വാർത്താകേരളം


                     
13.01.2024

റേഷൻ വിതരണം സ്തംഭനത്തിലേക്ക്
?️സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്. റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ റേഷൻ വിതരണവും പ്രതിസന്ധിയിലാകുന്നത്. ശനിയാഴ്ച മുതൽ പണിമുടക്കുമെന്നാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്.

സപ്ലൈകോ:ആധാർ കാർഡ്‌ നിർബന്ധമാക്കുന്നത്‌ തട്ടിപ്പ്‌ തടയാൻ
?️സബ്‌സിഡി സാധനങ്ങൾ തട്ടിയെടുക്കുന്ന സാഹചര്യത്തിലാണ്‌ സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ആധാർ കാർഡ്‌ നിർബന്ധമാക്കാൻ തീരുമാനിച്ചതെന്ന്‌ ഭക്ഷ്യവകുപ്പ്‌ അറിയിച്ചു. മാസാവസാനം സബ്‌സിഡി സാധനങ്ങൾ വാങ്ങാത്ത റേഷൻ കാർഡുകളുടെ നമ്പർ സംഘടിപ്പിച്ച്‌ ചില ഔട്ട്‌ലറ്റുകളിൽ തട്ടിപ്പ്‌ നടത്തുന്നതായി വിജിലൻസ്‌ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റേഷൻകടകളിലേതുപോലെ ഇപോസ്‌ മെഷീനുകൾ സ്ഥാപിച്ചായിരുന്നു വിതരണം. ഇതുസംബന്ധിച്ച്‌ തുടർനടപടി സ്വീകരിക്കാൻ സപ്ലൈകോ സിഎംഡിയെ ചുമതലപ്പെടുത്തി.

വിശദീകരണവുമായി എംടി
?️മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രൂക്ഷമായ രാഷ്ട്രീയ വിമർശനത്തിൽ വിശദീകരണവുമായിഎം.ടി. വാസുദേവൻ നായർ. സാഹിത്യകാരൻ എൻ.ഇ. സുധീർ തന്‍റെ ഫെയ്സ്ബുക് പോസ്റ്റിലാണ് എംടിയുടെ വിശദീകരണം പുറത്തുവിട്ടത്. ”ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്” എന്നായിരുന്നു എംടിയുടെ വിശദീകരണം.

‘എംടി പറഞ്ഞതിൽ പുതുമയില്ല, 20 വർഷം മുൻപ് എഴുതിയ ലേഖനം വായിക്കുക മാത്രമാണ് ചെയ്തത്’; വിവാദങ്ങളെ തള്ളി സിപിഎം
?️എംടിയുടെ പ്രസംഗവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം രംഗത്ത്. എംടി പറഞ്ഞതിൽ പുതിമയൊന്നുമില്ലെന്നും വിവാദത്തിൽ കക്ഷി ചേരേണ്ടതില്ലെന്നുമാണ് സിപിഎം സെക്രട്ടേറിയേറ്റിന്‍റെ നിലപാട്. ഇക്കാര്യം എംടി മുൻപും പറഞ്ഞിട്ടുണ്ട്. 20 വർഷം മുൻപെഴുതിയ ലേഖനം അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്തത്. അന്നത്തെ സാഹചര്യം വിലയിരുത്തുകയും അതേ അർഥത്തോടെ പ്രസംഗിക്കുകയുമാണ് അദ്ദേഹം ചെയ്തതെന്ന് വിലയിരുത്തുന്നതായി സിപിഎം വ്യക്തമാക്കി.വിവാദത്തിനു പിന്നാലെ ഇപി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എംടിയുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെയാണെന്നായിരുന്നു ഇ.പി. ജയരാജന്‍റെ നിലപാട്. എന്നാൽ വിവാദം കൂടുതൽ വളർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ നിലപാട്.

ആറ് ജില്ലകളിൽ തിങ്കളാഴ്ച സ്കൂൾ അവധി
?️മകരവിളക്ക്, തൈപ്പൊങ്കൽ, എന്നിവ പ്രമാണിച്ച് ആറ് ജില്ലകളിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മകരവിളക്ക്, തൈപ്പൊങ്കൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ചാണ് അവധി. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷയ്ക്കോ അവധി ബാധമായിരിക്കില്ല.

കെ-ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സതീശൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
?️കെ-ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും.ദ്ധതിയിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും കരാറുകളിലടക്കം അഴിമതിയുണ്ടെന്നും ഹർജിയിൽ പറയുന്നു. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്തണമെന്നതിന്‍റെ വലിയ ഉദാഹരണമാണ് കെ-ഫോണെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു.

എസ്എഫ്ഐയുടെ എതിരില്ലാത്ത ജയം റദ്ദാക്കി ഹൈക്കോടതി
?️മലയാളം സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് റദ്ദാക്കി ഹൈക്കോടതി . എംഎസ്ഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ്ഉത്തരവ്.രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.

എംടിയെപ്പോലൊരാളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്: ഇ.പി. ജയരാജൻ
?️കേരള ലിറ്ററേച്ചർ ഫെസ്ററിവൽ വേദിയില്‍ എംടി നടത്തിയ വിമർശനം കേന്ദ്രത്തിനെതിരെയെന്നാവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ രം​ഗത്ത്. എംടിയെ പോലെയുള്ള ആളെ വിവാദത്തിലേക്ക് വലിച്ചിഴയക്കരുതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമർശിക്കാനിടയില്ല. താന്‍ എംടിയുടെ പ്രസംഗം മാധ്യമങ്ങളിലൂടെ കേട്ടതാണ്. പ്രസംഗം കേട്ടപ്പോൾ പ്രശ്നം ഒന്നും തോന്നിയില്ല. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിക്കെതിരെയുമാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ നടക്കുന്ന ചില ആളുകളാണ് എംടിയുടെ പ്രസംഗം വളച്ചൊടിക്കുന്നത്.

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി 11 ദിവസത്തെ വ്രതമെടുത്ത് മോദി
?️അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദ സന്ദേശം പുറത്തിറങ്ങി. 11 ദിവസത്തെ വ്രതം അനുഷ്ടിക്കുമെന്ന് മോദി പറഞ്ഞു. എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ തനിക്ക് ആശിർവാദം നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

എം.വി. ഗോവിന്ദൻ വിവരക്കേട് പറയുന്നത് ശീലമാക്കി
?️സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിവരക്കേട് പറയുന്നത് ശീലമാക്കിയെന്ന് പ്രതിപക്ഷ നേതാവി വി.ഡി. സതീശൻ. കേരളത്തിലെ സിപിഎം നേതാക്കൾ പറഞ്ഞിട്ടാണ് അയോധ്യയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തതെന്നുള്ള എംവിഗോവിന്ദന്‍റെ പ്രസ്താവന ഈ വാർഷത്തെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു.ദേശാഭിമാനി പറയുന്ന തെറ്റായ കാര്യങ്ങളെല്ലാം പുറത്തു കൊണ്ടു വന്നിരിക്കുകയാണ്. ചായക്കട നടത്തി ജീവിക്കുന്ന ചെറുപ്പക്കാരന്‍ വ്യാജ ഡിഗ്രി നേടിയെന്ന കഥയുണ്ടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണ് ദേശാഭിമാനി. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് അകത്ത് പോകേണ്ട ആളുകളാണ് ദേശാഭിമാനിക്കാരെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും
?️സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്ത മുശാവറ ഒരു തീരുമാനമെടുത്താലത് അംഗീകരിക്കണം, അല്ലാത്തവരെ സമസ്തയ്ക്ക് ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. എസ്കെഎസ്എസ്എഫിന്‍റെ മലപ്പുറത്തെ പരിപാടിയിൽവച്ചായിരുന്നു സത്താറിന്‍റെ വിവാദ പരാമർശം. ഞങ്ങൾക്ക് ആരോടും കടപ്പാടില്ല, കടപ്പാടുള്ളത് സമസ്ത കേരള ജംഇയ്യാത്തുലമയോടു മാത്രമാണ്.ആ സംഘടനയുടെ മഹാരഥൻമാരായ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും അവരുടെ കൈവെട്ടാൻ ഞങ്ങൾ എസ്എകെഎസ്എസ്എഫിന്‍റെ പ്രവർത്തകർ മുന്നിലുണ്ടാവും. അതിനെ അപമര്യാദയായി കാണേണ്ടതില്ല.

എംടിക്ക് നന്ദി; ഗീവർഗീസ് മാർ കൂറിലോസ്
?️മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ രാഷ്ട്രീയ വിമർശനത്തെ പ്രകീർത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നതെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി
?️കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ. ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ലെന്ന് പറഞ്ഞ മന്ത്രി അസം സർക്കാർ‌ യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നെന്ന കോൺഗ്രസിന്‍റെ ആരോപണത്തെ തള്ളിക്കളഞ്ഞു. യാത്രക്കായി കോൺ​ഗ്രസ് ഇനിയും അനുമതി തേടിയിട്ടില്ലെന്നും അസം സർക്കാർ വ്യക്തമാക്കി. ഹൈവേ വഴി യാത്ര നടത്താമെന്നും ഗുവഹത്തി നഗരപരിധിയിൽ രാവിലെ 8 മണിക്ക് മുൻപ് നടത്തണം, കൂടാതെ അധ്യയന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനൽകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഞ്ഞു മൂടി ഡൽഹി: നിരവധി ട്രെയിനുകൾ റദ്ദാക്കി
?️ഡൽഹിയിൽ അതിശൈത്യം തുടരുകയാണ്. ഇന്നും കനത്ത മൂടൽ മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രിസെൽഷ്യസും കൂടിയത് 19 ഡിഗ്രി സെൽഷ്യസുമായിരിക്കും. അടുത്ത 4 ദിവസം കൂടി ഇതോ കാലാവസ്ഥ തുടരാനാണ് സാധ്യത. നഗരത്തിന്‍റെ പലഭാഗങ്ങളിലും യെലോ അലർട്ട് തുടരുകയാണ്. മാത്രമല്ല, മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വായു മലിനീകരണവും കൂടി. ശരാശരി വായുനിലവാരം 348 ആണ്.

ജോലി കുംഭകോണം: ബംഗാൾ മന്ത്രിയുടെ വീട്ടിൽ‌ ഇഡി റെയ്ഡ്
?️ജോലി കുംഭകോണ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ സുജിത് ബോസിന്‍റെ വസതിയിൽ ഇഡി റെയ്ഡ്. മറ്റ് 2 തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. മുനിസിപ്പൽ ജോലി കുംഭകോണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് റെയ്ഡ്. മന്ത്രി സുജിത് ബോസുമായി ബന്ധപ്പെട്ട രണ്ടിടങ്ങളിലും തൃണമൂൽ നേതാക്കളായ തപസ് റോയിയുടെ വീട്ടിലും മുൻ മുനിസിപ്പാലിറ്റി വൈസ് ചെയർമാന്‍ സുബോധ് ചക്രബോർത്തിയുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലുമാണ് പരിശോധനകൾ നടക്കുന്നത്.

ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി
?️തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാരിന്‍റെ വാദം കേൾക്കാതെ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ നീക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ജയ താ നൽകിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു.ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

മിശ്രവിവാഹിത ദമ്പതികളെ ലോഡ്ജ് മുറിയിൽ അതിക്രമിച്ച് കയറി മർദിച്ച സംഭവം
?️ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ അക്രമിച്ച സംഭവത്തിൽ 7 പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് എടുത്തതായും ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തി. 7 പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായും ക്രൂരമായി മര്‍ദിച്ചെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെ കേസ് എടുത്തു.

ആകാശ് മിസൈലിന്‍റെ നിർണായക പരീക്ഷണം വിജയം
?️ഇന്ത്യയുടെ പുതുതലമുറ ആകാശ് മിസൈലിന്‍റെ (ആകാശ്-എൻജി) പറക്കൽ പരീക്ഷണത്തിൽ സുപ്രധാന നേട്ടവുമായി ഡിആർഡിഒ. ഒഡീഷ തീരത്ത് ചാന്ദിപ്പുരിലെ സംയോജിത പരീക്ഷണ കേന്ദ്രത്തിൽ വെള്ളിയാഴ്ച നടത്തിയ പരീക്ഷണത്തിൽ ആകാശ്-എൻജി നിശ്ചിത ലക്ഷ്യങ്ങൾ മറികടന്നു. താഴ്ന്ന ഉയരപരിധിയിൽ പറന്ന മിസൈൽ അതിവേഗത്തിൽ നീങ്ങുന്ന ആകാശലക്ഷ്യത്തെ കൃത്യമായി തകർത്തു. 80 കിലോമീറ്ററാണ് ആകാശിന്‍റെ ദൂരപരിധി. ലക്ഷ്യമിട്ട ആളില്ലാ വിമാനത്തിന്‍റെ സ്ഥാനം റഡാർ ഉപയോഗിച്ച് കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ ആകാശ് എൻജിക്കു കഴിഞ്ഞെന്നു ഡിആർഡിഒ. ഏറെ വൈകാതെ മിസൈൽ സൈന്യത്തിനു കൈമാറുന്നതിനും വഴിയൊരുങ്ങി.

ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
?️തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഉപഭോക്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവ്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ബെന്‍ലിംഗാണ് തുക നല്‍കേണ്ടത്. പൊട്ടിത്തെറിച്ചതിന്‍റെ കാരണങ്ങള്‍ മനസിലാക്കിയാല്‍ മാത്രം പോര, പരാതിക്കാര്‍ക്ക് നേരിടേണ്ടി വന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കേണ്ടതും കടമയാണെന്നും എന്നാല്‍ ഇതിനായി നിർമ്മിതാക്കൾ തയ്യാറാകുന്നില്ലെന്നും കോടത് പരാമർശിച്ചു. കമ്മീഷന്‍ പ്രസിഡന്‍റ് ഗജ്ജല വെങ്കിടേശ്വരലുവും അംഗം മാക്കം വിജയ് കുമാറും ആണ് ഇത് സംബന്ധിച്ച ഹര്‍ജി പരിശോധിച്ചത്.

ഏഴര വർഷം മുൻപ് കാണാതായ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തി
?️ഏഴര വർഷം മുൻപ് കാണാതായ ഇന്ത്യൻ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈയിൽ നിന്ന് 310 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിൽ 3.4 കിലോമീറ്റർ ആഴത്തിലാണ് ഇവ കിടക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ സമുദ്രാന്തർ വാഹനം പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് എ-32 യാത്രാ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തിരിച്ചറിയാൻ സാധിച്ചത്. ഈ മേഖലയിൽ മറ്റ് വിമാനാപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാലാണ് ഇത് കാണാതായ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തന്നെയാണെന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്.

തിരൂരങ്ങാടിയിൽ സെവൻസ് കാണാൻ അടി;
?️തിരൂരങ്ങാടിയിൽ സെവൻസ് ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തള്ളി തകർത്ത് അകത്ത് കയറി കാണികൾ. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂൾ മൈതാനത്താണ് സംഭവം.തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസിന്‍റെ ക്വാർട്ടർ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത്. പിന്നാലെയാണ് ​ഗെയ്റ്റ് തകർന്നത്.

അഗസ്ത്യാര്‍കൂടം ട്രെക്കിങ്
?️കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം ട്രെക്കിംഗിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 13 (ശനി) ന് രാവിലെ 11 മണി മുതൽ ആരംഭിക്കും. കേരള വനം ഫോറസ്റ്റ് ആന്‍റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്‍റിന്‍റെ സൈറ്റിലാണ് ഇത്തരമൊരു അറിയിപ്പുള്ളത്. വനം വകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. service plus എന്ന പോർട്ടൽ മുഖേന nic ആണ് ടിക്കറ്റ് ബുക്കിങ് സംവിധാനം ക്രമീകരിച്ചിട്ടുള്ളത്.

ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ വനിതാ റഫറി
?️ലോകകപ്പ്, യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് പിന്നാലെ ഏഷ്യന്‍ കപ്പിലും പുരുഷ മത്സരത്തില്‍ മത്സരം നിയന്ത്രിക്കാന്‍ ഒരുങ്ങി വനിതാ റഫറി. ജപ്പാന്‍ റഫറി യോഷിമി യമഷിതയാണ് ചരിത്രത്തിലേക്ക് വിസിലൂതാന്‍ ഒരുങ്ങുന്നത്. ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിലാണ് യമഷിത മത്സരം നിയന്ത്രിക്കുക. യമഷിതയടക്കം അഞ്ച് മാച്ച് ഓഫിഷ്യല്‍സാണ് ഇത്തവണ ഏഷ്യന്‍ പോരില്‍ അണിനിരക്കുന്നത് എന്നൊരു സവിശേഷതയുമുണ്ട്. ഇന്ത്യ- ഓസ്ട്രേലിയ പോരില്‍ യമഷിതയ്ക്കൊപ്പം മത്സരം നിയന്ത്രിക്കാനായി ഗ്രൗണ്ടിലിറങ്ങുന്ന അസിസ്റ്റന്‍റുമാരും വനിതാ റഫറിമാര്‍ തന്നെ. മകോടോ ബൊസോനോ, നവോമി ടെഷിരോഗി.

ഏഷ്യ കപ്പ് ഫുട്ബോൾ: ഇന്ത്യ ഇറങ്ങുന്നു
?️ഏഷ്യാ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഉച്ചയ്ക്ക് 2.30ന് അല്‍ റയാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് പോരാട്ടം. 2011ല്‍ ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റെങ്കിലും അത് ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. 2022 ഫിഫ ലോകകപ്പിൽ 16-ാം റൗണ്ടിലെത്തി അത്ഭുതങ്ങൾ സൃഷ്ടിച്ച സ്ക്വാഡുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപ്പം അനുഭവപരിചയമില്ലാത്ത ടീമുമായാണ് സോക്കറൂസ് ദോഹയിലെത്തിയിരിക്കുന്നത്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ