ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂർ എത്തും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കും. മോദിയെ സ്വീകരിക്കാൻ തൃശൂർ നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലുമായി ആയിരക്കണക്കിന് പൊലീസുകാരെയാണ് വിന്യസിപ്പിക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന മോദി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക്. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതിനിടെ ചില മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രിക്കൊപ്പം ബി ജെ പി നേതാക്കളും മറ്റും വേദി പങ്കിടും.