
അറക്കപ്പൊടി കയറ്റി വന്ന ചരക്കു ലോറി തട്ടി വൈദ്യുത കമ്പികളും വൈദ്യുത കാലുകളും തകർന്നു. ചൊവ്വാഴ്ച പകൽ മുഴുവൻ നെന്മാറ ടൗണിൽ വൈദ്യുതി വിതരണം തടസപ്പെട്ടു, ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനായിരുന്നു നെന്മാറ ബസ് സ്റ്റാൻ്റിന് മുൻവശത്തായി പ്രധാന പാതയിൽ ലോറിയിലെ ചരക്കുകൾ കെട്ടിയ ടാർപ്പാളിനിൽ വൈദ്യുതി ലൈനുകൾ കുരുങ്ങിയത്. ഇതറിയാതെ ലോറി മുന്നോട്ടെടുത്ത ഡ്രൈവർ വൈദ്യുത ലൈനുകൾബന്ധിച്ചിരുന്ന വൈദ്യുത കാലുകൾ പൊട്ടിവീണതിനെ തുടർന്ന് വാഹനം റോഡരികിൽ നിറുത്തുകയായിരുന്നു. വൈദ്യുതി പ്രവഹിച്ചിരുന്ന വൈദ്യുത ലൈനുകൾ ഓഫാക്കാൻ അധികൃതർക്ക് വിവരം നൽകിയതോടെയായിരുന്നു അപകടസാധ്യത ഒഴിവായത്. മൂന്നു വൈദ്യുത കാലുകൾ നിലംപതിച്ചു. രാവിലെ എട്ടോടെ തന്നെ നെന്മാറ വൈദ്യുതി സെക്ഷൻ ഓഫീസിൽ നിന്നെത്തിയ ജീവനക്കാർ തകർന്ന വൈദ്യുത കാലുകൾ മാറ്റി പുതിയ പോസ്റ്റുകൾ സ്ഥാപിക്കുകയായിരുന്നു. വൈകീട്ട് അഞ്ചോടെയാണ് ടൗണിൽ വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്. വൈദ്യുതി മുടങ്ങിയതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ജനസേവന കേന്ദ്രങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി എത്തിയവർക്ക് ബുദ്ധിമുട്ട് നേരിട്ടു.