പ്രഭാത വാർത്തകൾ*

?➖?➖?➖?➖?️➖?️

         _*_


            _*2024 ജനുവരി 04*_
            _*1199 ധനു 19*_
        _*1445 ജമാദുൽ ആഖിർ 21*_


                   _*വ്യാഴം*_

?➖?➖?➖?➖?➖?

? കേരളീയം ?
———————>>>>>>>>>

?️ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. തുടര്‍ന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.

?️ അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. പുതിയ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും നാളെയും മഴ ശക്തമായേക്കുമെന്നാണ് സൂചന.

?️ തീരദേശ റെയില്‍ പാതയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പറവൂരില്‍ തീരദേശ റെയില്‍ പാതയിലാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.വാടക്കല്‍ കറുകപറമ്ബില്‍ വില്ല്യം – ബിയാട്രിസ് ദമ്പതികളുടെ മകൻ ജിനു ആണ് മരിച്ചത്.

?️ രജിസ്ട്രേഷൻ വകുപ്പില്‍ പുതുവത്സരം ആരംഭിച്ചത് സെര്‍വര്‍ തകരാറോടെ. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സെര്‍വര്‍ പണിമുടക്കിയത്.ചൊവ്വാഴ്ചയിലെ അവധി കഴിഞ്ഞ് ബുധനാഴ്ച വൈകീട്ടോടെയാണ് തകരാര്‍ പരിഹരിക്കാനായത്. സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ സേവനങ്ങള്‍ നിലച്ചു. ഭൂമി കൈമാറ്റത്തിനായി പണം കൈമാറി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ചശേഷം ബുധനാഴ്ച രാവിലെ മുതല്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ എത്തിയവര്‍ക്കാണ് സെര്‍വര്‍ തകരാര്‍ ഇരുട്ടടിയായത്. ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ്, പ്രത്യേക വിവാഹ രജിസ്ട്രേഷന്‍ എന്നിവക്കായി ഫീസ് അടക്കുന്നതിനോ, സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും പ്രിന്‍റ് എടുക്കാനോ സാധിച്ചില്ല. ആധാരങ്ങളുടെ രജിസ്ട്രേഷനുവേണ്ടി ഓണ്‍ലൈന്‍ ചെയ്ത നിരവധി പേരുടെ പണവും അക്കൗണ്ടില്‍നിന്നും പോയിട്ടും വീണ്ടും പണം അടയ്ക്കാനുള്ള നിര്‍ദേശം ലഭിച്ചതായും പരാതിയുണ്ട്.അപേക്ഷ നല്‍കി പണം അടച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പുരോഗതി പരിശോധിക്കുമ്പോള്‍ പണം അടച്ചിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും അപേക്ഷകര്‍ പറയുന്നു. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആധാരം, ഇ- ഗഹാന്‍ എന്നിവയുടെ രജിസ്ട്രേഷന്‍, ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ്, വിവാഹ രജിസ്ട്രേഷന്‍ തുടങ്ങി സേവനങ്ങളും നിലച്ചു. മാത്രമല്ല, മിക്ക സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഇ- ഗഹാന്‍ രജിസ്ട്രേഷന്‍ താറുമാറായിട്ടും ദിവസങ്ങളായി. ഇതുകാരണം സഹകരണബാങ്കുകളിലെ വായ്പവിതരണവും നിലച്ചിരിക്കുകയാണ്. ബാങ്കിലെ വായ്പ കടം അവസാനിപ്പിച്ച്‌ ഭൂമി കൈമാറ്റം ചെയ്യാനായി കാത്തിരിക്കുന്നതും നിരവധി പേരാണ്.

?️ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.എന്നാല്‍, മറ്റ് യാത്രാ സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളില്‍ സര്‍വിസ് നിലനിര്‍ത്തും. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ പരിഭവിക്കരുത്. സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസ മേഖല, ഉള്‍പ്രദേശങ്ങള്‍, ദലിത് കോളനികള്‍, എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലെ സര്‍വിസുകള്‍ നഷ്ടമാണെങ്കിലും തുടരും. മുൻമന്ത്രി ആൻറണി രാജുവുമായി ഒരുവിധ തര്‍ക്കവുമില്ല. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. കെ.എസ്.ആര്‍.ടി.സിയുടെ ചെലവ് കുറക്കുന്നതിനും വരുമാന ചോര്‍ച്ചയുണ്ടാകാതിരിക്കുന്നതിനുമുള്ള നടപടികളാണ് മനസ്സിലുള്ളത് -മന്ത്രി പറഞ്ഞു.വരുമാനം വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിനൊപ്പം ചെലവും വര്‍ധിച്ചാല്‍ കുഴപ്പമാകും. അശാസ്ത്രീയ സമയക്രമമാണ് ബസ് സര്‍വിസുകള്‍ നഷ്ടത്തിലാകാൻ കാരണമെങ്കില്‍ അത് പരിശോധിക്കും. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്കാരം തയാറാക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി അനുവാദം നല്‍കിയാല്‍ പരിഷ്കാരം നടപ്പാക്കും.കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ മൂലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. വലിയ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് സ്വീകരിക്കാൻ കെ.എസ്.ആര്‍.ടി.സിക്ക് ‌ആദായ നികുതി വകുപ്പിന്റെ അനുവാദം ആവശ്യമുണ്ട്. അതിനായി അപേക്ഷ നല്‍കാൻ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് നിര്‍ദേശം നല്‍കി. യൂനിയനുകളുമായി സൗഹൃദത്തില്‍ പോകും. ശമ്പളം, പെൻഷൻ എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യങ്ങളില്‍ സുതാര്യ ചര്‍ച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

?️ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം മന്ത്രി സജി ചെറിയാന്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും മന്ത്രിയുടെ നടപടിയിലെ അതൃപ്തി പ്രകടമാക്കി ഓര്‍ത്തഡോക്സ് സഭ.കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാര്‍ ദിയസ്കോറസാണ് രൂക്ഷമായ ഭാഷയില്‍ മന്ത്രിയുടെ നടപടിയോട് പ്രതികരിച്ചത്.’കേന്ദ്രസര്‍ക്കാറായാലും സംസ്ഥാന സര്‍ക്കാറായാലും സഭ നല്ല ബന്ധമാണ് നിലനിര്‍ത്തുന്നത്. അവര്‍ വിളിച്ചാല്‍ ആ പരിപാടിയില്‍ പങ്കെടുക്കുക എന്നത് സഭയുടെ നിലപാടാണ്. ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ഞങ്ങളുടെ കുഴപ്പമല്ല, അത് പറഞ്ഞവരുടെ കുഴപ്പമാണ്’ – മെത്രാപ്പോലീത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.

?️ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 61ാം വാര്‍ഷിക, 59ാം സനദ്ദാന സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ജാമിഅ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഞ്ചുനാള്‍ നീളുന്ന സമ്മേളനത്തിന് പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.കോഴിക്കോട് ഖാദി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനം കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.

?️ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ മികച്ച സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയതിന് മുഖ്യമന്ത്രി ആദരിച്ച ഉദ്യോഗസ്ഥന് ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പില്‍ സ്‌പെഷല്‍ കമീഷണറായി സ്ഥാനക്കയറ്റം.എസ്. എബ്രഹാം റെന്നിനാണ് സ്‌പെഷല്‍ കമീഷണറുടെ എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ച്‌ നിയമനം നല്‍കാൻ മന്ത്രിസഭയോഗം തീരുമാനിച്ചത്. ജി.എസ്.ടി വകുപ്പില്‍ അഡീഷനല്‍ കമീഷണര്‍ പദവിയിലിരിക്കെയാണ് കേരളീയം പരിപാടിയില്‍ മികച്ച സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയത്. നിലവില്‍ ലോട്ടറി ഡയറക്ടര്‍ കൂടിയാണ്. നികുതി പിരിവിന്‍റെ ഉത്തരവാദിത്വമുള്ള ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കേരളീയം പരിപാടിക്ക് സ്‌പോണ്‍സറെ കണ്ടെത്തുന്നതിന് നിയോഗിച്ച നടപടി വിവാദമായിരുന്നു.

?️ ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല 2023-24 അധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ യു.ജി.സി.ആറു പ്രോഗ്രാമുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ബി.സി.എ., ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ. സൈക്കോളജി, ബി.എ. നാനോഎന്‍റര്‍പ്രണര്‍ഷിപ്പ്, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് യു.ജി.സിയുടെ അംഗീകാരം ലഭിച്ചത്. നിലവില്‍ സര്‍വകലാശാല നടത്തിവരുന്ന 22 പാഠ്യപദ്ധതികള്‍ക്ക് പുറമേയാണ് ഈ പുതിയ പ്രോഗ്രാമുകള്‍ക്കുള്ള അംഗീകാരം.

?️ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഈ വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈൻ രീതിയില്‍ നടത്താൻ തീരുമാനം.ഇതുസംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് മന്ത്രിസഭാ യോഗം സാധൂകരിച്ചു. നിലവില്‍ രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് പേപ്പറുകളില്‍ ഒ.എം.ആര്‍ അധിഷ്ഠിത പേപ്പര്‍ -പെൻ രീതിയില്‍ നടത്തുന്ന പരീക്ഷ ഇനി മുതല്‍ മൂന്ന് മണിക്കൂറുള്ള ഒറ്റ പരീക്ഷയായിരിക്കും.ജെ.ഇ.ഇ പരീക്ഷ മാതൃകയില്‍ ഒന്നിലധികം ചോദ്യപേപ്പര്‍ ഉപയോഗിച്ച്‌ വ്യത്യസ്ത ദിവസങ്ങളിലായിരിക്കും പരീക്ഷ. പ്രവേശന പരീക്ഷയിലെ യഥാര്‍ഥ സ്കോര്‍ പരിഗണിക്കുന്നതിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളില്‍ പിന്തുടരുന്ന ‘പെര്‍സന്‍റയില്‍’ സ്കോര്‍ രീതി കേരള എൻട്രൻസിലും നടപ്പാക്കാനാണ് പ്രവേശന പരീക്ഷ കമീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ നിര്‍ദേശിച്ചത്.

?️ പത്തനംതിട്ട പെരുനാട് സ്വദേശിയായ ജിം പരിശീലകൻ ഹൃദയാഘാതം മൂലം അജ്മാനില്‍ നിര്യാതനായി. പെരുനാട് കല്ലുപുരയിടത്തില്‍ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്.

?️ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് സഹപാഠിയായ വിദ്യാര്‍ഥിനിയുടെ വീട്ടില്‍നിന്ന് മടങ്ങിയ യുവാക്കളെ ആക്രമിച്ച കേസില്‍ സൈനികൻ അറസ്റ്റില്‍.മൈനാഗപ്പള്ളി കടപ്പ തോട്ടുമുഖം തോട്ടിൻകരവീട്ടില്‍ സ്വാതിഷ് (23) ആണ് അറസ്റ്റിലായത്. മണൂര്‍ക്കാവ് തേവലക്കര റോഡില്‍ ഉച്ചക്ക് 2.30നാണ് സംഭവം. സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ക്രിസ്മസ് വിരുന്ന് കഴിഞ്ഞിറങ്ങിയ തിരുവനന്തപുരം സ്വദേശികളായ യുവാക്കളെ സ്വാതിഷ് റോഡില്‍ തടയാൻ ശ്രമിച്ചു.ബൈക്ക് നിര്‍ത്താതെപോയ യുവാക്കളെ സ്വാതിഷും സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം കമ്പിവടികൊണ്ട് യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും ബൈക്കും ഹെല്‍മറ്റും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഒളിവില്‍പോയ മറ്റുപ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും സ്വാതിഷിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പൊലീസ് അറിയിച്ചു.

?️ വിഭാഗീയതയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെട്ട കോട്ടക്കല്‍ നഗരസഭ തിരിച്ചുപിടിച്ച്‌ മുസ്ലീം ലീഗ്‌. സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഡോ.ഹനീഷ ചെയര്‍പേഴ്സണായി. ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ അടാട്ടില്‍ റഷീദ വിട്ടു നിന്നപ്പോള്‍ ഫഹദ് നരിമടക്കലിന്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടാണ് ലഭിച്ചത്.

?️ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് 140 മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കി.എറണാകുളം ജില്ലയില്‍ രണ്ട് ഘട്ടത്തിലായി സംഘടിപ്പിച്ച നവകേരള സദസ്സില്‍ 52,450 നിവേദനമാണ് ലഭിച്ചത്. നവംബര്‍ 18ന് കാസര്‍കോടുനിന്ന് ആരംഭിച്ച പര്യടനം കുന്നത്തുനാട് മണ്ഡലത്തിലാണ് സമാപിച്ചത്. ഡിസംബര്‍ ഒമ്പതിനായിരുന്നു തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് തീരുമാനിച്ചിരുന്നത്.എന്നാല്‍, കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിയത്. എല്ലാ മണ്ഡലത്തിലും തിരക്കുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടി സ്വീകരിക്കും.

?️ കേരളം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മാനസികാവസ്ഥയില്‍ തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും എന്നും കേന്ദ്രത്തിന്‍റെ വികസന വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാൻ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.തൃപ്പൂണിത്തുറ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിന്‍റെ സമാപനവേദിയായ പുത്തന്‍കാവ് ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവേകരള സദസ്സ് ഏതെങ്കിലും കൂട്ടര്‍ക്കെതിരായ പരിപാടിയല്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണ്. എന്തിനാണ് കോണ്‍ഗ്രസിന്റെ ബഹിഷ്‌കരണമെന്ന് മനസ്സിലാകുന്നില്ല. തൃപ്പൂണിത്തുറയിലെ നവകേരള സദസ്സും ശുഷ്‌കമാകാൻ കഴിയുന്നതെല്ലാം ചിലര്‍ ചെയ്തുനോക്കി. പറവൂരില്‍ വൻ ജനാവലി പങ്കെടുത്തു. ഇതിനെതിരെ എന്തെല്ലാമോ വിളിച്ചുപറയുന്ന തരത്തില്‍ തരംതാഴ്ന്ന രീതിയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാറിന്‍റെ നിഷേധാത്മക സമീപനം സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണ്. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നീതികരിക്കാനാകാത്ത കാര്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതില്‍ നീരസം ഉണ്ടാകാം.അതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന കക്ഷിക്കും അത്തരം നീരസമുണ്ടാകാം. പക്ഷേ, കോണ്‍ഗ്രസിന് വിഷമമുണ്ടാകാനുള്ള കാരണം മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംഘാടക സമിതി ചെയര്‍മാന്‍ എം. സ്വരാജ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, രാമചന്ദ്രന്‍ കടന്നപ്പിള്ളി, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാരും സംബന്ധിച്ചു.

?️ തൃപ്പൂണിത്തുറ മണ്ഡലംതല നവകേരള സദസ്സില്‍ 3458 നിവേദനം ലഭിച്ചു. 25 കൗണ്ടറാണ് ഒരുക്കിയത്. സ്ത്രീകള്‍, വയോജനങ്ങള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ തയാറാക്കിയിരുന്നു. നിവേദനങ്ങള്‍ എഴുതിനല്‍കാനും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. പുതിയകാവ് ക്ഷേത്രം മൈതാനിയില്‍ സജ്ജീകരിച്ച വേദിയില്‍ സദസ്സ് ആരംഭിക്കുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്ബ് മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

?️ കോടതി വിലക്ക് മറികടന്ന് നിര്‍മല്‍ കൃഷ്ണയുടെ ഭൂമി കൈമാറ്റം ചെയ്തു. അതിര്‍ത്തി മലയോര ഗ്രാമങ്ങളെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്ത നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പു കേസിലെ പ്രധാന പ്രതി നിര്‍മലന്റെ വസ്തുവകകള്‍ കൈമാറ്റം ചെയ്യരുതെന്ന കോടതിയുടെ വിലക്ക് മറികടന്ന് തിരുവനന്തപുരം തൈക്കാട് വില്ലേജിലെ 77 സെന്റ് വസ്തുവാണ് കോടികള്‍ വിലവാങ്ങി കൈമാറ്റം ചെയ്ത് രജിസ്‌ട്രേഷന്‍ നടത്തിയത്.പതിനായിരത്തിലേറെ നിക്ഷേപകരെ കബളിപ്പിച്ച്‌ ഏഴു വര്‍ഷം മുമ്പാണ് പളുകല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നിര്‍മല്‍ കൃഷ്ണ എന്ന സ്വകാര്യ പണമിടപാടു സ്ഥാപനം പൂട്ടി ഉടമയും സംഘവും കടന്നത്. വഞ്ചിക്കപ്പെട്ട നിക്ഷേപകരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. കുന്നത്തുകാല്‍, പാറശ്ശാല, വെള്ളറട തുടങ്ങിയ പഞ്ചായത്തു പ്രദേശങ്ങളിലുള്ളവരായിരുന്നു നിക്ഷേപകരില്‍ ഏറെയും. വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച്‌ പ്രക്ഷോഭ സമരങ്ങളും നിയമ നടപടികളും നടത്തിയതിന്റെ ഫലമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മധുരയിലെ ഹൈകോടതി ബെഞ്ചിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടക്കുകയും ഉടമ നിര്‍മലനും കൂട്ടാളികളും ഗത്യന്തരമില്ലാതെ കീഴടങ്ങുകയും ചെയ്തിരുന്നു.പാപ്പര്‍ ഹരജി ഉള്‍പ്പെടെ നല്‍കി തടിതപ്പാന്‍ നിര്‍മലന്‍ ശ്രമിച്ചെങ്കിലും മലയാളികള്‍ നേതൃത്വം നല്‍കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ നിയമപോരാട്ടങ്ങളുടെ ഭാഗമായി ഉടമയുടെയും ബിനാമികളുടെയും വിവിധ സ്ഥാപനങ്ങളും വസ്തുവകകളും കണ്ടുകെട്ടി ലേലം ചെയ്തുവരുകയാണ്. അതിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിര്‍മലന്റെ പേരിലുള്ള വസ്തുവകകള്‍ കൈമാറ്റം ചെയ്യുന്നതുള്‍പ്പെടെ ക്രയവിക്രയങ്ങള്‍ ചെയ്യരുതെന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം കുറ്റാന്വേഷണ വിഭാഗം വിവിധ രജിസ്‌ട്രേഷന്‍ ഓഫിസുകളില്‍ തടസ്സവാദ നോട്ടീസ് നല്‍കിയിരുന്നു.ഈ വിലക്കു ലംഘിച്ചാണ് പ്രതിയുടെ പേരിലുള്ള ഭൂമി തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിലയാധാര രജിസ്‌ട്രേഷന്‍ നടത്തിയതായി ആക്ഷന്‍ കൗണ്‍സില്‍ കണ്ടെത്തിയത്. രജിസ്‌ട്രേഷന്‍ ഐ.ജി ഓഫിസിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനു ചുക്കാന്‍ പിടിച്ചതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്.ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം തകര്‍ത്ത നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പ് കേസിലെ പ്രധാന പ്രതിക്കു വേണ്ടതായ ഒത്താശ ചെയ്തു കൊടുത്ത രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച്‌ രജിസ്ട്രേഷന്‍ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും രജിസ്ട്രേഷന്‍ മന്ത്രിക്കും ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കി.

?️ മുൻ മന്ത്രി ആന്‍റണി രാജുവുമായി തര്‍ക്കമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അച്ഛനോടൊപ്പം എം.എല്‍.എയായിരുന്ന ആളാണ് അദ്ദേഹം.അദ്ദേഹത്തെ ‘ചേട്ടാ’ എന്നാണ് താൻ വിളിക്കുന്നത്. താനും അച്ഛനോടൊപ്പം എം.എല്‍.എയായിരുന്നുവെന്നും അതൊന്നും ഒരു ക്ലാസിഫിക്കേഷനല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

?️ ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷകരാവുന്ന എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ വെള്ളിവരെ സമയം.കാറ്റഗറി നമ്പര്‍ 494/2023 മുതല്‍ 519/2023 വരെ തസ്തികകളില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയതായി പി.എസ്.സി അറിയിച്ചു. വിമൻ എക്സൈസ് ഓഫിസര്‍, അസി. ഇൻഷുറൻസ് മെഡിക്കല്‍ ഓഫിസര്‍ എന്നിങ്ങനെ 26 കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ ബുധനാഴ്ചയാണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെ അപേക്ഷിക്കാമെന്ന് പി.എസ്.സി അറിയിച്ചു.

?️ കേരള പൊലീസ് വകുപ്പിനു കീഴിലുള്ള ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു.
ശമ്പള നിരക്ക് 31100-66800 രൂപ.തിരുവനന്തപുരം എസ്.എ.പി, പത്തനംതിട്ട കെ.എ.പി-3, ഇടുക്കി കെ.എ.പി-V, എറണാകുളം കെ.എ.പി-1, തൃശൂര്‍ കെ.എ.പി-2, മലപ്പുറം എം.എസ്.പി, കാസര്‍കോട് കെ.എ.പി-4 എന്നിവിടങ്ങളിലേക്കാണ് നിയമനം. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ബറ്റാലിയൻ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ്. (കാറ്റഗറി നമ്പര്‍ 593/2023).യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-26 വയസ്സ്. വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അര്‍ഹരല്ല. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദ വിവരങ്ങള്‍ www.keralapsc.gov.in/notification ലിങ്കിലുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ, ഓണ്‍ലൈൻ അപേക്ഷ ജനുവരി 31 വരെ സമര്‍പ്പിക്കാം.

?️ കരുവന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലെ 14ാം പ്രതിയുടെ ജാമ്യ ഹരജി ഹൈകോടതി ജനുവരി 10ന് പരിഗണിക്കാൻ മാറ്റി.കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ താൻ മൂന്നുമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യപ്രതിയായ തൃശൂര്‍ കോലഴി സ്വദേശി പി. സതീഷ് കുമാര്‍ നല്‍കിയ ജാമ്യഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റര്‍ ജനറലിന് ഹാജരാകേണ്ടതുണ്ടെന്നും ഇതിനായി സമയം അനുവദിക്കണമെന്നുമുള്ള ഇ.ഡിയുടെ ആവശ്യപ്രകാരമാണ് ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റിയത്.

?️ ഒടുവില്‍ എഐ ക്യാമറകള്‍ വെച്ചതിന് കെല്‍ട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നല്‍കാൻ സര്‍ക്കാര്‍ ഉത്തരവ്.പണം കിട്ടാത്തതിനാല്‍ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവെച്ചതോടെയാണ് സര്‍ക്കാര്‍ അനങ്ങിയത്. പണമില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകള്‍ നിര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടി കെല്‍ട്രോണ്‍ സര്‍ക്കാറിന് കത്ത് നല്‍കിയത് ഏഷ്യനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

?️ വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.എന്തുകൊണ്ട് പെൻഷൻ നല്‍കിയില്ലെന്ന് മറുപടി നല്‍കാൻ സംസ്ഥാന സര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തിന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണം. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ പെൻഷൻ കൊടുക്കാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

?️ 62ആമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശില്‍പ്പത്തോടെയാവും കലാമേളക്ക് തുടക്കമാവുക. 14 ജില്ലകളില്‍ നിന്നായി 14,000ലേറെ കൗമാര പ്രതിഭകളാണ് കലാമേളയുടെ ഭാഗമാവുക. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.

?️ ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചതില്‍ പ്രതിഷേധവുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍. സമയം രാത്രി പതിനൊന്നു മണിയില്‍ നിന്ന് പത്ത് മണിയാക്കി കുറച്ചതിലാണ് പ്രതിഷേധം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഹോസ്റ്റലുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധം നടത്തുന്നത്. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും വിദ്യാര്‍ഥികള്‍ ഉപരോധിച്ചു.

?? ദേശീയം ??
———————->>>>>>>>

?️ ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന ജയില്‍ മാനുവലിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ കേരളം അടക്കം 11 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ്.മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡിഷ, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജയില്‍ മാനുവലുകള്‍ ജയില്‍ പുള്ളികളെ പാര്‍പ്പിക്കുന്നിടത്തും പണി നല്‍കുന്നിടത്തും ജാതി വിവേചനം കാണിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകനും മുൻ ഹൈകോടതി ജഡ്ജിയുമായ എസ്. മുരളീധര്‍ ബോധിപ്പിച്ചു.തമിഴ്നാട്ടിലെ പാളയംകോൈട്ട സെൻട്രല്‍ ജയിലില്‍ തേവര്‍, നാടാര്‍, പള്ളാര്‍ ജാതിക്കാരെ വെവ്വേറെ താമസിപ്പിച്ചതും രാജസ്ഥാനില്‍ പാചകക്കാരായി നിയമിക്കാൻ ഉന്നത ജാതിക്കാരായ ഹിന്ദുക്കള്‍ യോഗ്യരാണെന്ന് ജയില്‍ മാനുവലില്‍ വ്യവസ്ഥയുള്ളതും ജാതിവിവേചനത്തിന്റെ ഉദാഹരണങ്ങളായി എസ്. മുരളീധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജാതിവിവേചനമുള്ളതായി താൻ കേട്ടിട്ടില്ലെന്നും വിചാരണ തടവുകാരെയും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയുമാണ് തരം തിരിക്കാറെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

?️ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നേരില്‍ ഹാജരാകാൻ ഹൈകോടതികള്‍ വിളിച്ചുവരുത്തുന്നതിന് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥരോട് നേരില്‍ ഹാജരാകാൻ ആവശ്യപ്പെടാനാകൂ എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

?️ ഝാര്‍ഖണ്ഡിലെ അനധികൃത ഖനനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ ഝാര്‍ഖണ്ഡിലെയും രാജസ്ഥാനിലെയും 12 ഇടങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി.മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദ്, ഹസാരിബാഗ് ഡി.എസ്.പി രാജേന്ദ്ര ദുബെ എന്നിവരുടെ വസതികളിലും പരിശോധന നടന്നു. സാഹിബ് ഗഞ്ച് ജില്ല കലക്ടര്‍ രാം നിവാസിന്റെ രാജസ്ഥാനിലെ വസതിയിലും റെയ്ഡ് നടന്നു. മുൻ എം.എല്‍.എ പപ്പു യാദവ്, ഏതാനും ജയില്‍ ഉദ്യോഗസ്ഥര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.സംസ്ഥാനത്തെ അനധികൃത ഖനനത്തിലൂടെ 100 കോടി രൂപ സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.

?️ പുതിയ നിയമപരിഷ്‍കാരത്തിന്റെ ഭാഗമായി കൊണ്ടുവന്ന ‘ഹിറ്റ് ആൻഡ് റണ്‍’ നിയമത്തിനെതിരെ ബുധനാഴ്ചയും പ്രതിഷേധം.ട്രാൻസ്പോര്‍ട്ട് യൂനിയന്റെ നേതൃത്വത്തില്‍ ജന്തര്‍മന്തറിലാണ് പ്രതിഷേധം നടന്നത്. അപകടമുണ്ടായാല്‍ അധികൃതരെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നവര്‍ക്ക് 10 വര്‍ഷത്തെ തടവും പിഴയും നല്‍കുന്ന ഹിറ്റ് ആൻഡ് റണ്‍ നിയമത്തിനെതിരെയായിരുന്നു പ്രതിഷേധം. ട്രക്ക് ഡ്രൈവര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ ചരക്കുനീക്കം നിലക്കുകയും എം.പിമാരെ സസ്പെൻഡ് ചെയ്തു ചുട്ടെടുത്ത നിയമം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ട്രക്ക് ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തുകയാണുണ്ടായത്. പുതിയ നിയമം പ്രാബല്യത്തിലായില്ലെന്നും ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്താതെ കൊണ്ടുവരില്ലെന്നും ഉറപ്പുനല്‍കിയതോടെയാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരം പിൻവലിച്ചത്.ഡ്രൈവറുടെ വധശിക്ഷക്ക് തുല്യമാണ് പുതിയ നിയമമെന്ന് ജന്തര്‍മന്തറില്‍ സമരത്തിനിറങ്ങിയ ഡല്‍ഹി ഓട്ടോ ടാക്സി കോണ്‍ഗ്രസ് യൂനിയൻ പ്രസിഡന്റ് കിഷൻ വര്‍മ പറഞ്ഞു. ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് ചിലയിടങ്ങളില്‍നിന്ന് ഡ്രൈവര്‍മാര്‍ ഓടിപ്പോകുന്നത്. ആരും മനഃപൂര്‍വം ഇടിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

?️ ലോക്സഭയില്‍നിന്ന് സസ്പെൻഡ് ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജി തീര്‍പ്പാകുന്നതുവരെ സഭാ നടപടികളില്‍ പങ്കെടുക്കാൻ അനുവദിക്കണമെന്ന മഹുവ മൊയ്ത്രയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

?️ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സര്‍വേ റിപ്പോര്‍ട്ട് നാലാഴ്ചകൂടി പരസ്യമാക്കരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയില്‍ ആവശ്യപ്പെട്ടു.ഇതേതുടര്‍ന്ന് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്തുള്ള അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം അലഹബാദ് ഹൈകോടതിയുടെ വിധി മുൻനിര്‍ത്തിയാണ് മുദ്രവെച്ച കവറിലുള്ള സര്‍വേ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ടതെന്ന് അഭിഭാഷകൻ കൂട്ടിച്ചേര്‍ത്തു.

?️ പെട്രോള്‍, ഡീസല്‍ വില സമീപഭാവിയില്‍ കുറയില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്സിങ് പുരി. അസംസ്കൃത എണ്ണവിലയിലെ വലിയ ചാഞ്ചാട്ടം കണക്കിലെടുത്താല്‍ ഇന്ധനവില കുറക്കാൻ കഴിയില്ല.കൂടിയ വിലക്ക് അസംസ്കൃത എണ്ണ വാങ്ങിയ കാലത്തെ നഷ്ടം നികത്താൻ എണ്ണക്കമ്പനികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനാണ് ഇപ്പോള്‍ മുന്തിയ പരിഗണന. ഇന്ധനവില കുറക്കാൻ എണ്ണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.

?️ മദ്യനയ അഴിമതിക്കേസില്‍ മൂന്നാംതവണയാണ് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാതിരിക്കുന്നത്.റിപ്പബ്ലിക് ദിനാഘോഷങ്ങളുമായും രാജ്യ സഭ തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇ.ഡിയുടെ ഏതുതരത്തിലുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം പറയാൻ സന്തോഷമേയുള്ളൂവെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനുള്ള ഇ.ഡിയുടെ നോട്ടീസ് വ്യക്തമായ താല്‍പര്യങ്ങള്‍ മുൻ നിര്‍ത്തിയുള്ളതാണെന്നും താൻ ഏതുനിലക്കാണ് ഹാജരാകേണ്ടത് എന്നത് വ്യക്തമായി പറയുന്നില്ലെന്നും ബുധനാഴ്ച എ.എ.പി പുറത്തിറക്കിയ കത്തില്‍ സൂചിപ്പിച്ചു.ഒരു വ്യക്തി എന്ന നിലയിലാണോ അതോ ഡല്‍ഹി മുഖ്യമന്ത്രി നിലയിലാണോ അതുമല്ലെങ്കില്‍ എ.എ.പി ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണോ തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് ഇ.ഡി സമൻസില്‍ പറയുന്നില്ലെന്നും കെജ്രവാള്‍ ചൂണ്ടിക്കാട്ടി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഈ ചോദ്യം ചെയ്യലിന് ഉള്ളൂവെന്ന് എ.എ.പി ആരോപിച്ചു.

?️ 2023ല്‍ രാജ്യത്ത് 202 കടുവകളും 504 പുള്ളിപ്പുലികളും ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 24 വരെയുള്ള കണക്കാണിത്.വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെയാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. മഹാരാഷ്ട്രയിലും (52) മധ്യപ്രദേശിലുമാണ് (47) കൂടുതല്‍ കടുവകള്‍ ചത്തൊടുങ്ങിയത്. 2019-ല്‍ 96 കടുവകളാണ് ചത്തൊടുങ്ങിയത്. തൊട്ടടുത്ത വര്‍ഷം മരണസംഖ്യ നൂറ് കടന്നു. 202 കടുവകളില്‍ 147-ന്റെ മരണം സ്വാഭാവിക കാരണങ്ങളാണ്. വേട്ടയാടുമ്പോള്‍ സംഭവിച്ച മാരകമായ മുറിവുകളും മറ്റുമാണ് ബാക്കിയുള്ളവയുടെ മരണകാരണമായി കണക്കാക്കുന്നത്. പുള്ളിപ്പുലികളില്‍ 152 എണ്ണത്തിന് ജീവന്‍ നഷ്ടമായത് വേട്ടയാടുമ്പോള്‍ സംഭവിച്ച പരിക്കുകളിലൂടെയാണ്.

?️ വൈ.എസ്. ശര്‍മിളക്ക് പിന്നാലെ ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഭാര്യയും മുഖ്യമന്ത്രി ജഗൻ മോഹന്‍റെ മാതാവുമായ വൈ.എസ്.വിജയമ്മയും കോണ്‍ഗ്രസിലേക്ക്. വൈ.എസ്. ശര്‍മിളയും വൈ.എസ്. വിജയമ്മയും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്ന പ്രഖ്യാപനം ശര്‍മിള നടത്തുകയും തുടര്‍ന്ന് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

?️ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.വിദേശനാണയ വിനിമയ ചട്ടം ലംഘിപ്പിച്ചുവെന്ന കേസിലാണ് നടപടി.രാജസ്ഥാനിലെ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രിറ്റണ്‍ ഹോട്ടല്‍സ് ആൻഡ് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, വര്‍ധ എന്റര്‍പ്രൈസ് ലിമിറ്റഡ് എന്നിവക്കെതിരെയും അതിന്റെ പ്രൊമോട്ടര്‍മാരായ ശിവശങ്കര്‍ ശര്‍മ്മ, രത്തൻ കാന്ത് ശര്‍മ്മ എന്നിവര്‍ക്കെതിരെയും നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി പരിശോധന. ഇവര്‍ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചുവെന്നാണ് ഇ.ഡി കണ്ടെത്തല്‍

?️ ഉത്തരേന്ത്യയില്‍ ശീതതരംഗം നിലനില്‍ക്കുന്നതിനാല്‍ പഞ്ചാബും ഹരിയാനയും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളും മൂടല്‍ മഞ്ഞില്‍ മൂടിയതായി ഇന്ത്യൻ മിറ്റീരോളജിക്കല്‍ വകുപ്പ്.ചൊവ്വാഴ്ച വൈകുന്നേരത്തോടെ കനത്ത മൂടല്‍ മഞ്ഞായതിനാല്‍ പ്രദേശങ്ങളില്‍ കാഴ്ചപരിധി വീണ്ടും കുറഞ്ഞു.ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഏറ്റവും കുറവ് കാഴ്ചപരിധി 25 മീറ്ററാണ്. 0 മുതല്‍ 50 മീറ്റര്‍ വരെയും 51 മീറ്റര്‍ മുതല്‍ 200 മീറ്റര്‍ വരെയും കാഴ്ചപരിധി വരുമ്പോള്‍ കനത്ത മൂടല്‍ മഞ്ഞും 201 മുതല്‍ 500 വരെ മിതമായ മൂടല്‍ മഞ്ഞും 501 മുതല്‍ 1000 വരെ വളരെ നേര്‍ത്ത മൂടല്‍ മഞ്ഞുമാണ് അനുഭവപ്പെടുക.

?️ മുന്‍ മോഡലും ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി കൊലക്കേസിലെ പ്രതിയുമായ ദിവ്യ പഹുജയെ കൊന്നക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.കൊലപാതകം നടന്ന സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്ത് സിംഗ്, ജീവനക്കാരായ പ്രകാശ്, ഇന്ദ്രജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗുഡ്ഗാവ് പൊലീസ് അറിയിച്ചു. അഭിജിത്ത് ആണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ദിവ്യയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ പ്രകാശിനെയും ഇന്ദ്രജിനോടും നിര്‍ദേശിക്കുകയായിരുന്നു. ഇതിനായി 10 ലക്ഷം രൂപയാണ് ഇരുവര്‍ക്കും നല്‍കിയതെന്നും പൊലീസ് പറഞ്ഞു.അതേസമയം, ദിവ്യയുടെ മൃതദേഹം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ വിവിധ സംഘങ്ങള്‍ പഞ്ചാബിലും മറ്റ് പ്രദേശങ്ങളിലും മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്.

? അന്താരാഷ്ട്രീയം ?
—————————>>>>>>>

?️ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അമേരിക്ക പിന്തുണക്കുന്നതില്‍ പ്രതിഷേധിച്ച്‌ രമണ്‍ മഗ്‌സസെ അവാര്‍ഡ് തിരിച്ചുനല്‍കുമെന്ന് സാമൂഹികപ്രവര്‍ത്തകൻ സന്ദീപ് പാണ്ഡെ.അമേരിക്കൻ സര്‍വകലാശാലകളില്‍നിന്ന് ശാസ്ത്രത്തില്‍ നേടിയ ഇരട്ട ബിരുദാനന്തര ബിരുദവും മടക്കിനല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2002ലാണ് സന്ദീപ് പാണ്ഡെ മഗ്സസെ പുരസ്കാരത്തിന് അര്‍ഹനായത്.ഫലസ്തീനു നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ അമേരിക്ക അന്ധമായി പിന്തുണക്കുകയാണെന്ന് മഗ്സസെ അവാര്‍ഡ് തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ പുറത്തിറക്കിയ പ്രസ്താവനയില്‍ സന്ദീപ് പാണ്ഡെ പറഞ്ഞു.

?️ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കൊളറാഡോ സുപ്രീംകോടതി വിധിക്കെതിരെ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപ്പീല്‍ നല്‍കി.2021 ജനുവരി ആറിന് യു.എസ് ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി.

?️ ഖാൻ യൂനുസിലും നുസൈറാത്തിലും ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്. അഭയാര്‍ഥി ക്യാമ്പുകളും താമസകേന്ദ്രങ്ങളും തകര്‍ത്തു. മൊത്തം മരണം 22,313 ആയി. 57,296 പേര്‍ക്ക് പരിക്കുണ്ട്. നുസൈറാത്തിലെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ സേന ലഘുലേഖകള്‍ വിതറി. അല്‍ഖസ്സാം ബ്രിഗേഡിന്റെ പ്രത്യാക്രമണത്തില്‍ ഇസ്രായേലി സൈനിക ഓഫിസര്‍ കൊല്ലപ്പെട്ടു.

?️ ഗസ്സയില്‍ ഇടതടവില്ലാതെ ബോംബിട്ട് കൂട്ടക്കൊല തുടരുന്നതിനിടെ കൂട്ട കുടിയൊഴിപ്പിക്കല്‍ പദ്ധതിയുമായി ഇസ്രായേല്‍.കോംഗോ അടക്കമുള്ള രാജ്യങ്ങളുമായി അഭയാര്‍ഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച രഹസ്യചര്‍ച്ച നെതന്യാഹു സര്‍ക്കാര്‍ തുടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സ്ഥിരീകരിക്കുന്ന നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ അംഗങ്ങളായ ബെസലേല്‍ സ്മോട്രിച്ചിന്റെയും ബെൻ ഗിവിറിന്റെയും പ്രസ്താവനയും പുറത്തുവന്നു. എന്നാല്‍, അമേരിക്കയും ഫ്രാൻസും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തെത്തി.യുദ്ധം തീര്‍ന്നാല്‍ ഗസ്സയില്‍ അവശേഷിക്കുന്നവരെ മറ്റു രാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി മാറ്റാനാണ് ഇസ്രായേലിന്റെ പദ്ധതി. ഗസ്സയില്‍ സ്ഥിരമായി സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്. നിര്‍ബന്ധിത കുടിയേറ്റം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് അനുയോജ്യമായ രാജ്യങ്ങള്‍ കണ്ടെത്തണമെന്നും സ്മോട്രിച് ഇസ്രായേലി മാധ്യമമായ ചാനല്‍ 12നോട് പറഞ്ഞു. ഗസ്സയില്‍നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും അവിടെ ജൂത കുടിയേറ്റ കോളനികള്‍ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബെൻ ഗിവിര്‍ പറഞ്ഞു. എന്നാല്‍, ഇരുവരുടേതും ഉത്തരവാദിത്തരഹിതമായ പ്രസ്താവനയാണെന്ന് യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിരന്തരം അമേരിക്കൻ ഭരണകര്‍ത്താക്കളോട് പറഞ്ഞിരുന്നു. ഗസ്സ ഫലസ്തീന്റെ ഭാഗമാണ്.ഇസ്രായേലിന് ഭീഷണിയാകാത്തിടത്തോളം അങ്ങനെത്തന്നെ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനികളെ ഗസ്സയില്‍നിന്ന് പുറന്തള്ളുന്നതിനോട് യോജിപ്പില്ലെന്നും ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനപരമായി ജീവിക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് ഉചിതമെന്നും ജര്‍മൻ വിദേശകാര്യ വക്താവ് സെബാസ്റ്റ്യൻ ഫിഷര്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ സംഘര്‍ഷം വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ യുദ്ധ മന്ത്രിസഭാംഗം ബെന്നി ഗാന്റ്സുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പറഞ്ഞു.

?️ ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ് മുൻ കമാൻഡര്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിനിടെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി.പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെര്‍മാൻ എമര്‍ജൻസി സര്‍വീസ് മേധാവി മുഹമ്മദ് സ്വബരി സ്ഥിരീകരിച്ചു.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം.കെര്‍മാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാൻ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോഴാണ് ഭീകരര്‍ റിമോര്‍ട്ട് ഉപയോഗിച്ച്‌ സ്ഫോടനം നടത്തിയത്.സ്മാരകത്തില്‍ നിന്ന് 700 മീറ്റര്‍ ദൂരയൊണ് ആദ്യ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം.സ്ഫോടത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെര്‍മാൻ ഗവര്‍ണര്‍ വ്യക്തമാക്കി. 2020 ജനുവരി മൂന്നിനാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനിയെയും ഇറാഖ് അര്‍ധസൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡര്‍ അബൂ മഹ്ദി അല്‍-മുഹന്ദിസിനെയും യു.എസ് സൈന്യം വധിച്ചത്.

⚽ കായികം, സിനിമ ?
—————————–>>>>>>>>

?️ ജനുവരി എട്ടുമുതല്‍ 12 വരെ ഹൂബ്ലിയില്‍ നടക്കുന്ന കാഴ്ച പരിമിതരായ വനിതകളുടെ ദേശീയ ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.കെ. സാന്ദ്ര ഡേവിസ് ക്യാപ്റ്റനായി 14 അംഗ ടീമാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്. ടീം അംഗങ്ങള്‍: ജോമോള്‍ കെ. പോള്‍, ടി.വി.അതുല്യ, സി.പി. പ്രജിത, വിനയ ബിജു, അദ്വൈത സന്തോഷ്, കെ.എസ്. ഹരിശ്രീ, ഒ.എം. നാദിയ, റീജ ലൂക്കോസ്, ശ്രുതിമോള്‍ ഷൈജു, തനൂജ സി.ജോര്‍ജ്, എ.പി അനി, ജിഷമോള്‍, കെ. ജംഷീല. നാല് ഗ്രൂപ്പിലായി 16 ടീമാണ് ടൂര്‍ണമെന്‍റിന്‍റെ നാലാം പതിപ്പില്‍ മത്സരിക്കുന്നത്.

?️ ഗുസ്തി ഫെഡറേഷൻ അടക്കിഭരിക്കുന്ന ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണിനെതിരെ മുതിര്‍ന്ന താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ തുടങ്ങിവെച്ച സമരത്തില്‍ ട്വിസ്റ്റ്.മൂവര്‍ക്കുമെതിരെ അപ്രതീക്ഷിത പ്രതിഷേധവുമായി ജൂനിയര്‍ ഗുസ്തി താരങ്ങള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നെത്തിയ ജൂനിയര്‍ താരങ്ങള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധ സമരം നയിച്ചു.തങ്ങളുടെ കരിയറിലെ വിലപ്പെട്ട ഒരു വര്‍ഷം മൂവരും കാരണം നഷ്ടമായെന്നും ഗുസ്തി ഫെഡറേഷൻ സസ്പെൻഷൻ 10 ദിവസത്തിനകം പിൻവലിച്ചില്ലെങ്കില്‍ തങ്ങളും പുരസ്കാരങ്ങള്‍ തിരിച്ചേല്‍പിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. 300ഓളം പേര്‍ ഛപ്രോളി ആര്യസമാജ് അഖാരയില്‍നിന്നും അത്രയും പേര്‍ നരേലയിലെ വീരേന്ദര്‍ റസ്‍ലിങ് അക്കാദമിയില്‍നിന്നുമാണ് ബസുകളിലായി എത്തിയത്. പുനിയ, മാലിക്, ഫോഗട്ട് എന്നിവര്‍ക്കെതിരെയായിരുന്നു ഇവരുടെ മുദ്രാവാക്യം. രാവിലെ 11 മണിയോടെ സംഗമിച്ച ഇവര്‍ മൂന്നു മണിക്കൂര്‍ സമരത്തിനൊടുവിലാണ് പിരിഞ്ഞുപോയത്. പുതിയ സമിതി പ്രഖ്യാപിക്കപ്പെട്ടയുടൻ ദേശീയ അണ്ടര്‍-15, അണ്ടര്‍-20 ചാമ്പ്യൻഷിപ്പുകള്‍ യു.പിയിലെ ഗോണ്ടയില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോടതി ഇടപെട്ട് സമിതി സസ്പെൻഡ് ചെയ്തതതോടെ ടൂര്‍ണമെന്റും റദ്ദായി. അവസാനമായി ജൂനിയര്‍ തലത്തില്‍ മത്സരിക്കേണ്ടിയിരുന്ന ചില താരങ്ങള്‍ക്ക് ഇത് അവസരം നഷ്ടമാകാനിടയാക്കിയിരുന്നു. മൂന്നു പേര്‍ മാത്രം ഒരുവശത്തും ലക്ഷങ്ങള്‍ മറുവശത്തുമാണെന്ന് സമരക്കാരിലൊരാള്‍ പറഞ്ഞു.

?️ തനിക്കും മുതിര്‍ന്ന താരങ്ങളായ ഫോഗട്ട്, പുനിയ എന്നിവര്‍ക്കുമെതിരെ സമരമുഖത്തിറങ്ങിയവര്‍ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനുവേണ്ടി പ്രചാരണ നാടകവുമായാണ് എത്തിയതെന്ന് ഒളിമ്പിക് മെഡലിസ്റ്റ് സാക്ഷി മാലിക്. ”ഞാൻ ഗുസ്തിക്കായി ജീവിതത്തിലെ നിരവധി വര്‍ഷങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. അടുത്തിടെയാണ് വിരമിച്ചത്. അതുകൊണ്ടുതന്നെ എത്രത്തോളം മാനസികപ്രയാസം അനുഭവിക്കുന്നുവെന്ന് നിങ്ങള്‍ക്കുതന്നെ പറയാനാകും. ബ്രിജ് ഭൂഷണിനുവേണ്ടി പണിയെടുക്കുന്ന ഒരു ഐ.ടി സെല്‍ തന്നെയുണ്ട് സമൂഹമാധ്യമങ്ങളില്‍. ഈ പ്രതിഷേധക്കാരും അദ്ദേഹത്തിന്റെയാളുകളാണ്. അദ്ദേഹത്തിനായി പ്രചാരണം നയിക്കുകയുമാണ്. അന്ന് പ്രതിഷേധത്തിനിടെയും ബ്രിജ് ഭൂഷണ്‍ ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു” -സാക്ഷി മാലിക് വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ബ്രിജ് ഭൂഷണിന്റെ ആളുകള്‍ തന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയാണ്. അമ്മക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന ബ്രിജ് ഭൂഷണിന്റെ ആളുകള്‍ തനിക്കെതിരെ കേസുകള്‍ എടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയാണെന്നും സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു.

?️ ഷറഫുദ്ദീനെ നായകനാക്കി ജോര്‍ജ് കോര സംവിധാനം ചെയ്ത തോല്‍വി എഫ്‍സി എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു.നവംബര്‍ 3 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

?️ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം വിക്കറ്റ് മഴ. ആദ്യ ദിനം മാത്രം വീണത് 23 വിക്കറ്റുകള്‍.ഇരു ടീമുകളും ആദ്യ ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 98 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമാി നേരിയ മുന്‍തൂക്കം നേടി. എന്നാല്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ് ആദ്യദിനം രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ദക്ഷിണാഫ്രിക്ക് ഇനിയും 36 റണ്‍സ് കൂടി വേണം. 36 റണ്‍സോടെ ഏയ്ഡന്‍ മാക്രവും ഏഴ് റണ്ണുമായി ഡെവിഡ് ബെഡിങ്ഹാമും ക്രീസില്‍. 150 റണ്‍സിന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഈ പിച്ചില്‍ ദുഷ്കരമാകുമെന്നിരിക്കെ രണ്ടാം ദിനം തന്നെ ടെസ്റ്റിന് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 55ന് ഓള്‍ ഔട്ട്, 62-3, ഇന്ത്യ 153ന് ഓള്‍ ഔട്ട്.

?️➖?️➖?️➖?️➖?️➖?️