തൃശൂർ വാർത്ത

തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുന്നതിനെ തുടർന്ന് രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്ക്. അന്നേദിവസം ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്കും സമയക്രമം ഏർപ്പെടുത്തി. മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ, ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദിയെത്തിയത്.

വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും നൽകി പൊലീസ് പാസെടുക്കണം. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ അനുമതിയില്ലെന്നും ഭാരവാഹികൾ അറിയിച്ചു. അതേസമയം, മോദി ​ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന 17ന് മറ്റു വിവാഹങ്ങൾ വിലക്കിയെന്ന വാർത്ത വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹമാണ്.