വാർത്താ കേരളം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം
?️ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കെ കെ ശൈലജ. പാര്‍ലമെന്‍റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരണമെന്നും കോഴിക്കോട് കെഎല്‍എഫ് വേദിയില്‍ മുന്‍മന്ത്രി കെകെ ശൈലജ പറഞ്ഞു.സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം കൊടുക്കണം എന്ന ധാരണ എൽ ഡി എഫിൽ ഉണ്ട്. സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല. നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരുന്നതിനായി കൂടുതല്‍ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം കൊടുക്കണം, മത്സരിപ്പിക്കണം. കേരളത്തില്‍ ഇന്നല്ലെങ്കില്‍ നാളെ, ഒരിക്കല്‍ വനിതാ മുഖ്യമന്ത്രി ഉണ്ടാകുക തന്നെ ചെയ്യുമെന്നും കെകെ ശൈലജ പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റിൽ പരിഷ്കരണവുമായി ഗതാഗത വകുപ്പ്
?️ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയില്‍ ഉള്‍പ്പെടെ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുന്നതാണു പുതിയ മാറ്റങ്ങള്‍. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. എന്നാല്‍, ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. മാത്രമല്ല, പരിഷ്‌കരണം നടപ്പായാല്‍ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്സ് പരീക്ഷ പാസാകൂ. കൂടാതെ ഒരു ദിവസം 20ല്‍ കൂടുതല്‍ ലൈസന്‍സ് ഒരു ആര്‍ടി ഓഫിസില്‍ നിന്ന് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യ ബുള്ളറ്റ് ട്രെയ്‌ൻ 2026ൽ സർവീസ് ആരംഭിക്കും
?️2026 ൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയ്‌ൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാകും ഉദ്ഘാടന സർവീസ്. വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടിയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിക്കായി ഭൂമി ഒരുക്കുന്ന ജോലി 270 കിലോമീറ്റർ ദൂരത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയ്‌ൽ പാത നിർമിക്കുന്നത്. ബുള്ളറ്റ് ട്രെയ്‌നിന്‍റെ പരമാവധി വേഗം മണിക്കൂറിൽ 320 കിലോമീറ്ററാണ്. നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

6 ജില്ലകളിൽ സ്കൂൾ അവധി
?️മകരവിളക്ക്, തൈപ്പൊങ്കൽ, എന്നിവ പ്രമാണിച്ച് 6 ജില്ലകളിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മകരവിളക്ക്, തൈപ്പൊങ്കൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ചാണ് അവധി. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷയ്ക്കോ അവധി ബാധമായിരിക്കില്ല.

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു
?️മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ ഞായറാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. മാറമ്പള്ളി ജമാ അത്ത് കബർസ്ഥാനിലാണ് കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺഗ്രസ് വഴിയാണ് മുസ്തഫ രാഷ്ട്രീയ രംഗത്തേക്കെത്തിയത്.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് , ബ്ലോക്ക് പ്രസിഡന്‍റ് , ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 14 വർഷം എറണാകുളം ഡിസിസി പ്രസിഡന്‍റായിരുന്നു.

ന്യാ​​യ് യാ​​ത്ര​​യ്ക്ക് തു​​ട​​ക്കം
?️ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി ന​​യി​​ക്കു​​ന്ന ഭാ​​ര​​ത് ജോ​​ഡോ ന്യാ​​യ് യാ​​ത്ര​​യ്ക്ക് മ​​ണി​​പ്പു​​രി​​ൽ തു​​ട​​ക്കം. മാ​​ർ​​ച്ച് 20ന് ​​മും​​ബൈ​​യി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന യാ​​ത്ര 15 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 110 ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കും. തെ​​ര​​ഞ്ഞെ​​ടു​​പ്പ് രാ​​ഷ്‌​​ട്രീ​​യ​​മെ​​ന്ന​​തി​​നെ​​ക്കാ​​ൾ ആ​​ശ​​യ​​പ​​ര​​മാ​​ണു യാ​​ത്ര​​യെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​യ്റാം ര​​മേ​​ശ്. ക​​ന്യാ​​കു​​മാ​​രി​​യി​​ൽ നി​​ന്നു ക​​ശ്മീ​​രി​​ലേ​​ക്കു ന​​ട​​ത്തി​​യ ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യു​​ടെ ര​​ണ്ടാം ഘ​​ട്ട​​മാ​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ കി​​ഴ​​ക്കു​​നി​​ന്ന് പ​​ടി​​ഞ്ഞാ​​റോ​​ട്ടു ന​​ട​​ത്തു​​ന്ന​​ത്. ആ​​ദ്യ യാ​​ത്ര പോ​​ലെ പാ​​ർ​​ട്ടി​​ക്ക് ഉ​​ണ​​ർ​​വു ന​​ൽ​​കു​​ന്ന​​താ​​കും ര​​ണ്ടാം യാ​​ത്ര​​യു​​മെ​​ന്ന് ജ​​യ്റാം ര​​മേ​​ശ്. പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഉ​​ന്ന​​യി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കാ​​ത്ത ജ​​ന​​കീ​​യ പ്ര​​ശ്ന​​ങ്ങ​​ൾ യാ​​ത്ര​​യി​​ൽ ഉ​​ന്ന​​യി​​ക്കു​​മെ​​ന്നും രാ​​ഹു​​ൽ.

ഇന്ത്യയോട് കടുപ്പിച്ച് മാലദ്വീപ്
?️മാലദ്വീപിൽ നിന്ന് മാർച്ച് 15 നകം ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരുന്നു. അതിനു പുറകേയാണ് മുയ്സു പുതിയ സമയ പരിധി ഇന്ത്യക്ക് നൽകിയിരിക്കുന്നത്. പ്രസിഡന്‍റ് ഓഫിസിലെ സെക്രട്ടറി അബ്ദുല്ല നസീം ഇബ്രാഹിമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. പ്രസിഡന്‍റിന്‍റെ നയം പ്രകാരം ഇന്ത്യൻ സൈനികർ മാലദ്വീപിൽ തുടരാൻ പാടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.

‘ബിജെപിയുടെയും ആർഎസ്എസിന്‍റെയും വിദ്വേഷത്തിന്‍റെ പ്രതീകമാണ് മണിപ്പൂർ’: രാഹുൽ ​ഗാന്ധി
?️പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും മണിപ്പൂരിലെ ഭാരത് ജോഡോ ന്യായ് യാത്രയിൽ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിനെ സമാശ്വസിപ്പിക്കാൻ വരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുൽ തുറന്നടിച്ചു. മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ് ബിജെപിയുടെയും ആർഎസ് എസിന്‍റെയും മനോഭാവം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണെന്നും ഈ രാഷ്ട്രീയം തുറന്ന് കാട്ടാന്‍ സമാധാനാഹ്വാനവുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരിൽനിന്ന് തുടങ്ങുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തിയേക്കും
?️ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ സന്ദർശനം നടത്തിയേക്കും. ജനുവരി 17നാണ് മോദി കേരളത്തിലെത്തുന്നത്. രാവിലെ 8.45നുള്ള വിവാഹത്തിൽ പങ്കെടുത്തതിനു ശേഷം മോദി റോഡു മാർഗം തൃപ്രയാർ ക്ഷേത്രത്തിലെത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇതോടനുബന്ധിച്ച് തൃപ്രയാർ ക്ഷേത്രത്തിൽ സുരക്ഷാ പരിശോധന കർശനമാക്കും.കേരളത്തിൽ രണ്ടു ദിവസമാണ് മോദി ഉണ്ടായിരിക്കുക. മോദിയുടെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കനത്ത സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. 17ന് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. അന്ന് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയുള്ള മുഹൂർത്തത്തിൽ 48 വിവാഹങ്ങൾക്കാണ് സമയം നൽകിയിരിക്കുന്നത്.

സിംഹാസനം ഒഴിയൂ, ജനം പിന്നാലെയുണ്ട്
?️സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്‍റെ രുചി അറിഞ്ഞവരാണെന്ന രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ എം. മുകുന്ദൻ. എം.ടി. വാസുദേവൻ നായർക്കു പിന്നാലെ യാണ് എം.മുകുന്ദനും പരസ്യമായി രാഷ്ട്രീയ വിമർശനം നടത്തുന്നത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് മുകുന്ദന്‍റെ പരാമർശം. നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു.സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്‍റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്. തെരഞ്ഞെടുപ്പ് ഇനിയും വരും. ചോരയുടെ മൂല്യം ഓർക്കണം. അതു ഓർത്തു കൊണ്ടായിരിക്കണം വോട്ടു ചെയ്യേണ്ടതെന്നും മുകുന്ദൻ പറഞ്ഞു.

മുഖ്യമന്ത്രി സൂര്യനെപ്പോലെയെന്ന പരാമർശം വ്യക്തി പൂജയല്ല, വീണയ്ക്കെതിരേയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതം
?️മുഖ്യമന്ത്രി സൂര്യനെപ്പോലെയാണെന്ന പരാമർശത്തിൽ വ്യക്തിപൂജയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയെ തൊടാൻ കഴിയുന്നില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം സൂര്യനെപ്പോലെയാണ് അടുത്തെത്താൻ കഴിയില്ല എന്നു താൻ പറഞ്ഞത്. അതിൽ വ്യക്തിപൂജയില്ല. അതിൽ തെറ്റുണ്ടെന്നു താൻ ഇപ്പോഴും കരുതുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ എന്ന നിലയിലാണ് വീണ വിജയനെതിരേ അന്വേഷണം തുടരുന്നത്. അതു രാഷ്ട്രീയപ്രേരിതമാണ്. രാഷ്ട്രീയ പക പോക്കലിന്‍റെ ഭാഗമായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

മൂടക്കൊല്ലിയിൽ വീണ്ടും പന്നികളെ കാണാതായി; കടുവയിറങ്ങിയതായി സംശയം
?️വയനാട് മൂടക്കൊല്ലിയിലെ ഫാമിൽ നിന്ന് വീണ്ടും പന്നികളെ കാണാതായി. ആറു പന്നികളെയാണ് കാണാതായത്. കടുവയാണ് പന്നികളെ പിടികൂടിയതെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്. പന്നികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ പന്നിയുടെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതോടെ കടുവ ആക്രമണമാണെന്ന സംശയത്തിന് ആക്കം കൂടിയിരിക്കുകയാണ്. ചതുപ്പു പ്രദേശത്തു നിന്ന് കടുവയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കൈവെട്ട് പരാമർശം: സത്താർ പന്തല്ലൂരിനെതിരേ കേസെടുത്തു
?️വിവാദമായ കൈ വെട്ട് പരാമർശത്തിനു പിന്നാലെ എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരേ പൊലീസ് കേസെടുത്തു. ഐപിസി 153 വകുപ്പു പ്രകാരമാണ് സത്താറിനെതിരേ മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനച്ചടങ്ങിലാണ് വിവാദമായ പരാമർശം ഉണ്ടായത്. സമസ്ത പണ്ഡിതന്മായെ പ്രയാസപ്പെടുത്തിയാൽ കൈ വെട്ടാൻ പ്രവർത്തകരുണ്ടാകും എന്നായിരുന്നു പരാമർശം. പരാമർശം വിവാദമായതോടെ അഷ്റഫ് കളത്തിങ്കൽ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്.

മുൻ കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ടു
?️മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ടു. 55 വർഷം നീണ്ടു നിന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ തീരുമാനമെന്നും വ്യക്തമാക്കിക്കൊണ്ട് മിലിന്ദ് രാജിക്കത്ത് സമർപ്പിച്ചു. മുൻ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്‌റ. അന്തരിച്ച മുൻ കേന്ദ്രമന്ത്രി മുരളി ദേവ്‌റയുടെ മകനാണ്. മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ പാർലമെന്‍റിലേക്ക് വിജയിച്ചിരുന്നു. രണ്ടു തവണ ശിവസേനയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ മുംബൈ സൗത്തിൽ വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിനിടെയാണ് രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്. മിലിന്ദ് ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേരുമെന്നാണ് അഭ്യൂഹം.

ഡൽഹിയിൽ മൂടൽമഞ്ഞ് : 7 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു
?️മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട 7 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഞായറാഴ്ച രാവിലെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. ഇതിൽ ആറു വിമാനങ്ങൾ ജയ്പുരിലും ഒരെണ്ണം മുംബൈയിലും ഇറങ്ങും. ഞായറാഴ്ച രാവിലെ മുതൽ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങളെ കനത്ത മൂടൽ മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്. പലയിടത്തും തൊട്ടു മുൻപിലുള്ളവരെ കാണാൻ ആകാത്ത വിധമാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്.

പീഡന കേസ്:മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
?️നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവൺമെന്‍റ് പ്ലീഡർ അഡ്വ. പി.ജി. മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹൈക്കോടതി കീഴടങ്ങാന്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തന്‍കുരിശ് ഡിവൈഎസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇന്ത്യയുമായി ഇടഞ്ഞതിനു പിന്നാലെ മേയർ തെരഞ്ഞെടുപ്പിൽ മുയ്സുവിനു തിരിച്ചടി
?️ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞതിനു പിന്നാലെ മാലിയിലെ മേയർ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. ഇന്ത്യക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷം മാൽദീവിയൻ ഡമോക്രാറ്റിക് പാർട്ടിയാണ്( എംഡിപി) തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയത്. എംഡിപി സ്ഥാനാർഥി ആദം അസിം മാലിയിലെ പുതിയ മേയറായി സ്ഥാനമേൽക്കും. മുഹമ്മദ് മുയ്സുവായിരുന്നു അടുത്തിടെ വരെ മാലിയിലെ മേയർ. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുയ്സു രാജി വച്ചതോടെയാണ് വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടന്നത്.

തമിഴ് വേഷത്തിൽ മോദി, മുരുകന്‍റെ വീട്ടിൽ പൊങ്കൽ ആഘോഷം
?️കേന്ദ്ര മന്ത്രി എൽ. മുരുകന്‍റെ ഡൽഹിയിലെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങൾ പങ്കെടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. കറുത്ത കോട്ടിനൊപ്പം തമിഴ് പരമ്പരാഗത ശൈലിയിൽ മുണ്ടും തോളിൽ ഷാളും ധരിച്ചെത്തിയ പ്രധാനമന്ത്രി പൊങ്കൽ തയാറാക്കുന്നതിൽ പങ്കെടുത്തു. തുടർന്നു പശുവിനു മാല ചാർത്തി. ചടങ്ങിൽ പ്രാർഥനാഗാനം ആലപിച്ച പെൺകുട്ടി കാലിൽ തൊട്ട് അനുഗ്രഹം തേടിയപ്പോൾ ചുമലിലിട്ടിരുന്ന ഷാൾ കുട്ടിക്ക് സമ്മാനിച്ചു.

ഡല്‍ഹിയില്‍ വായു നിലവാരം ഗുരുതര സ്ഥിതിയിൽ!
?️വായുവിന്‍റെ ഗുണനിലവാരം മോശമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. അത്യാവശ്യമില്ലാത്ത നിര്‍മ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും മേഖലയില്‍ സ്റ്റേജ്-3 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സർക്കാർ അറിയിച്ചു. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ വലിയ മാറ്റം ഉണ്ടായതായി എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് അറിയിച്ചു. ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്.

കർണാടക സർക്കാർ സ്‌കൂളിലെ ശുചിമുറികൾ വിദ്യാർത്ഥികളെ കൊണ്ട് വൃത്തിയാക്കിച്ചെന്ന് പരാതി
?️കലബുർഗിയിലുള്ള സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് പ്രിൻസിപ്പൽ സ്കൂളിലെ ശുചിമുറികൾ വൃത്തിയാക്കിച്ചതായി പരാതി. കുട്ടികളെ പ്രിൻസിപ്പലിന്‍റെ വസതിയിൽ കൊണ്ടുവന്ന് പുറംജോലികൾ ചെയ്യിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ഒരു വർഷമായി പ്രിൻസിപ്പൽ ഈ പ്രവൃത്തി ആവർത്തിക്കുകയാണെന്നും ആക്ഷേപം. ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴിൽ കർണാടക സർക്കാർ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡൽ സ്കൂളുകളിലൊന്നിലാണ് സംഭവം.

നാടുവിടാനൊരുങ്ങിയ 5 പെൺകുട്ടികളെ റെയിൽവേ പൊലീസ് പിടികൂടി
?️കണ്ണൂരിൽനിന്ന് ട്രെയിനിൽ ചെന്നൈയിലേക്ക് പുറപ്പെട്ട അഞ്ച്‌ പെൺകുട്ടികളെ ഷൊർണൂർ റെയിൽവേ പൊലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചു. 12നും 15നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ തമിഴ്നാട് സ്വദേശികളാണ്. അവരുടെ രക്ഷിതാക്കൾ കണ്ണൂരിൽ ജോലി ചെയ്യുന്നവരാണ്. തമിഴ്നാട് സ്വദേശികൾ മാത്രമുള്ള ഗ്രാമത്തിലാണ് രക്ഷിതാക്കളോടൊപ്പം കുട്ടികൾ താമസിക്കുന്നത്. ‌ഇവർ വിദ്യാർഥികളാണ്‌. രക്ഷിതാക്കൾ അറിയാതെയായിരുന്നു നാടുവിടൽ. റെയിൽവേ എസ്ഐ അനിൽ മാത്യൂവും സംഘവുമാണ് പെൺകുട്ടികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കണ്ണൂരിൽനിന്ന് പൊലീസ്‌ എത്തി പെൺകുട്ടികളെ കൊണ്ടുപോയി.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5800 രൂപ
പവന് 46400 രൂപ