്ന് വിരമിച്ചവരും തമിഴ്നാട്ടിലെ സ്വന്തം ഊരുകളിലേക്ക് കഴിഞ്ഞ ദിവസം തന്നെ മക്കളെയും ബന്ധുക്കളെയും കാണാൻ യാത്രതിരിച്ചു. പൊങ്കലിനു ശേഷം തമിഴ്നാട്ടിൽ ആരംഭിക്കുന്ന ജെല്ലിക്കെട്ടുകളും കണ്ടാണ് പ്രായമായവർ തിരികെയെത്തുക.