ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

ഡ്രൈവിങ് ടെസ്റ്റ് നടപടിക്രമങ്ങൾ പോരായ്മകൾ നിറഞ്ഞതെന്നും, ലൈസൻസുണ്ടെങ്കിലും വാഹനം ഓടിക്കാൻ അറിയാത്തവർ ഒട്ടേറെയുണ്ടെന്നും, ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ട് കാര്യമില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. പലരും റോഡിലാണ് വാഹനങ്ങൾനിർത്തിയിടുന്നതെന്നും ഒതുക്കിയിടാൻ അറിയാത്തതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനം നീക്കുക എന്നിവ ഉൾപ്പെടുത്തി പരിശോധന കർശനമാക്കും. പരിശോധന ഒഴിവാക്കി ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റിനിർത്തും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കും. ഉദ്യോഗസ്ഥരിൽനിന്ന് സ്ത്രീകൾക്ക് മോശംപെരുമാറ്റംഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.