06.01.2024
ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങ്ങിന്‍റെ രണ്ടാംഘട്ടം ഉടന്‍: വീണാ ജോർജ്
?️ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങ്ങിന്‍റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിങ്ങില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
സ്‌കൂള്‍ കലോത്സവത്തിൽ കോഴിക്കോട് കുതിപ്പ് തുടങ്ങി
?️സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യ ദിനം പിന്നിടുമ്പോൾ നിലവിലെ സ്കൂൾ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നിൽ. 212 പോയിന്‍റുകളുമായാണ് ജില്ല കുതിപ്പു തുടരുന്നത്. 210 പോയിന്‍റുമായി തൊട്ടുപിന്നാലെ തൃശൂരും കണ്ണൂരും നിലയുറപ്പിച്ചിട്ടുണ്ട്.മലപ്പുറം 203 ന് പോയിന്‍റുമായി മൂന്നാം സ്ഥാനത്തും പാലക്കാട് 202 പോയിന്‍റുമായി നാലാം സ്ഥാനത്തും കുതിപ്പ് തുടരുകയാണ്. ആതിഥേയരായ കൊല്ലമാണ് ആറാം സ്ഥാനത്ത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി
?️ലോക്സഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിന്‍റെ ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തുടങ്ങി. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെത്തി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തും. ആന്ധ്രയും തമിഴ്നാടുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ആദ്യം സന്ദർശിക്കുക. കമ്മീഷൻ ഞായറാഴ്ച ആന്ധ്രയും പിന്നീട് തമിഴ്നാടും സന്ദർശിക്കും. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാവാത്ത സാഹചര്യത്തിൽ മാർച്ച മാസത്തോടെയെ തീയതി പ്രഖ്യാപിക്കൂ. പല സംസ്ഥാനങ്ങളിലേയും ഉത്സവങ്ങളും പരീക്ഷാ തീയതികളും അടക്കം പരിഗണിച്ചാവും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുക.
”ദൗത്യ നിർവഹണത്തിൽ വീഴ്ച”, ഖേദ പ്രകടനവുമായി മാർ ആലഞ്ചേരിയുടെ കത്ത്
?️സിറോ മലബാര്‍ സഭയുടെ തലവനെന്ന നിലയില്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകള്‍ സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി രൂപതാധ്യക്ഷന്‍ എന്ന നിലയിലും കര്‍ദിനാള്‍ എന്ന നിലയിലും ദൗത്യനിര്‍വഹണത്തില്‍ വന്നുപോയ കുറവുകളിലും വീഴ്ചകളിലും ഖേദിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് ഇത്തരമൊരു തുറന്നുപറച്ചില്‍ മാര്‍ ആലഞ്ചേരി നടത്തുന്നത്. സഭാംഗങ്ങള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്തിലാണ് ഖേദപ്രകടനം. സഭാ നേതൃത്വത്തില്‍നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാമേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹത്തിന്‍റെ കത്തില്‍ പറയുന്നു.
ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം
?️ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയത്. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. ഒരാഴ്ച മുമ്പാണ് സർക്കാർ ഓർഡിനൻസ് അനുമതി തേടി രാജ്ഭവന് കൈമാറിയത്.അതേസമയം, വിവാദമായ ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ഈ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
തട്ടമിടാത്ത സ്ത്രീകൾ ‘അഴിഞ്ഞാട്ടക്കാരി’യെന്ന പ്രസ്താവന; ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്
?️തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരി എന്നു പ്രസ്താവന നടത്തിയ സമസ്ത ജോയിന്‍റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. ‘നിസ’ അധ്യക്ഷ വി.പി. സുഹറ നൽകിയ പരാതിയിലാണ് കേസ്. നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പു പരാതി നൽകിയതായിരുന്നെങ്കിലും ഇപ്പോഴാണ് നടപടി സ്വീകരിക്കുന്നത്.സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാർ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിൽ നടന്ന പരിപാടിക്കിടെയാണ് ഉമർ ഫൈസി മുക്കം വിവാദ പ്രസ്താവന നടത്തിയത്.
ദേശാഭിമാനിയെ തള്ളി പൊലീസ് റിപ്പോർട്ട്
?️വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കെഎസ്‌യു പ്രവർത്തകന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാർത്തയിൽ കഴമ്പില്ലെന്ന് കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ദേശാഭിമാനി വാർത്തയെ തുടർന്ന് കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലാിരുന്നു പൊലീസ് അന്വേഷണം.കേരള സർവകലാശാലയുടെ ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു അൻസിലിനെതിരായ കേസ്. മുൻ എസ്എഫ്ഐ നേതാവ് വിദ്യ യുടെ ഗസ്റ്റ് അധ്യാപന നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന വിവാദം രൂക്ഷമായ സമയത്തായിരുന്നു ദേശാഭിമാനിയിൽ അൻസിലിനെതിരായ ലേഖനം വന്നത്.
മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് ചൈനീസ് പത്രം
?️പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വികസനം, സാമൂഹിക ഭരണം, വിദേശനയം എന്നിവയില്‍ ഇന്ത്യ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ പ്രകീര്‍ത്തിച്ച് ബീജിങ് ആസ്ഥാനമായ പ്രമുഖ ചൈനീസ് മാധ്യമം “ഗ്ലോബല്‍ ടൈംസ് ‘. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന ലേഖനമാണ് അവർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനീസ് സർക്കാരിനു കീഴിലുള്ള പീപ്പിൾസ് ഡെയ്‌ലിയുടെ സഹസ്ഥാപനമായ ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ് ഗ്ലോബൽ ടൈംസ്. ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാലയിലെ ദക്ഷിണേഷ്യൻ പഠന കേന്ദ്രത്തിന്‍റെ ഡയറക്റ്റര്‍ ഷാങ് ജിയാ ഡോങ് എഴുതിയ ലേഖനം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ എടുത്തുകാട്ടുന്നു.
മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
?️മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. പള്ളിയില്‍ സര്‍വേ നടത്തണമെന്ന ആവശ്യവും ഇതോടെ കോടതി നിരസിച്ചു. ഹർജി തള്ളിയ കോടതി ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. കൃഷ്ണജന്മഭൂമി സ്ഥലത്ത് പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അവിടെ സര്‍വേ നടത്തുകയും, പള്ളി പൊളിച്ചു നീക്കി കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ
?️ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ (വിഎസ്‌എസ്‌സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്. പുതുവർഷ ദിനത്തിൽ പിഎസ്എൽവി സി 58 എക്സ്പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വിഎസ്‌എസ്‌സി ആണ് നിർമിച്ചത്. അതിൽ ഒന്നാണ് എഫ്സിപിഎസ്. ഇതാണ് വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ മന്ത്രിയെ മാറ്റാൻ ഗവർണർക്ക് അധികാരമില്ല; സുപ്രീംകോടതി
?️മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ മന്ത്രിയെ മാറ്റാൻ ഗവർണർക്കാവില്ലെന്ന് സുപ്രീംകോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും നീക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്നും ശുപാർശയില്ലാതെ നീക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം. വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നതിൽ അപാകതയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അറബിക്കടലിൽ നിന്ന് ചരക്കുകപ്പൽ റാഞ്ചി കൊള്ളക്കാർ
?️സൊമാലിയൻ തീരത്തു നിന്നു ചരക്കു കപ്പലുകൾ തട്ടിയെടുത്തു. ലൈബീരിയൻ പതാകയുള്ള എം.വി ലില നേർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ തട്ടിയെടുത്തത്. ആറംഗ സംഘം വ്യാഴാഴ്ച വൈകിട്ടാണ് കപ്പൽ റാഞ്ചിയത്. കപ്പലിൽ പതിനഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. യുദ്ധകപ്പലായ ഐഎൻഎസ് ചെന്നൈ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.
തമിഴ്നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റിനൊപ്പം 1000 രൂപ
?️തമിഴ്നാട്ടില്‍ പൊങ്കൽ സമ്മാനമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി സർക്കാർ 238.92 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ 2.19 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഈ മാസം 10 ന് പണം ബാങ്ക് അക്കൗണ്ടിലെത്തും. സാധാരണ എല്ലാ മാസവും 15 നാണ് വീട്ടമ്മമാർക്കുള്ള വേതനം നൽകുന്നത്. ആദ്യഘട്ടത്തിൽ പൊങ്കലിന് കിറ്റു മാത്രമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഡിജിപിയായി രശ്മി ശുക്ല
?️മഹാരാഷ്ട്രയിലെ പൊലീസ് ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ രശ്മി ശുക്ല വ്യാഴാഴ്ച ചുമതലയേറ്റു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 1988 ബാച്ചിലെ ഉദ്യോഗസ്ഥയായ അവർ മുമ്പ് ഡെപ്യൂട്ടേഷനിൽ സിആർപിഎഫ് ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടിരുന്നു. ശുക്ല 2024 ജൂണിൽ വിരമിക്കും, അതിനാൽ അവരുടെ കാലാവധി നിലവിൽ 6 മാസമായിരിക്കും, എന്നാൽ ഇത് സർക്കാരിന് നീട്ടാവുന്നതാണ്.
തൃണമൂൽ നേതാവിന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി വാഹനത്തിനു നേരെ ആക്രമണം
?️പശ്ചിമബംഗ്ലാളിൽ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം. റേഷ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ വസതി റെയ്ഡ് ചെയ്യാനെത്തിയ എൻഫോഴ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. നോർത്ത് 24 പർഗാനസ് ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇഡി സഞ്ചരിച്ച വാഹനങ്ങൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടയുകയും അടിച്ചുതകർക്കുകയുമായിരുന്നു.
ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് പ്രതിപക്ഷം
?️എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ജീവനക്കാർക്കെതിരേ ആക്രമണമുണ്ടായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് പ്രതിപക്ഷം. തൃണമൂൽ കോൺഗ്രസ് പാർട്ടിക്കു കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും ഇല്ലാതായിരിക്കുകയാണ്. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. ഗവർണർ സി.വി. ആനന്ദബോസ് ഭരണഘടനാ സാധ്യതകൾ പ്രകാരം രാഷ്‌ട്രപതി ഭരണത്തിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനകൾ നൽകിയിട്ടുണ്ട്.
കൊള്ളക്കാരിൽ നിന്ന് ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന
?️അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇന്ത്യൻ ചരക്കു കപ്പലിനെ ഇന്ത്യൻ നാവികസേന കമാൻഡോ ഓപ്പറേഷനിലൂടെ മോചിപ്പിച്ചു. കമാൻഡോകൾ കപ്പലിനുള്ളിൽ പ്രവേശിപ്പിച്ച് മുന്നറിയിപ്പ് നൽകിയതോടെ കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് പോകുകയായിരുന്നു . 15 ഇന്ത്യക്കാർ അടക്കം കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേന വക്താവ് വിവേക് മധ്വാൽ വ്യക്തമാക്കി.
‘ആദിത്യ’ വിജയപഥത്തിലേക്ക്; ശനിയാഴ്ച ലക്ഷ്യത്തിലെത്തും
?️ഇന്ത്യയുടെ ആദ്യ സൂര്യപര്യവേക്ഷണ ദൗത്യം ആദിത്യ എൽ 1 ശനിയാഴ്ച ലക്ഷ്യത്തിലെത്തും. ശനി വൈകിട്ട് നാലിന് ലഗ്രാഞ്ച് പോയിന്‍റ് 1ന് (എൽ1) ചുറ്റുമുള്ള ഹാലോഭ്രമണപഥത്തിലാണ് പേടകം ചുവടുറപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്‍റ്. ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ദൂരത്തിന്‍റെ ഒരു ശതമാനം മാത്രമാണ് ഈ ദൂരം. മുഴുവൻ സമയവും സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാനാകുമെന്നതാണു ഭൂമിക്കും സൂര്യനുമിടയിലെ എൽ1 പോയിന്‍റിന്‍റെ സവിശേഷത.
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: ലഷ്കർ ഭീകരനെ വധിച്ചു
?️ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ വധിച്ചു. 2017ൽ സൈനിക ഓഫിസർ ലഫ്റ്റനന്‍റ് ഉമ്മർ ഫയാസിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ബിലാൽ അഹമ്മദ് ഭട്ടിനെയാണ് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. നിരവധി ഭീകരാക്രമണക്കേസുകളിൽ ഭട്ട് പങ്കാളിയാണ്. ചോട്ടിഗാം ഗ്രാമത്തിൽ ഭീകരരുടെ സാനിധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ സൈന്യം നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ റെയ്ഡ്
?️ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെയും മുൻ എംഎൽഎയുടെും വീട്ടിൽ നടന്ന ഇഡി റെയിഡിൽ 5 കോടി രൂപ, 100 കുപ്പി മദ്യം, 300 വെടിയുണ്ടകൾ, 5 കിലോ സ്വർണക്കട്ടി എന്നിവ പിടിച്ചെടുത്തു. കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാർ, ഇന്ത്യൻ നാഷനൽ ലോക് ദൾ മുൻ എംഎൽഎ ദിൽബാഗ് സിങ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി ഖനനം നടത്തിയെന്ന കേസിലാണ് ഇരുവരുടെയും വീട്ടിൽ റെയ്ഡ് നടത്തിയത്. ഇതിനു പുറമേ യമുന നഗർ, സോനിപത്ത്, മൊഹാലി, ഫരീദാബാദ് എന്നിങ്ങനെ 20 സ്ഥലങ്ങളിൽ റെയ്ഡ് നടന്നു.
ഡൽഹി സർക്കാർ ആശുപത്രികളിൽ നിലവാരം കുറഞ്ഞ മരുന്ന്!
?️ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ നിലവാരം കുറഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ ശുപാർശപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി സർക്കാരിന്‍റെ മൊഹല്ല ക്ലിനിക്കുകളിൽ അടക്കം വിതരണം ചെയ്ത മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി സക്സേന പറഞ്ഞു. ജീവനു പോലും ഭീഷണിയാകുന്ന വിധത്തിലുള്ള മരുന്നുകളാണ് വിതരണം ചെയ്തിരുന്നതെന്നും സക്സേന ആരോപിച്ചു.
പാർലമെന്‍റ് സുരക്ഷാ വീഴ്ച: നുണ പരിശോധനയ്ക്ക് തയാറായി പ്രതികൾ
?️പാർലമെന്‍റ് സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പിടിയിലായ ആറു പ്രതികളിൽ അഞ്ച് പേരും നുണപരിശോധനയ്ക്ക് സമ്മതം നൽകി. മനോരഞ്ജൻ ഡി, സാഗർ ശർമ, അമോൽ ധൻരാജ്, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത്ത് എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ കസ്റ്റഡി കാലാവധി കോടതി നീട്ടിയിട്ടുമുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറിനു മുൻപിൽ ഹാജരാക്കിയപ്പോഴാണ് നീലം ആസാദ് ഒഴികെയുള്ളവർ നുണപരിശോധനയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്.
അമെരിക്കയിലെ സ്കൂളിൽ 17കാരന്‍റെ വെടിവയ്പ്; ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
?️അവധിക്കാലത്തിന് ശേഷം സ്കൂളിൽ തിരിച്ചെത്തിയ 17കാരന്‍ നടത്തിയ വെടിവയ്പിൽ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. 5 പേർക്ക് പരുക്ക്. 4 വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരനുമാണ് പരുക്കേറ്റത്. വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത വിദ്യാർത്ഥിയെ പിന്നീട് സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് വിശദമാക്കി. അമെരിക്കയിലെ അയോവയിലെ പെറി ഹൈസ്കൂളിൽ വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്.
ജനവാസമേഖലയിലെ ഓവുചാലിൽ വീണ ആനക്കുട്ടിയെ നാട്ടുകാർ രക്ഷിച്ചു
?️കൂട്ടംതെറ്റി ജനവാസമേഖലയിലെ ഓവുചാലിൽ വീണ ആനക്കുട്ടിയെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. പുൽപ്പള്ളിക്കടുത്ത് കുറിച്ചിപ്പറ്റയിലെ ഓവുചാലിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.വനത്തോടു ചേർന്നു നിൽക്കുന്ന പ്രദേശമാണിത്. ആനക്കുട്ടിയെ കണ്ടെത്തിയ സ്ഥലത്തോട് ചേർന്ന് അമ്മയാനയടക്കനുള്ള കാട്ടാനക്കൂട്ടമുണ്ടായിരുന്നു. ഈ കൂട്ടത്തിൽ നിന്ന് വഴിതെറ്റിയാണ് ജനവാസമേഖലയിലെത്തിയത്.
‘ചെമ്മീൻ’ വിവർത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു
?️തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. ഇന്നലെ രാവിലെ 11ന് കൂനമ്മാവിലെ വസതിയിലായിരുന്നു അന്ത്യം. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്‍ററികളും നിര്‍മ്മിച്ചിട്ടുണ്ട്. 1967-ല്‍ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ കേരളത്തിലെത്തുന്നത്.
ബിജെപിയില്‍ അംഗത്വമെടുത്ത ഫാ. ഷൈജു കുര്യനെതിരേ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ
?️ബിജെപിയിൽ അംഗത്വമെടുത്ത വൈദികനെതിരേ നടപടിയുമായി ഓർത്തഡോക്സ് സഭ. നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറിയായിരുന്ന ഫാ. ഷൈജു കുര്യനെ ചുമതലകളിൽ നിന്നും നീക്കി. ഫാ. ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനം. ഓർത്തഡോക്സ് സഭ നിയോഗിക്കുന്ന കമ്മീഷൻ പരാതി അന്വേഷിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം.ഭദ്രാസനത്തിലെ എല്ലാ ചുമതലകളിൽനിന്നും ഷൈജുവിനെ നീക്കി.
വിജിൻ എംഎൽഎയെ ഒഴിവാക്കി കണ്ടാലറിയാവുന്ന നൂറു പേർക്കെതിരേ കേസ്
?️ഗവ. നഴ്സസ് അസോസിയേഷൻ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ എം. വിജിൻ എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികൾക്കെതിരേയും കണ്ടാലറിയാവുന്ന 100 പേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാർ സംഘം ചേർന്നെന്നും പൊതുയോഗം നടത്തിയെന്നും കലക്‌ടറേറ്റിൽ അതിക്രമിച്ചു കയറിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എഫ്ഐആറിൽ വിജിൻ എംഎൽഎയുടെ പേരില്ല. അതേ സമയം, കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരേ കമ്മീഷണർക്ക് എം. വിജിൻ എംഎൽഎയും പരാതി നൽകി.
‘അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ..?’; വൃന്ദാ കാരാട്ടിനു മറുപടിയുമായി ഗവര്‍ണര്‍
?️കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്ന സിപിഎം പിബി അംഗം വൃന്ദ കാരാട്ടിന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൃന്ദ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ ചോദിച്ച ഗവർണർ വൃന്ദയുടെ പരാമർശങ്ങൾ താന്‍ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും പറഞ്ഞു. ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും താൻ ചെയ്യുന്നത് നിയമപരമായ ചുമതലയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
3 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐ
?️തിരുവല്ലം കസ്റ്റഡി മരണത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സിബിഐ. തിരുവല്ലം എസ്എച്ചഒ ആയിരുന്ന സുരേഷ് വി. നായർ, എസ്ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ്ഐ സജീവ് കുമാർ എന്നിവരെയാണ് പ്രതി ചേർത്തത്.2022 ഫെബ്രുവരിയിലാണ് സുരേഷ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ പൊലീസ് മർദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിന്‍റെ കുടുംബവും ആരോപിച്ചു.
മോദിയുടെ സ്വർണക്കടത്ത്
?️ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മറ്റാർക്കും അറിയാത്ത കാര്യം വ്യക്തമാക്കിയ സാഹചര്യത്തിൽ തെളിവോടു കൂടി പ്രധാനമന്ത്രി ഇത് അന്വേഷണ ഏജൻസികളുടെ മുൻപിൽ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഈ പ്രഖ്യാപനത്തിലൂടെ അത് നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ അദ്ദേഹം നിർബന്ധിതനായിരിക്കുകയാണ്. അല്ലെങ്കിൽ അതിന് അദ്ദേഹം കൂട്ടിനിന്നുവെന്ന ദുർവ്യാഖ്യാനമാണ് പൊതു സമൂഹത്തിൽ ഉണ്ടാവുക. ഒരു കുറ്റത്തെ സംബന്ധിച്ച് അറിയാമായിരുന്നിട്ടും നിയമത്തിന്‍റെ മുൻപിലത് പറയാതിരിക്കുന്നത് കുറ്റവാളിയെ സഹായിക്കാൻ വേണ്ടിയാണ്. മറ്റാർക്കും അറിയാത്ത കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ തെളിവോടു കൂടി അദ്ദേഹം അന്വേഷണ ഏജൻസികളുടെ മുൻപിൽ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിൽ മലയാളി യുവാവിന് മരണത്തിന് മുമ്പ് തന്നെ മർദനമേറ്റിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
?️ഗോവയിൽ പുതുവത്സരമാഘോഷിക്കാൻ പോയ വൈക്കം സ്വദേശിയായ യുവാവിന്റെ ദുരൂഹമരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. യുവാവിന്റെ നെഞ്ചിലും പുറത്തും മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.പുതുവർഷ രാത്രിയിലെ ഡിജെ പാർട്ടിക്കിടെ മർദനമേറ്റതായിട്ടാണ് സഞ്ജയുടെ കുടുംബത്തിന് ലഭിച്ച വിവരം. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്. സഞ്ജയ് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സഞ്ജയ്‌യെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച് കൊന്ന് കടലില്‍ തള്ളിയതാണെന്ന് പിതാവ് സന്തോഷ് ആരോപിച്ചു.
സംസ്ഥാനത്ത് മഴ തുടരും
?️സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഒടുവിൽ വാർനറുടെ തൊപ്പി തിരിച്ചുകിട്ടി, പഴയ പോലെ തന്നെ!
?️ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർനർ തന്‍റെ ടെസ്റ്റ് ക്യാപ്പ് മോഷണം പോയതായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് നാലു ദിവസത്തിനു ശേഷം തൊപ്പി തിരിച്ചുകിട്ടി. തൊപ്പി ആരോ മോഷ്ടിച്ചതാണെന്നും, തിരിച്ചുതരുന്നവർക്ക് തന്‍റെ ബാക്ക് പാക്ക് സമ്മാനമായി നൽകാമെന്നുമെല്ലാം വാർനർ വൈകാരികമായ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തനിക്ക് അരങ്ങേറ്റത്തിലെ തൊപ്പിയണിഞ്ഞു തന്നെ അവസാന ടെസ്റ്റ് കളിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മുൻപൊരിക്കൽ നഷ്ടപ്പെട്ട തൊപ്പി വീട്ടിൽ നിന്നു ഭാര്യ കണ്ടെത്തി കൊടുത്തതു പോലെ, ഇത്തവണ തൊപ്പി കിട്ടിയത് വാർനർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽനിന്നു തന്നെയാണ്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5810 രൂപ
പവന് 46480 രൂപ