വാർത്താകേരളം


                     

14.01.2024

വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
?️സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നു സമിതി ഭാരവാഹികൾ. കൊവിഡിന് ശേഷം വ്യാപാരമേഖല തിരിച്ചു വരവിന് ശ്രമിക്കുമ്പോൾ ഓൺലൈൻ വ്യാപാര കടന്നു കയറ്റവും സംസ്ഥാന സർക്കാർ നിലപാടുകളും തിരിച്ചടിയാകുകയാണ്. പത്തര ലക്ഷത്തിലധികം പേർ പ്രവർത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പോരാട്ടം നടത്തുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുടിശിക; റേഷൻ കരാറുകാർ അനിശ്ചിതകാല സമരത്തിലേക്ക്
?️നൂറുകോടി രൂപ കുടിശികയായതോടെ റേഷൻ കടകളിൽ സാധനങ്ങളെത്തിക്കുന്ന കരാറുകാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെടും.എഫ്സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീർത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്. സമരം നീണ്ടുപോയാൽ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങും.

പണിമുടക്ക് സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ബാധിക്കില്ല: ജി.ആര്‍. അനില്‍
?️റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. വിതരണക്കാര്‍ക്ക് നല്‍കാന്‍ 37കോടി രൂപ അനുവദിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. വിതരണക്കാരുടെ കുടിശിക ബുധനാഴ്ചയോടെ നല്‍കും.

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പിന്തുണ തേടി മുഖ്യമന്ത്രി
?️കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയിൽ പ്രതിപക്ഷത്തിന്‍റെ സഹായം തേടി സർക്കാർ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഈ മാസം 15 ന് രാവിലെ 10 മണിക്കാണ് ചർച്ച.നേരത്തെ കേന്ദ്രസർക്കാരിന്‍റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാർ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നിൽ കേന്ദ്രസർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

വീണാ വിജയന്‍റെ കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
?️മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച്. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തി 4 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

ഇന്ത്യ മു‌ന്നണിയെ നയിക്കാൻ മല്ലികാർ‌ജുൻ ഖാർഗെ
?️ഇന്ത്യ മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം, കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് തീരുമാനം. കോൺഗ്രസിൽ നിന്നു തന്നെ ചെയർമാൻ മതിയെന്ന അഭിപ്രായം നീതീഷ് കുമാർ മുന്നോട്ടു വച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യ മുന്നണി.

പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ
?️ബ്രിട്ടിഷ് നയതന്ത്ര പ്രതിനിധികളുടെ പാക് അധിനിവേശ കശ്മീർ സന്ദർശനത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ഇസ്ലാമാബാദിലെ ബ്രിട്ടിഷ് ഹൈ കമ്മിഷണർ ജെയിൻ മാരിയറ്റും സംഘവുമാണ് പാക് അധീന കശ്മീരിൽ സന്ദർശനം നടത്തിയത്. ഇന്ത്യയുടെ പരമാധികാരത്തെ കടന്നാക്രമിക്കുന്ന ഇത്തരം നിലപാടുകളെ ഒരു തരത്തിലും സ്വീകരിക്കാനാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹൈ കമ്മിഷണർക്കൊപ്പം വിദേശകാര്യ ഉദ്യോഗസ്ഥരും ചേർന്ന് ജനുവരി 10നാണ് പാക് അധീന കശ്മീരിൽ സന്ദർശനം നടത്തിയത്.

മാലദ്വീപിനെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ല: മാലദ്വീപ് പ്രസിഡന്‍റ്
?️മാലദ്വീപിനെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്നു പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. ഞങ്ങളുടേത് ചെറിയ രാജ്യമായിരിക്കാം. പക്ഷേ, അത് ഭീഷണിപ്പെടുത്താനുള്ള ലൈസൻസായി കാണേണ്ടെന്നും മുയ്സു പറഞ്ഞു. ചൈനാ സന്ദർശനം പൂർത്തിയാക്കി ദ്വീപിൽ മടങ്ങിയെത്തിയപ്പോഴാണ് ഇന്ത്യയെ ലക്ഷ്യമിട്ട് മുയ്സുവിന്‍റെ പ്രസ്താവന. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആക്ഷേപകരമായ പരാമർശം നടത്തിയതിന് തന്‍റെ സർക്കാരിലെ 3 മന്ത്രിമാരെ മുയ്സു പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളുടെയും ബന്ധം വഷളായിരിക്കെയാണ് ആരും ഭീഷണിപ്പെടുത്തേണ്ടെന്ന മുയ്സുവിന്‍റെ പ്രസ്താവന.

കോഴിക്കോട് പിതാവിനെതിരെ വ്യാജ പോക്സോ കേസ് നൽകി പെൺകുട്ടി
?️ പ്രണയബന്ധം എതിര്‍ത്തതിന്‍റെ പേരിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളുടെ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം അതിവേഗ സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്‍റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയും പെൺകുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്‍റര്‍ പ്രെജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കേസ് റദ്ദാക്കിയതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

വീണ വിജയനെതിരെയുള്ള അന്വേഷണം മുൻകൂട്ടി കണ്ട് ശ്രദ്ധ തിരിക്കാനാണ് രാഹുലിന്‍റെ അറസ്റ്റ്
?️മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം വരുമെന്ന് മുൻകൂട്ടി കണ്ടാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗവും കേരള ജനപക്ഷം നേതാവുമായ അഡ്വ. ഷോൺ ജോര്‍ജ്.ബുധനാഴ്ച അന്വേഷണ ഉത്തരവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് മാധ്യമ ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്ന വാർത്തകൾ ഇപ്പോൾ വന്നതിനാൽ ഉച്ചകഴിഞ്ഞ് മറ്റെന്തെങ്കിലും തരത്തിൽ പ്രാധാന്യമുള്ള സംഭവങ്ങൾ കേരളത്തിൽ ഉണ്ടായേക്കാമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

മോദിയുടെ സന്ദർശനം; 17ന് രാവിലെ 6 മുതൽ 9 വരെ ​ഗുരുവായൂരിൽ ഭക്തർക്ക് നിയന്ത്രണം
?️പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മാസം 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം. രാവിലെ 6 മണിമുതൽ 9 മണി വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. ഈ സമയങ്ങളിൽ തുലാഭാരം, ചോറൂണ് എന്നിങ്ങനെയുള്ള വഴിപാടുകൾ അനുവദിക്കില്ല.അന്നേ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ​ഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും.

ഗൂരുവായൂരിൽ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ല
?️പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗൂരുവായൂരിൽ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ. സുരക്ഷയുടെ ഭാഗമായി വിവാഹ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ പറഞ്ഞു.ഈ മാസം 17ന് ഗൂരുവായൂരിൽ നടക്കാനിരുന്ന എല്ലാ വിവാഹങ്ങളും അന്നേ ദിവസം തന്നെ നടക്കും. വിവാഹങ്ങൾ മാറ്റിവച്ചെന്ന് തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റ്; പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
?️യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബാരിക്കേട് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം കടുപ്പിച്ചതോടെ പ്രവർ‌ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായികുന്നു. ഇതോടെയാമ് സംഘർക്ഷത്തിന് അയവു വന്നത്.

‘അച്ഛനമ്മമാരെ അനുസരിക്കണം, കൃത്യമായി ക്ലാസിൽ കയറണം’; എസ്എഫ്ഐ പ്രവർത്തകരോട് ഹൈക്കോടതി
?️അച്ഛനമ്മമാരെ അനുസരിക്കാനും ക്ലാസിൽ കയറാനും എസ്എഫ്ഐ‌ പ്രവർത്തകരോട് ഹൈക്കോടതി. തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കാർ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികളായ 7 പേരുടെയും ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഉപദേശം. വിദ്യാർഥികൾ കൃത്യമായി ക്ലാസിൽ കയറണമെന്നും മാതാപിതാക്കളെ അനുസരിക്കണമെന്നും ഹൈക്കോടതി ജഡ്ജി സി എസ് ഡയസ് ഉപദേശിച്ചു.

ഇത്തവണ കൂടി തിരുവനന്തപുരത്ത്: തരൂർ
?️കോൺഗ്രസ് നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണമെന്ന ചെറിയാൻ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റി‌ന് പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഈ തവണയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്നു മാറണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് തരൂരിന്‍റെ പരാമർശം. ചെറുപ്പക്കാർക്ക് കോൺഗ്രസ്‌ അവസരം നൽകണം.‌ ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് രക്ഷപെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്വും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ പിടിച്ചെടുക്കണമെന്ന് തുടങ്ങുന്നതായിരുന്നു ചെറിയാൻ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കെജ്‌രിവാളിനെ വിടാതെ ഇഡി
?️ഡൽഹി മദ്യനയ അഴിമതി കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് കെജ്‌രിവാളിന് ഇഡി നോട്ടീസയക്കുന്നത്. ജനുവരി 18 ന് ഹാജരാവാനാണ് നോട്ടീസിലെ നിർദേശം. മുൻപ് മൂന്നു തവണ നോട്ടീസയച്ചെങ്കിലും ഹാജരാവാൻ കെജ്‌രിവാൾ തയാറായിരുന്നില്ല. താൻ രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റേയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും ഇഡിയെ രേഖാമൂലം അറിയിച്ചിരുന്നു.

നീതി ലഭിക്കാത്ത എല്ലാ വിഭാഗങ്ങളും മോദിക്കെതിരെ കൈക്കോർക്കണം; രാഹുൽ
?️നീതി ലഭിക്കാത്ത എല്ലാ വിഭാഗങ്ങളും മോദിക്കെതിരെ കൈക്കോർക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആളുകൾക്ക് അർഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും മുട്ടുമെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്ക് മുന്നോടിയായാണ് രാഹുലിന്‍റെ സന്ദേശം. അതേസമയം, ഭാരത് ജോഡോ ന്യ യാത്ര തുടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെ മാർച്ചിന്‍റെ ഗാനം പുറത്തുവിട്ട് കോൺഗ്രസ്. കഴിഞ്ഞ ഭാരത് ജോഡോ യാത്രക്കിടെ പലയിടങ്ങളിൽ വെച്ച് രാഹുൽ ഗാന്ധി ആളുകളെ കാണുന്നതിന്‍റെയും സംസാരിക്കുന്നതിന്‍റെയും ദൃശങ്ങളാണ് ഗാനത്തിനൊപ്പം ചേർത്തിരിക്കുന്നത്.

സിദ്ധരാമയ്യ സർക്കാർ അഞ്ചാം വാഗ്ദാനവും നടപ്പാക്കി
?️സിദ്ധരാമയ്യ സർക്കാരിന്‍റെ അഞ്ചാം വഗ്ദാനമായ ജനക്ഷേമ പദ്ധതിയായ യുവനിധി പദ്ധതിയും നടപ്പാക്കി. ബിരുദ ദാരികളായ തൊഴിൽ രഹിത യുവാക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് മൂവായിരം രൂപ വീതവും ഡിപ്ലോമക്കാർക്ക് 1500 രൂപയും വീതം രണ്ടു വർഷത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവനിധി. ശിവമൊഗ്ഗയിൽ വച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് 6 ഗുണഭോക്താക്കൾക്ക് ചെക്ക് നേരിട്ട് നൽകി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തന്ത്രം മെനയാൻ കനഗോലുവില്ല
?️കോൺഗ്രസിന്‍റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു ലോക്സഭാ തെരഞ്ഞടുപ്പിൽ നിന്നും പിന്മാറി. എഐസിസിയുടെ ദേശീയ തെരഞ്ഞെടുപ്പു ഭൗത്യസംഘാംഗമായ കനഗോലു അടുത്ത ഹരിയാന, മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യ്തു.കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ മിന്നും ജയത്തിന് ചുക്കാൻ പിടിച്ചത് കനഗോലു ആയിരുന്നു. കനഗോലുവിന്‍റെ പിന്മാറ്റം ചെറിയ തിരിച്ചടിയാണെങ്കിലും ബിജെപി ഭരണം ശക്തമായ സംസ്ഥാനങ്ങൾ പിടിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്‍റെ സേവനം ഗുണമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഐസിസി അധ്യക്ഷൻ പ്രതികരിച്ചിരുന്നു.

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു
?️പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജോതാവുമായ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ശനിയാഴ്ച രാവിലെ പുനൈയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഹൃദായാഘതത്തെ തുടർന്ന് ഉടൻ തന്നെ കോത്രുഡ് മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ കിരാന ഖരാനയെ പ്രതിനീധികരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് മഹുവയ്ക്ക് വീണ്ടും നോട്ടീസ്
?️എംപി സ്ഥാനത്തു നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഔദ്യോഗിക വസതിയിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മഹുവ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വിഷയത്തിൽ ഡയറക്റ്റേറ്റ് ഒഫ് എസ്റ്റേറ്റ്സിനെ സമീപിക്കാൻ കോടതി ജനുവരി 16 വരെ മഹുവയ്ക്ക് സമയം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും മഹുവയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ഉച്ചഭക്ഷണം പാകം ചെയ്യാന്‍ വിറകിന് പകരം കത്തിച്ചത് സ്‌കൂൾ ബെഞ്ചുകൾ; അന്വേഷണത്തിന് ഉത്തരവ്
?️പട്‌നയിലെ ഒരു സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വിറകിനു പകരം സ്കൂളിലെ ബെഞ്ചുകൾ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അന്വേഷണം. പടനയിലെ ബിഹ്ത മിഡിൽ സ്കൂളിലെ ദൃശ്യങ്ങളാണ് വൈറലായത്. സ്കൂൾ ബെഞ്ചുകൾ മുറിച്ച് അടുപ്പിൽ വയ്ക്കുന്ന പാചകക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഭക്ഷണം പാകം ചെയ്യാൻ വിറക് ഇല്ലാത്തതിനാലാണ് ഇത്തമൊരു പ്രവർത്തി ചെയ്തതെന്നും വിറകില്ലാത്തതിനാൽ ബെഞ്ച് കത്തിക്കാന്‍ അധ്യാപികയാണ് നിർദ്ദേശിച്ചതെന്നും പാചകക്കാരി വിശദമാക്കുന്നത്.

ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യയെ 2 – 0 ത്തിന്‌ തകർത്ത്‌ ഓസ്‌ട്രേലിയ
?️ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യയെ എതിരില്ലാത്ത രണ്ട്‌ ഗോളിന്‌ തകർത്ത്‌ ഓസ്‌ട്രേലിയ. ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 50-ാം മിനിറ്റില്‍ ജാക്‌സണ്‍ ഇര്‍വിനും, 73-ാം മിനിറ്റില്‍ ജോര്‍ദാന്‍ ബൊസുമാണ്‌ ഓസ്‌ട്രേലിയക്കായി ഗോൾ നേടിയത്‌. പ്രതിരോധം മാത്രം ലക്ഷ്യമാക്കി കളിച്ച ആദ്യ പകുതിയിൽ ഓസ്‌ട്രേലിയൻ മുന്നേറ്റത്തെ കൃത്യമായി തടഞ്ഞിട്ട ഇന്ത്യയ്‌ക്ക്‌ രണ്ടാം പകുതിയിൽ പിഴച്ചു. ക്ലോസ്‌ റേഞ്ചിൽ നിന്നുള്ള ഹെഡർ ഛേത്രി പാഴാക്കിയതൊഴിച്ചാൽ ഗോളിനുള്ള അവസരങ്ങൾ ഇന്ത്യയ്‌ക്ക്‌ തീരെ ഉണ്ടായിരുന്നുമില്ല. തോറ്റെങ്കിലും റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ഓസ്‌ട്രേലിയയെ ഒന്നാം പകുതിയിൽ പിടിച്ചുകെട്ടാൻ ഇന്ത്യക്കായി. ഒന്നാം പകുതിയിൽ ഇന്ത്യന്‍ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്‌ട്രേലിയക്ക് മറികടക്കാനായില്ല.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ