വാർത്താകേരളം


                   

  [03.01.2024]       

കുട്ടികർഷകർക്ക് ആശ്വാസമായി 5 പശുക്കളെ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി; സഹായ ഹസ്തവുമായി നടൻ ജയറാമും രംഗത്ത്
?️ഇടുക്കിയിൽ കുട്ടികർഷകരായ മാത്യുവിന്‍റേയും ജോർജിന്‍റേയും പതിമൂന്നു പശുക്കൾ വിഷബാധയേറ്റ് ചത്ത സംഭവത്തിൽ സഹായ ഹസ്തവുമായി മന്ത്രിമാരായ കെ. ചിഞ്ചുറാണിയും , റോഷി അഗസ്റ്റിനും. മാത്യുവിന്‍റേയും ജോർജിന്‍റേയും വീട്ടിലെത്തിയ മന്ത്രിമാർ ഇവർക്ക് അഞ്ചു പശുക്കളെ നൽകാമെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇൻഷുറൻസ് ചെയ്ത പശുക്കളെ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.3 പശുക്കളെ ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായവും കേരള ഫിഡ്സിന്‍റെ ഒരു മാസത്തെ കാലിത്തീറ്റയും കൂടാതെ മിൽമയുടെ ഭാഗത്തു നിന്നും സഹായമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.അതേസമയം, കുടുംബത്തിന് ആശ്വസമായി നടൻ ജയറാമും രംഗത്തെത്തി. മാത്യുവിന്‍റേയും ജോർജിന്‍റേയും വീട്ടിൽ നേരിട്ടെത്തിയ ജയറാം നേരിട്ടെത്തി 5 ലക്ഷം രൂപ ധന സഹായം നൽകി.

‘വീഞ്ഞും കേക്കും’ പരാമർശം പിൻവലിച്ചു
?️ബിഷപ്പുമാർക്കെതിരായ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ബിഷപ്പുമാർക്കെതിരായ ‘വീഞ്ഞും കേക്കും’ പരാമർശം പിൻവലിച്ചതായി മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മണിപ്പൂർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി തന്നെ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരാമർശിക്കപ്പെട്ട ഭാഗത്ത് കേക്കിന്‍റേയും വീഞ്ഞിന്‍റേയും കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആ ഭാഗങ്ങൾ പിൻവലിക്കുന്നു. എന്നാൽ മണിപ്പൂർ പരാമർശം പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതി സംവരണത്തിനെതിരേ നിലപാട് കടുപ്പിച്ച് എൻഎസ്എസ്
?️ജാതി തിരിച്ചുള്ള സെൻസസിനും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനുമെതിരായ നിലപാടുകൾ കൂടുതൽ കർക്കശമായി പ്രഖ്യാപിച്ച് എൻഎസ്എസ്. ജാതി സെൻസസിൽനിന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്നാണ് നായർ സർവീസ് സൊസൈറ്റി ആവശ്യപ്പെടുന്നത്. സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി എൻഎസ്എസ് ആസ്ഥാനത്ത് ചേർന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിൽ ഈ ആവശ്യം ഉന്നയിച്ച് പ്രമേയവും അവതരിപ്പിച്ചു.

സജി ചെറിയാന്‍റെ പരാമർശം പാര്‍ട്ടി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ
?️മന്ത്രി സജി ചെറിയാന്‍റെ പരാമർശം പർവതീകരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സജി ചെറിയാന്‍റെ പരാമർശവുമായി ബന്ധപ്പെട്ട പരാതികൾ പാർട്ടി പരിശോധിക്കും. സജി ചെറിയാന്‍റെ പരാമർശം മൂലം ബിഷപ്പുമാർ ഉൾപ്പെടെ ആർക്കെങ്കിലും വല്ല രീതിയിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒരു മതത്തിന്‍റെ വിശ്വാസങ്ങൾക്കും സിപിഎം എതിരല്ല. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ബിഷപ്പുമാരാണ്. എന്നാൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിന്‍റെ ഭൗതിക സാഹചര്യം പരിശോധിക്കണമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

തൃശൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി
?️തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല. നിയമനങ്ങൾക്കായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

മകരവിളക്ക്: ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം
?️ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി ഭക്തർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്കിന്‍റെ അന്ന് 40000 പേർക്ക് മാത്രമേ വെർച്യൽക്യൂ അനുവദിക്കുകയുള്ളൂ. പൊലീസിന്‍റെ നിർദേശംകൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.സാധാരണയായി മകരവിളക്കിന് മൂന്നുദിവസം മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിുമായി ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാംമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ കൂടുതൽ ഭക്തർ മലകയറിയാൽ അത് സുഗമമായ അയ്യപ്പ ദർശനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ജനുവരി 10 തീയതി മുതൽ സ്പോട്ട് ബുക്കിങ് പൂർണമായും ഒഴിവാക്കിയത്.

സ്വർണക്കപ്പുമായി കോഴിക്കോട് നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക്
?️62-ാം സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് ജില്ലയിൽ നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക്. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മോയർ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ വിഭാഗം ജോയിന്‍റ് കമ്മിഷണറായ ഗിരീഷ് ചോലയിലിന് സ്വർണക്കപ്പ് കൈമാറി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ഗവാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്‌ടർ മനോജ് കുമാർ സ്വാഗതം പറഞ്ഞു. ആർടിഡി സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ അബ്ദുൽ നാസർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മറ്റു ജനപ്രതിനിധികൾ പങ്കെടുത്തു.

നവകേരള സദസിന് സമാപനം; കനത്ത സുരക്ഷ
?️സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസിന് സമാപനം. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ,കുന്നത്തുനാട് മണ്ഡലങ്ങളിലാണ് ഇന്നത്തെ പരിപാടി. നവകേരള സദസിന് നേരത്തെ സമാപനമായതാണെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടന്ന് മാറ്റിവെച്ച നവകേരളസദസാണ് ഇപ്പോൾ നടക്കുന്നത്.അതേസമയം മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഏഴ് മണിക്കൂർ ഉപരോധിച്ചു. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മജിസ്ട്രേറ്റ് ജാമ്യം നൽകിയതോടെയാണ് ചൊവ്വാഴ്ച പുലർച്ചെ 2.10 ഓടെ ഉപരോധം അവസാനിപ്പിച്ചത്.

വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പ് വിലക്കി ഹൈക്കോടതി
?️വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും, തൃശൂർ പൂരം അടക്കമുള്ളവയ്ക്ക് ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും, ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാൽ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
?️ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന കാരണത്താല്‍ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. യുവതിയുടെ ഹർജിയിൽ ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവ്‌ല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.സംസ്ഥാന സർക്കാരിന് പുറമെ ഗുജറാത്തിലെ ജാംനഗറിലെ സ്‌കൂൾ മേധാവിയോടും ഉത്തർപ്രദേശിലെ ഖിരി ആസ്ഥാനമായുള്ള മറ്റൊരു സ്വകാര്യ സ്‌കൂളിന്‍റെ ചെയർപേഴ്‌സണോടും സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു.

കുടിശിക തന്നില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ പൂട്ടിയിടും
?️കുടിശികയിൽ മൂന്നിലൊന്നൊങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം കുടിശികയാണ് സപ്ലൈകോക്കുള്ളത്.800 കോടിയിലധികം കുടിശിക ആയതോടെ സ്ഥിരം കരാറുകാർപോലും ടെണ്ടറിൽ പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ടതോടെ ഇനി ഇങ്ങനെ മുന്നോട്ടു പോകുന്നില്ലെന്ന നിലപാടിലാണ് സപ്ലൈകോ.

ദേശീയ ക്ഷീരവികസന പദ്ധതിയുടെ ഭാഗമായി 9 വർഷത്തിൽ കേന്ദ്രം കേരളത്തിന് നൽകിയത് 120.01 കോടി രൂപ
?️പാലിന്‍റെയും പാലുൽപ്പന്നങ്ങളുടേയും ഗുണനിലവാരം വർധിപ്പിക്കാനും സംഘടിത പാൽ സംരംഭത്തിന്‍റെ പങ്ക് വർധിപ്പിക്കാനും ആരംഭിച്ച ദേശീയ ക്ഷീര വികസന പരിപാടിക്കായി 2014-15 മുതൽ 2021-22 വരെ 120.01 കോടി രൂപയുടെ കേരളത്തിന് നൽകിയതായി വിവരാവകാശ രേഖ. 125യ97 കോടിയാണ് കേന്ദ്ര വിഹിതമായി വകയിരുത്തുക. 12 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ 8 എണ്ണം പൂർത്തീകരിച്ചു. 4 എണ്ണംനടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരോൽപാദക വകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

ബില്ലടയ്ക്കുന്നതിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കെഎസ്ഇബി
?️കെഎസ്ഇബിയില്‍ ബില്ലടയ്ക്കുന്നതിന്‍റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്. എത്രയും വേഗം പണമടച്ചില്ലെങ്കിലോ വിവരങ്ങൾ നൽകിയില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെഎസ്ഇബിയിൽ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ്എംഎസ്- വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി പരാതിയുണ്ട്. ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

കുടുംബത്തിന്‍റെ അനുവാദമില്ലാതെ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കരുത്
?️ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രധാന മാർഗ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു പ്രകാരം ബന്ധുക്കളുടെ അനുമതി ഇ്ലലാതെ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർക്ക് സാധിക്കില്ല. ഐസുവിൽ പ്രവേശിപ്പിക്കരുതെന്ന് രോഗി നിർദേശിച്ചാലും ആശുപത്രി അധികൃതർക്ക് തീവ്ര പരിചരണ വിഭാഗത്തിൽ രോഗികളെ പ്രവേശിപ്പിക്കാനാവില്ല. കൂടുതൽ‌ ചികിത്സ സാധ്യതമാകാത്ത അവസ്ഥയിലും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലും ചികത്സ തുടരുന്നതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയിലും രോഗിയെ ഐസിയുവിൽ കിടക്കുന്നത് നിരർഥകമാണെന്നും മാർഗ നിർദേശത്തിൽ പറയുന്നു. 24 വിദഗ്ദർ ചേർന്നാണ് മാർഗ നിർദേശം തയാറാക്കിയത്.

ജപ്പാന്‍ വിമാന ദുരന്തം: 379 യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി
?️ജപ്പാൻ തലസ്ഥാനത്തെ ഹനെഡ വിമാനത്താവളത്തിൽ തീരസംരക്ഷണ സേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്ന യാത്രാ വിമാനത്തിൽ നിന്ന് 379 പേർ അദ്ഭുതകരമായി രക്ഷപെട്ടു. തീരസംരക്ഷണ സേനയുടെ വിമാനത്തിലെ അഞ്ചു ജീവനക്കാർ മരിച്ചു. ഈ വിമാനത്തിന്‍റെ പൈലറ്റ് രക്ഷപെട്ടു. ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളിൽ ജപ്പാൻ മരവിച്ചുനിൽക്കുന്നതിനിടെയാണു വിമാനാപകടം. ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട വിമാനമാണു ജപ്പാൻ എയർലൈൻസിന്‍റെ ജെഎഎൽ- 516 വിമാനമായി കൂട്ടിയിടിച്ചത്.

തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയത്‌ പിൻവലിക്കണം: സിപിഐഎം
?️ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയ കേന്ദ്രസർക്കാർ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട്‌ കേന്ദ്രം പുലർത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ കുറ്റപ്പെടുത്തി. തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന്‌ മുതൽ നിർബന്ധമായും ആധാർ അധിഷ്‌ഠിതമാക്കിയിരിക്കയാണ്‌. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ്‌ ഈ നടപടിയിലൂടെ സർക്കാർ കവർന്നെടുക്കുന്നത്‌.

‘ജെസ്‌നയെ കണ്ടെത്താനായില്ല’; അന്വേഷണം അവസാനിപ്പിച്ച് സിബിഐ
?️കോട്ടയം എരുമേലിയില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ അറിയിച്ചതായി സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് മൈസൂരുവിൽ നിന്നുള്ള വിഗ്രഹം
?️അയോധ്യയിലെ ശ്രീരാമ ക്ഷ‍േത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാമവിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്പി അരുൺ യോദിരാജ് തയാറാക്കിയ ശിൽപമാണ് തിരഞ്ഞെടുത്തത്. വോട്ടെടുപ്പിലൂടെ അരുൺ യോഗിരാജിന്‍റെ വിഗ്രഹം തിരഞ്ഞെടുക്കപ്പെട്ട വിവരം കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്.ജനുവരി 22 നാണ് അയോധ‍്യയിലെ രാമക്ഷേത്രത്തിൽ‌ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാമവിഗ്രഹം നിർമിച്ച അരുൺ യോഗികാജിനെ അഭിനന്ദിച്ച് കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയും രംഗത്തെത്തി. കോദീർനാഥിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യയുടെ പ്രതിമയും ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ സ്ഥാപിച്ച സുഭാഷ് ചന്ദ്ര ബോസിന്‍റെ പ്രതിമയും നിർമിച്ചത് യോഗിരാജാണ്.

കള്ളപ്പണക്കേസ്: കാർത്തി ചിദംബരം ഇഡിക്കു മുന്നിൽ ഹാജരായി
?️ചൈനീസ് പൗരന്മാർക്ക് വിസ നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇഡിക്കു മുന്നിൽ ഹാജരായി. ഡൽഹിയിലെ ഇഡിയുടെ ഹെഡ് ക്വാർട്ടേഴ്സിലാണ് ചോദ്യം ചെയ്യലിനായി ഹാജരായിരിക്കുന്നത് കഴിഞ്ഞ ഡിസംബർ 23നും കാർത്തി ചിദംബരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.ഇതൊരു സ്ഥിരം കാര്യമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പു അടുക്കുന്നതിനനുസരിച്ച് ഇത്തരം കാര്യങ്ങൾ കൂടുതലായി സംഭവിക്കുമെന്നും ഇതെല്ലാം നിഷ്ഫലമാണെന്നും കാർത്തി ചിദംബരം ഇഡിക്കു മുന്നിൽ ഹാജരാകും മുൻ‌പോ മാധ്യമങ്ങളോട് പറഞ്ഞു

മണിപ്പൂരിലെ മോറെയിൽ വീണ്ടും വെടിവയ്പ്പ്
?️മണിപ്പൂരിലെ മോറെയിൽ വീണ്ടും വെടിവയ്പ്പ്. ചൊവ്വാഴ്ച രാവിലെ സുരക്ഷ ഉദ്യോഗസ്ഥരും അക്രമികളും തമ്മിലാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഇംഫാലിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ചവാങ്ഫൈ മേഖലയിലാണ് വെടിവയ്പ്പ് നടക്കുന്നത്. തെരച്ചിലിനിടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് പൊലീസ് ആരോപിക്കുന്നു. അക്രമികളെന്ന് സംശയിക്കുന്നവർ പൊലീസിനെതിരേ വെടിവച്ചതോടെയാണ് പൊലീസ് തിരിച്ച് വെടിവയ്പ്പ് ആരംഭിച്ചത്.

ജമ്മുകശ്മീരിൽ നേരിയ ഭൂചലനം
?️ജമ്മു കശ്മീരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച 11.33 ഓടെയാണ് ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയിൽ ജമ്മു കശ്മിരിൽ ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഇടുക്കിയിൽ സിംഹവാലൻ കുരങ്ങിന്‍റെ ആക്രമണത്തിൽ 3 വയസുകാരിക്ക് പരുക്ക്
?️ചെറുതോണി മുക്കുള്ളിയിൽ 3 വയസുകാരിയെ സിംഹവാലൻകുരങ്ങ് ആക്രമിച്ചു. സാരമായി പരുക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സിംഹവാലൻകുരങ്ങെത്തി ദേഹമാസകലം പരുക്കേൽപ്പിക്കുകയായിരുന്നു.

അടുത്ത അഞ്ച് ദിവസം മഴയ്ക്കു സാധ്യത
?️സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്കക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം ജില്ലയിലും, വെള്ളിയാഴ്ച കോഴിക്കോട്,കണ്ണൂർ,കാസർകോഡ് ജില്ലയിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം
?️കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം ബസ് സ്റ്റാന്‍റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.വൈകിട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ പെട്ടയാൾ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.

സോറന്‍റെ ഭാര്യയെ മുഖ്യമന്ത്രിയാക്കരുത്; ഗവർണറോട് അഭ്യർഥിച്ച് ബിജെപി
?️മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ച് ഭാര്യ കൽപ്പനയെ പിൻഗാമിയായി നിയമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബിജെപി പ്രതിനിധി സംഘം ഝാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു. ഭാര്യയെ മുഖ്യമന്ത്രിയാക്കാൻ സോറൻ ശുപാർശ ചെയ്താൽ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ആവശ്യം.

സവാള കയറ്റുമതി: നിയന്ത്രണം നീക്കാനൊരുങ്ങി കേന്ദ്രം
?️പ്രധാന ഉത്പാദക മേഖലകളിലെല്ലാം പച്ചക്കറി വില ഗണ്യമായി കുറഞ്ഞതിനാല്‍ സവാളയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണം നീക്കാനൊരുങ്ങി കേന്ദ്രം. സവാള വില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 8നാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. സവാള കയറ്റുമതിയില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൃഷിനാശവും മറ്റും കാരണം ഉത്പാദനം കുറഞ്ഞതോടെ ഡിസംബര്‍ ആദ്യ വാരം സവാള വില ഇരട്ടിയലധികം വര്‍ധിച്ചിരുന്നു.

ഐപിഎൽ ഒത്തുകളി കേസ് അവസാനിപ്പിക്കുന്നുവെന്ന് സിബിഐ
?️വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താൽ 2019ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും സിബിഐ അവസാനിപ്പിച്ചു. ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പന്തയം വയ്ക്കുന്നവരുടെ വലിയ ശൃംഖലയും ഐപിഎൽ കളിക്കാരും ഒത്തു കളിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് 2022 മേയിലാണ് സിബിഐ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുരം വാസു, ഗുരം സതീഷ് എന്നിവരായിരുന്നു ആദ്യ എഫ്ഐ ആറിലെ പ്രതികൾ. സജ്ജൻ സിങ്, പ്രഭു ലാൽ മീന, രാം അവ്താർ, അമിത് കുമാർ ശർമ എന്നിവരായിരുന്നു രണ്ടാമത്തെ എഫ്ഐഐറിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇവരെല്ലാം രാജസ്ഥാനിൽ നിന്നുള്ളവരായിരുന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5855 രൂപ
പവന് 46840 രൂപ