തുണിക്ക് നിറം കൊടുക്കുന്ന റോഡമിൻ ബി ഉപയോഗിച്ച് ഉണ്ടാക്കിയ ചോക്ക് മിഠായി മലപ്പുറം തിരൂരിൽ പിടികൂടി. റോഡമിൻ ബി ആരോഗ്യത്തിന് ഹാനികരമാണ്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമാണ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി. മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. മിഠായിയുടെ സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ പരിശോധനയ്‌ക്കയച്ചു. എന്നാൽ, ഈ നിറം ഉപയോഗിക്കരുതെന്ന് ഇതുവരെ ആരും മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നാണ് മിഠായി നിർമാതാക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.