നെന്മാറയിലെ ഇരുചക്ര പാർക്കിംഗ് കേന്ദ്രം മൂത്ര വിസർജന കേന്ദ്രമായി

നെന്മാറ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന് പിന്നിലെ സ്ഥലമാണ് മൂത്ര വിസർജന കേന്ദ്രമായി മാറിയത്. ജലസേചന വകുപ്പിന്റെ തവളാക്കുളം ഫീൽഡ് കനാലിന്റെയും പഞ്ചായത്ത് ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഇടയിലുള്ള കനാലിൽ മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിനായി സ്ലാബ് മൂടിയ പ്രദേശമാണ് മൂത്ര വിസർജന കേന്ദ്രമായി മാറിയത്. ദൂരസ്ഥലങ്ങളിലേക്ക് ബസ്സിൽ യാത്ര പോകുന്നവരും മറ്റും രാവിലെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ബസ്റ്റാൻഡിൽ എത്തുന്നവർ രഹസ്യമായി മൂത്ര വിസർജനം നടത്തുന്നതിന് ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രദേശമായതിനാലും ബസ്റ്റാൻഡിൽ ഉള്ളവരുടെ ശ്രദ്ധയിൽ പെടാത്ത കേന്ദ്രമായതിനാലും ഇവിടം മയക്കുമരുന്ന് ഉൾപ്പടെ ലഹരി വസ്തുക്കളുടെ വില്പന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു. കടകൾക്കും ബസ് കാത്തുനിൽക്കുന്നവരുടെ വിശ്രമ കേന്ദ്രത്തിനും ചേർന്നുള്ള ഈ സ്ഥലം ദുർഗന്ധവും കൊതുക് വളർത്തൽ കേന്ദ്രവുമായി മാറിയിരിക്കുകയാണ്. ഈ സ്ഥലം ഇരുചക്രവാഹനങ്ങൾക്കുള്ള പാർക്കിംഗ്, സൂക്ഷിപ്പുകാരെ നിയമിക്കുകയോ കരാർ നൽകി ഫീസ് പിരിക്കുകയോ ചെയ്യാതായതോടെയാണ് മാലിന്യങ്ങളും മൂത്രവിസർജന കേന്ദ്രവുമായി പ്രദേശം മാറിയത്. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അത്യാഹിത വിഭാഗത്തിന് തൊട്ടുചേർന്നുമാണ് മൂത്ര വിസർജനം നടത്തി കൊതുകുകളുടെയും ദുർഗന്ധത്തിന്റെയും ഉൽപാദന കേന്ദ്രമായി നിൽക്കുന്നത്. ദേവാലയത്തിലേക്ക് വരുന്നവരും അത്യാഹിത വിഭാഗത്തിലേക്ക് വരുന്നവരും ദുർഗന്ധം പേറി ഇതുവഴി യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ഇത് തടയുന്നതിന് പഞ്ചായത്ത്, ആരോഗ്യവകുപ്പ് തുടങ്ങിയവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. പരിസരം വൃത്തിയായി സൂക്ഷിക്കാനും നിർമ്മൽ ഗ്രാമപഞ്ചായത്തായി പഞ്ചായത്ത് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഈ മാലിന്യ കേന്ദ്രം പഞ്ചായത്ത് കണ്ടതായി നടിക്കുന്നില്ലെന്നും പരാതി ഉയരുന്നു. ഇരുചക്ര വാഹനങ്ങൾ നിർത്തിയിടുന്ന പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിന് മുന്നറിയിപ്പ് ബോർഡുകളോ ക്യാമറയോ സ്ഥാപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്തും പോലീസും സംവിധാനം ഒരുക്കണമെന്നാണ് ബസ്റ്റാൻഡിൽ വരുന്നവരുടെ ആവശ്യം.